Wednesday 10 October 2018 05:43 PM IST

കനവിലെ കള്ളൻ നീയല്ലേ! കായംകുളം കൊച്ചുണ്ണി പങ്കുവയ്ക്കുന്നു ജീവിതത്തിലെ സന്തോഷങ്ങൾ

Sujith P Nair

Sub Editor

1F4A6763

ശാന്തമായി ഉറങ്ങുന്ന തടാകത്തിലേക്ക് ഇളംകാറ്റു വീശും പോലെയാണ് നിവിൻ പോളി കടന്നു വന്നത്, പെട്ടെന്നൊരു തിരയിളക്കം. അതു കണ്ട് ഒരുപാടു കണ്ണുകൾ വിടർന്നു. ചീകിയൊതുക്കാത്ത, അലസമായ മുടി, ചുണ്ടിൽ കുസൃതിയൊളിപ്പിച്ച് കണ്ണിറുക്കിയുള്ള ചിരി, ഇടയ്ക്കിടെ ഇടംകൈ കൊണ്ട് തഴുകിയൊതുക്കുന്ന നീണ്ടുവളർന്ന താടി. ബിജു പൗലോസ് എന്ന പൊലീസ് ഇൻസ്പെക്ടറായി മലയാളികളെ വിസ്മയിപ്പിച്ച നിവിൻ ഇനി നാടിന്‍റെ നായകനായ ഒരു കള്ളനാവുകയാണ്. കായംകുളം കൊച്ചുണ്ണിയായി സിനിമാപ്രേക്ഷകരുടെ മ നസ്സ് കവരാനെത്തുമ്പോൾ മലയാളത്തില്‍ ഇന്നോളമിറങ്ങിയ ഏറ്റവും ചെലവേറിയ ചിത്രത്തിലെ നായകന്റെ മുഖത്ത് ആത്മവിശ്വാസം. തിയറ്ററുകളിൽ ആവേശത്തിന്റെ കമ്പക്കെട്ടിന് തീ കൊളുത്തുന്നതിന്റെ ഊർജം.

‘‘ഇെതാരു ചരിത്രമാണ്. മലയാള സിനിമയിലെ പുതിയ അധ്യായം. വലിയ ബജറ്റിൽ ചിത്രങ്ങളെടുക്കാൻ നമുക്കും കഴിയുമെന്നു വ്യക്തമാക്കുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. വലിയ കാൻവാസിലുള്ള, ലോകോത്തര ചിത്രങ്ങൾ ഇനിയും മലയാളത്തിൽ പിറവിയെടുക്കും.’’ ഇരുത്തം വന്ന നായകന്‍റെ ഭാവത്തില്‍ നിവിന്‍ പ റഞ്ഞു തുടങ്ങി. ‘‘ചെലവ് ഇത്രയും കൂടുമെന്നു തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, പെർഫെക്‌ഷന് പ്രാധാന്യം നൽകിയപ്പോള്‍ ചെലവും ഉയർന്നു. അത്രയേറെ ഒരുക്കങ്ങളാണ് സിനിമയ്ക്കു വേണ്ടി നടത്തിയത്. 19ാം നൂറ്റാണ്ടിലെ േകരളവും അന്നത്തെ ജീവിതവും ഒക്കെ പകര്‍ത്തുന്നത് വളരെ ശ്രമകരമാണ്. ശ്രീലങ്കയിലും മംഗലാപുരത്തും കേരളത്തിലുമായിരുന്നു ഷൂട്ടിങ്. വായിച്ചറിഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ കഥ അതേപടി സിനിമയാക്കിയതല്ല. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ കായംകുളം കൊച്ചുണ്ണിയാണിത്. ആദ്യമായി ഒരു പീരിയഡ് ഫിലിം ചെയ്യുന്നതിന്റെ ആവേശത്തിലായിരുന്നു ഞാൻ,

