Monday 04 February 2019 04:59 PM IST

‘അന്നു ഞാൻ ഡിപ്രഷനിലേക്ക് വഴുതി വീണു, കാനഡയിൽ നിന്നു മകളുടെ കൈപിടിച്ചു വന്നപ്പോൾ സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല!’; ശ്രീജയ പറയുന്നു ആ കാലഘട്ടത്തെക്കുറിച്ച്!

Sujith P Nair

Sub Editor

sreejaya0953
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാകുന്ന നടി ശ്രീജയ കാനഡയിലേക്ക് കുടിയേറിയ കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ‘വനിത’യോട് പറയുന്നു... 

"വിവാഹശേഷം ഭർത്താവ് മദനുമൊത്ത് ഞാൻ ബെംഗളുരുവിലേക്ക് താമസം മാറി. ഞാൻ അവിടെ ഡാൻസ് സ്കൂളും തുടങ്ങി. ബിസിനസും സ്കൂളും നന്നായി മുന്നോട്ടു പോകുമ്പോഴാണ് കാനഡയിലേക്ക് പോകാൻ പദ്ധതിയിടുന്നത്. ബന്ധുക്കളെല്ലാം നിരുത്സാഹപ്പെടുത്തിയെങ്കിലും ഞങ്ങൾ തീരുമാനിച്ചിരുന്നു. അങ്ങനെ ഇവിടുത്തെ ബിസിനസും സ്കൂളും എല്ലാം അവസാനിപ്പിച്ച് കാനഡയിലേക്ക് ചേക്കേറി. ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച കാലഘട്ടമായിരുന്നു അത്. മദന് നല്ല ഒരു ജോലി ലഭിച്ചു. പക്ഷേ ഡാൻസ് സ്കൂൾ എന്ന എന്റെ മോഹം സഫലമായില്ല. 

അവിടെ എല്ലാവർക്കും സമാജങ്ങളുടെ പരിപാടികൾക്കും മറ്റും അവതരിപ്പിക്കാനുള്ള ഇൻസ്റ്റന്റ് ഡാൻസ് മതി. എനിക്കാണെങ്കിൽ അതിൽ  തീരെ താൽപ്പര്യമില്ല. കലാമണ്ഡലത്തിൽ ഞാൻ പഠിച്ചത് അതല്ല. മോളും തീരെ ചെറുതായിരുന്നു. അവളെ അവിടെ സ്കൂളിൽ ചേർത്തു. രാവിലെ മദനും മൈഥിലിയും  പോയിക്കഴിഞ്ഞാൽ ഞാൻ തനിച്ചാകും. കുറച്ചു കഴിഞ്ഞപ്പോൾ ഡിപ്രഷൻ അടിച്ചു തുടങ്ങി. അവിടുത്തെ സാഹചര്യങ്ങളുമായി എനിക്കു പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഡാൻസ് ഉപേക്ഷിച്ച് മറ്റു വല്ല ജോലിക്കും ശ്രമിക്കാൻ ഒരുപാട് പേർ ഉപദേശിച്ചു. അന്നാട്ടിൽ എത്തിയിട്ട് മടങ്ങിയവർ വളരെ കുറച്ചേ ഉള്ളൂ. 

sreejaya-daughter
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഡാൻസ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. എന്റെ ആയുസ്സിന്റെ വലിയൊരു ഭാഗം ഞാൻ നൃത്തത്തിനു വേണ്ടിയാണ് നൽകിയത്. അപ്പോൾ മദനാണ് പറഞ്ഞത് ശ്രീജയ നാട്ടിലേക്കു പൊയ്ക്കൊള്ളൂ എന്ന്. ഒരുപാട് പണവും അധ്വാനവുമൊക്കെ ചെലവഴിച്ചാണ് എത്തിയതെങ്കിലും തീരുമാനം എടുക്കാൻ ഞാൻ ഒരുനിമിഷം വൈകിയില്ല. മകളെയും കൊണ്ട് ഞാൻ തൊട്ടടുത്ത ഫ്ളൈറ്റിൽ ഞാൻ ബെംഗളുരുവിലേക്ക് തിരിച്ചു. വീടും കാറും ഒന്നുമില്ലാതെ വെറും കയ്യോടെയാണ് ഞാൻ അവിടെ വിമാനം ഇറങ്ങിയത്. 

അതുവരെ ഒറ്റയ്ക്ക് ഒന്നും ചെയ്യാത്ത ആളായിരുന്നു ഞാൻ. ബെംഗളുരുവിൽ കോറമംഗലത്ത് ഉള്ളിലേക്ക് കയറി ഒരു വാടക വീട് സംഘടിപ്പിച്ചു. മൈഥിലിയെ അവിടെ അടുത്തുള്ള ഒരു സ്കൂളിൽ ചേർത്തു. ഒരു ചേരി കടന്നു വേണം അവിടേക്ക് പോകാൻ. കാറില്ലാത്തതിനാൽ നടന്നാണ് എന്റെ യാത്രകൾ. തുടക്കത്തിൽ അതൊക്കെ ബുദ്ധിമുട്ടായി തോന്നി. എന്നാൽ സാവധാനം ഞാൻ കരുത്താർജിച്ചു. അയിടയ്ക്ക് ‘ആയിരത്തിൽ ഒരുവൾ’ എന്ന സീരിയൽ ചെയ്തു. മുൻപ് എന്റെ ശിഷ്യരായിരുന്ന ചില കുട്ടികൾ മാത്രമായിരുന്നു സഹായത്തിനുണ്ടായിരുന്നത്. 

ചേട്ടനെയും കുടുംബത്തെയും വിട്ട് ഇടയ്ക്ക് അച്ഛനും അമ്മയും വന്നു നിൽക്കുന്നതൊഴിച്ചാൽ ഏറെക്കുറേ തനിച്ചായിരുന്നു ഞാൻ. അതിനിടെ ഞാൻ ഡാൻസ് സ്കൂൾ വീണ്ടും തുടങ്ങി. കോറമംഗലത്താണ് ആദ്യം തുടങ്ങിയത്. ദൈവാനുഗ്രഹത്താൽ ഡാൻസ് സ്കൂൾ വേഗം വളർന്നു. ചുവടുറപ്പിച്ചതോടെ മദനും മടങ്ങിയെത്തി. ഇപ്പോൾ ശ്രീജയ സ്കൂൾ ഓഫ് ഡാൻസിന് അഞ്ചു ബ്രാഞ്ചുകളുണ്ട്. അഞ്ഞൂറോളം വിദ്യാർഥികളാണുള്ളത്." – ശ്രീജയ ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ പറയുന്നു. 

അഭിമുഖത്തിൽ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം...