Monday 31 May 2021 12:52 PM IST : By സ്വന്തം ലേഖകൻ

ഓപന്‍ കിച്ചൻ പ്രേമികളുണ്ടോ? മറക്കരുത് ഈ മൂന്ന് കാര്യങ്ങൾ

opn kitchen 1

ഓപൻ കിച്ചൻ, ഫാമിലി ലിവിങ്ങിനോട് കൂട്ടുകൂടുന്നതാണ് പുതിയ കാഴ്ച. ജോലി ചെയ്യുമ്പോഴും ലിവിങ് റൂമിലിരിക്കുന്ന കുട്ടികളെ ശ്രദ്ധിക്കാം, ലിവിങ് ചുമരിലെ ടിവി കാണാം തുടങ്ങിയ കുറേ കാരണങ്ങളുണ്ട് ഈ കൂട്ടിനു പിന്നിൽ. അടുക്കളയ്ക്കും ലിവിങ്ങിനും ഇടയിൽ ചെറിയൊരു കൗണ്ടർ നൽകിയാൽ കുട്ടികളെ അവിടെ ഇരുത്തി പഠിപ്പിക്കുകയും ചെയ്യാം. ജോലിക്കാരിയായ വീട്ടമ്മയ്ക്ക് എന്തുകൊണ്ടും സൗകര്യമാണിത്.

സ്ഥാനം, ആകൃതി, സ്റ്റോറേജ് സൗകര്യം... ഇതു മൂന്നുമാണ് ഓപൻ കിച്ചന്റെ മികവ് നിർണയിക്കുന്ന ഘടകങ്ങൾ. ഇവ കൃത്യമായി ആസൂത്രണം ചെയ്താ ൽ കാര്യങ്ങൾ എളുപ്പമായി. ഒരു വശത്തെ ഭിത്തി മുഴുവനായി ഒഴിവാക്കേണ്ടി വരുമെന്നതിനാൽ അവിടെ ബീം നൽകേണ്ടി വരും. അതിനാൽ നിർമാണം തുടങ്ങുന്നതിനു മുൻപേ കാര്യങ്ങൾ പ്ലാൻ ചെയ്യണം. സ്ട്രെയിറ്റ് ലൈൻ, ഗാലറി, എൽ ഷെയ്പ്പ്, യു ഷെയ്പ്പ് എന്നിവയിൽ ഏത് ഡിസൈൻ വേണം എന്നും ആദ്യമേ തീരുമാനിക്കണം. അടുക്കളയുടെ വലുപ്പം, ആകൃതി എന്നിവയാണ് ഇതിൽ പരിഗണിക്കേണ്ടത്. എന്നിട്ടു വേണം സിങ്ക്, അടുപ്പ്, റഫ്രിജറേറ്റർ എന്നിവയുടെ സ്ഥാനം നിശ്ചയിക്കാൻ. അതനുസരിച്ച് ജനൽ, ഇലക്ട്രിക് ചിമ്മിനി പിടിപ്പിക്കാനുള്ള ക്രമീകരണം, വയറിങ് എന്നിവ ചെയ്യണം.

അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരൊറ്റ കൗണ്ടറിൽ തന്നെ ഉൾക്കൊള്ളുന്നതാണ് സ്ട്രെയിറ്റ് ലൈൻ കിച്ചൻ. വലുപ്പം തീരെ കുറഞ്ഞ അടുക്കളയ്ക്കാണ് ഇത് അനുയോജ്യം. എതിർവശങ്ങളിലുള്ള രണ്ട് കൗണ്ടറുകളിലായി സൗകര്യങ്ങൾ ഉൾക്കൊള്ളിക്കുന്നതാണ് ഗാലറി കിച്ചൻ. സാധാരണഗതിയിൽ ‘യു’ ആകൃതിയിലുള്ള അടുക്കളയാണ് ഏറ്റവും ഉപയോഗക്ഷമം. എങ്കിലും നല്ല വലുപ്പമുള്ള ഇടങ്ങളിലേ ഇത്തരത്തിലുള്ള ഓപൻ കിച്ചൻ ഒരുക്കാനാകൂ.

