Saturday 29 May 2021 02:58 PM IST : By സ്വന്തം ലേഖകൻ

മനസ്സില്‍ കണ്ട വീടല്ല! അതിനേക്കാള്‍ മനോഹരം, കുടുംബത്തിൽ ഡിസൈനറുണ്ടായതിന്റെ ഗുണം, മണിയും ദീപയും പറയുന്നു

manideepam 1

പ്രളയം എല്ലാവരെയും പോലെ ഞങ്ങളെയും ബാധിച്ചു. ഞങ്ങളുടെ വീട് പൂർണമായും നശിച്ചു. ശരിക്കും മനസ്സ് തകർന്ന ദിവസങ്ങൾ. 45 വർഷം പഴക്കമുള്ള ആ വീടിനൊപ്പമാണ് ഞങ്ങൾ വളർന്നത്. അത്രമേൽ പ്രിയപ്പെട്ടതായിരുന്നു വീടിന്റെ ഓരോ ഇടങ്ങളും. അതുവരെ ചിന്തിക്കാത്ത പുതിയ വീട് എന്ന ആശയം അവിടെ പിറവി കൊണ്ടു. കുടുംബത്തിൽ തന്നെ ഡിസൈനറുള്ളപ്പോൾ പുറത്ത് അന്വേഷിക്കേണ്ട ആവശ്യം വന്നില്ല. മനസ്സിൽ കണ്ടതിനേക്കാള്‍ മനോഹരമായി വീട് ഡിസൈൻ ചെയ്തു നൽകിയത് സഹോദരിയും ഇന്റീരിയർ ഡിസൈനറുമായ സുധ കൃഷ്ണ പിഷാരടി. വീടിന്റെ ഓരോ അണുവിലും സുധയുടെ ക്രിയേറ്റിവിറ്റി പ്രകടമാണ്.

manideepam 3

പഴയ വീട് പൂർണമായും തകർന്നിരുന്നു. മൂന്ന് ഭാഗത്ത് നിന്നും വെള്ളം വന്നു താഴത്തെ മണ്ണ് ഒലിച്ചുപോയിരുന്നു. പഴയ വീട് പോലെ ട്രെഡീഷനൽ ടച്ചുള്ള വീട് എന്നതായിരുന്നു മനസ്സില്‍. ഒപ്പം കന്റെംപ്രറി ശൈലിയും ചേർത്താണ് ഡിസൈൻ ചെയ്തത്. കിഴക്കുഭാഗത്തു നിന്ന് കയറി വരുന്ന ഇടം ട്രെഡീഷനൽ ശൈലിയിലും പടിഞ്ഞാറുഭാഗത്തു നിന്ന് കാണുന്നത് കന്റെംപ്രറി രീതിയിലുമാണ്. 17 സെന്റുള്ള കോർണർ പ്ലോട്ടാണ്. രണ്ട് ഭാഗത്തും റോഡ് ഉണ്ട്.

manideepam 5

2400 ചതുരശ്രയടിയുള്ള വീട്ടിൽ മൂന്ന് കിടപ്പുമുറി, മ്യൂസിക് റൂം, ഡൈനിങ്, കിച്ചൻ, പൂജാ റൂം എന്നിവയുണ്ട്. കോൺക്രീറ്റ് ബ്ലോക്ക് കൊണ്ടാണ് ഭിത്തി കെട്ടിയത്. എക്സ്റ്റീരിയറിൽ സ്റ്റോൺ ക്ലാഡിങ്ങും ഇന്റീരിയറിൽ ടൈൽ ക്ലാഡിങ്ങും ചെയ്തു. വിട്രിഫൈഡ് ടൈലാണ് നിലത്ത് വിരിച്ചത്. ചിലയിടങ്ങളിൽ സെറാമിക് ടൈൽ‌ ഉപയോഗിച്ചു. ഫർണിച്ചർ എല്ലാം പഴയത് തന്നെ ഉപയോഗിച്ചു. മാസ്റ്റർ ബെഡ്റൂമിലേക്കുള്ള കട്ടിൽ മാത്രം പുതിയത് വാങ്ങി. വാതിലും ജനലും എല്ലാം തടിയിൽ തന്നെ ഒരുക്കി. കൂടുതൽ സ്റ്റോറേജ് കിച്ചനിൽ ഒരുക്കണമെന്ന് ആദ്യമേ മനസ്സിൽ കണ്ടിരുന്നു. മറൈൻ പ്ലൈയിലാണ് കാബിനറ്റുകൾ ഒരുക്കിയത്.

manideepam 4

ചേരാനല്ലൂർ ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് വീട്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന കുടുംബമായതിനാൽ ക്ഷേത്രത്തിനടുത്ത് ഇരുനില വീട് വേണ്ടെന്ന് തീരുമാനിച്ചു. പൂജാമുറിക്കായിരുന്നു ഞങ്ങളുടെ പ്രഥമ പരിഗണന. പഠിപ്പുരയും തുളസിത്തറയും കടന്ന് കയറുമ്പോൾ ആദ്യം തന്നെ പൂജാമുറി കാണുന്ന രീതിയില്‍ ക്രമീകരിച്ചതാണ് വലിയ സന്തോഷം. അറ പോലെ അഴികൾ നൽകി ഒരുക്കാമെന്ന ആശയം പങ്കുവച്ചത് സുധയാണ്. അകത്തളത്തിലെ പൊതു ഇടങ്ങളിൽ നിന്നെല്ലാം ഇവിടേക്ക് ദർശനം ലഭിക്കുന്നത് മനസ്സിൽ നിറയ്ക്കുന്ന പോസിറ്റീവ് ഊർജം ചെറുതല്ല.

manideepam 2

ഡൈനിങ് ഏരിയയും ഊട്ടുപുര മാതൃകയിൽ അഴികൾ നൽകിയാണ് ഒരുക്കിയെടുത്തത്. ഒരുനില വീടായതുകൊണ്ടു തന്നെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്തില്ല. വീടിന്റെ പൊതു ഇടങ്ങളിൽ നിന്നൊന്നും കിടപ്പുമുറി കാണാത്ത രീതിയിലാണ് ക്രമീകരണം. മൂന്ന് കിടപ്പുമുറികളിലേക്കുള്ള പ്രവേശനവും പ്രത്യേകം പാസേജ് വഴി നൽകി. അമ്പലത്തിലേക്ക് പോവുന്നത് തെക്കുവശത്ത് നിന്ന് ആയതു കൊണ്ടുതന്നെ അവിടെയും ഒപ്പം കിഴക്കുവശത്തും വീട്ടിലേക്കുള്ള പ്രവേശനം നൽകിയിട്ടുണ്ട്. ‘ഹരിഗീതം’ എന്ന് പേരിട്ട് മ്യൂസിക് റൂം ഭംഗിയായി ക്രമീകരിച്ചു. 

manideepam 6
Tags:
  • Vanitha Veedu