Saturday 20 July 2019 04:45 PM IST : By

മനംമയക്കുന്ന രുചിയെ ‘മയക്കിയെടുത്തവൾ’! വെറുമൊരു മൺപാത്രക്കടയല്ല ഓർഗാനോ ഗ്രാം

chatty

കുടംപുളിയിട്ടുവച്ച മീൻകറി...വറുത്തരച്ച നാടൻ തീയൽ. നാവിൽ തൊടുമ്പോഴേ മനസ്സുനിറയുന്ന രീതിയിൽ ഇതൊക്കെ പാകം ചെയ്യണമെങ്കിൽ ഒന്നു കൂടിയേ തീരൂ...നല്ല കിടിലൻ മൺചട്ടി! ഉപയോഗിച്ചു പതം വന്ന മൺചട്ടിയാണെങ്കിൽ രുചി കൂടുമെന്നാണു പാചകപാഠം. മുത്തശ്ശിമാരുടെ കൈപുണ്യത്തിന്റെ ഒരു ഗുട്ടൻസ് ഇത്തരം മൺപാത്രങ്ങളാണത്രെ! പുതിയ ചട്ടിയും കലവുമൊക്കെ കൊണ്ടുവന്നാൽ കഞ്ഞിവെള്ളവും പുളിയുമൊക്കെയിട്ട് തിളപ്പിച്ച് പഴക്കി അല്ലെങ്കിൽ മയക്കിയെടുത്ത ശേഷമേ അവർ ഉപയോഗിക്കുമായിരുന്നുള്ളൂ. ‘‘മൺചട്ടിയൊക്കെ സംഘടിപ്പിക്കാം, പഴക്കിയെടുക്കലൊന്നും ഇക്കാലത്ത് നടക്കില്ല ചങ്ങാതീ’’ എന്നു പരിതപിക്കുന്നവർക്കുള്ളതാണ് തിരുവനന്തപുരം നന്തൻകോട്ടുള്ള ഓർഗാനോ ഗ്രാം. ഏതു തരത്തിലുള്ള മൺപാത്രവും പരമ്പരാഗത രീതിയിൽ പഴക്കിയെടുത്ത് നൽകുമിവിടെ.

പഴക്കൽ എന്നാൽ...

പുതിയ മൺപാത്രം പാചകം ചെയ്യാൻ പാകത്തിന് പരുവപ്പെടുത്തിയെടുക്കുന്നതിനെയാണ് ‘പഴക്കിയെടുക്കൽ’ അല്ലെങ്കിൽ ‘മയക്കിയെടുക്കൽ’ എന്നു പറയുക. ഒരുതരം ‘സിസണിങ്’ പ്രക്രിയ തന്നെയാണിത്. ചൂട് തട്ടുമ്പോൾ പാത്രത്തിൽ വിള്ളലുകൾ വരാതിരിക്കാനും മണ്ണിന്റെ മണവും പാത്രത്തിലുള്ള അഴുക്കുമൊക്കെ മാറ്റാനും പഴക്കിയെടുക്കൽ സഹായിക്കും. പാത്രത്തിന്റെ ഈട് കൂടുകയും ചെയ്യും. ഇതിനായി മൺപാത്രം ആറ് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തുവെക്കും. കഴുകി ഉണക്കിയ പാത്രത്തിൽ കഞ്ഞിവെള്ളം ഒഴിച്ച് ചെറുതീയിൽ തിളപ്പിക്കുന്നതാണ് അടുത്തപടി. പാത്രം തണുത്ത ശേഷം കഴുകി ഉണക്കിയ ശേഷം വെളിച്ചെണ്ണ പുരട്ടി വെയിൽ കൊള്ളിക്കും. അതിനു ശേഷം കുറച്ചു തേങ്ങാക്കൊത്ത് വറുത്തെടുക്കുന്നതോടെ പുതുമണവും കടുപ്പവുമൊക്കെ മാറി പാത്രം പരുവപ്പെടും. കഞ്ഞിവെള്ളത്തിനു പകരം വാളൻപുളിയോ കുടംപുളിയോ പിഴിഞ്ഞ വെള്ളമൊഴിച്ചു തിളപ്പിച്ചും ‘പഴക്കിയെടുക്കൽ’ അഥവാ ‘മയക്കിയെടുക്കൽ’ ചെയ്യാറുണ്ട്.

