Wednesday 10 January 2018 11:45 AM IST : By സ്വന്തം ലേഖകൻ

പ്രായം കുറയ്ക്കണോ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

healthy-beauty

കണ്ണിന്റെയും ചുണ്ടിന്റെയും വശങ്ങളിൽ അവിടവിടെയായി നേർത്ത വരകൾ തെളിയുന്നുണ്ടോ? എങ്കിൽ കണ്ണാടിയിൽ നോക്കി നിൽക്കാതെ സ്വന്തം പ്ലേറ്റിലേക്കു നോക്കൂ. പ്രായാധിക്യം തോന്നാതിരിക്കാൻ ഭക്ഷണ രീതിയിൽ ഒരൽപം മാറ്റം വരുത്തിയേ പറ്റൂ. പ്രായം കുറയ്ക്കാൻ സഹായിക്കുന്ന ആഹാരസാധനങ്ങളെ തിരിച്ചറിയൂ. ഇനി അവ കൃത്യമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മാറ്റം തിരിച്ചറിയാം.

ധാന്യങ്ങൾ തവിടോടുകൂടി കഴിക്കാം

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ പുറംതള്ളാനും ധാന്യങ്ങൾ തവിടോടുകൂടി തന്നെ കഴിക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ചർമത്തിൽ ചുളിവുകൾ ഉണ്ടാകുവാനുളള സാധ്യത കുറയ്ക്കും. തവിടുളള അരി, നുറുക്ക് ഗോതമ്പ്, ഓട്സ് തുടങ്ങിയവ ദിവസത്തിൽ ഒരു നേരമെങ്കിലും കഴിക്കുന്നത് നല്ലതാണ്. പ്രാതലിനായി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഗോതമ്പു പൊടിക്കൊപ്പം കുറച്ച് ഓട്സ് ചേർക്കാം. അല്ലെങ്കിൽ നുറുക്ക് ഗോതമ്പ് കൊണ്ട് ഉപ്പു മാവ് ഉണ്ടാക്കാം.

തക്കാളി പോലെ മിനുങ്ങാൻ

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ത്വക്കിന്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ വീണ് ചർമം തൂങ്ങി പോകാതിരിക്കാനും സഹായിക്കുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ തക്കാളി ഉത്തമമാണ്. ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് ശീലമാക്കൂ. സോസ് പോലെയോ കറിയിൽ ചേർത്തോ ദിവസവും ഒരു നേരമെങ്കിലും തക്കാളി ഭക്ഷണത്തിന്റെ ഭാഗമാക്കാം.

കാരറ്റ്, ബീറ്റ്റൂട്ട്, മത്തൻ കൂട്ടുകെട്ട്

ഇവയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, ആന്റി ഓക്സിഡന്റുകൾ എന്നിവ ചർമത്തിലെ കോശങ്ങളുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കാനും ചുളിവുകൾ വീഴാതിരിക്കാനും സഹായിക്കുന്നു. ഇവ വേവിക്കുകയോ എണ്ണയിൽ വറക്കുകയോ ചെയ്യുന്നതു വഴി പോഷകങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ദിവസത്തിൽ ഒരു നേരമെങ്കിലും ഇവ പച്ചയ്ക്കു കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിനൊപ്പം ദിവസവും വെജിറ്റബിൾ സാലഡ് നിർബന്ധമാക്കുക. ഇവയിലേതെങ്കിലും ഒന്നോ രണ്ടോ പച്ചക്കറികൾ 100 ഗ്രാം വീതമെടുത്ത് അരിഞ്ഞ് നാരങ്ങാനീരും ഉപ്പും ചേർത്താൽ അഞ്ച് മിനിറ്റിനുളളിൽ സാലഡ് റെഡി.

പപ്പായ ആന്റി ഓക്സിഡന്റ്

പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, വൈറ്റമിൻ എ എന്നിവ ചർമത്തിന്റെ തിളക്കം കൂട്ടും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും പപ്പായ കഴിക്കുന്നത് ശീലമാക്കുക. പഴ‌ുത്ത പപ്പായ, കശുവണ്ടി, തേൻ എന്നിവ ചേർത്ത് ഷേക്ക് ഉണ്ടാക്കാം. പച്ചപ്പപ്പായ തോരനുണ്ടാക്കാം. സാമ്പാറിലും അവിയലിലും ചേർക്കാം.

