Saturday 24 August 2019 03:23 PM IST

ബീയാർ പ്രസാദിന് വൃക്ക നൽകാൻ സുഹൃത്ത്; അര നൂറ്റാണ്ടിന്റെ സൗഹൃദം തുണയായപ്പോൾ പ്രതീക്ഷയുടെ ‘വെട്ടം’

V.G. Nakul

Sub- Editor

b-1

വെട്ടത്തിലെ ‘ഒരു കാതിലോല ഞാൻ കണ്ടീല’യും കിളിച്ചുണ്ടൻ മാമ്പഴത്തിലെ ‘ഒന്നാം കിളി പൊന്നാൺകിളി’യും മാത്രം മതി ബീയാർ പ്രസാദിനെ മലയാള സിനിമാ സംഗീത രചയിതാക്കളുടെ പട്ടികയുടെ മുൻനിരയിൽ ഉൾപ്പെടുത്താൻ. കാവ്യമധുരമായ ഒരു പിടി മികച്ച ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പാട്ടെഴുത്തുകാരനാണ് അദ്ദേഹം. മലയാള ചലച്ചിത്ര ഗാനരചനാ രംഗത്ത് പതിറ്റാണ്ടുകളായി ബീയാർ പ്രസാദ് നിറഞ്ഞു നിൽക്കുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു കാലമായി ജീവിതത്തിലെ നിർണായക ഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്.

ജീവിതത്തിൽ അപശ്രുതി പോലെ കടന്നു വന്ന വൃക്കരോഗത്തിന്റെ പിടിയിലാണ് മലയാളത്തിന്റെ ഈ പ്രിയ കവി. മൂന്നു മാസത്തിനുള്ളിൽ വൃക്ക മാറ്റിവയ്ക്കണം എന്നു ഡോക്ടർമാർ നിർദേശിച്ചപ്പോൾ പറക്കമുറ്റാത്ത രണ്ടു മക്കളെയും ഭാര്യയെയും ചേർത്തു പിടിച്ചു അതിജീവനത്തിനുള്ള ശ്രമത്തിലാണ് ബീയാർ. ഡയാലിസിസിലൂടെ മുന്നോട്ടു പോകുമ്പോഴും ചികിത്സയുടെ കാഠിന്യം നിറഞ്ഞ ദിനചര്യകൾക്കിടയിലും അവശതകളിൽ തളർന്നിരിക്കാൻ അദ്ദേഹം തയാറായിട്ടില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ വിധിയോടു പൊരുതുകയാണ് അദ്ദേഹം. ‘വനിത ഓൺലൈൻ’ വിളിക്കുമ്പോൾ ആലപ്പുഴ, മങ്കൊമ്പിലെ വീട്ടിൽ എഴുത്തിന്റെയും വായനയുടെയും തിരക്കുകളിലാണ് സുഹൃത്തുക്കളുടെ പ്രിയ ബീയാർ.

‘‘ഞാൻ വെറുതെയിരിക്കുകയല്ല. മുടങ്ങിക്കിടന്ന പലതും എഴുതിപ്പൂർത്തിയാക്കി. ധാരാളം വായിച്ചു. മൂന്നു നാടകങ്ങൾ ഇതിനോടകം എഴുതി. അക്കാഡമി അവാർഡ് കിട്ടിയ നാടകം പുസ്തകമാക്കുന്നതിനായി ടൈപ്പ് ചെയ്ത് തീർത്തു. ഒപ്പം ചെറിയ ചെറിയ മീറ്റിങ്ങുകളിലും പരിപാടികളിലുമൊക്കെ പങ്കെടുക്കുന്നു. ചാനൽ പരിപാടികളിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നേയുള്ളൂ, പൂർണമായും ക്രിയേറ്റീവായ ദിവസങ്ങളിലൂടെയാണ് ഞാൻ കടന്നു പോകുന്നത്’’.– അദ്ദേഹം വനിത ഓൺലൈനോട് പറഞ്ഞു.

ബീയാറിന്റെ ശബ്ദത്തിൽ നിറയുന്നത് ആത്മവിശ്വാസവും തോൽക്കാൻ മനസ്സില്ലാത്തവന്റെ ചങ്കുറപ്പും. ‘ഇതിനെയും അതിജീവിക്കും’ എന്ന ഈ ഭാവം അധികം പേരിലും ഇത്തരമൊരു ഘട്ടത്തിൽ കാണാനാകില്ല. അതുതന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും.

