Monday 02 January 2023 03:46 PM IST

ഇരുനില പോലെ ഒറ്റനില: ഓടിട്ട പഴയ വീടിന്റെ ഓർമ്മകൾ നിലനിർത്തുന്ന വീട്

Sreedevi

Sr. Subeditor, Vanitha veedu

ഒരേക്കറോളം വരുന്ന ഭൂമിയിൽ വൃക്ഷങ്ങൾ പരമാവധി നിലനിർത്തിയാണ് ഈ വീട് ഡിസൈൻ ചെയ്തത്. രണ്ടു വശങ്ങളിൽ നിന്നും വീട്ടിലേക്കു വഴിയുള്ളതിനാൽ വീടിനു രണ്ടു മുഖം നൽകി. ഓടിട്ട് മച്ചുള്ള വീട്ടിലായിരുന്നു വീട്ടുകാർ മുൻപ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ പഴയ വീട്ടിലെ തണുപ്പും അന്തരീക്ഷവും പുതിയ വീട്ടിലും കിട്ടണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. മേൽക്കൂര ഫ്ലാറ്റ് ആയി വാർത്തശേഷം 1.2 മീറ്റർ ഉയരത്തിൽ ഇഷ്ടിക കെട്ടി, മുകളിൽ ട്രസ്സ് ചെയ്ത് ഓടിട്ടു. മഴക്കാലത്തും ഇത് വീടിനു സംരക്ഷണ കവചമായി മാറും.

മോഡേൺ കൊളോണിയൽ ശൈലികളുടെ മിശ്രണമാണ് ഈ വീടിന്റെ എക്സ്റ്റീരിയർ. മേല്‍ക്കൂര കൊളോണിയൽ ശൈലിയിലും കാർപോർച്ചും മുൻവശത്തെ ജനലുമെല്ലാം മോഡേൺ ശൈലിയിലും നിർമിച്ചു. ഒറ്റനില വീടാണെങ്കിലും ഇരുനില വീടാണെന്നു തോന്നുന്ന ഡിസൈനാണ്. മുകളിലെ ട്രസ്സ് ഇട്ട ഏരിയയാണ് വീടിന് എടുപ്പു നൽകുന്നത്.

കൂൾ ലിവിങ് ഏരിയ

ലിവിങ്ങിലെ ഒരു ഭിത്തി വോൾപേപ്പർ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തു. കിഴക്കു ദർശനമായി െപ്രയർ ഏരിയയും ഒരുക്കി. ലിവിങ് റൂമിനോട് ചേർന്ന, ഡബിൾഹൈറ്റ് ഉള്ള ലൈറ്റ് കോർട്‌യാർഡ് വെളിച്ചത്തോടൊപ്പം ചൂട് വായുവിനെ പുറന്തള്ളി വീടിനകത്ത് തണുത്ത അന്തരീക്ഷം നിലനിർത്താൻ സഹായിക്കുന്നു. നിലം തൊടുന്ന വലിയ ജനലുകളും ക്രോസ് വെന്റിലേഷനും എല്ലാ മുറികളിലും കൊടുത്തിട്ടുണ്ട്.

ഒരുമിക്കാൻ ഒരിടം

ഫാമിലി ലിവിങും ഡൈനിങ്ങ് റൂമും ഒരേ മുറിയുടെ ഭാഗമാണ്. ഡൈനിങ് ഏരിയയിൽ നിന്ന് ഫ്രഞ്ച് വിൻഡോ വഴി പാഷ്യോയോയിലേക്കു കടക്കാം. പാഷ്യോയോടു ചേർന്ന് സ്വിമ്മിങ് പൂളും സജ്ജീകരിച്ചിരിക്കുന്നു. മുകളിലെ ആറ്റിക് സ്പേസിലേക്കു കയറാൻ ഡൈനിങ്ങിൽ നിന്ന് ഗോവണി കൊടുത്തു.

ആധുനിക അടുക്കള

എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള അടുക്കളയാണ്. ബ്രേക്ഫാസ്റ്റ് ടേബിളും ഐവറി നിറമുള്ള കൗണ്ടർ ടോപ്പും അടുക്കളയുടെ ആകർഷണങ്ങളാണ്. പ്രധാന അടുക്കള കൂടാതെ സ്റ്റോർറൂമും വർക്ഏരിയയും വീടിനു പുറത്ത് ഒരു വിറകടുപ്പുള്ള അടുക്കളയും ഉണ്ട്.

5 KV സോളർ ഇൻവേർട്ടർ ഉപയോഗിച്ചാണ് ഭൂരിഭാഗം ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തിക്കുന്നത്. ഹോം ഓട്ടമേഷനും ചെയ്തു.

നിർമാണസാമഗ്രികൾ ഏറ്റവും മികച്ചത്

തേക്ക് കൊണ്ടാണ് ജനലുകളുടെയും വാതിലുകളുടെയും നിർമാണം. ജിപ്സം ബോർഡും മറൈൻ പ്ലൈവുഡും ലാമിനേറ്റും ഉപയാഗിച്ചു ചെയ്ത ഫോൾസ് സീലിങ്ങിൽ മൂഡ് ലൈറ്റിങ് ചെയ്തു. മറൈൻ ഗ്രേഡ് പ്ലൈവുഡിൽ ലാമിനേറ്റ് ഫിനിഷ് ചെയ്താണ് ഫർണിച്ചറിന്റെ നിർമാണം. അടുക്കളയിൽ ഈർപ്പം ആഗിരണം ചെയ്യാത്ത, വുഡ് പോളിമെർ പ്ലാസ്റ്റിക് ലാമിനേറ്റ് ചെയ്ത കബോർഡുകളാണ് ഉപയോഗിച്ചത്. സിറ്റ്‌ഔട്ടിൽ ലപോത്ര ഫിനിഷ് ഗ്രാനൈറ്റും ഉള്ളിൽ ഡിജിറ്റൽ പ്രിന്റഡ് വിട്രിഫൈഡ് ടൈലും ഉപയോഗിച്ചിരിക്കുന്നു. n

Area: 2832 sqft Owner: ജോയ് പി. കുര്യൻ & എൽസി Location: ഒറവയ്ക്കൽ, കോട്ടയം

Design: ജെയ്സൺ മാത്യു, പർപ്പിൾ ബിൽഡേഴ്സ്, തൊടുപുഴ purplebuilders@gmail.com