ശ്രീലങ്കയിലെ ഷൂട്ടിങ്ങിനിടെ ഒരു സംഭവമുണ്ടായി. കുളത്തിൽ നിന്നു കൊച്ചുണ്ണി നീന്തിക്കയറുന്ന രംഗമാണ്. വന മധ്യത്തിലുള്ള ഒരു കുളത്തിലാണ് ഷൂട്ടിങ്. അതിരാവിലെ പുറപ്പെട്ടു. ലൊക്കേഷനെത്തും വരെ ഞാൻ വണ്ടിക്കുള്ളിൽ കിടന്ന് ഉറക്കമായിരുന്നു. അവിെട ചെന്നപ്പോൾ ഷൂട്ടിങ് കാണാന്‍ കു റേ നാട്ടുകാരും ടൂറിസ്റ്റ്േകന്ദ്രം ആയതിനാല്‍ സഞ്ചാരികളുമൊക്കെയുണ്ട്. കുളം കണ്ടിട്ട് എന്തോ പന്തികേട് തോന്നിയെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല. ഞാന്‍ ചാടി, നീന്തി, കയറി. ഒറ്റ ടേക്കിന് ഓക്കെ.

‘മലയാളിപ്പെണ്ണിനും സൈസ് സീറോയാകാം’; ലോക സൗന്ദര്യവേദിയിൽ അർച്ചന രവി കിരീടമണിഞ്ഞതിങ്ങനെ

'എന്റെ അച്ഛൻ രഹസ്യമായി 41 ദിവസം കഠിനവ്രതമെടുത്ത് ശബരിമലയില്‍ പോയിരുന്നു; അവിടെ ധര്‍മ്മമേ നടക്കൂ...'

ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ചില നാട്ടുകാര്‍ എന്തോ അടക്കം പറയുന്നുണ്ട്. കാര്യം തിരക്കിയപ്പോഴാണു െഞട്ടിയത്. നാനൂറോളം മുതലകളുള്ള ആ കുളത്തിൽ ചാടാനുള്ള എന്റെ ധൈര്യത്തെ അഭിനന്ദിക്കുകയായിരുന്നു അവര്‍. ഒരു മുതല ഉണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ േപാലും ഞാൻ വിറച്ചേനെ.

പിന്നെ, നാട്ടുകാർ ഇവിടുത്തെ മുതലക്കുളത്തിന്റ കഥ പറഞ്ഞു. മുതലകള്‍ ആരെയും ഉപദ്രവിക്കാതിരിക്കാനും അവറ്റകളെ പ്രീതിപ്പെടുത്താനും പൂജകള്‍ െചയ്ത് ഒരു കുടം കുളത്തില്‍ കമഴ്ത്തിയിട്ടുണ്ടത്രെ. (പാവം മുതലകള്‍ക്ക് ഇത് അറിയാേമാ ആവോ... എന്നു പറഞ്ഞ് നിവിന്‍ ചിരിക്കുന്നു.)

A01I8957

നട്ടുച്ചയാകുമ്പോള്‍ ചൂടു കായാൻ മുതലകൾ ഒന്നിച്ച് കുളത്തിന് നടുവിലുള്ള പാറയിൽ കയറുമെന്ന് പറഞ്ഞപ്പോൾ പറ്റിക്കാൻ പറയുന്നതാകും എന്നാണ് ആദ്യം കരുതിയത്. ഉച്ചയടുത്തപ്പോള്‍ ഒരു പടുകൂറ്റന്‍ മുതല പാറയിലേക്ക് അള്ളിപ്പിടിച്ചു കയറുന്നതു കണ്ടതോടെ എന്‍റെ ഉള്ളു കാളി. കുറച്ചു കഴിഞ്ഞപ്പോള്‍ പാറ നിറയെ പല വലുപ്പത്തിലുള്ള ഉഗ്രൻ മുതലകൾ. രണ്ടാമതൊരു ടേക്ക് വേണ്ടി വരാതിരുന്നതിനു ഞാൻ ദൈവത്തോടു നന്ദി പറഞ്ഞു.

