Saturday 27 February 2021 05:06 PM IST : By സ്വന്തം ലേഖകൻ

വുഡൻ ഫ്ലോറിങ്, അധികം ചെലവില്ലാതെ ചെയ്യാൻ മാർഗങ്ങളുണ്ട്

flor 1

വുഡൻ ഫ്ലോറിങ് വീട് പണിയുന്ന പലരുടെയും സ്വപ്നമാണ്. തടിക്ക് വരുന്ന ഭീമമായ ചെലവാണ് കൂടുതൽ പേരെയും ഇതിൽ നിന്ന് പിന്നോട്ടടിക്കുന്നത്. കാഴ്ച കൊണ്ടു മാത്രമല്ല വുഡൻ ഫ്ലോറിങ് മനം മയക്കുന്നത്; ആരോഗ്യകരവുമാണ്. വീടു പണിക്ക് ആവശ്യമായ തടിയിൽ ബാക്കി വരുന്നതു കളയുകയോ കുറഞ്ഞ പണത്തിന് വിൽക്കുകയോ ചെയ്യാറാണ് പതിവ്. ഈ തടി ഉപയോഗിച്ച് ആവശ്യമുള്ള ഇടങ്ങളിൽ ഫ്ലോറിങ് ചെയ്യാം. ട്രീറ്റ് ചെയ്ത് ഉപയോഗിക്കണമെന്ന് മാത്രം. ഒരു ക്യുബിക് തടിക്ക് 280 രൂപയാണ് ട്രീറ്റ് ചെയ്യാനുള്ള ചെലവ്.

flor 2

രണ്ട് രീതിയിൽ പിടിപ്പിക്കാം. 10 മുതൽ 15 എംഎം കനത്തിലുള്ള തടി കഷണങ്ങൾ പ്ലൈവുഡിന് മുകളിൽ ഒട്ടിക്കാം. 20 എംഎം കനമുള്ളവ റീപ്പറുകൾ വച്ച് സ്ക്രൂ ചെയ്ത് പിടിപ്പിക്കാം. താഴെ വായുസഞ്ചാരം ഉറപ്പു വരുത്തണം. ഇത് കൂടുതൽ ഈട് നിൽക്കാൻ സഹായിക്കും. ബാക്കി വരുന്ന തടിക്കഷണങ്ങൾ ആയതുകൊണ്ടു തന്നെ വലിയ അളവിൽ ഉണ്ടാകില്ല. വീടിന്റെ തീം അനുസരിച്ച് ലിവിങ്, ടിവി ഏരിയ, കിടപ്പുമുറി എന്നിവിടങ്ങളിൽ മറ്റുള്ള ഫ്ലോറിനോട് ചേർത്തു വിരിക്കാം. വെള്ള നിറത്തിലുള്ള ഫ്ലോറിങ് മെറ്റീരിയലിനോട് ചേർന്ന് വിരിക്കുന്നത് കൂടുതൽ ആകർഷകമായിരിക്കും. കിടപ്പുമുറിയിൽ കട്ടിലിൽ നിന്ന് ഇറങ്ങുന്ന ഭാഗത്ത് വിരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഇത് തണുപ്പിൽ നിന്നുള്ള രക്ഷ കൂടിയാണ്. ടിവി ഏരിയയിൽ പ്ലൈവുഡ് പാനലിങ് ചെയ്ത് ഭിത്തിയിൽ നിന്ന് താഴേക്ക് ഇറങ്ങി വരുന്ന തീമിലും പാസ്സേജുകളിലും വിരിക്കാം.

വിരിച്ചിരിക്കുന്ന മാർബിളിന്റേയും കോട്ട സ്റ്റോണിന്റെയും കനത്തിൽ തന്നെ തടിയും എടുക്കണം. മിനുസപ്പെടുത്തി പോളിഷ് ചെയ്തെടുക്കാം. തടി കയ്യിലുള്ളതുകൊണ്ട് തന്നെ 60% പണം ലാഭിക്കാം. 

കടപ്പാട്:

ഷിന്റോ എ. നെല്ലിശേരി

സ്പേസ് എഡ്ജ്, കോഴിക്കോട്

Tags:
  • Vanitha Veedu