Saturday 07 November 2020 04:09 PM IST

കട്ടയില്ല, പ്ലാസ്റ്ററിങ്ങ് വേണ്ട, ചെലവ് കുറച്ച് രണ്ടാം നില പണിതു. ഉറപ്പിലും സൗകര്യത്തിലും വിട്ടുവീഴ്ച ചെയ്യാതെ

Ali Koottayi

Subeditor, Vanitha veedu

midun1

ഒറ്റ നില കോൺക്രീറ്റ് വീടൊരുക്കുന്നവർ ചോർച്ചയും ചൂടും കുറയ്ക്കാനായി മേൽക്കൂരയിൽ ട്രസ്സ് ചെയ്ത് ഷീറ്റ് നൽകാറുണ്ട്. ഇത് തുണി ഉണക്കാനുള്ള ഏരിയ മാത്രമായി ഒതുങ്ങുമെന്നതാണ് യാഥാർഥ്യം. വീടിന്റെ പുറം കാഴ്ചയിൽ ഇതൊരു അഭംഗിയായി നിൽക്കുകയും ചെയ്യും. ചതുപ്പ് നിലങ്ങളില്‍ വീട് പണിയുന്നവർക്കാണെങ്കിൽ ഇരുനില വീട് ആലോചിക്കാൻ പോലും പറ്റില്ല. ഉറപ്പ് കുറഞ്ഞ മണ്ണിൽ വീട് ഇരുന്ന് പോവാനും പെട്ടെന്നു വിള്ളൽ വീഴാനും സാധ്യത ഏറെയാണ്. ഇങ്ങനെയുള്ള വീടുകൾ‌ക്ക് വലിയ ചെലവില്ലാത്ത മികച്ച മാർഗമാണ് ജിഐ ഫ്രെയിമിൽ സിമന്റ് ഫൈബർ ബോർഡ് കൊണ്ടു ഭിത്തി നൽകി രണ്ടാം നില ഒരുക്കുക എന്നത്.

midun2

പുതിയ വീട് മുഴുവൻ സിമന്റ് ഫൈബർ ബോർഡിൽ പണിയുന്നവരുമുണ്ട്. ട്രസ്സിട്ട് ഓടോ, റൂഫിങ് ഷീറ്റോ മേൽക്കൂരയായി നൽകാം. കോട്ടയം ചെങ്ങളം സ്വദേശി അജിത് കുമാറിന്റെ വീടാണിത്. സാധാരണ കട്ട കൊണ്ടുളള ഭിത്തിയും കോൺ‌ക്രീറ്റ് മേൽക്കൂരയുമാണ് താഴത്തെ നില. മുകൾ നിലയാകട്ടെ സിമന്റ് ഫൈബർ ബോർഡില്‍ ഭിത്തി കെട്ടി ട്രസ്സ് റൂഫ് ചെയ്ത് ഓട് മേഞ്ഞ മേൽക്കൂരയും. ഡിസൈന്‍ ചെയ്തത് കുമരകം സ്വദേശി മിഥുൻ കൃഷ്ണൻ.

midun7

1200 ചതുരശ്രയടിയാണ് മുകള്‍ നിലയുടെ വിസ്തീർണം. മൾട്ടിപർ‌പ്പസ് ഏരിയ, ഹാൾ, രണ്ട് കിടപ്പുമുറി, കോമൺ ടോയ്‌ലറ്റ്, ബാൽക്കണി എന്നിവയാണ് സൗകര്യങ്ങൾ. സ്ക്വയർഫീറ്റിന് 1000 രൂപ നിരക്കിൽ 12 ലക്ഷമാണ് ചെലവ് വന്നത്. കാറ്റിനെ സ്വാഗതം ചെയ്യുന്ന ബാൽക്കണിയും വിശാലമായ മൾട്ടിപര്‍പ്പസ് ഏരിയയുമുണ്ട്. ഇൻബിൽറ്റായി ഇരിപ്പിടവും ചാരുപടിയും ക്രമീകരിച്ചിട്ടുണ്ട്.

midun4

ഹാളിലെ സീലിങ്ങാണ് മറ്റൊരു ആകർഷണം. തടിയുടെ മച്ചാണെന്നേ തോന്നൂ.‍ ഫൈബർ ബോർഡിൽ നൽകിയ സീലിങ്ങിന് താഴെ ജിഐ പൈപ്പും തടിയുടെ പെയിന്റും നൽകി. മേൽക്കൂരയ്ക്കും സീലിങ്ങിനും ഇടയിലുളള ഭാഗവും ഉപയോഗപ്പെടുത്തി. സീലിങ്ങിന് 18 എംഎം കനത്തിലുള്ള ബോർഡ് ആണ് നൽകിയത്.

midun6

സാധാരണ വീട് പണിയാൻ ഏറെ സമയമെടുക്കും. പണിക്കാരെയും കിട്ടില്ല. എന്നാൽ സിമന്റ് ഫൈബർ ബോർഡിൽ പണിയുമ്പോൾ പണം മാത്രമല്ല, സമയവും ലാഭിക്കാം. ഒരേ സമയം തന്നെ ഒന്നിലധികം ജോലികൾ നടക്കുന്നു എന്നതാണ് ഗുണം.

midun5

മറ്റു നിർമാണ സാമഗ്രികളെ അപേക്ഷിച്ച് സിമന്റ് ഫൈബർ ബോർഡിന് ഭാരം കുറവാണ്. അതിനാൽ തന്നെ കൂടുതൽ ഭലമുള്ള തറ വേണ്ട. ഭിത്തിയ്ക്കും സീലിങ്ങിലേക്കും അനുയോജ്യമായ 8x4, 6x4 വലുപ്പത്തിൽ വിവിധ കമ്പനികളുടെ ബോർഡുകൾ വിപണിയിലുണ്ട്. എട്ട് എംഎം കനത്തിലും 6x4 വലുപ്പത്തിലുമുള്ള ഷീറ്റാണ് ഭിത്തിക്ക് ഉയോഗിക്കുക. ജിഐ സ്ട്രക്ചർ നൽകി ഇരുവശത്ത് നിന്നും ബോർഡ് പൊതിഞ്ഞ് സ്ക്രൂ ചെയ്തു പിടിപ്പിക്കും. ബോർഡ് നൽകുന്നതിന് മുൻപ് ഇലക്ട്രിക്, പ്ലമ്മിങ് വർ‌ക്കുകൾ സ്രടക്ചറിൽ തന്നെ ചെയ്യും.

midun3

ഷീറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടം ചെറിയ വിടവിട്ട് ജോയിന്റ് ഫില്ലർ നൽകി ഫൈബർ ഗ്ലാസ് ടേപ് ഒട്ടിക്കുന്നു. ഭാവിയിൽ വിള്ളൽ ഉണ്ടാവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം സാധാരണ ഭിത്തികൾ പോലെതന്നെ പുട്ടിയിട്ട് പെയിന്റ് ചെയ്യാം.

കടപ്പാട്: മിധുൻ കൃഷ്ണൻ, കുമരകം.

9544760045

Tags:
  • Vanitha Veedu