ചർമം തൂങ്ങാതിരിക്കാൻ നാരങ്ങ

ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി, ഫോസ്ഫറസ് തുടങ്ങിയവ ത്വക്കിലെ കൊളാജിന്റെ അളവ് കൂട്ടാൻ സഹായിക്കും. ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തുന്നത് കൊളാജിനാണ്. ദിവസവും രാവിലെ ഒരു പിടി മാതളനാരങ്ങയുടെ അല്ലി കഴിക്കുന്നത് വിളർച്ച ഉണ്ടാകാതെ, ചർമത്തിന് സ്വാഭാവിക നിറം ലഭിക്കാൻ സഹായിക്കും. സാലഡുകളിൽ മാതളനാരങ്ങ ചേർക്കുന്നത് ശീലമാക്കാം.

മുന്തിരിപ്പൊന്ന്‌‌

ചർമത്തെ വെയിലിൽ നിന്നു സംരക്ഷിക്കുന്ന പടച്ചട്ടയാണു മുന്തിരി എന്നു പറയാം. ഇതിൽ അടങ്ങിയ വൈറ്റമിൻ സി, മാംഗനീസ് തുടങ്ങിയവ ചർമത്തെ സൂര്യനിൽ നിന്നു വരുന്ന അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷിക്കും. മുന്തിരി പഴമായോ ജ്യൂസായോ സാലഡിൽ ഉൾപ്പെടുത്തിയോ ആഴ്ചയിൽ ഒരിക്കലെങ്കിലും കഴിക്കാൻ ശ്രദ്ധിക്കണം.

കറിവേപ്പില കളയാനുളളതല്ല

ഉപയോഗശൂന്യമെന്നു കരുതുന്ന കറിവേപ്പില അകാല നര തടയാൻ ഏറ്റവും നല്ലതാണ്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ മുടിയുടെ കറുപ്പു നിറം നിലനിർത്താൻ സഹായിക്കുന്നു. ദിവസവും ഒരു ചെറിയ തണ്ട് കറിവേപ്പിലയിട്ട് തിളപ്പിച്ച വെളളത്തിൽ തേൻ ചേർത്തു കുടിക്കുന്നത് നല്ലതാണ്.

ഇഞ്ചിനീരിന്റെ ഗുണം

ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ പുറംതള്ളാനും രക്തചംക്രമണം കൂട്ടാനും ചർമത്തിൽ ചുളിവുകൾ വീഴാതിരിക്കാനും നിത്യേന ആഹാരത്തിൽ ഇഞ്ചി ഉൾപ്പെടുത്തണം. ഇഞ്ചിയും തേനും ചേർത്ത മിശ്രിതം ഒരു വലിയ സ്പൂൺ വീതെ രാവിലെയും കഴിക്കാൻ മറക്കല്ലേ.

വെളുത്തുളളി ഹൃദയത്തോടു ചേർക്കാം

സുന്ദരമായ ചർമത്തിനും ആരോഗ്യമുളള ഹൃദയത്തിനും വെളുത്തുളളി വേണം. മത്സ്യം, ഇറച്ചി, ഇലക്കറികൾ, വെജിറ്റബിൾ സൂപ്പ് തുടങ്ങിയവ പാകം ചെയ്യുമ്പോൾ കുറച്ചധികം വെളുത്തുളളി ചേർക്കാം. വെളുത്തുളളി ചെറുതീയിൽ പാകം ചെയ്യുന്നതാണ് അതി‌ലെ പോഷകങ്ങൾ പൂർണമായിട്ടും കിട്ടാൻ നല്ലതാണ്.

മധുരക്കിഴങ്ങിനെ മൈൻഡ് ചെയ്യൂ

ചർമത്തിന് കാന്തിയും മൃദുലതയും ലഭിക്കാനാവശ്യമായ പ്രോട്ടീൻ കിട്ടാൻ ഭക്ഷണത്തിൽ മധുരക്കിഴങ്ങിനെ കൂട്ടിക്കോളൂ. കറികളായിട്ടോ പുഴുങ്ങിയോ കഴിക്കാൻ ശ്രദ്ധിക്കുക. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഒരു കപ്പ് മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പഞ്ചസാരയ്ക്കു പകരം തേൻ

തേനിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും കൊളാജിൻ നശിച്ചു പോകുന്നതു മൂലം ഉണ്ടാകുന്ന ചുളിവുകൾ തടയുന്നു. പഞ്ചസാരയ്ക്കു പകരം ഗ്രീൻ ടീ, ബ്ലാക് ‌ടീ, ഓട്സ് ഇവയ്ക്കൊപ്പം ഇനി തേൻ മാത്രം മതി എന്നു തീരുമാനിക്കാം.

