Wednesday 10 January 2018 04:14 PM IST : By സ്വന്തം ലേഖകൻ

ബ്യൂട്ടി കിറ്റ് കൊണ്ടുനടന്നാൽ മാത്രം പോര, ഉള്ളിലെ ഒാരോ വസ്തുവും വൃത്തിയായി പരിപാലിക്കണം

beauty001

ഫൗണ്ടേഷൻ മുതൽ ഹൈലൈറ്റർ വരെ മുഖത്തണിയണമെങ്കിൽ ചെറുതും വലുതുമായി കുറേ ബ്രഷുകളും കിറ്റിൽ വേണം. മേക്കപ്പ് സാധനങ്ങൾ ബ്രാൻഡ് നോക്കി വാങ്ങാൻ ശ്രദ്ധിക്കുന്നവരുടെ കിറ്റ് തുറന്നാൽ കാണാം ബ്രഷുകളും പഫുമൊക്കെ പൊടിപിടിച്ചു കിടക്കുന്നത്. മേക്കപ്പിനു കൊടുക്കുന്നതിന്റെ പകുതി ശ്രദ്ധ എങ്കിലും മേക്കപ്പ് കിറ്റിനു കൊടുക്കാറുണ്ടോ? കിറ്റിന്റെ വൃത്തിയിലും ശ്രദ്ധിച്ചാൽ മേക്കപ്പിന് തിളക്കമേറും.

മേക്കപ്പ് ബ്രഷുകൾക്ക് ക്ലീനിങ് ലിക്വിഡ്

∙വലിയ ബ്രഷുകളാണെങ്കിൽ വൃത്തിയാക്കാൻ ബ്രഷ് ക്ലീനിങ് ലിക്വിഡുകൾ ഉപയോഗിക്കാം. പക്ഷേ ഒരിക്കലും ഈ ലിക്വിഡിലേക്ക് നേരിട്ട് ബ്രഷുകൾ ഇടരുത്. ബ്രഷ് കേടുവരാൻ സാധ്യതയുണ്ട്. വെള്ളം കലർത്തി നേർപ്പിച്ച ലിക്വിഡ് കൊണ്ടു വേണം ബ്രഷുകൾ ക്ലീൻ ചെയ്യാൻ. വൃത്തിയാക്കിയ ശേഷം ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ച് ഈർപ്പം മുഴുവൻ കളയണം.

∙ഐഷാഡോ ബ്രഷ് പോലുള്ള ചെറിയ ബ്രഷ് മേക്കപ്പ് റിമൂവിങ് വെറ്റ് വൈപ്പുകൾ കൊണ്ട് വൃത്തിയാക്കാവുന്നതേയുള്ളൂ. വൈപ്പിലെ ആൽക്കഹോൾ അണുക്കളെ നശിപ്പിക്കും. ബ്രഷിന്റെ നാരുകൾ പിടിയിൽ ഉറപ്പിച്ചിരിക്കുന്ന ഭാഗം വെള്ളം നനയാത്ത രീതിയിലാകണം വൃത്തിയാക്കേണ്ടത്.

∙ വൃത്തിയാക്കിയ ശേഷം ടവലിൽ വച്ച് ഉണക്കുമ്പോൾ ബ്രഷിന്റെ ആകൃതിക്ക് കേടു സംഭവിക്കാം. പകരം നാരുകളുള്ള ഭാഗം താഴേക്കു വരുന്ന വിധത്തിൽ തൂക്കിയിട്ട് ഉണക്കാം.

∙കണ്ണിനും ചുണ്ടിനും ചർമത്തിനുമുള്ള മേക്കപ്പ് ബ്രഷുകൾ തരം തിരിച്ച് പ്രത്യേകം പ്രത്യേകം എയർ ടൈറ്റ് ബോക്സുകളിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.

∙ചെലവു കുറച്ച് ബ്രഷ് വൃത്തിയാക്കാൻ എളുപ്പവഴി ഉണ്ട്. ബേബി ഷാംപൂവും സ്പിരിറ്റും ചേർത്തുണ്ടാക്കിയ ലിക്വിഡ് കൊണ്ട് മേക്കപ്പ് ബ്രഷ് വൃത്തിയാക്കിയാൽ ഗുണം രണ്ടാണ്. വീര്യം കുറഞ്ഞ ബേബി ഷാംപൂ ബ്രഷിനെ സോഫ്റ്റ് ആക്കും. സോഫ്റ്റ് ആയ ബ്രഷുകൾ മേക്കപ്പിനെ കൂടുതൽ പെർഫെക്റ്റ് ആക്കുകയും ചെയ്യും. ബ്രഷിനെ അണുവിമുക്തമാക്കുകയാണ് സ്പിരിറ്റ് ചെയ്യുന്നത്. വെള്ളത്തിന്റെ അംശം തീരെയില്ലാത്തതുകൊണ്ട് പൂപ്പലിനെയും പേടിക്കേണ്ട. കുറച്ചു കൂടി സോഫ്റ്റ് ആക്കണമെന്നുണ്ടെങ്കിൽ മുടിയിൽ ഉപയോഗിക്കുന്ന കണ്ടീഷനർ ബ്രഷിൽ അൽപം തടവിക്കൊടുത്താൽ മതി.

