Saturday 13 February 2021 05:56 PM IST

ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ തടിപ്പണി തലവേദനയാകില്ല...ചെലവും കുറയ്ക്കാം

Sunitha Nair

Sr. Subeditor, Vanitha veedu

wood2

തടിപ്പണി എന്നു കേൾക്കുമ്പോഴേ വീടുപണിയുന്നവരുടെ ടെൻഷൻ ഇരട്ടിക്കും. കാരണം മറ്റൊന്നുമല്ല, പോക്കറ്റ് കാലിയാവുന്ന വഴിയറിയില്ല എന്നതുതന്നെ. തടിപ്പണി തലവേദനയാകാതിരിക്കാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം. അതോടൊപ്പം തടിപ്പണിയുടെ ചെലവു കുറയ്ക്കാനുള്ള വഴികളും അറിയാം.

∙ പഴയ കെട്ടിടം പൊളിക്കുമ്പോൾ കിട്ടുന്ന ജനലും വാതിലും വാങ്ങിയാൽ തടിയുടെ ചെലവ് 50 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കും. പഴയ തടിയിലെ പെയിന്റ് ചുരണ്ടിക്കളയാൻ പണിക്കൂലി കൂടുതലാണ്. അതിന് കുമ്മായവും കാരവും പകുതി അളവിലെടുത്ത് ഒരു ലെയർ തേച്ചാൽ മതി.

∙ തടികൾ പോളിഷ് ചെയ്യുന്നതിനു പകരം ലിൻസീഡ് ഓയിൽ അടിക്കാം. പ്രകൃതിദത്തമാണ്; ചെലവും കുറവാണ്.

∙ തേക്ക് ഉപയോഗിക്കണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ എല്ലാ ഉപയോഗത്തിനും ഒരേ തരം തടി തന്നെ നൽകുകയാണെങ്കിൽ ചെലവ് ക്രമാതീതമായി കൂടും. ഉദാഹരണത്തിന് പലകയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ട തടിയിൽനിന്ന് ഫ്രെയിം വർക്കിനുവേണ്ട ചട്ടങ്ങൾ എടുക്കരുത്. കാരണം, ഫ്രെയിം ഉണ്ടാക്കാൻ അത്രയും ചെലവു കൂടിയ മരം വേണ്ട. അതുപോലെ കർട്ടന്റെ ഉൾഭാഗത്ത് വരുന്ന ജനൽ കട്ടിള ഉണ്ടാക്കാൻ വണ്ണം കൂടിയ, വില കൂടിയ തടി ഉപയോഗിക്കാതെ മൂപ്പുള്ള, വണ്ണം താരതമ്യേന കുറവുള്ളവ ഉപയോഗിക്കുന്നതിലൂടെ ചെലവ് കുറയ്ക്കാൻ സാധിക്കും. ഒരേ ഇനം മരം വാങ്ങാൻ ഉദ്ദേശിച്ചാൽ പല വിലയിലുള്ള, പല വണ്ണത്തിലുള്ള രണ്ടോ മൂന്നോ തരം തടി വാങ്ങുന്നതാണ് നല്ലത്. ഫോറസ്റ്റ് തേക്ക് വാങ്ങാനാണ് ഉദ്ദേശമെങ്കിൽ പലകയ്ക്ക് ബി 2 ഇനവും കട്ടിളയ്ക്ക് ബി 3യും ഫ്രെയിം വർക്കിനു വേണ്ടി ബി4 ഉും എടുക്കുക. ഈ പറഞ്ഞ മൊത്തം ആവശ്യങ്ങൾക്കും ബി 2 ഉപയോഗിച്ചാൽ 40 ശതമാനം ചെലവ് കൂടും.

wood3

∙ തൊലിക്ക് എവിടെയും പൈസ കൊടുക്കേണ്ടതില്ല. അതുകൊണ്ട് തൊലി വെട്ടിക്കളഞ്ഞുവേണം ഏതു തടിയായാലും അളക്കാൻ. വീട്ടിത്തടിയാണെങ്കിൽ വെള്ളയുള്ള ഭാഗങ്ങൾ വരെ കളഞ്ഞതിനു ശേഷമാണ് വിൽപന നടത്താറ്.

