Wednesday 26 May 2021 03:59 PM IST : By സ്വന്തം ലേഖകൻ

പുതിയ ലിവിങ് ഏരിയയിൽ ഷോക്കേസ്, ഫോൾസ് സീലിങ് എന്നിവയ്ക്ക് സ്ഥാനമില്ല, ട്രെൻഡ് ഇങ്ങനെ

living

ട്രെൻഡുകൾ ഓടുന്ന ചക്രം പോലെയാണ്, കറങ്ങിക്കൊണ്ടേയിരിക്കും. ഒരിക്കൽ പഴയത് എന്ന് തള്ളിക്കളഞ്ഞ പലതും ട്രെൻഡുകളായി പതിയെ തള്ളിക്കേറിവരും. വീടിന്റെ കാര്യത്തിൽ ട്രെൻഡിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. രാജ്യത്തെ സാമ്പത്തിക, സാമൂഹിക ചുറ്റുപാടുകൾ, വിദേശ മലയാളികളുടെ കാഴ്ചപ്പാടുകൾ, ഇന്റർനാഷനൽ ട്രെൻഡ് ഇങ്ങനെ പലതും. ഇപ്പോഴത്തെ ട്രെൻഡിനെ ഏറ്റവുമധികം സ്വാധീനിക്കുന്നത് കോവിഡ് ആണ്. ലിവിങ് ഏരിയയിലെ മാറ്റങ്ങള്‍ ഇങ്ങനെയാണ്.

∙ വീട്ടുകാരുടെ നേട്ടങ്ങൾ നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ പ്രദർശിപ്പിക്കാനുള്ള വഴിയായിരുന്നു ലിവിങ് റൂമിലെ ഷോക്കേസ്. ലിവിങ് റൂമിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഷോക്കേസിനു സ്ഥാനമില്ല. ഇടക്കാലത്ത് സ്ഥാനം പിടിച്ച ക്യൂരിയോ ഷെൽഫുകളും പുതിയ ലിവിങ് റൂമുകളിലില്ല.

∙ക്രിസ്റ്റൽ ഷാൻഡ്‌ലിയറുകളും വലിയ തൂക്കുവിളക്കുകളുമെല്ലാം ലിവിങ് റൂമിന്റെ ലക്ഷ്വറിയായിരുന്നു. മാറാല കെട്ടിയ ഷാൻഡ്‌ലിയറുകൾ ഒടുവിൽ ലിവിങ് റൂമുകളുടെ പടികടന്നു കഴിഞ്ഞു. കോർണറുകളിലെ പെഡസ്റ്റൽ ലാംപുകളുടെ സ്ഥിതിയും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ.

∙സങ്കീർണമായ ഡിസൈൻ ഉള്ള ഫോൾസ് സീലിങ്ങിന്റെയും അതിലെ വ്യത്യസ്ത നിറമുള്ള വെളിച്ചത്തിന്റെയും തടവിൽ നിന്നും ലിവിങ് റൂമുകൾ രക്ഷപ്പെട്ടു കഴിഞ്ഞു. ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് ഫിക്സ്ചേഴ്സ് നേരിട്ട് സീലിങ്ങിൽ പിടിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള എൽഇഡി ലൈറ്റുകൾ ഇപ്പോൾ ലഭിക്കും.

∙ഏതെങ്കിലും ഒരു ഭിത്തി മാത്രം ഹൈലൈറ്റ് ചെയ്യുന്ന പതിവും ഇപ്പോൾ ട്രെൻഡ് ഔട്ട് ആയി. ടെക്സ്ചർ പെയിന്റ്, സ്റ്റോൺ ക്ലാഡിങ് ഇവയൊന്നും പുതിയ സ്വീകരണമുറിയുടെ ഭാഗമല്ല. എന്നാല്‍ ഭിത്തിക്ക് സിമന്റ് ഫിനിഷ് അല്ലെങ്കിൽ വോൾപേപ്പർ എന്നിവ ഇഷ്ടപ്പെടുന്നവരുണ്ട്.

∙ലിവിങ് റൂമിനോടു ചേർന്ന് ചെറിയൊരു ലൈറ്റ് വെല്ലും ഗ്രീൻ സ്പേസും ആളുകൾ ഇഷ്ടപ്പെടുന്നു. പെബിൾ കോർട്‌യാർഡിൽ ഒന്നോ രണ്ടോ വലുപ്പമുള്ള ചെടികൾ മതി ഈ ഗ്രീൻ സ്പേസ് സൃഷ്ടിക്കാൻ.

∙ലിവിങ് റൂമിലെ സോഫയുടെ കളറും ടെക്സ്ചറും പാറ്റേണും വിപ്ലവകരമായ മാറ്റത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. നീല, മഞ്ഞ, സീ ഗ്രീൻ തുടങ്ങിയ നിറങ്ങൾ ഫാമിലി ലിവിങ് വിട്ട് ഫോർമൽ ലിവിങ്ങിലേക്ക് കടന്നു തുടങ്ങി. വീടിന്റെ എല്ലാ ഭാഗങ്ങളും വീട്ടുകാരുടെ സ്വന്തം ഇടം എന്ന കോവിഡ് അനന്തര ചിന്തയാണ് ഈ മാറ്റത്തിനു കാരണമെന്ന് വിദഗ്ധർ പറയുന്നു. പൂക്കളുടെയും ഇലകളുടെയുമൊക്കെ പ്രിന്റ് ഉള്ള, തികച്ചും ലളിതമായ സോഫകളും ഫോർമൽ ലിവിങ്ങിലേക്ക് പരിഗണിക്കുന്നുണ്ട്.

Tags:
  • Vanitha Veedu