മടക്കയാത്രയിൽ മറ്റൊരു കാഴ്ച കൂടി കണ്ടു, കുളത്തിലേക്കുള്ള വഴിയുെട ഇരുവശവും ‘മുതലയുണ്ട്, വെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം’ എന്ന മുന്നറിയിപ്പ് ബോർഡുകള്‍. ഒരു വലിയ പാഠവും അതോെട പഠിച്ചു, ‘ലൊക്കേഷനിലേക്കു പോകുമ്പോൾ ഉറങ്ങരുത്’

റൊമാന്റിക് ഹീറോ പരിവേഷത്തിൽ നിന്നു വഴിമാറിയാണ് ഇപ്പോൾ സഞ്ചാരം?

നടനെന്ന നിലയിൽ പരീക്ഷണങ്ങൾക്കു തയാറായാലേ വളർച്ചയുണ്ടാകൂ. ‘ഹേയ് ജൂഡും’ ‘കായംകുളം കൊച്ചുണ്ണി’യും ‘മൂത്തോനു’മെല്ലാം അത്തരം ശ്രമങ്ങളാണ്.

‘മൂത്തോൻ’ ചെയ്യുമ്പോൾ വിസ്മയിച്ചത് ഗീതു മോഹൻദാസിന്റെ സംവിധാന മികവ് കണ്ടാണ്. എല്ലാ അഭിനേതാക്കൾക്കും ചില സ്ഥിരം ഭാവങ്ങൾ കാണും. ഒരു രംഗം അഭിനയിക്കുമ്പോള്‍ ആദ്യം ഇടുന്നത് ആ സ്ഥിരം ഭാവമാണ്. ഷോട്ട് കഴിയുമ്പോൾ ഗീതു പറയും, ‘ഇതു നിന്റെ സ്ഥിരം ഭാവം, അതെനിക്കു വേണ്ട.’ അടുത്ത ഷോട്ടിൽ നമ്മൾ കുറച്ചു സംഗതികൾ കൂടി ചേര്‍ക്കും. അപ്പോഴും ഗീതുവിനു തൃപ്തിയാകില്ല. അങ്ങനെ മൂന്നു നാലു തവണയാകുമ്പോള്‍ നമ്മൾ ബ്ലാങ്കാകും. അന്നേരം ഗീതു കഥാപാത്രത്തിന്റെ അപ്പോഴത്തെ സാഹചര്യം ഒന്നുകൂടി വിശദീകരിച്ചു തരും. അദ്ഭുതമെന്നു പറയട്ടെ, അതുവരെചെയ്ത രീതിയിലേ ആകില്ല അടുത്ത ഷോട്ടിൽ നമ്മള്‍ അഭിനയിക്കുക. മനസ്സിലാഗ്രഹിക്കുന്ന പ്രകടനം അഭിനേതാവിൽ നിന്ന് എങ്ങനെ എടുക്കാം എന്ന് ഗീതുവിന് നന്നായി അറിയാം,

വിനീത് ശ്രീനിവാസനിൽ തുടങ്ങി, ധ്യാൻ ശ്രീനിവാസനിൽ എത്തി നിൽക്കുന്നു?

വിനീത് ശ്രീനിവാസൻ ഗുരുവാണ്, അതിന്‍റെ അടുക്കും ചിട്ടയും ആദരവും ബഹുമാനവും ഒക്കെ വിനീതിന്‍റെ െസറ്റിലുണ്ട്. ധ്യാൻ അനിയനല്ലേ, വെറും പാവവുമാണ്. അവൻ പറയുമ്പോൾ ‘എന്നോടു പറയാൻ നീ ആരാടാ’ എന്ന മട്ടിലൊന്നു േനാക്കി വിരട്ടും...

