Monday 24 August 2020 04:11 PM IST

പടം നോക്കി കൊതിക്കാൻ മാത്രമുള്ളതല്ല ഇന്റീരിയറിന്റെ ഭംഗി. ഇതു ശ്രദ്ധിച്ചാൽ വീട്ടമ്മക്കും സ്വന്തം വീട് ഇന്റീരിയർ ചെയ്യാം.

Sreedevi

Sr. Subeditor, Vanitha veedu

veedu

ഭംഗിയുള്ള വീട്ടകങ്ങൾ ആരെയാണ് കൊതിപ്പിക്കാത്തത്? അൽപം ക്ഷമയുണ്ടെങ്കിൽ ആർക്കും സ്വന്തമായി ഇന്റീരിയർ ഭംഗിയാക്കാവുന്നതേയുള്ളൂ. ഇന്റീരിയർ സ്വയം ചെയ്യാൻ ഇതാ പത്ത് ടിപ്സ്.
1. മുറിയുടെ കാഴ്ചയിൽ വ്യത്യാസം വരുത്താമെങ്കിലും ആകൃതിയിലോ ഘടനയിലോ വ്യത്യാസം വരുത്താൻ സാധിക്കില്ല. അതുകൊണ്ട് ഫർണിഷിങ്, ക്യൂരിയോ, ഇന്റീരിയർ പ്ലാന്റ് ഇവ ഉപയോഗിച്ചായിരിക്കും പുതിയ ക്രമീകരണങ്ങൾ.
2. ഇന്റീരിയർ ചെയ്യാനുള്ള മുറിയിലെ എല്ലാം  പുറത്ത് എടുത്ത് വൃത്തിയാക്കിയശേഷം തുടങ്ങാം.
3. നിലം, കബോർഡുകൾ, ഭിത്തി ഈയിടങ്ങളാണ് സാധനങ്ങൾ വയ്ക്കാൻ ഉപയോഗിക്കാവുന്നത്. ആനുപാതികമായി വേണം ഈ മൂന്നിടത്തും സാധനങ്ങൾ ക്രമീകരിക്കാൻ.
4. സ്പേസിനെ പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ രണ്ട് ആക്കാം. സാധനങ്ങൾ വയ്ക്കുന്ന ഇടം പോസിറ്റീവും അല്ലാത്ത ഇടം നെഗറ്റീവും. ഏതാണ് കൂടുതൽ വേണ്ടതെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്.
5. പ്രകൃതിദത്ത വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിൽ വേണം ഫർണിച്ചറും ക്യൂരിയോകളും ക്രമീകരിക്കാൻ. ഓരോ സാധനത്തിന്റെയും ഏറ്റവും തിളക്കമുള്ള കാഴ്ച സൂര്യപ്രകാശത്തിലാണ്.
6. മുറിയുടെ നിറം പ്രധാനമാണ്‌. മുറി പെയിന്റ് ചെയ്തോ കഴുകി ഭിത്തി ഉൾപ്പെടെ വൃത്തിയാക്കിയോ വേണം തുടങ്ങാൻ.
7. ഒരു പൊതു തീം നൽകുന്നത് കാര്യങ്ങൾ എളുപ്പമാക്കും. ഉദാഹരണത്തിന് പേസ്റ്റൽ, എർത്തേൺ എന്നിങ്ങനെ നിറത്തിൽ ഒരു തിരഞ്ഞെടുപ്പ് ഉണ്ടെങ്കിൽ ഫർണിഷിങ് അതിന്റെ ചുവടുപിടിച്ച് ആകാം.
8. മുറിയുടെ സ്വഭാവമനുസരിച്ചു വേണം ലൈറ്റിങ്. സ്വീകരണമുറി, കിടപ്പുമുറി എന്നിവിടങ്ങളിൽ തീവ്രപ്രകാശം ആവശ്യമില്ല. ഈ മുറികളിൽ സൂര്യപ്രകാശം പോലും ആവശ്യത്തിന് മാത്രമാക്കി നിയന്ത്രിക്കണം. എന്നാൽ അടുക്കളയിലും പഠനമുറിയിലുമെല്ലാം നല്ല പ്രകാശം വേണം താനും.
9. മുറിയിലെ സാധനങ്ങളുടെ ടെക്സ്ചറിനും പ്രാധാന്യമുണ്ട്. വിഷ്വൽ ടെക്സ്ചർ, ആക്ച്വൽ ടെക്സ്ചർ എന്നിങ്ങനെ രണ്ടാക്കാം. കാഴ്ച പറയുന്നതാണ് വിഷ്വൽ ടെക്സ്ചർ. സ്പർശം കൊണ്ട് അറിയുന്നതാണ് ആക്ച്വൽ ടെക്സ്ചർ. ഇവയുടെ സമന്വയമാക്കിയാൽ ഭംഗിയും ഉപയോഗക്ഷമതയും കൈകോർക്കാം.
10. ഏത് അകത്തളവും ഭംഗിയാക്കാൻ ചെടികൾക്ക് കഴിയും. മുറിയുടെ മറ്റു ഘടകങ്ങളോടു ചേരുന്ന ടെക്സ്ചറും നിറവും ആകണം ഇലകൾക്ക്.