Thursday 16 May 2019 04:21 PM IST

‘പതിനാറാമത്തെ വയസ്സില്‍ വീടു വിട്ടിറങ്ങി; തെരുവ് എന്ന വലിയ സർ‌വകലാശാലയില്‍ നിന്ന് ജീവിതം പഠിച്ചെടുത്തു!’

Tency Jacob

Sub Editor

ar-pri2
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

രണ്ടാമത്തെ നോവലായ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് എന്ന പേര് അന്വര്‍ഥമാക്കും മട്ടില്‍, അത്യാനന്ദത്തോടെ കണ്ണുവിടര്‍ത്തി പൊട്ടിച്ചിരിച്ച് അരുന്ധതി. നര ഉമ്മ വച്ചു കയറുന്ന അരുന്ധതിയുടെ തലമുടിച്ചുരുളുകള്‍ക്കുപോലും കുട്ടിത്ത നൈർമല്യം, നര്‍ത്തന സൗന്ദര്യം. അരുന്ധതിയെ കൗതുകത്തോടെ ഉറ്റുനോക്കിയിരുന്നു കഥാകാരി പ്രിയ എഎസ്. അരുന്ധതിയുെട േഗാഡ് ഒഫ് സ്േമാള്‍ തിങ്സ് മലയാളത്തിേലക്കു മൊഴിമാറ്റം നടത്തിയതു പ്രിയയാണ്, കുഞ്ഞുകാര്യങ്ങളുെട ഒടേതമ്പുരാന്‍ എന്ന േപരില്‍. മികച്ച വിവര്‍ത്തനത്തിനുള്ള േകന്ദ്രസാഹിത്യഅക്കാദമി പുരസ്കാരത്തിനും പ്രിയ അര്‍ഹയായി.

അരുന്ധതിയുെട അമ്മ േമരിേറായ് േകാട്ടയത്ത് നടത്തുന്ന ‘പള്ളിക്കൂടം’ ക്യാംപസിലെ വീട്. കുളിച്ചൊരുങ്ങി വലിയ മാലയും കമ്മലുമണിഞ്ഞിരിക്കുന്ന അമ്മയുെട കഴുത്തിലൂെട െെകയിട്ട് ‘ചിരിക്ക്’ എന്നു പറഞ്ഞ് മകളു െട കുസൃതികള്‍. പിന്നെ, വീടിനകത്തെ കുഷനുകള്‍ നിറഞ്ഞ വൃത്താകാരയിടത്തില്‍ കാല്‍നീട്ടിയിരുന്ന് അരുന്ധതിയും പ്രിയയും കുശലങ്ങളിലേക്ക്, സാഹിത്യവര്‍ത്തമാനങ്ങളിലേക്ക്, സ്നേഹാന്വേഷണങ്ങളിലേക്ക്....

അരുന്ധതിയുടെ കോട്ടയം ബന്ധങ്ങള്‍ 'വ്യക്തതയോടുകൂടി അധികമറിയില്ല. എന്നാലും തോന്നും അയ്മനവും കോട്ടയവും മീനച്ചിലുമില്ലായിരുന്നുവെങ്കില്‍ അരുന്ധതി ‘ഒടേതമ്പുരാനെ’ എഴുതുകയില്ലായിരുന്നുവെന്ന്...

ഇന്ത്യ – ചൈന യുദ്ധം നടക്കുന്ന 1962 കാലത്താണ് എന്റെ അച്ഛനുമമ്മയും വേര്‍പിരിയുന്നത്. അങ്ങനെ അതുവരെ താമസിച്ചിരുന്ന അസമില്‍ നിന്ന് അമ്മയും ഞങ്ങള്‍ മക്കളും ഊട്ടിയിലേക്കു പോന്നു. എനിക്കന്ന് രണ്ട്് വയസ്സ് കാണും. സഹോദരന്‍ ലളിതിന് എന്നേക്കാള്‍ പതിനെട്ടു മാസത്തെ മൂപ്പുണ്ട്. പക്ഷേ, നോവലില്‍ എസ്തക്ക്, റാഹേലിനേക്കാള്‍ പതിനെട്ടു മിനിട്ടിന്റെ മൂപ്പെന്നാണു പറഞ്ഞിരിക്കുന്നത്. എന്റെ അഞ്ചു വയസ്സു മുതല്‍ പത്തു വയസ്സു വരെ ഞങ്ങള്‍ അയ്മനത്തെ വീട്ടിലായിരുന്നു. ‘ഈ വീടു നിങ്ങളുടെയല്ലല്ലോ, പിന്നെന്തിനാ ഇവിടെ വന്നു നില്‍ക്കുന്നത്’ എന്നൊക്കെ കുഞ്ഞുകാര്യങ്ങളില്‍ എല്ലാരും ചോദിക്കുന്ന അതേ വീട്. സ്വന്തമല്ലാത്ത ഒരു ബന്ധുവീട്.

