Thursday 27 May 2021 04:00 PM IST : By സ്വന്തം ലേഖകൻ

തടിയല്ലെന്ന് ആരും പറയില്ല, പെർഫക്ട് ഓകെ, പ്ലൈവുഡിൽ ഫിനിഷുകളുടെ മായാജാലം തീർക്കുന്നത് ഇവർ

ply 1

പ്ലൈവുഡിൽ തടി ഫിനിഷുകളുടെ മായാജാലം തീർക്കാൻ വെനീറിനും മൈക്കക്കകും സാധിക്കും. മൂന്ന് എംഎം കനത്തിൽ ചീകിയെടുക്കുന്ന തടിയുടെ പാളിയാണ് വെനീർ. തടിയുടെ ചെലവ് താങ്ങാനാകില്ലെങ്കിൽ വെനീറിനെ കൂട്ടുപിടിക്കാം. തടിയുടെ അതേ ഫിനിഷ് കിട്ടും. നാടനോ വിദേശിയോ, തടി ഏതുമാകട്ടെ, അതിന്റെയെല്ലാം ഫിനിഷിൽ വെനീർ ലഭ്യമാണ്. വെനീർ മണത്താൽ തടിയുടെ ഗന്ധം അനുഭവിക്കാനാകും. വെനീറിൽ തേക്ക്, മഹാഗണി ഫിനിഷുകളാണ് കൂടുതൽ ജനപ്രിയം. ചതുരശ്രയടിക്ക് 80 രൂപ മുതല്‍ തേക്കിന്റെ വെനീർ ലഭ്യമാണ്. വിദേശതടികളുടെ ഫിനിഷിലുള്ള ഇറക്കുമതി ചെയ്ത വെനീറും വിപണിയിൽ സുലഭമാണ്. ചതുരശ്രയടിക്ക് 50 രൂപ മുതല‍്‍ വെനീർ ലഭ്യമാണ്. ഒരു വെനീർ ഷീറ്റ് 32 ചതുരശ്രയടിയാണ്. ബ്രാൻഡിനും ഷെയ്ഡിനും അനുസരിച്ച് വിലയിൽ വ്യത്യാസം വരും. നൂറോളം ഫിനിഷുകളാണ് വിപണിയിലുള്ളത്.

തടിയുടെ ഫിനിഷ് മാത്രമല്ല വെനീറിനുള്ളത്. ‘സോ കട്ട്’ (വാൾ പാടോടു കൂടിയ അറത്ത പലകയുടെ ഫിനിഷ്), എൻഗ്രേവ്, ഫ്യൂമ്ഡ് (ഇളംനിറങ്ങൾ ഫ്യൂം ചെയ്യുന്നു), എംബോസ് (ഡിസൈൻ പ്രോജക്ട് ചെയ്യുന്നു) എന്നിങ്ങനെ ഇഷ്ട ഡിസൈനുകൾ പ്ലെയിൻ വെനീറിൽ ചെയ്തെടുക്കാം. ഇളം നിറങ്ങളും കടുംനിറങ്ങളും ഇടകലർത്തിയുള്ള ഫിനിഷും നൽകാം. തടി പോളിഷ് ചെയ്യുന്നതുപോലെ വെനീറും പോളിഷ് ചെയ്യണം. വെനീർ ഒട്ടിച്ച ശേഷം മെലാമിൻ പോളിഷ് ചെയ്ത് മാറ്റ്, ഗ്ലോസി, സാറ്റിൻ, മിറർ തുടങ്ങിയ ഫിനിഷുകൾ നൽകാം. വെനീറിൽ ഈർപ്പമടിക്കുന്നത് അത്ര നല്ലതല്ല. നനയാൻ സാധ്യതയുണ്ടെങ്കിൽ വെനീറിന് പിയു പോളിഷ് ചെയ്യണം.