ധ്യാനിന്റെ ‘ലവ് ആക്‌ഷൻ ഡ്രാമ’ ഹോളിഡേ മൂഡിൽ ചെയ്യുന്ന ചിത്രമാണ്. കുടുംബത്തിലേക്ക് മടങ്ങിയെത്തിയ പോ ലെ തോന്നിപ്പോകുന്ന സെറ്റ്. െചറിയ തമാശ േകട്ടാല്‍ മതി, എനിക്കു ചിരി നിർത്താൻ വലിയ പാടാണ്. ആ കാര്യത്തിൽ എന്നെ കടത്തിവെട്ടുന്ന ഒരാളും ഇപ്പോള്‍ െസറ്റിലുണ്ട്, നയൻതാര. ഇതൊക്കെ ധ്യാനിന് വലിയ ടെൻഷനാണ്. ‘എന്തു ചെയ്യാനാ’ എന്ന മട്ടിൽ അവൻ നിൽക്കുമ്പോൾ ഞങ്ങളുടെ ചിരി പിന്നെയും കൂടും. ‘എന്റെ കാശല്ലേ... നീയൊക്കെ ചിരിച്ചോ, ചിരിച്ചോ’ എന്ന മട്ടിലാകും അപ്പോൾ നിര്‍മാതാവായ അജുവിന്റെ മട്ടും ഭാവവും.

അവൻ സിനിമ നിര്‍മിക്കാനൊരുങ്ങുന്നു എന്നറിഞ്ഞപ്പോഴേ, ‘വരൂ, ഫ്രീ ആയി കുറച്ചു ഉപദേശങ്ങൾ തരാം’ എന്നു ഞാൻ പറഞ്ഞതാണ്. ഒന്നുമില്ലെങ്കിലും രണ്ടു സിനിമകള്‍ നിര്‍മിച്ച അനുഭവ പരിചയം എനിക്കുണ്ടല്ലോ.

‘ഒന്നും വേണ്ട, എല്ലാം എനിക്ക് എക്സ്പീരിയൻസ് ചെയ്യണം’ എന്നായിരുന്നു അവന്‍റെ മറുപടി. പക്ഷേ, കഴിഞ്ഞ ദിവസം അവൻ രഹസ്യമായി വന്നു പറഞ്ഞു, ‘എടാ, കുറച്ച് ഉപദേശം തന്നു സഹായിക്കണം.’

‘സൗജന്യമായി ആര്‍ക്കും ഇനി ഉപദേശമില്ല’ എന്നു പറഞ്ഞ് ഞാൻ അവനെ ഓടിച്ചു.

പ്രിയനേ... നെഞ്ചോട് ചേർക്കാൻ നീയില്ലാതെ...; വിവാഹദിനത്തിൽ ഏകയായി അവൾ! കണ്ണീർച്ചിത്രങ്ങൾ

എയ്ഡ്സ് സമ്മാനിച്ച് ഭർത്താവ് പോയി, കുഞ്ഞിനോടൊപ്പം കഴിഞ്ഞിരുന്നത് തൊഴുത്തിൽ; ആത്മഹത്യയിൽ നിന്നും രക്ഷപ്പെട്ടെത്തിയ രത്നയുടെ അതിജീവനകഥ

A01I9513

എങ്ങനെയുണ്ടായിരുന്നു നിർമാതാവിന്റെ റോള്‍ ?

