Monday 03 October 2022 02:32 PM IST : By സ്വന്തം ലേഖകൻ

‘ഇനി വഴക്കിടാന്‍ ഞാൻ വരില്ല കേട്ടോ...’: യാത്ര പറയുമ്പോൾ ചങ്കുപിടഞ്ഞു: എല്ലാം പെറുക്കിക്കെട്ടി അവർ‌ പടിയിറങ്ങി

thirunakkara-traders

ഒടുവിൽ തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ നിന്നു വ്യാപാരികൾ ഒഴിഞ്ഞു. ഇന്നു കടമുറികളുടെ താക്കോൽ നഗരസഭയ്ക്ക് കൈമാറും. 2 പതിറ്റാണ്ടിലേറെ തിരുനക്കര കോംപ്ലക്സിൽ വ്യാപാരം നടത്തിയിരുന്നവരാണു വെറുംകയ്യോടെ ഇറങ്ങിയത്. 52 കടമുറികളാണ് കോംപ്ലക്സിൽ. സാധനങ്ങൾ സ്വന്തം വീട്ടിലേക്കാണ് പലരും മാറ്റിയത്. നഗരസഭ നൽകിയ നോട്ടിസ് കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. സാധനങ്ങൾ മാറ്റാൻ 2 ദിവസത്തെ സാവകാശം വാങ്ങിയാണ് എല്ലാവരും കട ഒഴിഞ്ഞത്. പുനരധിവാസം ഉറപ്പാക്കുമെന്ന നഗരസഭയുടെ ഉറപ്പിലാണ് പടിയിറക്കം. പക്ഷേ, എപ്പോൾ, എവിടെ എന്നതിൽ വ്യക്തതയില്ല.

തിരക്കിലമർന്ന്

കോംപ്ലക്സിലെ അവസാന കച്ചവട ദിനമായിരുന്നു ഇന്നലെ. പതിവിലും നേരത്തേ എല്ലാരും എത്തി. ഉച്ചവരെ ചിലർ കച്ചവടം നടത്തി. മറ്റുള്ളവർ അടുക്കിപ്പെറുക്കുന്ന തിരക്കിലായിരുന്നു. രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു സ്റ്റാൻഡിൽ. വാങ്ങാൻ എത്തിയവരല്ല,  സാധനങ്ങൾ കയറ്റാനെത്തിയ വാഹനങ്ങളുടേതായിരുന്നു നിര.സാധനങ്ങൾ ചാക്കിലും പെട്ടിയിലുമാക്കി അടുക്കി കെട്ടുമ്പോൾ ജീവനക്കാരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

കരഞ്ഞുകലങ്ങി

‘ഇനി വഴക്കിടാൻ ഞാൻ വരില്ല കേട്ടോ’– എല്ലാം പെറുക്കിക്കെട്ടി ഇറങ്ങുന്നതിനിടയിൽ തൊട്ടടുത്ത കടയിലെ രവിച്ചേട്ടനോടു ഫോട്ടോസ്റ്റാറ്റ് കടയുടമ അഞ്ജു പറഞ്ഞു. പെട്ടെന്നാണ് രവിച്ചേട്ടന്റെ കണ്ണുകൾ നിറഞ്ഞത്.  ‘എന്റെ മോളേയെന്നു വിളിച്ച് അടുത്തു വന്ന രവിച്ചേട്ടന് പിന്നെ  സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല’. അഞ്ജു സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കാണുന്നതാണ് അച്ഛന്റെ സുഹൃത്തായ രവിയെ. അന്നു മുതൽ ഇരുവരും തമ്മിൽ തമാശകൾ പറഞ്ഞ് പിണങ്ങും. ഇങ്ങനെ ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ വ്യാപാരികളുടെ വലിയ കുടുംബമായിരുന്നു തിരുനക്കര കോംപ്ലക്സ്.