അമ്മ കോട്ടയത്ത് തുടങ്ങിയ സ്കൂളിലെ ആദ്യ വിദ്യാർഥികളായിരുന്നു ഞാനും ലളിതും. പുതിയ പാഠ്യരീതികളൊക്കെ ചൊരിഞ്ഞിടാൻ പാകത്തിനുള്ള പരീക്ഷണ വസ്തുക്കളായിരുന്നു ഞങ്ങള്‍. ചുറ്റിലും കൂട്ടുകാരൊന്നുമുണ്ടായിരുന്നില്ല, ടീച്ചേഴ്സ് മാത്രം. പത്താം വയസ്സില്‍ ഞാന്‍ തിരിച്ച് ഊട്ടിയിൽ പോയി ലൗഡേലിൽ ചേര്‍ന്നു. രണ്ടുവര്‍ഷം മുൻപേ ലളിത് അങ്ങോട്ടു പോയിരുന്നതു കൊണ്ട്, ആ കാലങ്ങളിൽ ഞാൻ ഒറ്റയ്ക്ക് അയ്മനത്ത് അലഞ്ഞു നടന്നു. ഊട്ടിയില്‍ അവധിക്കാലമാകുമ്പോള്‍ ഞങ്ങള്‍ കോട്ടയത്തേക്കു തിരിച്ചു പോരും. പക്ഷേ, അയ്മനത്ത് ഞങ്ങൾക്ക് സൗഹൃദങ്ങളുണ്ടായിരുന്നില്ല. സന്ദര്‍ശനത്തിന് ബന്ധുവീടുകളില്‍ പോയതോ ആരെങ്കിലും ഞങ്ങളെ കാണാനായി എത്തിയ ഓര്‍മകളോ ഒന്നുമില്ല. ശരിക്കും ഒറ്റപ്പെട്ടൊരു ജീവിതം.

കൂട്ടില്ലായ്മയിൽ നിന്നാണോ വാക്കുകള്‍ അരുന്ധതിക്ക് കൂട്ടായെത്തുന്നത്? മീനച്ചിലാറിന്റെ കരയില്‍ ചൂണ്ടയിട്ടിരിക്കുന്ന സമയമാണോ ചിന്തിക്കാന്‍ പഠിപ്പിച്ചത്?

ബ്രിട്ടിഷ്  കൗണ്‍സലുമായുണ്ടായിരുന്ന കരാറനുസരിച്ച് അമ്മയ്ക്ക്  മൂന്നു മാസം കൂടുമ്പോള്‍ നൂറ് പുസ്തകങ്ങളുടെ പാഴ്സലെത്തുമായിരുന്നു. എല്ലാത്തരത്തിലുമുള്ള പുസ്തകങ്ങള്‍ അതിലുണ്ടാകും. ആ പാഴ്സല്‍ കാണുമ്പോഴേ എനിക്ക് ആവേശം കൊണ്ട് തല പെരുക്കും. അവ മുഴുവനും വായിച്ചു പെരുപ്പ് മാറും മുൻപേ അടുത്ത നൂറുപുസ്തകങ്ങളുടെ കെട്ടെത്തും. ഒഴിവുനേരങ്ങളില്‍ കാടു കയറിനടക്കും. തിരിച്ചു വീട്ടിലെത്തുമ്പോഴേ ഞങ്ങള്‍ വീട്ടിലില്ലായിരുന്നുവെന്ന് അവിടെയുള്ളവരറിയൂ.

ഇന്ത്യയില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ഒരു അപൂർവ സമന്വയം കേരളത്തിലുണ്ട്. ഒരു റൂറല്‍-മെട്രോപോളിറ്റന്‍ കോംബിനേഷന്‍. കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് ഇത്. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്ഫഡ് യൂണിവഴ്സിറ്റിയില്‍ പഠിച്ച ചാക്കോയും വീട്ടുപണിക്കാരി കൊച്ചുമറിയവും ഒരേയിടത്താകുന്ന കാഴ്ച...

