Wednesday 06 April 2022 03:24 PM IST

തടിയുടെയും ഗ്ലാസിന്റെയും ക്ലാസ് കോംബിനേഷൻ. എന്തു ഭംഗിയാണീ ഇന്റീരിയറിന്

Sona Thampi

Senior Editorial Coordinator

clara 1

പ്രൗഢവും അതേസമയം വൃത്തിയാക്കാൻ എളുപ്പമുള്ളതുമായ ഇന്റീരിയർ’. ആലുവ അശോകപുരത്ത് ഡോക്ടർ ദമ്പതികളായ ജെയിംസ് ആന്റണിയുടെയും മറിയയുടെയും വില്ല ഇന്റീരിയർ ചെയ്യുമ്പോൾ ആർക്കിടെക്ട് ക്ലാരയുടെ ലക്ഷ്യമിതായിരുന്നു.

വില്ലയുടെ പ്രധാന വാതിലൂടെ ഫോയറിൽ കടക്കുമ്പോൾ മുതൽ കാണാം തടിയുടെയും ഗ്ലാസിന്റെയും ഭംഗി. ഫോയറിൽ ഫ്ലൂട്ടഡ് റിബ്ഡ് ഗ്ലാസിന്റെ മറ്റൊരു വാതിൽ കൊടുത്ത് സ്വകാര്യ ഇടങ്ങളെ വേർതിരിച്ചു. തടിയും ഗ്ലാസും തമ്മിലുള്ള ക്ലാസ് കോംബിനേഷനാണ് ഇന്റീരിയറിന്റെ തീം.

clara 2 ലിവിങ് സ്പേസിലെ പ്രാർഥനായിടം

ഫോയറിലാണെങ്കിൽ, ഒരു കൺസോൾ ടേബിളും അതിനു മുകളിൽ വളഞ്ഞ മൂലകളുള്ള കണ്ണാടിയും ആണ് അലങ്കാരം.

ഫോയറിന്റെ വലതു വശത്താണ് ലിവിങ്. ലിവിങ് ഏരിയയിൽ പ്രത്യേകം തയാറാക്കിയ സോഫ നീളൻ ജനാലകളിലേക്ക് നോക്കി കിടക്കുന്നു. പ്രെയർ ഏരിയയ്ക്കും അതിനു താഴെയുള്ള ടേബിളിനും ഫ്ലൂട്ടഡ് ഗ്ലാസിനോടു ചേരുന്ന ഗ്രൂവ് ഡിസൈൻ.

clara 3 ലിവിങ് സ്പേസ്

സോഫയ്ക്കു പിറകിൽ ചെയ്ത പാർട്ടീഷൻ ക്ലാരയുെട മറ്റൊരു ഭാവനയാണ്. വീണ്ടും ഫ്ലൂട്ടഡ് ഗ്ലാസും തടിയും ചേരുന്ന ഗ്രിഡ് ഡിസൈൻ. ഫോൾഡിങ് പാർട്ടീഷൻ വോൾ ആണിത്. എൺപതുകളിലെ ട്രെൻഡ് ആയിരുന്ന ഫ്ലൂട്ടഡ് റിബ്ഡ് ഡിസൈനിലുള്ള ഗ്ലാസ് കിട്ടാൻ ക്ലാരയ്ക്ക് ശരിക്കും അലയേണ്ടിവന്നു എന്നതും കൂട്ടി വായിക്കണം. ഗ്ലാസ്സിന്റെ മൂലകൾ നേർരേഖകൾക്കു പകരം ‘കർവ്‍‍‍ഡ്’ ആണ്.

clara 4 ഡൈനിങ് സ്പേസ്. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലുള്ള ഫോൾഡിങ് ഗ്ലാസ് പാർട്ടീഷനും കാണാം.

