Saturday 26 November 2022 03:55 PM IST : By സ്വന്തം ലേഖകൻ

രണ്ട് മാസം, ആറ് ലക്ഷം: വീട് നിർമാണച്ചെലവു നിയന്ത്രിക്കാൻ കുറുക്കുവഴികളില്ല...

sma1

പെട്ടെന്ന് കരകയറാനാകാത്ത ഒരു പ്രതിസന്ധിയിലേക്കാണ് കഴിഞ്ഞ പ്രളയകാലം അടൂർ ഐക്കാവിലെ രമേശനെയും കുടുംബത്തെയും തള്ളിയിട്ടത്. കനത്ത മഴയിലും കാറ്റിലും കടപുഴകി വീണ മരം രമേശന്റെ വീടിന്റെ മേൽക്കൂരയാകെ തകർത്തു. പെയിന്റിങ് തൊഴിലാളിയാണ് രമേശൻ. ഭാര്യയും സ്കൂളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളുമുണ്ട്. ഒന്നും ചെയ്യാനാകാതെ പകച്ചുനിൽക്കുമ്പോഴാണ് അയൽക്കാരിയും സാമൂഹ്യപ്രവർത്തകയുമായ കുഞ്ഞന്നാമ്മക്കുഞ്ഞ് സഹായത്തിനെത്തുന്നത്. ഉടനേ ഒരു പുതിയ വീട് നിർമിക്കുക എളുപ്പമല്ലാത്തതിനാൽ പഴയ വീടിന്റെ നിർമാണസാമഗ്രികളും പലയിടത്തു നിന്നായി ശേഖരിക്കുന്ന പഴയ നിർമാണവസ്തുക്കളും ഉപയോഗിച്ച് പുതിയ വീട് പണിയാം എന്ന ആശയം പറയുന്നത് കുഞ്ഞന്നാമ്മക്കുഞ്ഞാണ്. രമേശനും കുടുംബത്തിനും അത് സമ്മതമായിരുന്നു. ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമിക്കുന്ന മല്ലപ്പള്ളിയിലെ ടി. കെ. രോഹിത്തിനെ അവർ തന്നെ ഏർപ്പാടാക്കുകയും ചെയ്തു.

വെറും 575 ചതുരശ്രയടിയിൽ സിറ്റ്ഔട്ട്, ലിവിങ് സ്പേസ്, അടുക്കള, രണ്ട് കിടപ്പുമുറി, കോമൺ ടോയ്‍ലറ്റ് എന്നിവയടങ്ങുന്ന വീടാണ് രോഹിത് ഡിസൈൻ ചെയ്തത്. പഴയ വീട് പൂർണമായും പൊളിച്ചുമാറ്റിയ ശേഷം അതിനടുത്തായി പുതിയ വീടിന് സ്ഥാനം കണ്ടു. ഒരു കിടപ്പുമുറി മാത്രമുളള ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടായിരുന്നു പഴയത്.

പുതിയ വീടിന് മൂവായിരത്തോളം പഴയ മേച്ചിൽ ഓട്, വാതിൽ, ജനൽ എന്നിവ പല ഭാഗങ്ങളിൽ നിന്ന് ശേഖരിച്ചിരുന്നു. പഴയ വീട് പൊളിച്ചപ്പോൾ ലഭിച്ച എഴുന്നൂറോളം സിമന്റ് കട്ടയും ഇരിപ്പുണ്ടായിരുന്നു.

800 സിമന്റ് കട്ട, സ്റ്റീൽ ട്രസ്സിനുള്ള പൈപ്പ്, ടൈൽ, സാനിറ്ററിവെയർ, സിമന്റ്, കമ്പി എന്നിവയേ പുതിയതായി വാങ്ങേണ്ടി വന്നുള്ളൂ.

പുതിയ വീടിന്റെ ഒരു കിടപ്പുമുറിയുെടയും കോമൺ ടോയ്‍ലറ്റിന്റെയും മേൽക്കൂര മാത്രമേ കോൺക്രീറ്റ് ചെയ്തിട്ടുള്ളൂ. ട്രസ്സ് റൂഫിൽ ഓടുമേഞ്ഞ രീതിയിലാണ് ബാക്കിഭാഗം. വേണമെങ്കിൽ കോൺക്രീറ്റ് ചെയ്തതിനു മുകളിൽ ഭാവിയിൽ ഒരു കിടപ്പുമുറി പണിയാം.