അമ്മയുടെ സ്കൂളിന്റെ കാര്യങ്ങളിലേക്ക് അരുന്ധതിയെ പ്രതീക്ഷിക്കാമോ?

അറിയില്ല. എന്നെങ്കിലും വരുമായിരിക്കും. പക്ഷേ എന്നെക്കണ്ടു പഠിക്കാനൊന്നും കൊള്ളില്ല. ‘I’m an old unsettled lady’. വിജയത്തിന്റെയും ഒത്തുതീർപ്പിന്റെയും അർഥം എന്നെ സംബന്ധിച്ചിടത്തോളം പലപ്പോഴും പലതാണ്. ഒരിക്കല്‍ എന്റെയൊരു കുട്ടിക്കാല പിറന്നാളിന്റെയന്ന് ‘നന്നായി പഠിക്കണം’ എന്നൊക്കെ എല്ലാവരും എനിക്കു ചുറ്റും നിന്നു പറയുകയായിരുന്നു. േഗാഡ് ഒഫ് സ്േമാള്‍ തിങ്സിലെ ചാക്കോ, അതായത് എന്റെ ഓക്സ്ഫഡ് റിട്ടേണ്‍ഡ് അങ്കിള്‍ നല്ല രസമുള്ള ഒരു വണ്ടിനെയോ മറ്റോ കാണിച്ചു കൊതി പിടിപ്പിച്ചിട്ടു പറഞ്ഞു. ‘നീ പരീക്ഷയില്‍ തോറ്റാല്‍ ഇതു തരാം.’

എനിക്കത് നല്ലോണം രസിച്ചു, സ്ഥിരം രീതികളില്‍ നിന്നു മാറി നടന്ന് ‘തോറ്റാലും വേണ്ടില്ല, അപ്പോഴും കിട്ടാം സമ്മാനം’ എന്നൊരു വാഗ്ദാനം. ആ ചിന്തയിലെ രസം എന്നെ വിട്ട് പിന്നൊരിക്കലും പോയില്ല എന്നു വേണം കരുതാന്‍. അതുകൊണ്ടാകും എഴുതുമ്പോഴും എല്ലാവരും എഴുതുന്നതില്‍ നിന്നു മാറി, തികച്ചും പരീക്ഷണാടിസ്ഥാനത്തിൽ ഞാനെഴുതുന്നത്. ഇപ്പോഴും ചാക്കോയ്ക്കാണ് അറ്റ്മോസ്റ്റിലെ ഓരോ കഥാപാത്രവും എപ്പോൾ വരുന്നു, എപ്പോൾ പോകുന്നു എന്ന് മറ്റാരേക്കാളും നിശ്ചയം. അതിലെ മുക്കും മൂലയും വരെ മനപ്പാഠമാണ് ആളിന്.

ലാറി ബക്കര്‍ രൂപകല്‍പ്പന ചെയ്ത ഈ ക്യാംപസില്‍ തന്നെയാണോ സ്കൂൾ തുടങ്ങിയത്?

അല്ലല്ല. ഈ സ്കൂളും ക്യാംപസും വീടുമൊക്കെ ഇവിടെ വരുമ്പോഴേക്ക് ഞാനിവിടം വിട്ട്, ആര്‍ക്കിടെക്ചര്‍ പഠിക്കാനായി ഡല്‍ഹിക്കാരിയായി കഴിഞ്ഞിരുന്നു. ഞാനീ വീട്ടില്‍ താമസിച്ചിട്ടേയില്ല. സ്കൂളിനായി അമ്മ ആദ്യം കോട്ടയത്തെ റോട്ടറി ക്ലബ് കെട്ടിടം വാടകക്കെടുത്തിരുന്നു. അന്ന് കോർപസ് ക്രിസ്റ്റി എന്നായിരുന്നു സ്കൂളിന്റെ പേര്. രാത്രി അത് ക്ലബാകും. രാവിലെ സ്കൂളാകും. ഞാനതിനെ ‘സ്ളൈഡിങ് ഫോള്‍ഡിങ് സ്കൂൾ’ എന്നാണു വിളിച്ചിരുന്നത്.

