Monday 11 May 2020 03:31 PM IST

ബാത്റൂമിലെ കണ്ണാടിക്കു പിന്നിൽ... കിടക്കയുടെ അടിയിൽ ഒക്കെ പലതുണ്ട് കാര്യം!

Sunitha Nair

Sr. Subeditor, Vanitha veedu

1N

സ്ഥലത്തിന് പൊന്നുംവില! അപ്പോൾ പിന്നെ രണ്ടോ മൂന്നോ സെന്റ് വാങ്ങി അതിൽ ഉള്ളതു കൊണ്ട് ഓണം പോലൊരു വീട് പണിയുകയേ രക്ഷയുള്ളൂ. ചെറിയ വീടുകളിലെയും ഫ്ലാറ്റുകളിലെയും പ്രധാന പ്രശ്നമാണ് സ്റ്റോറേജ്. ഉള്ള സ്ഥലത്ത് സ്റ്റോറേജ് ഒരുക്കുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. സ്ഥലം നഷ്ടപ്പെടുത്താതെ സാധനങ്ങൾ സൂക്ഷിക്കാൻ ഇതാ മൂന്നു കുറുക്കുവഴികൾ...

2N


1. സ്റ്റോറേജ് സൗകര്യമുള്ള കട്ടിലുകൾ വാങ്ങുക. മെല്ലെ ഒന്നുയർത്തിയാൽ കിടക്കയുടെ ഭാഗം പൊങ്ങി വരുന്ന ഹൈഡ്രോളിക് കിടക്കകൾ വിപണിയിലുണ്ട്.. അവയേക്കാൾ വില കുറഞ്ഞവയാണ് കിടക്കയ്ക്കു താഴെ കൈ കൊണ്ട് എടുത്തു മാറ്റാവുന്ന അടപ്പുകൾ ഉള്ള സ്റ്റോറേജ് ബോക്സുകളോട് കൂടിയ കട്ടിലുകൾ. ഇവ രണ്ടിലും സാധനങ്ങൾ സൂക്ഷിക്കാം. പെട്ടെന്ന് എടുക്കേണ്ടാത്ത പുസ്തകങ്ങൾ, പാത്രങ്ങൾ, ട്രാവൽ ബാഗുകൾ, ബ്ലാങ്കറ്റ്, കിടക്ക വിരികൾ, എക്സ്ട്രാ തലയണകൾ ഒക്കെ ഇവിടെ സൂക്ഷിക്കാം.
2. ബാത്റൂമിലെ കണ്ണാടിക്കു പിന്നിൽ സ്റ്റോറേജ് സൗകര്യം നൽകാം. കണ്ണാടിയോടു കൂടിയ സ്റ്റോറേജ് ഷെൽഫുകൾ കടകളിൽ വാങ്ങാൻ കിട്ടും. സോപ്പ്, പേസ്റ്റ്, ബ്രഷ്, ഷേവിങ് സെറ്റ്, ബാത്റൂം വൃത്തിയാക്കാനുള്ള ലോഷനുകൾ തുടങ്ങിയവ ഇതിനുള്ളിൽ വയ്ക്കാം. വാഷ്ബേസിനു താഴെയും ഇത്തരത്തിലുള്ള സ്റ്റോറേജ് നൽകാം.
3. തേപ്പുമേശ കം ഡ്രോയർ ആണ് സ്ഥലം ലഭിച്ചു കൊണ്ട് സറ്റോറേജ് ഒരുക്കാനുള്ള മറ്റൊരു വഴി. അത്യാവശ്യ സാധനങ്ങൾ സൂക്ഷിക്കുന്ന ഡ്രോയർ അഥവാ കൺസോൾ ടേബിൾ തേപ്പുമേശയായും ഉപയോഗിക്കാം. ഈ ഉദ്ദേശ്യം മുന്നിൽ കണ്ടു കൊണ്ട് വീതി അൽപം കൂടുതലുള്ള ഡ്രോയർ വാങ്ങുകയോ പണിയിക്കുകയോ ചെയ്യുക. തേക്കാത്തപ്പോൾ അലങ്കാര വസ്തുക്കൾ വച്ച് മേശയ്ക്ക് ഭംഗി നൽകുകയും ചെയ്യാം.


കടപ്പാട്: സിന്ധ്യ അലക്സ്, എക്സൽ ഇന്റീരിയേഴ്സ്, കൊച്ചി, xlinteriors@gmail.com