file

കൗണ്ടർടോപ്പ്, ഷെൽഫ് എന്നിവ കോൺക്രീറ്റിലും ഫെറോസിമന്റിലും തയാറാക്കുന്നതായിരുന്നു മുൻപത്തെ രീതി. എന്നാൽ, മുറി നിർമിച്ച ശേഷം ആവശ്യമായ സ്ഥലങ്ങളിൽ പല വലുപ്പത്തിലുള്ള മോഡ്യൂളുകൾ പിടിപ്പിച്ച് കാബിനറ്റ് തയാറാക്കുകയും കാബിനറ്റിനു മുകളിലായി കൗണ്ടർടോപ്പ് പിടിപ്പിക്കുകയും ചെയ്യുന്ന ശൈലിക്കാണ് ഇപ്പോൾ പ്രചാരം. ഇതിനെയാണ് ‘മോഡുലാർ കിച്ചൻ’ എന്നു പറയുന്നത്.

കഴിവും ഭാവനയുമുണ്ടെങ്കിൽ വീട്ടുകാർക്കു തന്നെ മോഡുലാർ കിച്ചൻ ഡിസൈൻ ചെയ്ത് പണിയിപ്പിക്കാം. തടി അല്ലെങ്കിൽ പ്ലൈവുഡ് കൊണ്ടാണ് മൊഡ്യൂൾ (കാർക്കസ്) നിർമിക്കുന്നത്. ഇതിനുള്ളിൽ ചാനൽ പിടിപ്പിച്ച് അതിൽ സ്റ്റീൽ ബാസ്കറ്റ് പിടിപ്പിച്ചാൽ സാധനങ്ങൾ വയ്ക്കാനുള്ള സൗകര്യമായി. പല തരത്തിലുള്ള പാത്രങ്ങൾ, തവി, സ്പൂൺ എന്നിവയൊക്കെ വയ്ക്കാൻ പാകത്തിനുള്ള റെഡ്മെയ്ഡ് ബാസ്കറ്റുകൾ ലഭിക്കും. ഇവയുടെ അളവിൽ തന്നെ മൊഡ്യൂൾ നിർമിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. മുഴുവനായി പുറമേക്ക് തള്ളിവരുന്ന ‘പുൾഔട്ട് യൂണിറ്റ്’ രീതിയിലുള്ള ബാസ്കറ്റും ലഭ്യമാണ്. ബാസ്കറ്റിനു പകരം ഡ്രോവോൾസ്, ഓർഗനൈസേഴ്സ് എന്നിവയാണ് വേണ്ടതെങ്കിൽ അതും വാങ്ങാൻ കിട്ടും.

പാചകാവശ്യത്തിനുള്ള സാധനങ്ങൾ സൂക്ഷിക്കാൻ സൗകര്യമുള്ള ടോൾ യൂണിറ്റ്, മൂലകളിലെ സ്ഥലം പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള കോർണർ യൂണിറ്റ് എന്നിവയും റെഡിമെയ്ഡ് ആയി ലഭിക്കും.മൊഡ്യൂളിന്റെ അടപ്പ് അഥവാ ‘ഷട്ടർ’ ആണ് പുറമേ കാണുന്നത്. ഇതാണ് അടുക്കളയുടെ സൗന്ദര്യം നിശ്ചയിക്കുന്ന ഘടകം. തടി, ലാമിനേറ്റഡ് പ്ലൈ, വെനീർ, ഗ്ലാസ് എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാം. കാബിനറ്റിനൊപ്പം ആവശ്യത്തിന് ഓപൻ ഷെൽഫുകൾ കൂടി നൽകുമ്പോഴാണ് ഓപൻ കിച്ചൻ മികവുറ്റതാകുക.

Tags:
  • Vanitha Veedu