Thursday 08 February 2018 09:51 AM IST : By സ്വന്തം ലേഖകൻ

500 രൂപയ്ക്ക് 4ജി ഫോണുമായി റിലയൻസ് ജിയോ; ഞെട്ടേണ്ട, മികച്ച ഫീച്ചറുകളും

jio_handset representative image

500 രൂപയ്ക്ക് 4ജി ഫോണോ? പുതുപുത്തൻ ഓഫറുമായി ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ജിയോ. ഗാഡ്ജറ്റ് ലോകത്തെ പുതിയ വിവരങ്ങൾ അനുസരിച്ച് 500 രൂപയ്ക്കുള്ള 4ജി ഫോണ്‍ ഈ മാസം ജിയോ പുറത്തിറക്കിയേക്കുമെന്നാണ് അറിയുന്നത്. 500 രൂപ മാത്രമേ ഉള്ളൂ എങ്കിലും  ഫോണിന് മികച്ച ഫീച്ചറുകളുണ്ടാകുമെന്നാണ് വിവരം. ജൂലൈ 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാകും പുതിയ ഫോണ്‍ പുറത്തിറക്കുന്നത്.  

വിലകുറച്ച് രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് പദ്ധതി.  ഈ മാസം അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരത്തിലൊ 4ജി ഫോണുകൾ വിപണിയിലെത്തും. ക്വാല്‍കോം പ്രൊസസറും സ്‌പ്രെഡ്ട്രം ചിപ്‌സെറ്റും അടങ്ങിയ ഫോണുകളാണ് ജിയോ അവതരിപ്പിക്കുക. ക്വാല്‍കോം ചിപ്‌സെറ്റ് കരുത്തു പകരുന്ന ഫോണിന് 1798 രൂപയും സ്‌പ്രെഡ്ട്രം കരുത്താകുന്ന ഫോണിന് 1734 രൂപയുമാകും വില.  

രണ്ടു ഫോണുകളും താരതമ്യേന മികച്ച ഹാര്‍ഡ്‌വെയര്‍ സവിശേഷതകളുമായാണ് അവതരിക്കുക. 2.4 ഇഞ്ച് സ്‌ക്രീനില്‍ ഡയലര്‍ ഫോണാണിത്. 512 എംബി റാം, 4ജിബി മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്, 2 എംപി പ്രധാന ക്യാമറ, വിജിഎ മുന്‍ ക്യാമറ, വൈഫൈ, ജിപിഎസ് തുടങ്ങിയ സവിശേഷതകളാണ് ജിയോ 4ജി ഫോണിലുണ്ടാകുക.മികച്ച ബാറ്ററി ശേഷിയും വാഗ്ദാനം ചെയ്യുന്നു.  നിലവില്‍ 4ജി സംവിധാനമുള്ള വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഫോണ്‍ ലാവ 4ജിയാണ്. ഇതിന് 3333 രൂപയാണ് വില. ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് കൂടി 4ജിയെ വളര്‍ത്താനുള്ള ആയുധം കൂടി ആയാണ് ഈ വില കുറഞ്ഞ ഫോണിനെ ജിയോ രൂപപ്പെടുത്തുന്നത്.

കഴിഞ്ഞ ഏപ്രില്‍ 11ന് പ്രഖ്യാപിച്ച 84 ദിവസത്തെ ധന്‍ധനാധന്‍ ഓഫറിന്റെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ താരിഫ് പ്ലാനും അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. 99 രൂപയ്ക്ക് പ്രൈം മെമ്പർ ആയവർക്ക് ഈ ഓഫറുകൾ മികച്ചതായിരിക്കും. എന്നാൽ പ്ലാനുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ 4ജി വോൾട്ടി റിലയൻസ് 4ജി മാത്രമാണ് നൽകുന്നതെന്നാണ് അവകാശപ്പെടുന്നത്. മറ്റ് ടെലികോം കമ്പനികൾ നിലവിൽ ഇത്തരം പ്ലാനുകളൊന്നും ഇറക്കിയിട്ടില്ല എന്നതുകൊണ്ട് തന്നെ രാജ്യത്തെ ഉപഭോക്താക്കളുടെ എണ്ണം കൂട്ടാനും കമ്പനി പദ്ധതി ഇട്ടിരിക്കുന്നു.