കണ്ടെത്തിയപ്പോൾ വൈകി

കഴിഞ്ഞ ജനുവരിയിലാണ് ബീയാർ പ്രസാദിന് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ എട്ടു മാസം കഴിഞ്ഞിരിക്കുന്നു. രണ്ടോ മൂന്നോ മാസത്തിനകം കിഡ്നി മാറ്റി വയ്ക്കണം. രോഗം കണ്ടെത്താൻ വൈകിയത് കാര്യങ്ങൾ വഷളാക്കിയെന്ന് ഭാര്യ വിധു പറയുന്നു. ‘‘രോഗം മൂർഛിച്ചു കഴിഞ്ഞാണ് തിരിച്ചറിയുന്നത്. ശ്വാസം മുട്ടലും, ശരീരത്തില്‍ നീരും വന്നതോടെയാണ് ആശുപത്രിയിൽ പോയത്. മുഖമൊക്കെ നീരു വന്നു വീര്‍ത്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ.പത്മകുമാർ ഏട്ടന്റെ സുഹൃത്താണ്. ഡോക്ടർക്ക് ആദ്യം തന്നെ സംശയം തോന്നിയിരുന്നു. അഡ്മിറ്റ് ചെയ്തു. ടെസ്റ്റുകളുടെ റിസൾട്ട് വന്നപ്പോൾ കിഡ്നി തകരാറിലാണെന്ന് ഉറപ്പായി. അതോടെ ഐ.സി.യുവിലേക്കു മാറ്റി. അപ്പോഴേക്കും അസുഖം കൂടിയിരുന്നു. പിറ്റേന്നു മുതൽ ഡയാലിസിസ് തുടങ്ങി. 15 ദിവസം ഐ.സി.യുവിലായിരുന്നു.

വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരം. അങ്ങനെ, പ്രസാദേട്ടന്റെ ഒരു സുഹൃത്ത് വൃക്ക നൽകാൻ തയാറായി. പക്ഷേ, ബന്ധുക്കളിൽ നിന്നല്ലാതെ വൃക്ക സ്വീകരിക്കുന്ന സന്ദർഭങ്ങളിൽ സർക്കാർ ആശുപത്രികളിൽ ശസ്ത്രത്രിയ നടത്താൻ സാധിക്കില്ല. അങ്ങനെയാണ്, വാർഡിലേക്കു മാറ്റിയ ശേഷം ഡോ.ഗോമതി പറഞ്ഞതനുസരിച്ച് എറണാകുളം ലൂർദ് ഹോസ്പിറ്റലിലേക്കു പോയത്. പിന്നീടുള്ള ചികിത്സ അവിടെയായിരുന്നു. ആഴ്ചയിൽ 2 തവണ ഡയാലിസിസ് ചെയ്യണം. സാഗര സഹകരണ ഹോസ്പിറ്റലിലാണ് ഡയാലിസിസ് ചെയ്യുന്നത്. 3 മാസത്തിനകം ഓപ്പറേഷന്‍ വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഓപ്പറേഷന് മാത്രമായി 20 ലക്ഷം രൂപ വേണ്ടി വരും. ബാക്കി ചെലവുകൾ വേറെ. പ്രസാദേട്ടന്റെ ജോലി മാത്രമാണ് വീട്ടിലെ ഏക വരുമാനം. രോഗം സ്ഥിരീകരിച്ച ശേഷം ജോലിക്കു പോകാനാകുന്നില്ല. സ്ഥാപനവും സുഹൃത്തുക്കളുമൊക്കെ സഹായിക്കുന്നുണ്ട്. അവരെല്ലാം ചേർന്ന് ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതുവച്ചു കൊണ്ട് ഒരു വിഡിയോയും തയാറാക്കിയിട്ടുണ്ട്. സുമനസ്സുകൾ സഹായിക്കുന്നതു മാത്രമാണ് ഇപ്പോഴത്തെ ആശ്വാസം’’.– വിധുപ്രസാദിന്റെ വാക്കുകളിൽ പ്രതീക്ഷയുടെ തിളക്കം.

b2

ഹൃദയത്തില്‍ തൊട്ട സൗഹൃദം

47 വർഷമായുള്ള, പ്രസാദേട്ടന്റെ പ്രിയ സുഹൃത്താണ് വൃക്ക കൊടുക്കുന്നത്. അവർ ഒരുമിച്ച് പഠിച്ചവരും പാരലൽ കോളജിൽ ഒന്നിച്ച് പഠിപ്പിച്ചിട്ടുള്ളവരുമാണ്. പക്ഷേ, തന്റെ പേരോ മറ്റോ തൽക്കാലം വെളിപ്പെടുത്തരുതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 13 വർഷമായി പ്രസാദേട്ടന് ഷുഗറിന്റെയും ബിപിയുടെയും പ്രശ്നമുണ്ട്. ഗുളിക കഴിക്കുകയാണ്. പക്ഷേ, റെഗുലർ ചെക്കപ്പ് ഒന്നും നടത്തുന്നില്ല. ഇപ്പോൾ തന്നെ നിർബന്ധിച്ചിട്ടാണ് ഡോക്ടറെ കാണാൻ വന്നത്.

‘തട്ടും പുറത്ത് അച്യുതനി’ലേതാണ് പുറത്തിറങ്ങിയ അവസാനത്തെ പാട്ട്. ഇപ്പോൾ പല സിനിമകൾക്കും എഴുതിയിട്ടുണ്ട്. രണ്ടു മക്കളാണ് ഞങ്ങൾക്ക്. മൂത്തയാൾ ഇള ഡിഗ്രിക്കും മോൻ കവി ഏഴിലും പഠിക്കുന്നു.