ശേഖരിച്ചതിൽ അധികം വന്ന വാതിലിന്റെയും ജനലിന്റെയും തടി പല ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തി. ഇതും അധികം വന്ന സ്റ്റീൽ പൈപ്പും ഉപയോഗിച്ചു നിർമിച്ചതാണ് സിറ്റ്ഔട്ടിലെ ബെഞ്ച്. സിറ്റ്ഔട്ടിലെ സ്ഥലം നഷ്ടപ്പെടാതിരിക്കാൻ വീടിനു പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് ബെഞ്ചിന്റെ ഡിസൈൻ.

sma2

മുറികൾക്ക് വലുപ്പം കുറവായതിനാൽ ചുമരുകൾക്ക് പതിവിലും പൊക്കം നൽകിയാണ് വീടൊരുക്കിയത്. ഇങ്ങനെ ചെയ്യുമ്പോൾ വളരെയധികം കട്ട വേണ്ടിവരുന്നതിനാൽ ഒരു വശത്ത് 13 അടിയും മറുവശത്ത് ഒൻപത് അടിയും പൊക്കം നൽകി ‘ബാലൻസ്’ ചെയ്തു. മേൽക്കൂര സ്ലോപ് ഡിസൈനിൽ നൽകണം എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണഗതിയിൽ 10 അടി പൊക്കമാണ് ചുമരുകൾക്കുണ്ടാകുക.

കടകളിൽ വിറ്റഴിക്കാതെ ഇരുന്ന ടൈൽ കുറഞ്ഞ വിലയ്ക്കു വാങ്ങിയാണ് തറയും ബാത്റൂമിന്റെ ചുമരും ഒരുക്കിയത്. ബാത്റൂമിൽ പല നിറങ്ങളിലുള്ള ടൈൽ ഇടകലർത്തി ഒട്ടിച്ചു.

ചെലവ് നിയന്ത്രിക്കാൻ ചുമര് പൂർണമായി സിമന്റ് തേച്ചില്ല. പകുതിയിടത്ത് ടെക്സ്ചർ പെയിന്റിങ് പോലെ തോന്നിക്കുന്ന രീതിയിൽ റഫ് ഫിനിഷിൽ സിമന്റ് തേച്ച് പെയിന്റടിച്ചു. പെയിന്ററാണ് രമേശൻ. വീട്ടിലെ പെയിന്റിങ് ജോലികൾ രമേശന്റെ മേൽനോട്ടത്തിൽ തന്നെ ചെയ്തു.

വിബോർഡിലും ബാക്കിവന്ന തടിയിലും ഫ്രെയിം നിർമിച്ച് അതിനു മുകളിൽ ഗ്രാനൈറ്റ് ഉറപ്പിച്ചാണ് അടുക്കളയിലെ കൗണ്ടർടോപ് നിർമിച്ചത്. പാത്രങ്ങളും മറ്റും സൂക്ഷിക്കാൻ അത്യാവശ്യം കാബിനറ്റുകളും നിർമിച്ചു. ഇതിന് അലുമിനിയം ഷട്ടർ നൽകി.

വീടുപണി കഴിഞ്ഞപ്പോൾ ആയിരത്തോളം ഓട് അധികം വന്നു. ഇതു പാഴാക്കാതെ ‘ഒാട് അടുക്കി ഭിത്തി കെട്ടിയ’ രീതിയിൽ 150 ചതുരശ്രയടിയോളം വലുപ്പമുള്ള ഒരു വർക്ഏരിയയും നിർമിച്ചു. വീടിനു മുൻഭാഗത്ത് അടുക്കളയോട് ചേർന്നാണ് ഈ വർക് ഏരിയ. ഇതുകൂടി ഉൾപ്പെടുത്തുമ്പോൾ വീടിന്റെ വിസ്തീർണം 750 ചതുരശ്രയടിയോളം എത്തും. ഇതിന്റേതുൾപ്പെടെ ആറ് ലക്ഷമായിരുന്നു നിർമാണച്ചെലവ്.

രണ്ട് മാസം തികച്ച് വേണ്ടിവന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. 50 ദിവസത്തിനുള്ളിൽ തന്നെ വീടുപണി പൂർത്തിയായി. 

ചിത്രങ്ങൾ: ജയറാം പ്രകാശ് മങ്കുഴിയിൽ

Area: 575 sqft

Owner: രമേശൻ വല്ല്യ അയ്യത്ത് & വാസന്തി

Location: ഐക്കാട്, അടൂർ

Design: ടി. കെ. രോഹിത്, കാസിൽ ഇന്റീരിയർ, മല്ലപ്പള്ളി

Email : rohithtk373@gmil.com