Monday 19 October 2020 04:31 PM IST

വീടിന്റെ ഭാഗമായി വരാന്ത വേണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണോ? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം...

Sreedevi

Sr. Subeditor, Vanitha veedu

vara4

പഴയ വീടുകളുടെ അവിഭാജ്യ ഘടകമായിരുന്നു വരാന്ത. അപരിചിതരോ അകത്തേക്ക് വരേണ്ട ആവശ്യം ഇല്ലാത്തവരോ വരുമ്പോൾ സംസാരിക്കാനും കാറ്റുകൊണ്ടിരിക്കാനുമൊക്കെ യോജിച്ച ഇടമാണിത്.  പുതിയ വീടുകളിൽ വരാന്തയുടെ ആവശ്യമുണ്ടോ എന്ന് പലരും ചിന്തിക്കാറുണ്ട്. വരാന്ത വെറും അലങ്കാരമല്ല എന്നതാണ് യാഥാർഥ്യം. വരാന്തയ്ക്ക് വീടിന്റെ സംരക്ഷണവുമായും വീടിനകത്തുള്ളവരുടെ സംരക്ഷണവുമായും അഭേദ്യമായ ബന്ധമുണ്ട്.

vara7


∙ വെയിൽ നേരിട്ട് ഭിത്തിയിൽ അടിക്കാതെ സംരക്ഷിക്കാൻ വരാന്ത സഹായിക്കുന്നു. ഇത് ചൂട് അകത്തേക്ക് കടക്കുന്നതിനെ ഒരു പരിധി വരെ തടയുന്നു. മഴയുടെ കാര്യത്തിലും ഇതേ സഹായം വരാന്ത ചെയ്യും. വെള്ളത്തുള്ളികൾ അകത്തേക്ക് തെറിക്കാതിരിക്കാനും അകത്തുവരുന്ന ഈർപ്പത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
∙ ബജറ്റ് കുറവാണെങ്കിൽ വീടിനു ചുറ്റും വരാന്ത നിർമിക്കണം എന്നില്ല. പ്രഭാത സൂര്യൻ ശക്തിയായി അടിക്കുന്ന കിഴക്കുവശത്തെ ഭിത്തികൾ, പോക്കുവെയിൽ പതിക്കുന്ന പടിഞ്ഞാറൻ ഭിത്തികൾ എന്നിവയെ വരാന്തകളാൽ സംരക്ഷിക്കാം.

vara5


∙ വീടിന്റെ ദർശനം എവിടേക്കാണോ അവിടെത്തന്നെ വരാന്ത വരുന്നതാണ് ഉത്തമം. ചുറ്റുവരാന്തകളും വീടിനു മുന്നിലും പിന്നിലും മാത്രം വരാന്ത നിർമിക്കുന്നതും പതിവുണ്ട്.
∙ വീടിനു ഭംഗിയാണെങ്കിലും നിർമാണച്ചെലവു കൂട്ടുന്നതിൽ വരാന്തയ്ക്ക് വലിയ പങ്കുണ്ട്. വരാന്ത വീടിന്റെ വിസ്തീർണം കൂട്ടുകയും ചെയ്യും.
∙ ഒന്നര മീറ്റർ എങ്കിലും വരാന്തയ്ക്ക് വീതി വേണം. വീതി കുറവാണെങ്കിൽ ജനലുകൾ തുറന്നിട്ടാൽ വരാന്തയിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ വരാം. വരാന്തയിലേക്കു തുറക്കുന്ന ജനലുകൾ നിരക്കി നീക്കാവുന്നതോ ചരിച്ചു തുറക്കുന്നതോ (tilting) ആയി നൽകുന്നത് വരാന്തയിലെ സ്ഥലം നന്നായി വിനിയോഗിക്കാൻ സഹായിക്കും.

vara3


∙ വീടിന്റെ ഡിസൈൻ അനുസരിച്ച് തുറന്ന വരാന്തകളോ ചാരുപടിയുള്ള വരാന്തകളോ ആകാം. അര മതിൽ ഉണ്ടെങ്കിൽ ഇരിപ്പിടത്തിന് കുറഞ്ഞത് 45 സെമീ വീതിയെങ്കിലും വേണം.
∙ നാലുകെട്ടുകളിൽ വീടിനു പുറത്തു മാത്രമല്ല, അകത്തും വരാന്തകൾ നൽകാറുണ്ട്. കോർട്‌യാർഡ്/നടുമുറ്റത്തോടു ചേർന്ന ഇത്തരം വരാന്തകൾ കൂടുതൽ സ്വകാര്യത പ്രദാനം ചെയ്യും.

vara1


∙ വീടിന്റെ രണ്ട് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും മോഡേൺ വീടുകളിൽ വരാന്തകൾ പ്രയോജനപ്പെടുത്താറുണ്ട്. പ്രധാന സ്ട്രക്ചറിനു പുറത്തുള്ള അടുക്കളയോ സിറ്റ്ഔട്ടോ ഒക്കെ ഇത്തരത്തിൽ വരാന്ത കൊണ്ട് വീടിനോടു കൂട്ടിച്ചേർക്കാറുണ്ട്.

vara2

∙ വരാന്തയുടെ സൗന്ദര്യത്തിന്റെ പ്രധാനഭാഗമാണ് തൂണുകൾ. വൃത്താകൃതിയിലോ ചതുരാകൃതിയിലോ ആകാം ഇത്. കോൺക്രീറ്റ്, തടി, കല്ല് എന്നീ ഏതുതരം തൂണുകളും വീടിന്റെ മറ്റ് പ്രത്യേകതകൾ അനുസരിച്ച് വരാന്തയ്ക്ക് സ്വീകരിക്കാം.


∙ വെയിലും മഴയും ഏറ്റാലും കേടുപാടുകൾ ഉണ്ടാകാത്ത മെറ്റീരിയൽ കൊണ്ടാകണം വരാന്തയിലെ ഫർണിച്ചർ. വരാന്തയിലേക്കുള്ള പ്രത്യേക ബെഞ്ചുകൾ വിപണിയിൽ  ലഭിക്കും. ഊഞ്ഞാൽ കസേരകളും ചൂരൽ ഊഞ്ഞാലുകളും ഇവിടേക്കു യോജിക്കും.