‘ആക്‌ഷൻ ഹീറോ ബിജു’വിലാണ് ആദ്യമായി നിർമാണ പ ങ്കാളിയാകുന്നത്. അന്നത്തെ ടെൻഷൻ പറഞ്ഞറിയിക്കാൻ പ റ്റില്ല. ചെലവിന്റെ കണക്കുകൾ ഞാനാണു നോക്കിയിരുന്നത്. ചിലപ്പോൾ ഒരു എത്തും പിടിയും കിട്ടില്ല. അപ്പോഴാകും ഷോ ട്ട് റെഡിയായി എന്നു പറഞ്ഞു സംവിധായകന്‍ എബ്രിഡ് െെഷന്‍ വിളിക്കുന്നത്. ക്യാമറയ്ക്കും മുന്നിൽ നിൽക്കുമ്പോ ഴും പണം ചെലവായ വഴികളെക്കുറിച്ചാകും ചിന്ത. ഷോട്ട് എ ടുക്കുമ്പോൾ പലതവണ ഷൈൻ ചേട്ടൻ ചോദിച്ചിട്ടുണ്ട്, ‘നീ ഇപ്പം ഇവിെടയുണ്ടോ? നിന്‍റെ മനസ്സ് എവിെടയാ...?’

‘ഞണ്ടുകളുടെ നാട്ടിൽ’ നിര്‍മിക്കുമ്പോള്‍ ഒരു ടീം സെറ്റ് ചെയ്തിരുന്നു. പണത്തിന്റെ കാര്യമൊക്കെ അവരാണ് നോക്കിയത്. അതോടെ എന്റെ തലവേദന ഒഴിഞ്ഞു. പ്രൊഡ്യൂസർ എന്ന നിലയിൽ അൻവറിക്കയാണ് (അൻവർ റഷീദ്) മാതൃക. അദ്ദേഹം പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നില്ലെങ്കിൽ ‘പ്രേമം’ പോലൊരു മികച്ച സിനിമ ഉണ്ടാകില്ലായിരുന്നു. നിർമാതാവിന്റെ തലവേദന സംവിധായകൻ അറിയാൻ പാടില്ല. അത് ക്രിയേറ്റിവിറ്റിയെ ബാധിക്കും.

ബിസിനസ് എനിക്കു പണ്ടേ ഇഷ്ടമുള്ള മേഖലയാണ്. ഒരു സുഹൃത്തിന്റെ സ്റ്റാർട് അപ്പിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. ആ കമ്പനി ഇപ്പോൾ യുഎസിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. മറ്റൊരു ക്രേസ് വാച്ചുകളുടെ കളക്‌ഷനാണ്. വിദേശയാത്രകളിലെ ഷോപ്പിങ്ങിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് വാച്ച് ഷോറൂമുകളിലാണ്.

അഭിനയം, നിർമാണം, സൗഹൃദങ്ങള്‍, ബിസിനസ്സ്... ഈ തിരക്കിടയില്‍ വീട്ടുകാര്യങ്ങള്‍...?

ഒരിക്കൽ മമ്മൂക്ക പറഞ്ഞു, ‘നമ്മൾ തിരക്കിന്റെ ലോകത്ത് അ ങ്ങനെ നിൽക്കും. വീട്ടിലുള്ളവർ എങ്ങും പോകുന്നില്ല. അവരുടെ ലോകം അതാണ്. അതു കൂടി ചിന്തിക്കണം. എത്ര തിരക്കായാലും കുടുംബത്തിനു വേണ്ടി സമയം കണ്ടെത്തണം.’

ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ സുഹൃത്തുക്കൾക്കു േവണ്ടി മാത്രമാണ് ഞാന്‍ സമയം മാറ്റി വച്ചിരുന്നത്. അത്തരം രീതികള്‍ അതോടെ മാറ്റി. അന്നും ഇന്നും കുടുംബവുമായി വല്ലാതെ അറ്റാച്ച്ഡ് ആണ്, ദാദയും (മകൻ ദാവീദ്) റോസയും (മകൾ റോസ ട്രീസ) ജനിച്ച ശേഷം കാര്യങ്ങൾ മൊത്തം വീടിെന കേന്ദ്രീകരിച്ചായി. ഷൂട്ടിനു ശേഷം എത്രയും െപട്ടെന്ന് എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്നേ ആഗ്രഹമുള്ളൂ. മോൾക്ക് ഒരു വയസ്സാകുന്നു, പിച്ച വച്ചു തുടങ്ങി.

വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് റിന്നയാണ്. മുൻപ് ഞാൻ ജോലി രാജി വച്ച് വീട്ടിൽ വെറുതേയിരുന്ന കാലത്തും അവളാണ് എന്നെ നോക്കിയത്. സിനിമയിൽ തിരക്കായപ്പോൾ ഞാൻ അവളോടു ജോലി രാജി വയ്ക്കാൻ പറഞ്ഞു. എനിക്കു വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അവളുടെ ‘യെസു’കളാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്.

രണ്ടു ദിവസം അടുപ്പിച്ച് ഫ്രീ ആയി കിട്ടിയാൽ റിന്നയേയും കൂട്ടി യാത്ര പോകും. പ്ലാന്‍ െചയ്തുള്ള വലിയ യാത്രയൊന്നുമല്ല, അടുത്തുള്ള എവിടെയെങ്കിലും തിരക്കുകളില്‍ നിന്നു മാറി കുടുംബത്തോടൊപ്പം കുറച്ചു സമയം എന്നേ ആ ലോചിക്കൂ. കൊച്ചുണ്ണിയുടെ ഷൂട്ടിനിടയില്‍ പരുക്കേറ്റ് വീട്ടിലിരുന്നതു കൊണ്ട് കുറച്ചു ദിവസങ്ങൾ അപ്രതീക്ഷിതമായി അവർക്കെന്നെ കിട്ടി. മക്കൾ കുറച്ചു കൂടി വലുതായിക്കഴിഞ്ഞ് റിന്നയും ഞാനും മാത്രമായുള്ള യാത്രകളാണ് ഇപ്പോഴുള്ള സ്വപ്നം.

പാരിസ് ഫാഷൻ വീക്ക്’ അടക്കം ലോക പ്രശസ്തമായ ഫാഷൻ ഷോകളിലെ സ്ഥിരം സാന്നിധ്യമായ രാഹുൽ മിശ്രയും പ്രമുഖ ഡിസൈനർ ദിവ്യം മേത്തയും പ്രത്യേകം ഒരുക്കിയ കോസ്റ്റ്യൂമിലാണ് നിവിന്‍ വനിത ഷൂട്ടിന് ഒരുങ്ങിയത്. രാഹുൽ മിശ്രയുെട ‘മരാസിം’ മെൻസ്‌വെയർ കളക്‌ഷനിൽ പെട്ട ഡ്രസ് ആയിരുന്നു കവറിന്. ഫാഷന്‍ കോ– ഓർഡിനേഷൻ രമേഷ് മേനോൻ. സ്‌റ്റൈലിങ്ങും ഫാഷൻ ഡയറക്ഷനും ഡല്‍ഹി ഫാഷൻ ക്യാപിറ്റൽ ഇന്ത്യയിലെ അൽപി ബോയ്‌ൽ. ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന ഫോട്ടോ ഷൂട്ടില്‍ സംവിധായകന്‍ എബ്രിഡ് െെഷന്‍റെ ക്യാമറക്കു മുന്നില്‍ നിവിന്‍റെ മനോഹരമായ ചിരികള്‍ വിടര്‍ന്നു.