∙ബ്രഷിന്റെ ആകൃതിയിൽ എന്തെങ്കിലും വ്യത്യാസം വരികയോ നാരുകൾ കൊഴിയാൻ തുടങ്ങുകയോ ചെയ്താൽ ഒട്ടും വൈകാതെ പുതിയ ബ്രഷ് കിറ്റിൽ സ്ഥാനം പിടിക്കട്ടെ. കണ്ണെഴുതാൻ ഐ ബ്രഷ് എടുക്കുമ്പോൾ തന്നെ ബേബി വൈപ്പിൽ തുടച്ച് അണുവിമുക്തമാക്കാം. ലിപ് ബ്രഷുകളും ഉപയോഗത്തിനു മുമ്പ് പഞ്ഞി കൊണ്ട് തുടച്ചു വൃത്തിയാക്കാം.

∙ഒരു തവണ ആവശ്യമുള്ള ഫൗണ്ടേഷനും ഐഷാഡോയും ലിപ്സ്റ്റികുമൊക്കെ ബ്രഷ് കൊണ്ട് കൈപ്പത്തിയുടെ പുറത്ത് എടുത്തു വച്ച് കുറച്ചു കുറച്ചായി പുരട്ടിയാൽ മതി.

ഹെയർ ബ്രഷുകൾ പ്രധാനം

പല വലുപ്പത്തിലും രൂപത്തിലുമുള്ള ഹെയർ ബ്രഷുകളുണ്ടാകും മിക്കവരുടെയും ബ്യൂട്ടി കിറ്റിൽ. മുടിയുടെ ടോൺ അഥവാ പ്രകൃതം നിശ്ചയിക്കുന്നതിൽ ചീപ്പുകൾക്ക് പ്രധാന റോളുണ്ട്. അതുകൊണ്ട് നിലവാരം കുറഞ്ഞ ബ്രഷുകൾ കിറ്റിൽ ഇനി വേണ്ട. ഹാൻഡ് മെയ്ഡ് ചീപ്പുകൾ പോലെ നല്ലതരം ബ്രഷുക ൾ ധൈര്യമായി തിരഞ്ഞെടുത്തോളൂ.

∙ഹെയർ ബ്രഷിന്റെ വൃത്തിക്കുറവാണ് താരനും മുടികൊഴിച്ചിലിനുമുള്ള അടിസ്ഥാന കാരണങ്ങളിലൊന്ന്. ഷാംപൂവും കണ്ടീഷനറുമൊക്കെയിട്ട് മുടിക്ക് ഭംഗി കൂട്ടുമ്പോഴും ആ മുടിയിലുപയോഗിക്കുന്ന ബ്രഷിനെ പാടെ മറക്കും പലരും. വൃത്തിയാക്കിയ മുടി ചീകുന്നത് അഴുക്കും എണ്ണയും പൊടിയും നിറഞ്ഞ ബ്രഷുകൊണ്ടാകും. വൃത്തിയാക്കാത്ത ചീപ്പു കൊണ്ട്, ഷാംപൂ ചെയ്ത് സുന്ദരമാക്കിയ മുടി ചീകരുത്.

∙ഹെയർ ബ്രഷുകൾ ഷാംപൂ കൊണ്ട് തന്നെ വൃത്തിയാക്കിയ ശേഷം അണുനാശിനി ചേർത്ത വെള്ളത്തിൽ അൽപനേരം ഇട്ടു വച്ചോളൂ. ഫംഗസ് പോലുള്ള അണുക്കളും മാറിക്കിട്ടും.

∙ഉരുണ്ട ആകൃതിയിലുള്ള ഹെയർ ബ്രഷുകൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടാകും. ബ്ലോ ഡ്രയർ ഉപയോഗിച്ചാൽ ഈസിയായി ഏതഴുക്കും മാറ്റാം.