നല്ല ആരോഗ്യത്തിന് നല്ല പാത്രം

ശ്രീദേവി പദ്മജം എന്ന വീട്ടമ്മയാണ് ഓർഗാനോ ഗ്രാമിന്റെ അമരക്കാരി. സന്നദ്ധ സംഘടനകളോടൊപ്പം പ്രവർത്തിക്കുകയായിരുന്ന ശ്രീദേവി ആരോഗ്യകരമായ പാചകശീലം പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് കളിമൺ പാത്രങ്ങളുടെ വിപണനരംഗത്തേക്ക് എത്തുന്നത്. തുടക്കത്തിൽ ഫെയ്സ്ബുക്കായിരുന്നു സഹായിയും വഴികാട്ടിയും. അതാകുമ്പോൾ ഓർഡർ കിട്ടിക്കഴിഞ്ഞ് മാത്രം സാധനം വാങ്ങിയാൽ മതി. അധികം മുതൽമുടക്കും വേണ്ട. നല്ല കളിമൺ പാത്രങ്ങൾക്ക് ആവശ്യക്കാരുണ്ടെന്നും സംഗതി പച്ചപിടിക്കുമെന്നും ഉറപ്പായ ശേഷമാണ് കട തുറക്കുന്നത്.

ചൂളയിൽനിന്ന് നേരിട്ട്

സാധാരണ ചട്ടിയും കലവും തുടങ്ങി ഉണ്ണിയപ്പചട്ടിയും സോസ്പാനും വരെ നീളുന്ന സകലമാന മൺപാത്രങ്ങളും ഓർഗാനോ ഗ്രാമിൽ ലഭിക്കും. ആലുവ, തൃശൂർ, കാസർകോട് ഭാഗങ്ങളിലുള്ള കുശവ സമുദായക്കാരുടെ കയ്യിൽ നിന്നാണ് പാത്രങ്ങൾ വാങ്ങുന്നത്. ചൂളയിൽ നിന്നു ശ്രീദേവി തിരഞ്ഞെടുക്കുന്ന പാത്രങ്ങൾ നേരിട്ട് കടയിലെത്തിക്കുകയാണ് പതിവ്. തുച്ഛമായ ലാഭമേ ഈടാക്കാറുള്ളൂ. ആവശ്യക്കാർക്ക് പാത്രങ്ങൾ പഴക്കിയെടുത്തു നൽകുമെന്നതാണ് ഓർഗാനോ ഗ്രാമിന്റെ മുഖ്യ സവിശേഷത. ഇതിനു പണമൊന്നും ഈടാക്കാറില്ല. പരമ്പരാഗത രീതിയിൽത്തന്നെയാണ് പാത്രങ്ങൾ പഴക്കിയെടുക്കുക.

മൺപാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ...

∙ കഴുകിയ മൺപാത്രങ്ങൾ നല്ലതുപോലെ ഉണങ്ങിയ ശേഷമേ കബോർഡിലും മറ്റും സൂക്ഷിക്കാവൂ. ഇല്ലെങ്കിൽ പൂപ്പൽ പിടിക്കും.

∙ മൺപാത്രങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും വെയിലത്തു വച്ച് ഉണക്കുന്നതു നല്ലതാണ്. ഇതല്ലെങ്കിൽ ചെറിയ തീയിൽ അടുപ്പത്തു വച്ച് ചൂടാക്കുകയെങ്കിലും വേണം.

∙ മൺപാത്രങ്ങൾ കഴുകാൻ സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചാരം ഉപയോഗിക്കാം.

∙ മീൻചട്ടിയും മസാല കൂടിയ വിഭവങ്ങൾ പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകാം. ബേക്കിങ് സോഡയും നാരങ്ങാനീരും ഉപയോഗിച്ചു കഴുകുന്നതും എണ്ണയും മസാലയുമൊക്കെ മാറ്റാൻ സഹായിക്കും.

∙ മെറ്റൽ സ്ക്രബർ ഉപയോഗിച്ച് മൺപാത്രങ്ങൾ കഴുകരുത്. പാത്രത്തിൽ ചെറിയ പൊട്ടലുകൾ ഉണ്ടാകും. പിന്നീട് ഉപയോഗിക്കുമ്പോൾ ഈ വിള്ളലുകളിലൂടെ എണ്ണയും മസാലയും സോപ്പുമൊക്കെ പാത്രം ആഗിരണം ചെയ്യും. പാത്രം ചൂടാകുമ്പോൾ ഇവ പുറത്തേക്ക് വിടുകയും ചെയ്യും.

∙ കയറുകൊണ്ടുള്ള തിരികയ്ക്കു മുകളിൽ മൺപാത്രങ്ങൾ സൂക്ഷിക്കുന്നതാണ് സുരക്ഷിതം.