അർജുന്‍ ജോഷിയുടെ ആദ്യ പ്രോജക്ട് സ്വന്തം വീട് തന്നെയായിരുന്നു. 2020ൽ ആർക്കിടെക്ചർ പഠിച്ചിറങ്ങിയ ഉടൻ അർജുൻ വീടുപണിയിലേക്ക് കടന്നു. സ്വന്തം വീടായതു കൊണ്ടു തന്നെ കൃത്യമായ ധാരണയുണ്ടായിരുന്നു. റെയിൽവേയിൽ ലോക്കോപൈലറ്റായിരുന്ന അച്ഛൻ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ഉറക്കമിളച്ച് ജോലി ചെയ്തിരുന്ന ആളാണ്. അതുകൊണ്ട് ജീവസ്സുറ്റ, സമാധാനം നിറഞ്ഞ, ശാന്തവും സൗമ്യവുമായ ഒരു വീട് അച്ഛന് നൽകണം എന്നതായിരുന്നു പ്രധാന ആഗ്രഹം.

മാത്രമല്ല, അർജുനും െഎടി രംഗത്ത് ജോലി ചെയ്യുന്ന ചേട്ടൻ വിഷ്ണുവും പകല്‍ മുഴുവൻ തിരക്കുകളിൽ മുഴുകുന്നവരാണ്. വീട്ടിലെത്തുമ്പോൾ സുഖദമായ അന്തരീക്ഷമാണ് ഇവരും കൊതിക്കുന്നത്. അതിനാൽ വിശ്രമിക്കാനുള്ള ഇടങ്ങൾ ആവശ്യത്തിനുണ്ട് വീട്ടിൽ. അവയെ പ്രകൃതിയോടു ബന്ധിപ്പിക്കുകയും ചെയ്തു. എല്ലാവർക്കും അവരവരുടേതായ ഇടങ്ങൾ ഒരുക്കുന്നതിലും അർജുൻ ശ്രദ്ധ പുലർത്തി. അമ്മയ്ക്ക് ഹോബിയായ തയ്യലിനു മുതൽ അയൽപക്കത്തെ സുഹൃത്തുക്കളുമായി ഒത്തു ചേരാനുള്ള സ്ഥലം വരെ കണ്ടെത്തിയിട്ടുണ്ട്.

പഴയ വീടിനു പിന്നിലുള്ള എട്ട് സെന്റിലാണ് വീട് പണിതത്. പ്ലോട്ടിലുണ്ടായിരുന്ന മാവും കിണറും നിലനിർത്തുക എന്ന വെല്ലുവിളിയുണ്ടായിരുന്നു. കിണർ രക്ഷിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് സിറ്റ്ഔട്ട് രൂപപ്പെട്ടത്. നാലുകെട്ട് പോലെ കിണറിനെ ചുറ്റിയാണ് സിറ്റ്ഔട്ടും മുറികളും.
വീട്ടിലേക്കു കയറുമ്പോൾ വിശാലമായി തോന്നണം എന്ന നിർബന്ധം മൂലം ലിവിങ്, ഡൈനിങ് ഏരിയ ഡബിൾ ഹൈറ്റിൽ നൽകി. അ തോടു ചേർന്ന് കോർട്‌യാർഡ് നൽകിയിട്ടുണ്ട്. ഡബിൾ ഹൈറ്റിനൊപ്പം കോർട്‌യാർഡ് കൂടിയായപ്പോൾ വീട്ടിലേക്കു പ്രവേശിക്കുമ്പോൾ തന്നെ നല്ല ഭംഗിയും വലുപ്പവും തോന്നും.

ലിവിങ്, ഡൈനിങ് ഏരിയയാണ് വീടിന്റെ ഹൃദയം. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് മറ്റു മുറികളുടെയെല്ലാം രൂപകൽപന. അതുകൊണ്ടുതന്നെ സ്വന്തം വീടാകുന്ന പ്രോജക്ടിന് അർജുൻ നൽകിയിരിക്കുന്ന വിളിപ്പേര് ഹൃദയം എന്നാണ്. ഈയിടത്തേക്ക് മറ്റിടങ്ങളെല്ലാം ബന്ധിപ്പിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ എല്ലായിടവും തമ്മിൽ പരസ്പരം ബന്ധമുണ്ട്.
ചെടികളുടെ പച്ച, ചുമരുകളുടെ വെള്ള, തടിയുടെ നിറം എന്നീ നിറക്കൂട്ടിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയർ അൽപമൊന്ന് ഉഷാറാക്കാൻ വേണ്ടി ചിലയിടങ്ങളിൽ മഞ്ഞ പോലെയുള്ള നിറങ്ങളും കടുംനിറങ്ങൾ കൊണ്ടുള്ള പെയിന്റിങ്ങുകളും ഉപയോഗിച്ചിട്ടുണ്ട്.

ലാൻഡ്സ്കേപ്പിങ്ങിന് നാടൻ കല്ലുകളും ട്രോപ്പിക്കൽ ചെടികളുമാണ് ഉപയോഗിച്ചത്. കോർട്‌യാർഡിലും കിണറിനോടു ചേർന്നും ചെറിയ ജലാശയങ്ങൾ നൽകിയത് വീടിനുള്ളിൽ കുളിർമയേകുന്നു. കാറ്റിന്റെ ദിശ നോക്കി ക്രോസ് വെന്റിലേഷൻ ഉറപ്പാക്കിയിട്ടുണ്ട്.
അലങ്കാരത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്തില്ല; ഫോൾസ് സീലിങ് പോലും. അർജുൻ ഡിസൈൻ ചെയ്ത ഫർണിച്ചർ തന്നെയാണ് വീടിന്റെ സൗന്ദര്യം. ഒപ്പം, കുളിർതെന്നൽ പോലെ സൗഖ്യമേകുന്ന ഇടങ്ങളും വീടിന്റെ ചന്തം കൂട്ടുന്നു.
ചിത്രങ്ങൾ: അഭിമന്യൂ
Project Facts:
Area: 2200 sqft Owner: ജോഷി & നീന Location: വടക്കാഞ്ചേരി, തൃശൂർ Design: നേക്കഡ് വോള്യം, തൃശൂർ architecture.nakedvolume@gmail.com