അവിടെ പഠിക്കുന്ന കാലത്ത്,  രാവിലെ ക്ലാസ്സില്‍ ചെല്ലുമ്പോള്‍ മൊത്തം അലങ്കോലമായി കിടക്കുന്നുണ്ടാകും. തലേന്ന് രാത്രി അതൊരു ക്ലബ്ബായിരുന്നല്ലോ. ഫര്‍ണിച്ചറൊക്കെ സ്ഥാനം തെറ്റി, മേശേലൊക്കെ ഗ്ലാസുകള്‍, നിലത്തൊക്കെ സിഗരറ്റ് കുറ്റികള്‍... ഞങ്ങള്‍ തന്നെ മേശയൊക്കെ പിടിച്ചിട്ട്, ഗ്ലാസുകള്‍ എടുത്തു മാറ്റി, അടിച്ചു വൃത്തിയാക്കും. ഒരിക്കൽ നോക്കുമ്പോ ഒരു കുട്ടി, സിഗരറ്റ്കുറ്റി  ശേഖരിച്ച് ബാത്റൂമില്‍ പോയി വലിക്കാന്‍ നോക്കുന്നു.

കഴിഞ്ഞകൊല്ലം ഞാനും ഒരു സുഹൃത്തും കൂടി ആ പഴയ ഇടം ഒന്നു കാണാൻ പോയി. ഒരു വ്യത്യാസവുമില്ല, അതേ പെയിന്റ്, അതേ വാതില്‍... രാത്രീല് ഞാനും ലളിതും കൂടി ഒരു ഷോര്‍ട് കട്ട് വഴി നടക്കാനിറങ്ങിയാൽ അഭിലാഷ് തിയറ്ററിന്റെ അടുത്തെത്തും. ആ നേരം അവിടെയുള്ള ഇടവഴി പൊതു മൂത്രപ്പുര പോലുണ്ടാവും. ആണുങ്ങള്‍ പരസ്യമായിനിന്നു മൂത്രമൊഴിക്കുന്ന സ്ഥലം.

പ്രിയ: ഇന്നും മാറ്റമേയില്ലാത്ത ഒരിടമാണ് കോട്ടയത്തെ അഭിലാഷ് തിയറ്റര്‍ പരിസരം. മൂക്കുപൊത്തി വേണം നടക്കാന്‍.

അമ്മയ്ക്ക് അരുന്ധതിയുടെ ജീവിതത്തിലുള്ള ഇടം എന്താണ്?

aaarttt

ഞാനും അമ്മയും തമ്മില്‍ ഒരിക്കലും സാധാരണ ബന്ധം ഉണ്ടായിട്ടേയില്ല. ഒരുപക്ഷേ അതുകൊണ്ടു തന്നെയാകും ഞങ്ങള്‍ തമ്മിലുള്ള സംഘര്‍ഷഭരിതമായ ബന്ധമിപ്പോഴും അദ്ഭുതകരമായി നിലനില്‍ക്കുന്നതും. അമ്മയെപോലെ ക്ഷോഭം, ബ്രില്ല്യന്‍സ്, ജീനിയസ്, ഇതെല്ലാം വേണ്ടിടത്ത് വേണ്ട പോലെ ഉപയോഗിക്കുന്ന വളരെ കുറച്ചു സ്ത്രീകളെയേ ഞാന്‍ കണ്ടിട്ടുള്ളു. എന്നെ അതിഭയങ്കരമായി ദേഷ്യം പിടിപ്പിക്കാന്‍ പറ്റുന്ന ആളാണ് അമ്മ. പക്ഷേ, തൊട്ടടുത്ത നിമിഷം അതെല്ലാം മറന്നെനിക്ക് ക്ഷമിക്കാന്‍ പറ്റുന്നതും ഈ ആളോടു മാത്രമാണ്. ആസ്‌മ അസുഖക്കാരിയായ അമ്മയുടെ ശ്വാസവുമായി മൂന്നു വയസ്സു മുതലേ ഇഴപിരിക്കാനാകാത്തവിധം ചേര്‍ന്നാണ് എന്റെ ജീവിതം കടന്നു പോയത്. അറ്റ്മോസ്റ്റിലെ മറിയംഐപ് ഓർമ നഷ്ടപ്പെട്ട്, പരസ്പരബന്ധമില്ലാതെ നടത്തുന്ന പുലമ്പലുകള്‍, എന്നെ സംബന്ധിച്ചിടത്തോളം നോവലിലെ ഏറ്റവും ഭയാനകമായ ഭാഗമാണ്.