വെളളം കുടിക്കാൻ മറക്കല്ലേ

ചർമത്തിൽ വരൾച്ച മൂലം ഉണ്ടാകുന്ന ചുളിവുകൾ തടഞ്ഞ് ജലാംശം നിലനിർത്താനും കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും വെളളം ആവശ്യമാണ്. ദിവസവും രണ്ടു ലീറ്റർ വെളളം കുടിക്കുന്നത് ശീലമാക്കണം. വെളളം കുടിക്കാൻ മടിയുളളവർക്ക് കഞ്ഞിവെളളമോ സംഭാരമോ മധുരം ചേർക്കാത്ത പഴസത്തോ കുടിക്കുന്നത് ശീലമാക്കാം.

ബദാം പാലിനൊപ്പം ചേരട്ടെ

പ്രോട്ടീന്റെയും വൈറ്റമിൻ ഇയുടെയും സ്രോതസ്സായ ബദാം ചർമത്തിന്റെ കാന്തി നിലനിർത്തും. തലമുടി സമൃദ്ധമായി വളരാൻ സഹായിക്കും. ദിവസവും നാലോ അഞ്ചോ ബദാം പാലിൽ ചേർത്തു കഴിക്കുന്നതു നല്ലതാണ്.‌

സോയാബീൻ സ്വത്താണ്

ചർമത്തിന്റെ സ്വാഭാവികമായ കാന്തി നിലനിർത്താനാവശ്യമായ അമിനോ ആസിഡുകളും ഇലാസ്തികത നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ ആന്റി ഓക്സ‌ിഡന്റുകളും ഒമേഗ ത്രീ ഫാറ്റി ആസി‍ഡും സോയാബീൻസിലുണ്ട്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിൽ സോയാബീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. സോയ കട് ലേറ്റ് നാലുമണിപ്പലഹാരമായി കുട്ടികൾക്ക് നൽകാം. സോയാപൊടിയും ഓട്സും ചേർത്ത പാൻകേക്ക് കുട്ടികളെ കൊതിപ്പിക്കും.

നല്ലതാണ് നെല്ലിക്ക

ചെറുപ്പം നിലനിർത്താൻ ഏറ്റവും നല്ല മരുന്നാണ് നെല്ലിക്ക. വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും ഉളളതിനാൽ ചുളിവുകൾ വീഴാത്ത സുന്ദരമായ ചർമ്മത്തിനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും. ദിവസവും ഒരു പച്ച നെല്ലിക്ക ശീലമാക്കൂ. രുചി ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അധികം വെളളം ചേർക്കാതെ നെല്ലിക്ക മിക്സിയിലരച്ച് തേൻ ചേർത്ത് രണ്ടോ മൂന്നോ ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം വെളളം ചേർത്ത് ദിവസവും ഓരോ ഗ്ലാസ് ജ്യൂസ് കുടിക്കാം. പ്രതിരോധശേഷി കൂട്ടാൻ നെല്ലിക്കയോളം നല്ല മരുന്ന് വേറെയില്ല.

ഗ്രീൻ ടീയുടെ മാജിക്

ത്വക്കിലെ പ്രധാന ഘടകങ്ങളായ കൊളാജിനും ഇലാസ്റ്റിനും ചെറുപ്പത്തിലേ നശിച്ചു പോകാതിരിക്കാന്‍ ഗ്രീൻ ടീ സഹായി ക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ ത്തിന് മൃദുത്വം കൂട്ടാനും സ്വാഭാവികത നിലനിർത്തുവാനും ചുളിവുകൾ വീഴാതിരിക്കാനും സഹായിക്കും. ദിവസവും ഒരു കപ്പ് ഗ്രീൻ ടീ ഭക്ഷണത്തിന്റെ ഭാഗമാക്കൂ. ഗ്രീൻടീ ബാഗ്സി നേക്കാൾ നല്ലത് ഇലകൾ നേരിട്ട് തിളപ്പിക്കുന്നതാണ്. ആന്റിഓക്സിഡന്റുകൾ പൂർണമായും ചായയിൽ കലരാൻ ഇതു സഹായിക്കും

പാലും നിർബന്ധം

ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാൻ പാൽ ശീലcമാക്കാം. ചർമത്തിൽ ചുളിവുകൾ ഉണ്ടാകാതിരിക്കാനും പുതിയ കോശങ്ങൾ ഉണ്ടാകാനും ഇവ വേണം. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ശീലമാക്കുക. പാലുൽ‌പ്പന്നങ്ങളായ നെയ്യ്, ബട്ടർ, ഇവ മിതമായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്താം.