Thursday 08 February 2018 11:37 AM IST : By സ്വന്തം ലേഖകൻ

ശരീരഭാരം കുറയ്ക്കുന്നതിൽ സോഷ്യൽമീഡിയയ്ക്ക് പങ്കുണ്ടെന്ന് പുതിയ പഠനം

social_media

ശരീരഭാരം കുറയ്ക്കാൻ സോഷ്യൽമീഡിയയിൽ വരുന്ന ലിങ്കുകൾ പരിശോധിച്ച് വ്യായാമവും ഭക്ഷണക്രമവുമൊക്കെ മുറ തെറ്റാതെ ചെയ്യുന്നവരുണ്ട്. വ്യായാമത്തിന്റെയും യോഗയുടെയും ഒക്കം നല്ല വിഡിയോകൾ സോഷ്യൽമീഡിയയിലാണ് ഷെയർ ചെയ്യാറുള്ളത്. എന്നാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മറ്റൊരു തരത്തിൽ സോഷ്യൽമീഡിയ സഹായകരമാകുമെന്ന് പുതിയ പഠനം.

വണ്ണം കുറയ്ക്കാനുള്ള തീരുമാനങ്ങളെ കുറിച്ചും അതിനായി നിങ്ങള്‍ നടത്തുന്ന ശ്രമങ്ങളെകുറിച്ചും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതു വഴി എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ സ്വയം നിര്‍ബന്ധിതരാകുന്നതാണ് ഇതിന് കാരണമായി ഇന്ററാക്ടീവ് മാര്‍ക്കറ്റിംഗ് എന്ന ജേണലിൽ ചൂണ്ടികാട്ടുന്നത്.

'പൊതുവായി ഒരു പ്രതിജ്ഞയെടുക്കുമ്പോള്‍ ആളുകള്‍ അതില്‍ ഉറച്ചുനില്‍ക്കാന്‍ കൂടുതല്‍ ശ്രമം നടത്തും. മാത്രവുമല്ല തീരുമാനം അറിയിക്കുന്നതോടൊപ്പം ഉണ്ടാകുന്ന ഓരോ പുതിയ മാറ്റവും അപ്ഡേറ്റ് ചെയ്യാനുള്ള പ്രവണതയുള്ളതിനാൽ ശ്രമം വിജയകരമാകുന്നുണ്ടെന്ന തോന്നല്‍ ശക്തമാകാനും സാധ്യതയുണ്ട്', ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ടോണിയ വില്ല്യംസ് വ്യക്തമാക്കുന്നതിങ്ങനെ.

സ്റ്റാറ്റസായും മറ്റും പുതിയ തീരുമാനങ്ങൾ ഇടുന്നത് ഏറ്റവും അധികം സഹായകമാകുന്നത് ശരീരഭാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ സ്റ്റാറ്റസുകൾക്ക് ലഭിക്കുന്ന പ്രതികൂലമായ അഭിപ്രായങ്ങള്‍ കൂടുതല്‍ ആവേശത്തോടെ ശ്രമം തുടരാന്‍ സഹായിക്കുമെന്നും പഠനം ചൂണ്ടികാട്ടുന്നു.