എസ്തറ്റുമാറ്റോ സാൻവിച് തിന്നുമ്പോള്‍ അതിന്റെ സ്വാദ് റാഹേലിന് കിട്ടുന്നതായി ‘ഒടേതമ്പുരാനി’ല്‍ പറയുന്നുണ്ട്. ഈ ഒരു തുടര്‍ച്ചയാണോ അരുന്ധതിയും സഹോദരന്‍ ലളിതും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം?

പതിനാറാമത്തെ വയസ്സില്‍ വീടു വിട്ടിറങ്ങിയശേഷം എനിക്ക് അമ്മയുമായോ ലളിതുമായോ യാതൊരുവിധ ബന്ധങ്ങളും ഉണ്ടായിരുന്നില്ല. ഒരിക്കലൊന്നു വന്നു പോയപ്പോള്‍, ‘ഇനി ഞാന്‍ ഇങ്ങോട്ടേക്കില്ല ലളിത്’ എന്നു പറഞ്ഞിട്ടാണ് മടങ്ങിയത്. ആര്‍ക്കിടെക്ചര്‍ കോഴ്സ് കഴിഞ്ഞ് ബീച്ചിൽ കിടക്കുന്ന കാലിയായ ബിയര്‍കുപ്പികള്‍ ശേഖരിച്ചു വിറ്റുമൊക്കെ ജീവിച്ചതിനുശേഷം ഞാന്‍ ഡല്‍ഹിയിലേക്കു പോന്നു. തെരുവ് എന്ന വലിയ സർ‌വകലാശാലയില്‍ നിന്ന് ഓരോന്നു പഠിച്ചെടുത്തു. സൈക്കിള്‍ ഷോപ്പില്‍ നിന്ന് ഒരാഴ്ചത്തേക്കു സൈക്കിള്‍ വാടകക്കെടുത്ത്, എന്തു പണി കിട്ടിയാലും ചെയ്യാന്‍ തയാറായി കറങ്ങുന്ന കാലമായിരുന്നു അത്. യാതൊരു ജീവിതാഭിലാഷവും അന്ന് ഉണ്ടായിരുന്നില്ല. എങ്ങനെ പണം ഉണ്ടാക്കാം എന്ന ഒറ്റചിന്ത മാത്രം മനസ്സില്‍.

കുറച്ചു കഴിഞ്ഞപ്പോൾ നാഷനല്‍ അര്‍ബന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലൊരു ചെറിയ പണി കിട്ടി. ഇതിനിടയിൽ പ്രദീപ് കിഷന്‍ സംവിധാനം ചെയ്ത 'മാസിസാബി'ല്‍ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ‘ഇന്‍ഡ്യാ ടുഡെ’യില്‍ ചെറിയ കുറിപ്പു വന്നത് ലളിതിന്‍റെ കണ്ണില്‍പ്പെട്ടു. ഫിലിം െഡവലപ്മെന്‍റ് േകാര്‍പറേഷന്‍റെ ഒാഫിസില്‍ നിന്ന് പ്രദീപിന്റെ നമ്പര്‍ സംഘടിപ്പിച്ച് ലളിത് വിളിച്ചു പറഞ്ഞു. ‘ഞാൻ അരുന്ധതിയുടെ സഹോദരനാണ്. എനിക്കവരുടെ നമ്പർ ഒന്നു വേണം.’  

അന്നെനിക്കു ഫോണ്‍ പോയിട്ട് നേരെ ചൊവ്വേ താമസിക്കാന്‍ പോലും ഇടമില്ല. ‘അരുന്ധതിയെ കാണുമ്പോള്‍ താങ്കളുെട നമ്പര്‍ െകാടുക്കാം’ എന്നറിയിച്ചപ്പോള്‍ ഡല്‍ഹി റെയിൽവേ സ്റ്റേഷനടുത്തുള്ള ഏതോ തല്ലിപ്പൊളി ഹോട്ടലിന്റെ നമ്പര്‍ ലളിത്, പ്രദീപിന് കൊടുത്തു.

പിന്നീട് ഞാന്‍ ആ േഹാട്ടലില്‍ വിളിച്ചു.  ലളിത് െെലനില്‍ വന്നപ്പോള്‍ എന്നോടു ചോദിക്കുകയാണ്, ‘എന്റെ കൂടെ ഒരാളു കൂടിയുണ്ട്. ആരാന്നു പറയാമോ?’ ഒരുനിമിഷം പോലും ആലോചിക്കാതെ ഞാന്‍ പറഞ്ഞു.‘ബാബ’. അച്ഛനെ ഞങ്ങള്‍ അങ്ങനെയാണു വിളിച്ചിരുന്നത്. ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള ബാബയായിരിക്കും ലളിതിനൊപ്പം എന്ന് എനിക്ക് ലളിതിന്റെ വാക്കുകളിൽ നിന്ന് ആശ്ചര്യത്തോടെ വായിച്ചെടുക്കാന്‍ പറ്റി!

