Tuesday 28 July 2020 04:33 PM IST

ചെറിയ പ്ലോട്ടിലെ വലിയ സന്തോഷം; വീതി കുറഞ്ഞ നാല് സെന്റിൽ പണിത സുന്ദരൻ വീട്...

Ali Koottayi

Subeditor, Vanitha veedu

1

ഭൂമിയുടെ ലഭ്യതക്കുറവും വിലയും ചെറിയ സ്ഥലത്ത് വീട് വയ്ക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. വിദഗ്ധരെ സമീപിച്ച് കൃത്യമായ മാർഗ നിർദേശങ്ങളിൽ മുന്നോട്ട് പോയാൽ എത്ര ചെറിയ സ്ഥലത്തും ആകർഷകമായും സൗകര്യത്തിലും വീട് പണിയാം. ഇതിന് മികച്ച ഉദാഹരണമാണ് തിരുവല്ലയിലെ അശ്വതി ആർ. കുറുപ്പിന്റെ വീട്. ഡിസൈൻ ചെയ്തത് എൻജിനിയറായ നന്ദകുമാർ വർമ. നാല് സെന്റ്, അതു തന്നെ വീതിയില്ലാത്ത നീളന്‍ പ്ലോട്ട്. മൂന്ന് കിടപ്പുമുറിയും മറ്റു സൗകര്യങ്ങളും വേണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം.

2

1100 ചതുരശ്രയടിയിൽ രണ്ട് നിലകളിലായി മൂന്ന് കിടപ്പുമുറി, സിറ്റ്ഔട്ട്, ഡൈനിങ്, ലിവിങ്, കിച്ചൻ, കോമൺ ടോയ്‌ലറ്റ്, ബാൽ‌ക്കണി തുടങ്ങിയവയാണ് വീട്ടിലെ സൗകര്യങ്ങൾ. വീതി കുറഞ്ഞ പ്ലോട്ട് ആയതുകൊണ്ടുതന്നെ എല്ലാം നീളത്തിലാണ് ക്രമീകരിച്ചത്. കൃത്യമായ അളവിൽ വേണ്ടത് മാത്രം ഉൾപ്പെടുത്തിയാണ് അകത്തളം ഒരുക്കിയത്. സിമന്റ് ബ്ലോക്ക് കൊണ്ടാണ് ഭിത്തി. അകത്തെ സ്ഥലം ലാഭിക്കാനും ഇത് സഹായിക്കുന്നു.

3

ആഞ്ഞിലി, പ്ലാവ്, തേക്ക് തുടങ്ങിയവയിലാണ് തടിപ്പണികൾ. തറയ്ക്ക് വിട്രിഫൈഡ് ടൈൽ നൽകി. സ്ഥലം കുറവായതുകൊണ്ടുതന്നെ കിച്ചന്‍ ഡിസൈൻ വെല്ലുവിളി ആയിരുന്നു. ഡൈനിങ്ങിലേക്ക് തുറന്നിരിക്കുന്ന നയം സ്വീകരിച്ചു. തടി കൊണ്ടുള്ള കാബിനറ്റുകൾ നൽകി. മുകള്‍ നിലയിലെ ബാൽക്കണി വീടിന്റെ പുറം കാഴ്ചയുടെയും ആകർഷണമാണ്. മുറ്റം ഉണ്ടാവില്ല എന്നതായിരുന്നു വീട്ടുകാരുടെ മറ്റൊരു പേടി. വീടുപണി കഴിഞ്ഞപ്പോൾ 15 അടിയോളം മുറ്റമുണ്ട്.

4

കന്റെംപ്രറി ഡിസൈനിലാണ് വീട്. ചെറിയ ഇടങ്ങളിലെ വീടുകളിലെ പ്രധാന പ്രശ്നം അകത്തളത്തിലെ ഞെരുക്കമാണ്. ഇത് ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഹാളും കിടപ്പുമുറിയും വിശാലമായി തന്നെ നല്‍കി. രണ്ട് കിടപ്പുമുറികൾ അറ്റാച്ഡ് അല്ല. പകരം കോമൺ ടോയ്‌‍ലറ്റ് ക്രമീകരിച്ചു. ക്രോസ് വെന്റിലേഷനും വെളിച്ചത്തിനും പ്രധാന്യം നല്‍കിയത് അകത്തളം വിശാലമാക്കാൻ സഹായിക്കുന്നുണ്ട്. എത്ര ചെറിയ പ്ലോട്ടാണെങ്കിലും വീട് പണിയാം.
ആവശ്യങ്ങൾ എന്തൊക്കെയെന്ന് പറഞ്ഞ് മനസ്സിലാക്കുക. അകത്തള അലങ്കാരങ്ങളിലും ഫർണിച്ചറിലുമാണ് ശ്രദ്ധിക്കേണ്ടത്. സൗകര്യങ്ങളെ ഹനിക്കുന്ന രീതിയിൽ ഇവ പ്ലാൻ ചെയ്യരുത്. അകത്തളത്തിനാവശ്യമായ ഫർണിച്ചർ അളവെടുത്ത് ഇഷ്ടത്തിനനുസരിച്ച് പണിയിച്ചെടുക്കുക എന്നിവയാണ് എൻജിനീയർ നന്ദകുമാറിന്റെ നിർദേശങ്ങൾ.  

കടപ്പാട്: വർമ അസോഷ്യേറ്റ്സ്, തിരുവല്ല,  thukalasserypalace@gmail.com