A01I9496

തിയറ്ററുകളെ ഇളക്കി മറിക്കുന്ന ഒരാൾക്ക് എങ്ങനെ ഇത്രയും സാധാരണക്കാരനാകാൻ കഴിയുന്നു എന്ന് നിവിനെ കാണുന്ന ആരും സംശയിച്ചു പോകും. കവർ ഷൂട്ടിനിടയില്‍ സന്ദർശിക്കാനെത്തിയ നടി ഐശ്വര്യ ലക്ഷ്മിയോടും ലൈറ്റ് അപ്പ് ചെയ്യുന്ന പയ്യനോടും ഒരേ സ്നേഹത്തോടെ ഇടപെടുന്നൊരാൾ. ‘നീ ഭക്ഷണം തന്ന് എന്നെ തടിയനാക്കുമല്ലേ’ എന്ന് സഹായിയെ സ്നേഹത്തോടെ ശാസിക്കുന്ന ചേട്ടൻ. എത്ര ക്ഷീണിതനാണെങ്കിലും പരിചയപ്പെടാൻ എത്തുന്നവരുടെ തോളിൽ കയ്യിട്ടു വിശേഷങ്ങൾ തിരക്കുന്ന തനി ആലുവക്കാരൻ.

സൗഹൃദങ്ങളാണ് നിവിന്റെ കരുത്ത് ?

സിനിമയിലും പുറത്തും ഒരുപാട് സൗഹൃദങ്ങളുണ്ട്. എപ്പോഴും എന്തിനും ഓടിച്ചെല്ലാവുന്ന കുറച്ചു പേർ. വിനീതും അൽഫോൺസും അജുവുമൊക്കെ അത്രയ്ക്കു പ്രിയപ്പെട്ടവരാണ്. എൻജിനീയറിങ്ങിന് പഠിക്കുന്ന കാലത്ത് ഞങ്ങൾ ആറ് ബാക്ക് ബെഞ്ചേഴ്സുണ്ടായിരുന്നു. ഞാനും ആഷിഖും ബിപിനും ചന്ദ്രുവും ഗ്രെഗും വിപിൻ വർഗീസും. ഉഴപ്പാനും പഠിക്കാനുമെല്ലാം ഒരുമിച്ച്. അധ്യാപകർക്ക് ചില്ലറ തലവേദനകളും ഉണ്ടാക്കിയിട്ടുണ്ട്. 15 വർഷം കഴിഞ്ഞിട്ടും ബന്ധം അതേപടി തുടരുന്നു. ചിലർ വിദേശത്താണ്. ഒത്തുകൂടുമ്പോൾ ഞങ്ങൾ പഴയ ‘പിൻബെഞ്ചു’കാരാകും. ഒരുമിച്ചു ട്രിപ് പോകും.

ആദ്യ യാത്ര സ്പെയിനിലേക്കായിരുന്നു. ഈ വർഷം യാത്രക്ക് സമയം ഒത്തുവരില്ലെന്നാണ് കരുതിയത്. ‘കൊച്ചുണ്ണി’ ഷൂട്ടിങ് കഴിയുമ്പോള്‍ ഒറ്റയ്ക്കാണെങ്കിലും പോകും എന്നു ഞാൻ ഗ്രൂപ്പിൽ അനൗൺസ് ചെയ്തു. ഒരുത്തൻ ഒറ്റയ്ക്ക് സന്തോഷിക്കുന്നത് ഇവൻമാർക്ക് സഹിക്കുമോ? അങ്ങനെ പതിവുപോലെ ഫുൾ ടീമായി. ലേ ലഡാക്കിലേക്കാണ് ഇക്കുറി യാത്ര. പിന്നെ ലൊക്കേഷനിൽ എപ്പോഴും പ്രവീണും ഷാബുവും മജുവും കൂടെയുണ്ട്. ഇവരൊക്കെയാണ് എന്റെ കരുത്തും.

അൽഫോൺസ് പുത്രന് നടനാകാൻ വേണ്ടി ലോഹിതദാസിനോട് ശുപാർശ നടത്തി എന്നു േകട്ടിട്ടുണ്ട്?

