Tuesday 15 September 2020 03:08 PM IST : By സ്വന്തം ലേഖകൻ

സ്വപ്നങ്ങൾ ബാക്കിയാക്കി ഞങ്ങളിൽ നിന്നും പറന്നകന്ന മാലാഖ; സൗദിയിൽ മരണപ്പെട്ട അമൃതയുടെ ഓർമ്മയിൽ കണ്ണീര്‍ കുറിപ്പ്

amritha

കോവിഡ് ബാധിച്ച് സൗദിയിൽ മരണമടഞ്ഞ വൈക്കം സ്വദേശി അമൃതയുടെ വേർപാട് നാടിനും പ്രിയപ്പെട്ടവർക്കും ഒരു പോലെ നൊമ്പരമാകുകയാണ്. സൗദിയിൽ ഷാരാരോ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന അമൃത മോഹന്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഒരു ദിവസം മുമ്പാണ് അമൃതയില്‍ കോവിഡ് ലക്ഷണങ്ങൾ കണ്ടത്. ബുധനാഴ്ച രാവിലെ നജ്റാനിലെ കിങ്ങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടുത്ത ദിവസം പുലർച്ചെ മരണപ്പെടുകയുമായിരുന്നു. ഏഴു മാസം ഗർഭിണിയായിരുന്നു അമൃത. കുട്ടിയെയും രക്ഷിക്കാനായില്ല.

അമൃതയുടെ സംസ്കാരം നാളെ നജ്റാനിൽ നടക്കാനിരിക്കേ കണ്ണീർകുറിപ്പ് പങ്കുവയ്ക്കുകയാണ് അടുത്ത ബന്ധുക്കൾ. സ്വപ്നങ്ങൾ ബാക്കിയാക്കി ഞങ്ങളിൽ നിന്നും പറന്നകന്ന മാലാഖയാണ് അമൃതയെന്ന് മനേഷ് മോഹനൻ കുറിക്കുന്നു. വേദനയിൽ താങ്ങും തണലുമായി നിന്നവരേയും മനേഷ് പ്രത്യേകം ഓർമ്മിക്കുന്നു. മനേഷിന്റെ ഭാര്യാ സഹോദരിയാണ് അമൃത.

അമൃതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മനേഷ് പങ്കുവച്ച കുറിപ്പ്;

ഞങ്ങളെ വിട്ടു പിരിഞ്ഞ അനിയത്തി അമൃതയുടെ സംസ്കാരം നാളെ വെളുപ്പിന് സൗദിയിൽ നജ്റാനിൽ

സ്വപ്നങ്ങൾ ബാക്കിയാക്കി ഞങ്ങളിൽ നിന്നും പറന്നകന്ന മാലാഖയാണ് ഞങ്ങളുടെ പ്രീയപ്പെട്ട അനിയത്തി(എന്റ ഭാര്യ അഖിലയുടെ അനിയത്തി ) അമൃത മോഹൻ.

നാളെ സെപ്റ്റംബർ 15ന് വെളുപ്പിനാണ് കോവിഡ് ബാധിച്ചു സൗദിയിൽ മരണമടഞ്ഞ അമൃതയുടെ സംസ്കാരം.ജീവിതം ഒരു ബോധ്യം എന്ന് വീണ്ടും ഓർമ്മപ്പെടുത്തുമ്പോൾ ഞങ്ങൾക്ക് താങ്ങും തണലുമായി ഓടി എത്തിയ യു കെ യിലെ സുഹൃത്തുക്കൾ ബന്ധുക്കളെ ഒരിക്കലും മറക്കാൻ കഴിയില്ല. സെപ്റ്റംബർ 10 ന് വെളുപ്പിന് സൗദിയിൽ നജറാനിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു അമൃതയുടെ മരണം.

അമൃതയ്ക്കും കുടുംബതിനും ഒപ്പം താങ്ങും തണലായി നിന്ന സുഹൃത്തുക്കൾക്കും ഒപ്പം സൗദിയിൽ നിന്നും സഹായങ്ങൾ ചെയ്തും സമാധാനിപ്പിച്ചും സ്വാന്തനിപ്പിച്ചും ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി. നാട്ടിലെ പോലെ സ്വന്തം കുടുംബത്തിലെ വേദനയായി കണ്ട് ഒപ്പം നിന്ന് സമാധാനിപ്പിച്ച സ്റ്റോക്ക് ഓൺ ട്രെന്റിലെ ഒരു സുഹൃത്തുക്കളെയും മറക്കാൻ കഴിയില്ല.വന്നും വിളിച്ചും ആശ്വാസം നൽകിയവർ ആണ് എന്നും സുഹൃത്തുക്കൾ... എല്ലാവരെയും എപ്പോഴും ഓർക്കും...

സൗഹൃദത്തിന്റെ ശക്തി ബോധ്യപ്പെട്ട അനുഭവം ആയി ഈ വേദനയിലെ സ്വാന്തനം

വേദനയോടെ
മനേഷ് അഖില ലക്ഷ്മി മഹാദേവ്