ഗോവണിയുടെ നിർമാണത്തിന് ചില കണക്കുകളുണ്ട്. പടിയുടെ വീതി 30 സെമീ, പടിയുടെ ഉയരം 15സെമീ എന്നതാണ് സ്റ്റാൻഡേർഡ് അളവ്. മുകളിൽ എത്തുന്നതുവരെ ഈ അനുപാതം തുല്യമായിരിക്കണം. ഇടയിൽ ലാൻഡിങ് ഒന്നെങ്കിലും വേണം. ഹാൻഡ്റെയിലിന് കുറഞ്ഞ്ത് 100 സെമീ ഉയരം വേണം. ഇടയിൽ വിടവ് ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. അഥവാ ഉണ്ടെങ്കിൽതന്നെ 10 സെന്റിമീറ്ററിൽ കൂടരുത്. കുട്ടികൾക്ക് കയറിനിൽക്കാൻ സാധിക്കാത്ത വിധത്തിൽ കുത്തനെയാകണം ഗോവണിയുടെ ഹാൻഡ്‌റെയിലിന്റെ ഡിസൈൻ.
ഹാൻഡ്‌റെയിലിൽ ഗ്ലാസ് ഇടുന്നുണ്ടെങ്കിൽ 12 സെമീ കനമുള്ള ടെംപേർഡ് അല്ലെങ്കിൽ ലാമിനേറ്റഡ് ഗ്ലാസ് ആയിരിക്കണം. ഗോവണിയുടെ ഇരുവശങ്ങളിലും പിടിക്കാൻ സൗകര്യമുണ്ടായിരിക്കണം. ഗോവണിപ്പടിയിലേക്ക് നന്നായി വെളിച്ചം വീഴുന്ന രീതിയിൽ പ്രകാശസ്രോതസ്സ് ക്രമീകരിക്കണം. ഗോവണിപ്പടിയിൽ സെൻസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഫൂട്‌ലാംപുകൾ സ്ഥാപിക്കുന്നത് അപകടങ്ങൾ കുറയ്ക്കും.