Saturday 27 July 2024 02:46 PM IST : By സ്വന്തം ലേഖകൻ

സുവർണനഗരത്തിലെ ശവകുടീരങ്ങൾ യുനെസ്കോ പൈതൃക പട്ടികയിൽ

maydem

അസമിലെ ‘ചെരായ്ദേയ് മയ്ദം’ യുനെസ്കോ പൈതൃക പട്ടികയിൽ ഇടംനേടി. ‘മലമുകളിലെ സുവർണനഗരം’ എന്നാണ് ‘ചെരായ്ദേയ്’ എന്ന വാക്കിന്റെ അർഥം. ‘മയ്ദം’ എന്നാൽ ‘ശവകുടീരം’. അസമിലെ ഉയർന്ന ഭൂപ്രദേശമാണ് ചെരായ്ദോയ്. അഹോം രാജവംശത്തിന്റെ ആദ്യ തലസ്ഥാനമായിരുന്നു ഇവിടം. ഇവിടെയുള്ള ശവകുടീരങ്ങളാണ് ‘മയ്ദം’ എന്നറിയപ്പെടുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് യുനെസ്കോ പൈതൃക പട്ടികയിൽ ഇടംനേടുന്ന ആദ്യ ചരിത്ര സ്മാരകമാണ് ‘ചെരായ്ദേയ് മയ്ദം’. അസമിൽ അറുന്നൂറ് വർഷത്തിലേറെ ഭരണം നടത്തിയ രാജവംശമാണ് അഹോം. ഇവരിൽ നിന്നാണ് അസം എന്ന പേര് രൂപപ്പെട്ടത് എന്ന് കരുതുന്നു. അസം, ബർമ തുടങ്ങി ഇന്തൊനീഷ്യ വരെ വ്യാപിച്ചിരുന്നതാണ് ഇവരുടെ സാമ്രാജ്യം.

maydem 2

ഈജിപ്തിലെ ഫറവോമാരുടെ പോലെ പിരമിഡ് മാതൃകയിലാണ് ഇവരുടെ ശവകുടീരം. പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഇതിനുള്ളത്. മണ്ണിനടിയിലുള്ള നിലവറയാണ് ഇതിൽ മുഖ്യം. ഇഷ്ടിക കെട്ടിയ നിലവറയ്ക്കു മുകളിലായി മണ്ണിട്ടുയർത്തിയ അർദ്ധഗോളാകൃതിയിൽ കുന്ന് പോലെയുള്ള ഭാഗമാണ് രണ്ടാമത്തേത്. ഇതിനു ചുറ്റുമായി അഷ്ടഭുജാകൃതിയിലുള്ള ചുറ്റുമതിലും ഉണ്ടാകും. ഫറവോയെ സംസ്കരിച്ചിരുന്നപ്പോൾ ചെയ്തിരുന്നതുപോലെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും വസ്തുക്കളുമൊക്കെ കുടീരത്തിനുള്ളിൽ സൂക്ഷിച്ചിരുന്നു.

ചെരായ്ദോയ് മേഖലയിൽ ഇതുവരെ 386 ശവകുടീരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എണ്ണം രാജകുടുംബാംഗങ്ങളുടേതാണ്. അസമിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ചെരായ്ദോയ്.

36 രാജ്യങ്ങവിൽ നിന്നുള്ള അപേക്ഷകളിൽ നിന്നാണ് ചെരായ്ദോയ് മയ്ദം പട്ടികയിൽ ഇടം നേടിയത്. ന്യൂഡൽഹിയിലാണ് ഇത്തവണത്തെ യുനെസ്കോ പൈതൃക സമ്മേളനം നടക്കുന്നത്.

Tags:
  • Architecture