ലോഹിതദാസ് സാറിന്റെ ആലുവയിലെ വീട് എന്റെ വീടിനടുത്തായിരുന്നു. അദ്ദേഹവും ഭാര്യയും പതിവായി നടക്കാന്‍ പോകും. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ വീടിനു മുന്നി ൽ നിന്നു ഞാനവരെ കൃത്യമായി ചിരിച്ചു കാണിക്കും. അങ്ങനെ മുഖപരിചയമായ കാലത്താണ് അൽഫോൺസ് പുത്രന്‍ വലിയൊരു മോഹം പറയുന്നത്. ‘എനിക്കൊരു സിനിമയിൽ അഭിനയിക്കണം.’ ‘അതിെനന്താ കുഴപ്പം, നമുക്കു ലോഹിസാറിനോടു സംസാരിക്കാം’ എന്നു ഞാന്‍. സിജു വിൽസണും ഒ പ്പം കൂടി. ഞങ്ങൾ മൂന്നും കൂടി ചെന്ന് കാര്യം അവതരിപ്പിച്ചു.

‘സിനിമ അത്ര എളുപ്പമുള്ള മേഖല അല്ല. പഠിക്കേണ്ട സമയത്ത് പഠിക്കണം, നിങ്ങള്‍ സിനിമയില്‍ എത്തിച്ചേരാനുള്ളവര്‍ ആണെങ്കില്‍ ആരു തടഞ്ഞാലും എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും നിങ്ങള്‍ സിനിമയില്‍ തന്നെ വന്നു ചേരും’ എന്ന് വളരെ ദാര്‍ശനികമായി അദ്ദേഹം പറഞ്ഞു.

സിനിമാ നടൻ ആകണമെന്ന മോഹമൊന്നും അന്നെനിക്കില്ല. പിന്നീടെപ്പോഴോ ആ മോഹം മനസ്സിൽ കയറി. അഭിനയിക്കാൻ കഴിഞ്ഞതു തന്നെ ഭാഗ്യമാണെന്ന് കരുതുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ വലിയ ആഗ്രഹങ്ങളുമില്ല. അന്യഭാഷയൊന്നും അത്ര വലിയ മോഹമല്ല. എക്സൈറ്റ് ചെയ്യിക്കു ന്ന കഥാപാത്രം വന്നാൽ ചെയ്യുമെന്നു മാത്രം.

നടനായി, നിർമാതാവായി, ഇനി സംവിധാനം ?

(അതൊരു കൊസ്രാക്കൊള്ളി കുരുക്കാണല്ലോ എന്ന മട്ടില്‍ കണ്ണിറുക്കി ചിരി. പിന്നെ മറുപടി) നമ്മളെ വിട്ടേക്ക് ചേട്ടാ. സംവിധാനമൊക്കെ വിവരമുള്ളവർക്കു പറഞ്ഞിരിക്കുന്ന പണിയാണ്. നമ്മൾ ഇങ്ങനെയൊക്കെ അങ്ങു പൊയ്ക്കൊള്ളാം.

‘നീ എന്തിനാണ് എന്റെ മാറിടങ്ങളിലേക്ക് തന്നെ നോക്കുന്നത്’; മീ ടൂവും ലൈംഗിക ദാരിദ്ര്യവും, ഒരു തുറന്നെഴുത്ത്; അനുഭവം

’എന്റെ കടയുടെ പണികള്‍ നടക്കുകയാണ്, അവിടെ പോകാതിരിക്കാന്‍ കഴിയില്ല...’; വീൽച്ചെയറിൽ തമ്മനത്തെത്തി ഹനാൻ

ഇത് പാവക്കുട്ടിയല്ല, ഒറിജിനൽ കുഞ്ഞ്! കറക്കിയും കഴുത്തു ഞെരിച്ചും ക്രൂര മസാജ്; വിഡിയോ വൈറൽ

വേദനയിൽ മരുന്നാകട്ടെ, ലക്ഷ്മിക്കായി ബാലയുടെ പ്രിയപ്പെട്ട ‘സൂര്യ’; ബാലുവിന്റെ ഓർമ്മകൾക്കു മുന്നിൽ സ്റ്റീഫൻ–വിഡിയോ