Saturday 27 February 2021 10:38 AM IST

'ആണ്‍മക്കളായത് കൊണ്ട് എല്ലാം ചെയ്തു കൊടുത്തേക്കാം എന്ന് എന്റെ അമ്മ വിചാരിച്ചില്ല, കുഞ്ഞിനെ നോക്കുന്നത് ഞാന്‍': മാറിയ കാഴ്ചകള്‍

Rakhy Raz

Sub Editor

adar

'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' വന്‍ വിജയമാകുമ്പോള്‍, പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് വലിയ തോതില്‍ ചര്‍ച്ചയാകുമ്പോള്‍ മാറിയ ചില കാഴ്ചകള്‍ കാണാന്‍ നമുക്ക് അടുക്കളകളിലേക്ക് പോകാം.   

എല്ലാം വിട്ട് കൊടുക്കല്ലേ...

''പഴയ മാമൂലുകളും പിന്തുടര്‍ന്ന് മക്കളെ നോക്കുന്ന പണിയൊക്കെ കംപ്ലീറ്റായി പെണ്ണുങ്ങള്‍ക്ക് കൊടുത്താല്‍ സത്യത്തില്‍ അത് വലിയ നഷ്ടമാ.  ഒരിക്കല്‍ പോലും ആ ജോലികള്‍ ചെയ്യാത്ത ആണുങ്ങള്‍ ജീവിതത്തിലെ എത്ര വലിയ സന്തോഷമാണെന്നോ നഷ്ടപ്പെടുത്തുന്നത്...'' കൊല്ലത്തു നിന്നുള്ള ആദര്‍ശ് മംഗലത്തിന്റെ പക്ഷം. 

''കുഞ്ഞുങ്ങളെ നോക്കുക നല്ല ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ, അതിന്റെ പ്രതിഫലം ഏറെ വിലപ്പെട്ടതാണ്. !എന്റെ ഭാര്യ രേഷ്മ ഡോക്ടറാണ്. എംഡിഎസിന് പഠിക്കുന്നു. പഠനവും അടുക്കളയും കുഞ്ഞിനെ നോക്കലും എല്ലാം കൂടി രേഷ്മയ്ക്ക് ചെയ്യാനാകില്ല. അതുകൊണ്ട് കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കാറ്. ഞങ്ങളുടെ മകള്‍ അലംകൃതയ്ക്ക് ഇപ്പോള്‍ മൂന്ന് വയസ്സായി.

രേഷ്മ കുളിപ്പിക്കുകയും ഒരുക്കുകയും ചെയ്യുന്നതിനേക്കാള്‍ അവള്‍ക്കിഷ്ടം ഞാന്‍ കുളിപ്പിക്കുകയും ഒരുക്കുകയും ചെയ്യുന്നതാണ്. ചെരുവത്തിലെ വെള്ളത്തിലിരുത്തിയാണ് കുളിപ്പിക്കുക. വീടിന് പുറത്ത് വച്ച് കുളിപ്പിക്കുന്നതും അവള്‍ക്ക് ഇഷ്ടമാണ്. കാക്കയെയും കിളികളെയും അണ്ണാറക്കണ്ണനെയും കാണാമല്ലോ. രേഷ്മയ്ക്ക് തിരക്കില്ലെങ്കില്‍ അവളും ഞങ്ങളുടെ കുളി മേളത്തില്‍ കൂടും. 

അമ്മ പഠിപ്പിച്ച അടുക്കള പാഠങ്ങള്‍

അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ രണ്ട് ആണ്‍മക്കളാണ്. 'ആണ്‍മക്കളായതു കൊണ്ട് അവര്‍ക്ക് എല്ലാം ചെയ്തു കൊടുത്തേക്കാം' എന്ന് എന്റെ അമ്മ വിചാരിച്ചില്ല. പകരം വീട്ടിലെ എല്ലാ ജോലിയും ചെയ്യിപ്പിച്ചു ഞങ്ങളെ വളര്‍ത്തി. അതുകൊണ്ട് കല്യാണം കഴിഞ്ഞപ്പോഴും എല്ലാം പങ്കിട്ടു ചെയ്യുന്ന പതിവാണ് ഉണ്ടായത്. 

ഗര്‍ഭിണിയായിരിക്കുമ്പോള്‍ രേഷ്മ പോണ്ടിച്ചേരിയില്‍ ഒറ്റയ്ക്ക് നിന്നു ബിഡിഎസിന് പഠിക്കുകയാണ്. അവള്‍ക്ക് വസ്ത്രങ്ങള്‍ അലക്കാനും വീട് വൃത്തിയാക്കാനും ഒക്കെ ആ സമയത്ത് പ്രയാസമുണ്ടായിരുന്നു. ആഴ്ചയിലൊരിക്കല്‍ ഞാന്‍ പോണ്ടിച്ചേരിക്ക് പോകുമ്പോഴാണ് പണികളൊക്കെ തീര്‍ക്കുക. അലംകൃത ജനിച്ചു കഴിഞ്ഞപ്പോഴും കുഞ്ഞിന്റെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് നോക്കിയത്. രേഷ്മയെ പഠിക്കാന്‍ വിട്ടുകൊണ്ട്.

കുഞ്ഞിനെ നോക്കുന്ന ഫീല്‍ അതൊന്ന് വേറെ തന്നെയാണ്. ഒരിക്കല്‍ അനുഭവിച്ചാല്‍ നമ്മളതാര്‍ക്കും വിട്ടുകൊടുക്കില്ല. അഡിക്റ്റ് ആയി പോകും. അത്രയ്ക്ക് ആനന്ദം തരുന്ന ജോലിയാണത്. 

ഞാനൊരു ബില്‍ഡര്‍ ആണ്. ചിലപ്പോള്‍ ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വരും. പണ്ടൊക്കെ ധൈര്യമായി പോകാനാകുമായിരുന്നു. ഇപ്പോള്‍ വീട്ടില്‍ നിന്ന് 50 മീറ്റര്‍ പിന്നിടും മുന്‍പ് വിഷമം തുടങ്ങും. 'അപ്പാ... വാ' എന്നവള്‍ വിളിച്ചാല്‍ എല്ലാം ഇട്ടെറിഞ്ഞ് തിരികെ പോകാന്‍ തോന്നും. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്.''