Tuesday 13 October 2020 12:46 PM IST

പഴയ തേപ്പുപെട്ടി മുതൽ മിക്സി വരെ ഇൻറീരിയറിന് അലങ്കാരം; കാണാം ഡെക്കോപാഷ് മാജിക്...

Sunitha Nair

Sr. Subeditor, Vanitha veedu

iron-decor

തട്ടിൻപുറത്ത് പൊടി പിടിച്ചു കിടന്ന പഴയ സാധനങ്ങളെ വീടിനലങ്കാരമാക്കി മാറ്റിയിരിക്കുകയാണ് കോട്ടയംകാരി വിനയ ബോബൻ. ഡെക്കോപാഷ് (decoupage) എന്ന കലാ വിദ്യയിലൂടെയാണ് വിനയ ഇത് സാധ്യമാക്കിയിരിക്കുന്നത്. ഉപയോഗശൂന്യമായ സാധനങ്ങൾക്കു ഭംഗിയേകുന്നതിലൂടെ അപ്സൈക്കിളിങ്ങിന്റെ സാധ്യതകൾ തുറന്നിടുകയാണ് ഡെക്കോപാഷ് എന്ന കരകൗശലവിദ്യ.

3

ഡെക്കോപാഷ് ഹോബിയാക്കിയ നിരവധിയാളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ആർട്ടിസ്റ്റായ വിനയ മൂന്ന് വർഷം മുൻപാണ് ഡെക്കോപാഷ് പഠിച്ചെടുക്കുന്നത്. ഈ ലോക്ഡൗൺ കാലത്ത് വെറുതെ തട്ടിൻപുറത്ത് കയറിയ വിനയ തിരിച്ചിറങ്ങിയത് പഴയ സാധനങ്ങളുമായാണ്. വിനയയുടെ 91 വയസ്സുള്ള അമ്മച്ചി ഉപയോഗിച്ചിരുന്ന സാധനങ്ങളാണ് അവയെല്ലാം. ആന്റിക് സാധനങ്ങളോടു താൽപര്യമുള്ള വിനയയുടെ പിതാവ് സൂക്ഷിച്ചു വച്ചതാണ്.  "അമ്മച്ചി പണ്ട് ബേക്ക് ചെയ്തിരുന്ന ആളാണ്. അതിനുള്ള സാധനങ്ങളൊക്കെ അന്ന് പുറത്തു നിന്നു കൊണ്ടുവന്നതാണ്. അതൊക്കെ പോയതിൽ അമ്മച്ചിക്കു സങ്കടമുണ്ടായിരുന്നു. എന്നാൽ ഞാൻ അവയെല്ലാം ഡെക്കോപാഷ് ചെയ്തെടുത്തപ്പോൾ അമ്മച്ചിക്കു സന്തോഷമായി," വിനയ പറയുന്നു. ഇക്കൂട്ടത്തിൽ നോൺസ്റ്റിക് പാത്രം മാത്രം പുതിയതാണ്.

4


സ്റ്റീൽ, പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ്, തുണി എന്നിങ്ങനെ ഏതു പ്രതലത്തിലും ഡെക്കോപാഷ് ചെയ്യാം. ഏതു പ്രതലത്തിലാണോ ചെയ്യുന്നത് ആ പ്രതലം നന്നായി വൃത്തിയാക്കണം. ഉദാഹരണത്തിന് തടിയിലാണെങ്കിൽ വൃത്തിയാക്കിയ ശേഷം വുഡ് പ്രൈമർ അടിക്കാം. മെറ്റൽ ആണെങ്കിൽ സാൻഡ് പേപ്പർ ഇട്ട് തുരുമ്പ് കളഞ്ഞതിനു ശേഷം മെറ്റൽ പ്രൈമർ അടിക്കാം. തുരുമ്പിന്റെ കാഠിന്യമനുസരിച്ച് സാൻഡ് പേപ്പറിന്റെ ഗ്രേഡ് നിശ്ചയിക്കണം.

5


പ്രൈമർ ഉണങ്ങിക്കഴിഞ്ഞ് ടെക്സ്ചറിനനുസരിച്ച് സ്പോഞ്ച്, ബ്രഷ്, നൈഫ് തുടങ്ങിയവയിൽ ഏതെങ്കിലും ഉപയോഗിച്ച് പെയിന്റ് ചെയ്യാം. അതിനു ശേഷം ഡെക്കോ പാഷ് ടിഷ്യു ഒട്ടിക്കാം. ഇതു വാങ്ങാൻ കിട്ടും. കത്രിക കൊണ്ട് മുറിക്കാതെ ടിഷ്യു ബ്രഷ് കൊണ്ടു തന്നെ എടുക്കാൻ ശ്രദ്ധിക്കണം. അപ്പോഴേ പെയിന്റുമായി ഇഴുകിച്ചേർന്നു പോകൂ. അതു കഴിഞ്ഞ് മൂന്ന് കോട്ട് മോഡ് പോഡ്ജ് അടിക്കാം. ഇത് ഒരു തരം പശയാണ്. ഒരു കോട്ട് അടിച്ച് 11 മണിക്കൂർ കഴിഞ്ഞു വേണം അടുത്തത് അടിക്കാൻ. അതിനു ശേഷം വാർണിഷ് അടിക്കാം. അതോടെ ഡെക്കോപാഷ് റെഡി!

2


മഴയുള്ള ദിവസങ്ങളിൽ ചെയ്യുമ്പോൾ ഓരോ ഘട്ടത്തിലും നന്നായി ഉണങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ക്ഷമയാണ് ഇതിന് അവശ്യം വേണ്ടതെന്ന് വിനയ പറയുന്നു.

Tags:
  • Vanitha Veedu