Thursday 08 February 2018 09:50 AM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കു എന്തിനാ മുതിർന്നവരുടെ സെർച്ച് എഞ്ചിൻ? കിഡ്സിനു വേണ്ടി ഇതാ കിഡിൽ

kiddle1

ഇന്റർനെറ്റുള്ള കംപ്യൂട്ടറുകൾ കുട്ടികൾക്ക് നൽകാൻ മാതാപിതാക്കൾക്ക് പലപ്പോഴും പേടിയാണ്. എന്നാൽ പഠനസഹായിയായി ഇന്റർനെറ്റ് പ്രവർത്തിക്കുമ്പോൾ കുട്ടികളെ വിലക്കാനും കഴിയില്ല. പലതും ഇന്റർനെറ്റിൽ തിരയുമ്പോൾ അതിന്റെ റിസൾട്ടുകളായി മുന്നിലേക്ക് വരുന്നത് ചിലപ്പോൾ കുട്ടികൾ ഒരിക്കലും കാണരുത് എന്ന് നമ്മൾ കരുതുന്ന അല്ലെങ്കിൽ കുഞ്ഞ് മനസിനെ അസ്വസ്ഥമാക്കുന്ന ഉള്ളടക്കങ്ങളാകും. ഉപയോഗിക്കുന്ന യൂസർ ഏത് പ്രായത്തിലുള്ളവരാണെന്ന് തിരിച്ചറിയാൻ കഴിയാതെ അശ്ലീല വെബ്സൈറ്റുകളിലേക്ക് പോലും കുട്ടികളെ ഇന്റർനെറ്റ് നയിച്ചേക്കാം. ഇതാ കുട്ടികൾക്കായുള്ള സുരക്ഷിത സെർച്ച് എൻജിനെ അറിയാം.

ഗൂഗിൾ പോലെ എന്തും സെർച്ച് ചെയ്യാം, പക്ഷെ കുഞ്ഞുയൂസേഴ്സ് കാണാൻ പറ്റാത്തതായി ഇവിടെ ഒന്നും എത്തില്ല, അതാണ് കിഡിൽ. മാതാപിതാക്കൾക്കും ഇനി സമാധാനമായി കുട്ടികൾക്ക് ഇന്റർനെറ്റ് നൽകാം. കിഡിൽ സെർച്ച് എൻജിൻ ആയി സെറ്റ് ചെയ്യണമെന്ന് മാത്രം. കാരണം പേരുപോലെ തന്നെ ഇത് പൂർണമായും കുട്ടികൾക്കു വേണ്ടി ഉള്ളതാണ്. വിഡിയോകൾ ചിത്രങ്ങൾ അടക്കമുള്ള സെർച്ച് റിസൾട്ടെല്ലാം കുട്ടികൾക്ക് വേണ്ടിയുള്ളത് മാത്രമാണ് ഇതിൽ വരുക. ഗൂഗിളിന്റെ പിന്തുണയോടെയാണ് കിഡിലും പ്രവർത്തിക്കുക. കുട്ടികൾ സെർച്ച് ചെയ്യുന്ന ഓരോ കാര്യങ്ങളും പ്രത്യേകം ഫിൽട്ടറിങ് നടന്നതിന് ശേഷം മാത്രമാകും സ്ക്രീനിൽ വരിക. സെർച്ച് റിസൾട്ടിൽ തെളിയുന്ന ആദ്യ മൂന്ന് പേജുകളിൽ കുട്ടിവിവരങ്ങളേ വരാവു എന്നതിനാൽ ഇതിനായി പ്രത്യേകം എഡിറ്റർമാരും പ്രവർത്തിക്കുന്നു. കുട്ടി യൂസേഴ്സിന്റെ വ്യക്തി വിവരങ്ങളൊന്നും ഇന്റർനെറ്റിലേക്ക് നൽകുകയും വേണ്ട. എട്ട് മുതൽ പത്ത് വരെയുള്ള പ്രായക്കാരാണ് കിഡിലിന്റെ പ്രധാന ഉപയോക്താക്കൾ.

kiddle2

കിഡിൽ കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് മാത്രമേ ചിന്തിപ്പിക്കൂ എന്ന് നമുക്ക് ഉറപ്പാക്കാം. ഇനി അഥവാ കുട്ടികളോട് ആരെങ്കിലും മോശമായ കാര്യങ്ങൾ പങ്കുവയ്ക്കുകയും അതിനെക്കുറിച്ച് കുട്ടി ഇന്റർനെറ്റിൽ തിരിയുകയും ചെയ്താലും പേടി വേണ്ട. ഉദാഹരണത്തിന് ലവ് എന്ന് കിഡിലിൽ നൽകുന്ന ഒരു കുട്ടിക്ക് മുന്നിലേക്ക് ദേശസ്നേഹവും മാതാപിതാക്കളോടുള്ള സ്നേഹവും ഒക്കെ വന്നു നിറയും. സെക്സ് എന്ന പേരെങ്ങാനും കൊടുത്താൽ ഇതാ അതിനും ഉത്തരം കുട്ടികളുടെ കൺകെട്ട്. ഇനി കുട്ടികൾക്ക് ഇന്റർനെറ്റ് നൽകുമ്പോൾ കിഡിൽ മാത്രം സെറ്റ് ചെയ്ത് നൽകിക്കോളൂ.

kiddle3