ആവശ്യമുള്ളപ്പോൾ പാർട്ടീഷൻ തുറന്നിട്ടാൽ ലിവിങ്, ഡൈനിങ് ഏരിയകൾ ഒന്നിച്ചാവും. ഫോൾഡിങ് രീതിയിലാണീ പാർട്ടീഷൻ. പാർട്ടീഷനോട് ചേർന്നാണ് ഉൗണുമേശ. അതിന്റെ ഒരു വശത്തായി മഹാഗണി കൊണ്ടുള്ള ക്രോക്കറി ഷെൽഫ്. തടിയും ഗ്ലാസും കൊണ്ട് ഡിസൈൻ ചെയ്ത ഷെൽഫിന്റെ താഴത്തെ ഭാഗം തുറന്ന മെറ്റൽ പാളികൾ കൊണ്ടാണ്.

clara 7 മുകൾനിലയിലെ ഫാമിലി ലിവിങ് സ്പേസ്

സ്റ്റെയറിനു വ്യത്യസ്തത പകരാൻ പടികൾ തടി കൊണ്ട് പൊതിഞ്ഞെടുത്തു, കാലുകൾക്കു സുഖം, കാണാനും ഭംഗി. പടികള്‍ക്കു താഴെ എൽഇ‍ഡി ലൈറ്റുകൾ കൊടുത്തു. സ്റ്റെയർ കയറിയെത്തുന്നത് ഫാമിലി ലിവിങ് ഹാളിലേക്കാണ്. തിരക്കുപിടിച്ച പകലിനൊടുവിൽ ദമ്പതികളും മൂന്ന് മക്കളും റിലാക്സ് ചെയ്യുന്ന കുടുംബവേളകൾക്ക് ഇവിടെയാണ് അരങ്ങ്. ആ ആവശ്യമനുസരിച്ചുള്ള മിനിമൽ ഇന്റീരിയർ, അതേസമയം സുഖകരമായ പ്രതീതിയാണ് ഇവിടെ.

clara 5 മുകളിലെ ഹാളിലേക്കുള്ള സ്ലൈഡിങ് വോൾ

സ്റ്റെയർ കയറി മുകളിലെ ഹാളിലേക്ക് കടക്കുന്നിടത്തുമുണ്ട് നാടകീയമായ എൻട്രി. തടിയും ഗ്ലാസും ചേർന്ന പാർട്ടീഷൻ ഭിത്തി സ്ലൈഡിങ് രീതിയിലാണ്. ടിവി, സ്റ്റഡി ഏരിയ, പിയാനോ, വലിയൊരു ബുക്‌ഷെൽഫ്, സ്പീക്കറുകൾ തുടങ്ങിയവയ്ക്കെല്ലാം ഇവിടെയാണ് ഇടം. ദമ്പതികൾക്ക് മക്കളുടെ പഠനകാര്യങ്ങളും തങ്ങളുടെ വായനയുമെല്ലാം ഒരുമിച്ചു നടത്താൻ രീതിയിലാണ് ഡിസൈൻ. വീട്ടുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. 3+2 സോഫകളാണ് ഇരിപ്പിടമൊരുക്കുന്നത്. ന്യൂട്രൽ നിറങ്ങളിലുള്ള അപ്ഹോൾസ്റ്ററിയാണ് കൂടുതലെങ്കിലും ഇവിടെ കടുംനിറമുള്ള സോഫ കുടുംബവേളകൾക്ക് നിറം പകരുന്നു.

clara 6 കിടപ്പുമുറി

നാല് കിടപ്പുമുറികളുടെയും ഡിസൈൻ ഒരുപോലെയാണ്; നിറങ്ങളിൽ മാത്രമാണ് വ്യത്യാസം. ഇവിടെ സൈഡ് ടേബിളുകൾ കൊടുത്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. കട്ടിലിന്റെ ഹെഡ്ബോർഡിൽ പൊങ്ങിനിൽക്കുന്ന വെർട്ടിക്കൽ ലാംപുകൾ അങ്ങേയറ്റം പുതുമ കൊണ്ടുവരുന്നു. ഒാരോ മുറിയിലെയും വാ‍ഡ്രോബുകൾക്ക് ഒാരോ നിറങ്ങൾ കൊടുത്തു. ഗ്രിഡ് ഡിസൈനിലാണ് ഷട്ടറുകളുടെ ഡിസൈൻ. നാല് ഷ‌ട്ടറുകളാണ് കബോർഡിന്. വീടിനു മൊത്തത്തിലുള്ള ഗ്രിഡ് ഡിസൈൻ ഭംഗി കട്ടിലിന്റെ ഹെഡ്ബോർഡുകളിൽ വരെ കാണാം.

Tags:
  • Architecture