വീട്ടുകാരൻ തന്നെ വീട് ഡിസൈന്‍ ചെയ്താൽ എന്തായിരിക്കും ഗുണം? അതറിയണമെങ്കിൽ മലപ്പുറം ജില്ലയിലെ പുകയൂരിലെ ഫായിസിനോട് ചോദിക്കണം. സ്വന്തം വീട് നല്ല ഭംഗിയായി പണിതുവെന്ന് മാത്രമല്ല, മനസ്സിലുദ്ദേശിച്ച ബജറ്റിൽ തീർത്തിട്ടുമുണ്ട് ഫായിസ്. 2600 ചതുരശ്രയടി വീട് 34 ലക്ഷത്തിനാണ് പണിത് തീർത്തത്. അലങ്കാരങ്ങളിലും സൗകര്യത്തിനും കുറവ് വരുത്തിയിട്ടില്ല. എല്ലാം ബജറ്റിനുള്ളിൽ തന്നെയാണ് നടപ്പാക്കിയതും.

നാലു കിടപ്പുമുറികളുള്ള ഇരുനില വീട്ടിൽ മറ്റു സൗകര്യങ്ങൾക്കും കുറവില്ല. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ കം വര്‍ക്ക് ഏരിയ, കോർട്‌യാർഡ് തുടങ്ങിയവയാണുള്ളത്. വീടിന്റെ മുൻവശത്തെ സിറ്റ്ഔട്ട് കൂടാതെ വീടിന്റെ വടക്ക് ഭാഗത്ത് ഡൈനിങ്ങിൽ നിന്ന് ഇറങ്ങാവുന്ന ഒരു സിറ്റ്ഔട്ട് നൽകിയിട്ടുണ്ട്. അപ്പർ ലിവിങും, രണ്ട് കിടപ്പുമുറിയുമാണ് മുകളിലെ നിലയില്‍ നൽകിയിരിക്കുന്നത്. മൂന്ന് കിടപ്പുമുറികളും ബാത് അറ്റാച്ച്ഡ് ആണ് പുറമെ ഒരു കോമൺ ടോയ്‍ലറ്റും നൽകിയിട്ടുണ്ട്.

ചെലവ് കുറച്ചത് ഇങ്ങനെ
∙ വീട് എങ്ങിനെ പണിയണമെന്ന് ആദ്യം മനസ്സിൽ കണ്ടു. എഞ്ചിനീയറെ കൊണ്ടു പറഞ്ഞു വരപ്പിച്ചു. നമ്മുടെ വീട് നാം തന്നെ ഡിസൈൻ ചെയ്താൽ മതി. പ്ലാനിങ്ങിൽ തന്നെ തുടങ്ങണം. ബജറ്റ് നിയന്ത്രിക്കുന്നത് അവിടെ തൊട്ട് തുടങ്ങാം.

∙ അനാവശ്യമായി പണം ചെലവാക്കുന്ന എക്സ്റ്റീരിയറിലെ അലങ്കാരപ്പണികളോട് താൽപര്യമില്ലായിരുന്നു.

∙ പടിപടിയായി കോൺട്രാക്ട് കൊടുക്കുന്ന രീതിയാണ് അവലംബിച്ചത്. വീട് പണി മുഴുവന്‍ ഒരാൾക്ക് കൊടുത്തില്ല. ഒരോ സ്റ്റേജിലും ഓരോരുത്തർക്ക് കൊടുത്തു.
∙ ഇന്റീരിയറിൽ വേണ്ട അലങ്കാരങ്ങൾ വരച്ചു കൊടുത്ത് പണിക്കാരെ വച്ച് ചെയ്യിപ്പിച്ചു.
∙ മെറ്റീരിൽ സെലക്ഷനിലും ശ്രദ്ധിച്ചു. ബജറ്റിനുള്ളിൽ നിന്ന് ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ തിരഞ്ഞെടുത്തു.

∙ സ്ട്രക്ചര്‍ വർക്ക് മാത്രമാണ് മെറ്റീരിയൽ കോൺട്രാക്ട് കൊടുത്തത് ബാക്കിയെല്ലാ ജോലികളും മെറ്റീരിയൽ വാങ്ങിക്കൊടുത്തു ചെയ്യിപ്പിച്ചു. ഇതിനെല്ലാം പുറമെ പണിക്കാരുടെ കൂടെ എല്ലാ ജോലിയിലും സഹായിയായി നിന്നു. അത്രമേൽ ആസ്വദിച്ചാണ് വീട് പണി പൂർത്തിയാക്കിയത്.
