റിട്ടയേർഡ് പൊലീസ് ഒാഫീസറായ സുബ്രഹ്മണ്യദാസൻ വീട് പണിതപ്പോൾ മണ്ണിന്റെ സുഖമൊന്നു പരീക്ഷിക്കാം എന്നു തീരുമാനിച്ചു. അതിനു കാരണമായത് എൻജിനീയർ മുഹമ്മദ് യാസീറിന്റെ ഉപദേശവും.

റാംഡ് എർത്തും മഡ് ബ്ലോക്കും മഡ് പ്ലാസ്റ്ററിങ്ങുമൊക്കെ സുസ്ഥിരമായ രീതിയിൽ പരീക്ഷിക്കുന്ന മുഹമ്മദ് യാസീറിന് മഡ് പ്ലാസ്റ്ററിങ് ചെയ്യാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ട്രഡീഷനൽ രീതിയിലാണ് ഡിസൈൻ. ഇരുഭാഗവും ഒരുപോലിരിക്കുന്ന സിമട്രിക് ഡിസൈൻ ആണ് ദാസന്റെ വീടിന്. അകത്തും പുറത്തും ചുമരിൽ ഭൂരിഭാഗത്തും മഡ് പ്ലാസ്റ്ററിങ് ചെയ്തതാണ് വീടിന്റെ ഭംഗി. മണ്ണിന്റെ സ്വാഭാവിക നിറം തന്നെയാണ് ചുമരുകൾക്ക്. പ്ലോട്ടിലെ മണ്ണിൽ ചുണ്ണാമ്പും സിമന്റും ഉമിയുമെല്ലാം ചേർത്താണ് തേപ്പ്. രണ്ടു കോട്ട് ആണ് മഡ് പ്ലാസ്റ്ററിങ് ചെയ്യുന്നത്. ആദ്യത്തേത് കട്ടിയിലും പുറത്തേത് കനം കുറവിലും. സ്പോഞ്ച് ഫിനിഷിലുള്ള തേപ്പിന് മണ്ണിന്റെ സ്വാഭാവിക ടെക്സ്ചർ ലഭിക്കും, കൂടാതെ ചെലവു കുറവും.
1843 ചതുരശ്രയടിയിൽ നാല് അറ്റാച്‍ഡ് കിടപ്പുമുറികളുള്ള വീടാണിത്. കിഴക്കോട്ടാണ് ദർശനം. പഴയ തടി വാങ്ങിയാണ് ജനലും വാതിലുമെല്ലാം പണിതിരിക്കുന്നത്. ചരിഞ്ഞ കോൺക്രീറ്റ് റൂഫിനു മുകളിൽ പഴയ ഒാടും വിരിച്ചു.
പുറത്തു നിന്നു കാണുന്ന മുകളിലെ കൊട്ടിൽ ഡിസൈൻ തടിയാണെന്നു തോന്നുമെങ്കിലും വാസ്തവത്തിൽ ജിെഎ കൊണ്ട് ചെയ്ത് പെയിന്റടിച്ചതാണ്. ചെലവു കുറയ്ക്കാൻ ഇത്തരം ചില പൊടിക്കൈകൾ സഹായിച്ചിട്ടുണ്ട്.
മഴയും വെയിലും അകത്തേക്കു കൊണ്ടുവരുന്ന രീതിയിലാണ് വീടിനകത്തെ ചെറിയ നടുമുറ്റം. തുറന്ന മുകൾഭാഗത്ത് ഗ്രിൽ കൊടുത്തിരിക്കുന്നു. വീടിനകം മുഴുവൻ മാർബിളാണ് വിരിച്ചിരിക്കുന്നത്.
ഏകദേശം 1650 ചതുരശ്രയടി നിരക്കിലാണ് നിർമാണം ചെയ്തത്. ഒരു വർഷം പിന്നിടുമ്പോൾ ദാസനും കുടുംബവും ഹാപ്പിയാണ്. കാരണം, വീടിനകത്ത് എപ്പോഴും സുഖകരമായ ഒരു തണുപ്പുണ്ട്.
ഡിസൈൻ: കെ. എം. മുഹമ്മദ് യാസിർ, എർതേൺ സസ്റ്റൈനബിൾ ഹാബിറ്റാറ്റ്സ്, രാമനാട്ടുകര, കോഴിക്കോട്. ഫോൺ– 98950 43270