ply 2

വെനീർ കാണുമ്പോഴുള്ള നിറമായിരിക്കില്ല അത് പോളിഷ് ചെയ്തു കഴിയുമ്പോഴുള്ളത്. വെനീർ നനഞ്ഞാലുള്ള നിറമായിരിക്കും അതിന്റെ അന്തിമ നിറം. അതിനാൽ കടക്കാർ വെനീറിൽ വെള്ളം സ്പ്രേ ചെയ്തു കാണിക്കാറുണ്ട്. അങ്ങനെ കണ്ടതിനു ശേഷമേ വെനീർ വാങ്ങാവൂ. നിറത്തിന്റെ കടുപ്പം കൂട്ടാനും കുറയ്ക്കാനും പോളിഷ് വഴി സാധിക്കും.ആർട്ടിഫിഷ്യൽ ഗാമാ രശ്മികൾ വഴി നിർമിക്കുന്ന കൃത്രിമ വെനീറും വിപണിയിലുണ്ട്. ചെലവു കുറവാണെന്നതാണ് ഇതിന്റെ ഗുണം.

വെനീർ പോലെ, പ്ലൈവുഡിനു മുകളിൽ മൈക്ക ഒട്ടിച്ചും ഫിനിഷുകളുടെ വിസ്മയം സൃഷ്ടിക്കാം. ഇതിനെയാണ് ലാമിനേറ്റ് എന്നു വിളിക്കുന്നത്. മൈക്കയിൽ ആയിരത്തിലധികം ഫിനിഷുകൾ ലഭ്യമാണ്. മൈക്ക ആർട്ടിഫിഷ്യൽ പ്രിന്റഡ് ഷീറ്റ് ആണ്. വെനീറിനെ പോലെ യഥാർഥ തടിയല്ല. അതുകൊണ്ടു തന്നെ തടിയുടെ പരിമിതികളില്ലാതെ മനസ്സിൽ കാണുന്ന ഏതു ഫിനിഷും മൈക്കയിൽ നൽകാൻ പറ്റും. ചതുരശ്രയടിക്ക് 50 രൂപ മുതൽ ലഭിക്കും. പോളിഷ് ചെയ്യേണ്ട ആവശ്യമില്ല. അതിനാൽ‍ വെനീറിനേക്കാൾ ചെലവു കുറവുമാണ്. എന്നാൽ, കാഴ്ചയ്ക്ക് ആഡംബരം തോന്നിക്കുന്നത് വെനീറിനാണ്.

ഇഷ്ടമുള്ള വാചകങ്ങൾ എഴുതുക, സ്വന്തം ചിത്രങ്ങൾ പതിക്കുക തുടങ്ങിയ ഡിജിറ്റൽ ഫിനിഷ് മൈക്കയിൽ സാധ്യമാണ്. തുരുമ്പ് പിടിച്ചത്, പൊ ളിഞ്ഞ പലക, പൊളിഞ്ഞ ഇഷ്ടിക എന്നിങ്ങനെയുള്ള പല ഫിനിഷുകളും മൈക്കയിൽ ചെയ്യാം. ഏതു നിറം വേണമെങ്കിലും മൈക്കയിൽ നൽകാം. വെനീർ ഒട്ടിക്കുന്നത് വാട്ടർ ബേസ്ഡ് പശയും മൈക്ക ഒട്ടിക്കുന്നത് പെട്രോൾ ബേസ്ഡ് പശയും ഉപയോഗിച്ചാണ്. അതിനാൽ ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ മൈക്ക പൊളിയാനുള്ള സാധ്യതയുണ്ട്. പൊളിഞ്ഞാലും വീണ്ടും ഒട്ടിക്കാം. മൈക്കയുടെ അരികുകൾ ചിലപ്പോൾ കൂർത്തതാകാം. എന്നാൽ, നനഞ്ഞാലും കുഴപ്പമില്ല എന്നത് മൈക്കയുടെ ഗുണമാണ്. എംആർ ഹൈഗ്ലോസി ഫിനിഷ്, പോറൽ വീഴാത്ത സ്ക്രാച് ഫ്രീ ഫിനിഷ്, റസ്റ്റിക് ഫിനിഷ് തുടങ്ങിയ ഫിനിഷിലുള്ള മൈക്കയും ലഭ്യമാണ്. വെനീറും മൈക്കയും കൂടാതെ ഫിനിഷുകളുടെ അനന്തസാധ്യതയുമായി പല പുതുതലമുറ മെറ്റീരിയലുകളും അവതരിച്ചിട്ടുണ്ട്. ചതുരശ്രയടിക്ക് 50 രൂപ മുതലാണ് ഇവയുടെയും വില.

Tags:
  • Vanitha Veedu