മുടി പൊട്ടുന്നതിന്റെ പ്രധാന കാരണവും ബ്രഷിന്റെ വൃത്തിക്കുറവാണ്. വൃത്തിയാക്കിയിട്ടും മുടി പൊട്ടുന്നുണ്ടെങ്കിൽ ബ്രഷ് മാറ്റാറായെന്നു കരുതണം.

∙മറ്റൊരാൾ ഉപയോഗിച്ച ചീപ്പ് ഉപയോഗിക്കരുതെന്ന് ആർക്കും അറിയാഞ്ഞിട്ടല്ല, എന്നാലും പലരും ഇതു കാര്യമായെടുക്കാറില്ല.

കോംപാക്ട് പഫ് പലരുപയോഗിക്കരുത്

∙ഹോസ്റ്റൽ ജീവിതത്തിനിടയിൽ ഒരിക്കലെങ്കിലും കൂട്ടുകാരിയുടെ കൺമഷിയോ ഐലൈനറോ കോംപാക്ട് പൗഡറോ ഉപയോഗിക്കാത്തവരുണ്ടാകില്ല. ചർമത്തിൽ അലർജിയുണ്ടാക്കുന്ന പ്രധാന വില്ലനാണ് കോംപാക്ട് പഫ്. നിങ്ങൾ മാത്രമുപയോഗിക്കുന്ന പഴ്സനൽ പഫ് ആണെങ്കിൽ മൂന്നോ നാലോ ദിവസം കൂടുമ്പോൾ വൃത്തിയാക്കിയാൽ മതി. പഫിന്റെ പുറത്തുള്ള കവറും സ്പോഞ്ചും ചൂടുവെള്ളത്തിലിട്ട് വൃത്തിയാക്കണം.

∙വിയർപ്പു പറ്റിയ പഫാണെങ്കിൽ ഒരിക്കലും കഴുകാതെ അടുത്ത തവണ ഉപയോഗിക്കരുത്. കഴുകി ഉണക്കി സൂക്ഷിക്കാൻ ബുദ്ധിമുട്ടും സമയക്കുറവുമുള്ളവർ യൂസ് ആൻഡ് ത്രോ പഫ് വാങ്ങിക്കോളൂ. ഓരോ ഉപയോഗത്തിനും ശേഷം കളയുന്നതുകൊണ്ട് അലർജിയെയും മറ്റ് ചർമരോഗങ്ങളെയും പേടിക്കുകയേ വേണ്ട. ഡിസ്പോസിബിൾ പഫുകൾക്ക് വലിയ വിലയില്ല. പഫ് അണുവിമുക്തമാക്കാൻ ആൽക്കഹോൾ അടങ്ങിയ സ്പ്രേ മാർക്കറ്റിൽ‌ ഉണ്ട്.

പെഡിക്യൂർ സെറ്റ് തിളപ്പിക്കണം

പെഡിക്യൂറും മാനിക്യൂറും ചെയ്ത ശേഷം അതുപോലെ എടുത്തു വയ്ക്കാതെ ഓരോ തവണയും ഉപയോഗശേഷം വൃത്തിയാക്കണം. പൂപ്പൽ ഇവിടെയും വില്ലനാകാൻ സാധ്യതയുണ്ട്.

∙ചൂടുവെള്ളത്തിൽ ഏതെങ്കിലും ആന്റിസെപ്റ്റിക് ലിക്വിഡ് അൽപം ഒഴിച്ച് അതിൽ പെഡിക്യൂർ സെറ്റ് ഇട്ടു വയ്ക്കണം. ചൂടാറുന്നതു വരെ ഉപകരണങ്ങൾ അതിൽ കിടന്നോട്ടെ.

∙ഉപകരണങ്ങളുടെ ഇടയിലുള്ള അഴുക്ക് പഴയ ടൂത്ത് ബ്രഷ് കൊണ്ട് വൃത്തിയാക്കി വെള്ളം തുടച്ച് ഉണക്കാം.

beauty002

എക്സ്പയറി ഡേറ്റ് ശ്രദ്ധിക്കണേ

∙ഏത് സൗന്ദര്യവർധക വസ്തുവും വാങ്ങുമ്പോൾ അതിലെ എക്സ്പയറി ഡേറ്റ് നോക്കി വാങ്ങണം. ചിലതിൽ കൃത്യം ഡേറ്റ് എഴുതിയിട്ടുണ്ടാകും. എന്നാൽ മറ്റു ചിലതിൽ രണ്ടു വർഷം അല്ലെങ്കിൽ മൂന്നു വർഷം എന്നാകും എഴുതിയിട്ടുണ്ടാകുക. അതിലും പഴകിയ ഒരു ഉൽപന്നവും നിങ്ങളുടെ മേക്കപ്പ് കിറ്റിൽ വേണ്ട.