∙ വാഡ്രോബുകൾ, അടുക്കളയിലെ കാബിനറ്റുകൾ എന്നിവയ്ക്ക് തടിക്കു പകരം ഫെറോസിമന്റ് സ്ലാബുകൾ ഉപയോഗിക്കാം. ചിതൽ വന്നോ വെള്ളം വീണോ നശിക്കുമെന്നോ പേടി വേണ്ട. ഷെൽഫുകളുടെ തട്ടുകൾ ഫെറോസിമന്റ് ഉപയോഗിച്ചും കതകുകൾ തടിയോ പ്ലൈവുഡോ ചേർത്തും നിർമിച്ചാൽ ഷെൽഫിന്റെ ചെലവിന്റെ 50 ശതമാനം വരെ കുറയ്ക്കാം. പ്ലൈവുഡ് ഉപയോഗിക്കുമ്പോൾ ഉയർന്ന ഗുണനിലവാരമുള്ളത് തിരഞ്ഞെടുക്കണം.

∙ തടി വാതിലുകൾക്കു പകരം റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിക്കാം. നല്ല ബ്രാൻഡഡ് റെഡിമെയ്ഡ് വാതിലിന് തടി വാതിലിനേക്കാൾ നാലിലൊന്ന് ചെലവേ വരൂ.

∙ കൊത്തുപണികൾ ഒഴിവാക്കുക. ഫർണിച്ചറിന്റെ ഡിസൈൻ ലളിതമാക്കുന്നതും ചെലവ് കുറയ്ക്കും.

∙ പാനലിങ് പോലെയുള്ള തടികൊണ്ടുള്ള ധൂർത്ത് ഒഴിവാക്കാം.

∙ ഇരൂൾ, ഇരുമ്പകം, വേങ്ങ തുടങ്ങിയ നാടൻ മരങ്ങൾ ചെലവു കുറഞ്ഞതും ഗുണമേന്മയുള്ളതുമാണ്. വീടിനു തടി ഉപയോഗിക്കുമ്പോള്‍ ഈടുറ്റ മരം തിരഞ്ഞെടുക്കണം. കാരണം വീടിന്റെ പെയിന്റോ കർട്ടനോ ഒക്കെ ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റുന്നതു പോലെ തടി മാറ്റാൻ കഴിയില്ല എന്നോർക്കണം.

wood1

∙ തടി അറപ്പിച്ചു കഴിഞ്ഞ് കിട്ടേണ്ട അളവിനേക്കാൾ കാൽ ഇഞ്ച് വീതിയിലും കനത്തിലും കൂടുതൽ ഇട്ട് അറപ്പിച്ചില്ലെങ്കിൽ പ്ലെയിനർ അടിച്ച് പണി കഴിഞ്ഞ് കിട്ടുമ്പോൾ വീണ്ടും കനം കുറയാൻ സാധ്യതയുണ്ട്. കഷണത്തിൽ വളവ് വരാതെ തടി അറപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ മരം ഉണങ്ങിയതിനു ശേഷം അറപ്പിക്കുന്നതാണ് വളവ് വരാതിരിക്കാൻ നല്ലത്. അറപ്പിച്ചതിനു ശേഷം കഴിയുന്നത്ര ജോലി മെഷീൻ ഉപയോഗിച്ച് (പ്ലെയിനർ) ചെയ്താൽ വേഗത്തിലും വളവില്ലാതെയും പണിത്തരം കുറ്റം തീർത്തു കിട്ടും.

∙ ഒന്നിച്ച് ലോട്ടായിട്ട് മരം എടുത്ത് അറക്കുമ്പോൾ വണ്ണക്കൂടുതലുള്ള തടികൾ പലക ആവശ്യത്തിനും ബാക്കിയുള്ളവ കട്ടിള ആവശ്യത്തിനും മാറ്റി വയ്ക്കുന്നത് നന്നായിരിക്കും. അറപ്പിച്ചു കഴിഞ്ഞ് സൈറ്റിലേക്കു കയറ്റികൊണ്ടു പോകുമ്പോൾ തടിയുടെ പാസ്, ബില്ല് എന്നിവ കൈവശം വയ്ക്കാൻ മറക്കരുത്.

∙അറപ്പിച്ചു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കു ശേഷം ആശാരിപ്പണി തുടങ്ങുന്നതാണ് നല്ലത്. അപ്പോഴേക്ക് ആവശ്യത്തിന് ഉണക്കം കിട്ടിയിരിക്കും

Tags:
  • Vanitha Veedu