Thursday 26 March 2020 02:27 PM IST

ലോക് ഡൗൺ കാലത്ത് വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കാം; ബില്ല് വരുമ്പോൾ പോക്കറ്റ് കീറാതെ നോക്കാം!

Sreedevi

Sr. Subeditor, Vanitha veedu

elebvhbgdds

ഇത് കൊറോണക്കാലം മാത്രമല്ല, കൊടും ചൂടിന്റെ കാലം കൂടിയാണ്. വീട്ടകം തന്നെയാണ് എല്ലാംകൊണ്ടും സുരക്ഷിതം. എല്ലാവരും വീട്ടിലിരിക്കുമ്പോൾ ലൈറ്റും ഫാനും ടിവിയുമൊക്കെ പ്രവർത്തിപ്പിക്കുക സാധാരണം. പക്ഷേ, ഒന്നോർക്കണം. ഇപ്പോഴേ ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണക്കാലത്തെ വൈദ്യുതി ഉപയോഗം നിയന്ത്രണാതീതമാകും. വൈദ്യുതി ബിൽ പോക്കറ്റ് കീറും. ഇതൊഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

1. പകൽ സമയത്ത് വീട്ടിലെ ജനലുകളും വാതിലുകളും തുറന്നിടുക. സ്വാഭാവിക വെളിച്ചവും കാറ്റും അകത്തേക്കു കയറട്ടെ.  വൈദ്യുതി ബിൽ കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം കൊറോണ വൈറസിനെ അകറ്റാനും സഹായിക്കും.

2. പല മുറികളിൽ ലൈറ്റും ഫാനുമിട്ട് വൈദ്യുതി പാഴാക്കരുത്. കുടുംബാംഗങ്ങൾ കഴിവതും സുരക്ഷിത അകലം പാലിച്ചുകൊണ്ടുതന്നെ ഒരേ മുറി ഉപയോഗിക്കുക.

3. വീട്ടിൽ ഇരിക്കുന്ന നേരത്ത് പ്രകാശശ്രോതസ്സുകൾ– ബൾബ്, ലാംപ്ഷേഡ് എന്നിവ തുടച്ചു വൃത്തിയാക്കുക. ഇത് കൂടുതൽ വ്യക്തമായ പ്രകാശം നൽകാൻ സഹായിക്കും. വൈദ്യുതിയുടെ പ്രസരണനഷ്ടം കുറയ്ക്കാം.

4. ചൂട് കുറവുള്ളപ്പോൾ ഫാനിന്റെ സ്പീഡ് കുറയ്ക്കുക. ആവശ്യം കഴിഞ്ഞാൽ ലൈറ്റും ഫാനും ഓഫ് ചെയ്യുക.

5. വാഷിങ് മെഷീനിൽ ചൂടുവെള്ളം ഉപയോഗിക്കുമ്പോൾ വൈദ്യുതി നഷ്ടം കൂടും. തണുത്ത വെള്ളത്തിൽ തുണികൾ കഴുകി വെയിലത്ത് ഉണക്കി അണുവിമുക്തമാക്കാം.

6. ഫ്രിജ് എപ്പോഴും തുറക്കുകയും അടയ്ക്കുകയും ചെയ്യാതിരിക്കുക. മാനുവൽ ആയി ഡീഫ്രോസ്റ്റ് ചെയ്യുന്ന ഫ്രിജ് കൃത്യമായി ഡീഫ്രോസ്റ്റ് ചെയ്യുക. 

7. ടിവി, ഓഡിയോ സിസ്റ്റം എന്നിവ പ്രവർത്തിപ്പിക്കാതിരിക്കുമ്പോൾ റിമോർട്ട് മാത്രമല്ല, സ്വിച്ചും ഓഫ് ചെയ്യുക. മൊബൈൽ ചാർജറുകൾ ഉപയോഗിക്കാതിരിക്കുമ്പോൾ പ്ലഗ് ഊരിയിടുക.   

8. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുകയാണെങ്കിൽ, എഴുന്നേറ്റുപോകുമ്പോൾ കംപ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ് സ്ലീപ് മോഡിലിടാം. 

9. വാതിലും ജനലും അടച്ചു ഭദ്രമാക്കിയശേഷം മാത്രം എസി പ്രവർത്തിപ്പിക്കുക. മുറി തണുത്തുകഴിഞ്ഞാൽ എസി ഓഫ് ചെയ്ത് ഫാൻ ഇടാം. ഇത് വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കും.

10. വിറകോ എൽപിജിയോ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രം ഇലക്ട്രിക് സ്റ്റൗവോ മൈക്രോവേവ് ഓവനോ ഉപയോഗിക്കുക. 

Tags:
  • Vanitha Veedu
  • Budget Homes