∙ബ്യൂട്ടിപാർലറുകളിൽ പോകുമ്പോൾ അവിടെ ഉപയോഗിക്കുന്ന ബ്രഷുകളും മറ്റും പുതിയതാണെന്ന് ഉറപ്പാക്കുക. നേരത്തേ ഉപയോഗിച്ചതാണെങ്കിൽ വേണ്ടവിധം വൃത്തിയാക്കിയതാണോ എന്നു ചോദിച്ചു മനസ്സിലാക്കുക.

∙ മറ്റാരും ഉപയോഗിക്കുന്നില്ലെങ്കിൽ കൂടി മസ്കാരയും ലിക്വിഡ് ലിപ്സ്റ്റികും ആറു മാസത്തിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ബോട്ടിലിൽ വരുന്ന ഇത്തരം സാധനങ്ങൾ ഓരോ തവണ ഉപയോഗിക്കാനായി തുറക്കുമ്പോഴും വായുവിലെ അണുക്കൾ കുപ്പിയുടെ ഉള്ളിൽ കടക്കും. മസ്കാര പുരട്ടാൻ ഡിസ്പോസിബിൾ വാൻഡ് ഉപയോഗിച്ചോളൂ. പാൻകേക്കും കോംപാക്ടും അണുക്കൾ ഒരുപാട് വളരാൻ സാധ്യതയുള്ള മേക്കപ്പ് സാധനങ്ങളാണെന്ന കാര്യം മറക്കരുത്.

മേക്കപ്പ് ബോക്സ് ശ്രദ്ധയോടെ

യാത്രയിൽ മേക്കപ്പ് ബോക്സും കൂടെ കരുതുന്നുണ്ടെങ്കിൽ ബ്രഷുകളുടെ എണ്ണത്തിനനുസരിച്ച വലുപ്പമുള്ള ബോക്സുകളിൽ ഇട്ടു വയ്ക്കണം. ബോക്സിനുള്ളി ൽ ബ്രഷുകൾ കുലുങ്ങിയാൽ ബ്രഷിന്റെ സ്വാഭാവിക ആ കൃതിക്ക് കോട്ടം തട്ടാം. ആകൃതി നഷ്ടപ്പെട്ട ബ്രഷുകൾ മേക്കപ്പിന്റെ പെർഫെക്‌ഷൻ കുറയ്ക്കും.

∙മേക്കപ്പ് സാധനങ്ങളിലെല്ലാം തണുപ്പുള്ള, വരണ്ട സ്ഥലങ്ങളിൽ സൂക്ഷിക്കുക എന്നെഴുതിയിരിക്കും. കൂടു തൽ ചൂടുള്ള, സൂര്യപ്രകാശം നേരിട്ടേൽക്കുന്ന സ്ഥലങ്ങളിൽ മേക്കപ്പ് സാധനങ്ങൾ വയ്ക്കാതിരിക്കുക. പ്രത്യേകിച്ച് വെയിലത്ത് നിറുത്തിയിട്ട കാറിനുള്ളിലും മറ്റും. കാറിന്റെ ഡിക്കി പോലെ ചൂടുകൂടിയ സ്ഥലങ്ങളിൽ മേക്കപ്പ് കിറ്റുകൾ സൂക്ഷിക്കരുത്. രാസമാറ്റം സംഭവിക്കാനും ഉൽപന്നങ്ങൾ ഉരുകാനും സാധ്യതയുണ്ട്.

∙ മേക്കപ്പ് കിറ്റിനുള്ളിലെ സാധനങ്ങളെല്ലാം ക്ലീൻ ചെയ്തു കഴിയുമ്പോൾ മേക്കപ്പ് കിറ്റ് മൊത്തമായി ക്ലീൻ ചെയ്യാതെ പറ്റില്ല. മേക്കപ്പ് കിറ്റോ ബാഗോ എന്തായാലും നന്നായി കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുകയോ ആൽക്കഹോൾ കൊണ്ട് തുടയ്ക്കുകയോ ചെയ്യാം.

വിവരങ്ങൾക്ക് കടപ്പാട്: ഷാലു ജോർജ്, മേക്കപ്പ് ആർട്ടിസ്റ്റ് & ഹെയർസ്റ്റൈലിസ്റ്റ്, കൊച്ചി