Wednesday 18 August 2021 04:48 PM IST : By Adv. Anzil Zacharia Commat

ഭവനവായ്പ എടുക്കുമ്പോൾ ബാങ്കിനെ കണ്ണടച്ചു വിശ്വസിക്കരുത്; പറയുന്നതിലും ഉയർന്ന പലിശനിരക്ക് ഈടാക്കാം

law

പ്രമുഖ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ എട്ട് മാസംകൊണ്ട് 191 ഇടപാടുകൾവഴി ജീവനക്കാരൻ കവർന്നത് എട്ട് കോടിയിലധികം രൂപയാണ്! കാലാവധി പൂർത്തിയായിട്ടും പിൻവലിക്കാത്തസ്ഥിരനിക്ഷേപങ്ങളിൽ നിന്നാണു പ്രധാനമായും പണം അപഹരിച്ചത്. ഒരാളുടെ 10 ലക്ഷം രൂപ പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടതാണ് തട്ടിപ്പ് പുറത്തുവരാൻ കാരണം. രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ പൂട്ടിപ്പോയ സംഭവത്തിന് നമ്മൾ സാക്ഷികളായതും ഏതാനും മാസങ്ങൾ മാത്രം മുൻപാണ്.

ബാങ്കിങ് ഇടപാടുകളിൽ ആരെയുംഅന്ധമായി വിശ്വസിക്കരുത്. ഭവന വായ്പയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. വായ്പ എടുക്കും മുൻപായി വ്യവസ്ഥകൾ കൃത്യമായി മനസ്സിലാക്കണം. എടുത്തുചാടി വായ്പ സ്വന്തമാക്കരുത്. ബാങ്കിങ് ആവശ്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രേഖകളിലോ കരാറിലോ ഒപ്പിടേണ്ടി വരുമ്പോൾ അവ വ്യക്തമായി വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം ഒപ്പിടുക.

ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുക. വായ്പയുടെ പ്രൊസസിങ് ഫീസ് ഇനത്തിൽ ബാങ്ക് എത്ര രൂപ ഈടാക്കും? പലിശനിരക്കുകൾ എത്രയാണ്? പ്രായമായവർ, വനിതകൾ തുടങ്ങിയവർക്ക് പലിശനിരക്കിൽ ഇളവുണ്ടോ? പലിശനിരക്ക് ഫിക്സഡ് ആണോ ഫ്ലോട്ടിങ് ആണോ? തിരിച്ചടവ് എന്നു മുതൽ ആരംഭിക്കണം ? തിരിച്ചടവ് മുടങ്ങിയാൽ പിഴ എത്രയാണ്? കാലാവധി തീരും മുൻപ് ലോൺ അടച്ചുതീർക്കണമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ എന്താണ് എന്നീ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

ഭവനവായ്പ എടുത്താൽ ലോൺ എഗ്രിമെന്റിന്റെ ഒരു കോപ്പി കൈവശം സൂക്ഷിക്കുകയും വേണം.വായ്പ അടച്ചു തീർക്കുന്നതിൽ വീഴ്ച വരുത്തരുത്. അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സമയത്ത് തുടക്കം മുതലുള്ള ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ്’ എടുത്ത് കണക്ക് കൃത്യമാണെന്ന് ഉറപ്പുവരുത്തണം.ഇഎംഐയും തിരിച്ചടവ് കാലാവധിയും അറിഞ്ഞാൽ പലിശ ഇനത്തിൽ ഈടാക്കുന്ന ആകെ തുകയും പലിശനിരക്കും നിഷ്പ്രയാസം കണ്ടെത്താനാകും. അറിയിക്കുന്നതിലും കൂടുതലായിരിക്കും പലപ്പോഴും ബാങ്ക് ഈടാക്കുന്ന പലിശ. കണക്കുകൂട്ടി ഇതു കണ്ടുപിടിക്കാൻ ബഹുഭൂരിപക്ഷവും മെനക്കെടാറില്ല എന്നുമാത്രം.

സേവിങ്സ്, ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളും കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. പാസ്ബുക്ക് എൻട്രികൾ ശ്രദ്ധിക്കണം. ഇടപാടുകളിൽ എന്തെങ്കിലും സംശയം തോന്നിയാ ൽ നേരിട്ട് ബാങ്കിൽ അന്വേഷിക്കണം.സ്ഥിരനിക്ഷേപത്തിന്റെ രസീതുകൾ സസൂക്ഷ്മം പരിശോധിക്കണം. രസീതുകളിലെ എൻട്രികൾ, തുക, തീയതി എന്നിവയെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തണം. ഫിക്സഡ് ഡെപ്പോസിറ്റ് പുതുക്കുമ്പോൾ മുൻപുണ്ടായിരുന്ന ഫിക്സഡ് ഡെപ്പോസിറ്റിൽ രേഖപ്പെടുത്തിയിരുന്ന ‘മച്യുരിറ്റി വാല്യു’ തന്നെയാണോ പുതിയ രസീതിലും രേഖപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധിക്കണം.

ബാങ്കിങ് സേവനങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. നീലം വസന്തരാജ കേസിൽ (1996 (3) CPR 343)ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. ബാങ്കിങ് സേവനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടായാൽ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിലോ ബാങ്കിങ് ഓംബുഡ്സ്മാനിലോ പരാതി ബോധിപ്പിക്കാം. എല്ലാ ജില്ലകളിലും ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഓഫിസുകളുണ്ട്.  

അൻസിൽ സക്കറിയ കോമാട്ട്, അഭിഭാഷകൻ, advanzil@yahoo.co.in