അങ്ങനെയാണ് ഞാനും ലളിതും. ഒരാള്‍ നിര്‍ത്തിയിടത്തുനിന്ന് മറ്റേയാള്‍ക്കു തുടങ്ങാന്‍ പറ്റും. വല്ലാത്ത ഒരു ബാല്യമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ക്കേറ്റിരിക്കുന്ന മാനസികാഘാതങ്ങള്‍ക്ക് കണക്കില്ല. പക്ഷേ, അതെക്കുറിച്ചൊന്നും ഞങ്ങള്‍ പരസ്പരം ഒരക്ഷരം പോലും മിണ്ടിയില്ല. ഒന്നും പങ്കുവച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് പരസ്പരം മുഴുവനായും വായിച്ചെടുക്കാനറിയാമായിരുന്നു.

അമ്മയും ബാബയും പിന്നെ തമ്മിൽ കണ്ടോ?

ഇല്ല, അങ്ങനൊരു ബോളിവുഡ് റീയൂണിയനൊന്നും ഉണ്ടായില്ല. പ്രണോയ്റോയിയുടെ സഹോദരന്റെ മകനായിരുന്നു ബാബ. എന്നെക്കാണണം ബാബക്കെന്ന് ലളിത് പറഞ്ഞതനുസരിച്ച് ഞാന്‍ പോയി കണ്ടു. പേടിയോ, എന്തു പ്രതീക്ഷിക്കണം എന്നറിയായ്കയോ ഒക്കെ ചേര്‍ന്ന ഒരു ചാപ്റ്റര്‍. എന്നെ ഞാനെന്തൊക്കെ പറഞ്ഞു പരിശീലിപ്പിച്ചിട്ടും തമ്മില്‍ ആദ്യമായി കണ്ടപ്പോള്‍, ഇതാണോ എന്റെ ബാബ എന്ന് അമ്പരന്നു പോയി. തകര്‍ന്ന ഒരു മനുഷ്യരൂപം. സുമുഖനായ, രസകരമായി സംസാരിക്കുന്ന പക്ഷേ, മദ്യപനായ ഒരാള്‍. എനിക്ക് ബാബയെ ഇഷ്ടമാകുക തന്നെ ചെയ്തു. ലളിതിന് ബാബയെ ബഹുമാനമായിരുന്നു.

എനിക്ക് കുടുംബം, ബന്ധങ്ങൾ എന്ന സ്ഥാപിതാചാരങ്ങളിൽ യാതൊരു വിശ്വാസമോ പ്രതീക്ഷയോ ഇല്ലായിരുന്നു.  ഞാന്‍ ഏകാന്തവാസം നയിച്ചപ്പോഴൊക്കെ ലളിത്, കുടുംബത്തെയും ബന്ധങ്ങളെയും വളരെ കാര്യമായെടുത്ത് ബാബയെ എവിടൊക്കെയോ അലഞ്ഞു നടന്ന് കണ്ടെത്തി.

ബാബയ്ക്ക് കൊടുക്കാന്‍ കാശോ കൂടെ താമസിപ്പിക്കാന്‍ ഇടമോ എനിക്ക് ഉണ്ടായിരുന്നില്ല. പിന്നെ, നോവലെഴുതി കാശൊക്കെ കൈയില്‍ വന്നപ്പോള്‍ ഞാന്‍ ബാബയെ മദ്രാസിലെ ഡീ-അഡിക്‌ഷന്‍ സെന്ററിലാക്കുകയും നന്നായി നോക്കുകയും ചെയ്തു. ബാബയ്ക്ക് ക്രിക്കറ്റ് വലിയ കമ്പമായിരുന്നു. ഡോണ്‍ ബ്രാഡ്മാനെ ജീവനും. ‘ബ്രാഡ്മാന് വന്ന അസുഖം (Peritonitis) തന്നെയാണല്ലോ ബാബയ്ക്കും’ എന്ന് പറയുമ്പോള്‍ ബാബയ്ക്കു വലിയ സന്തോഷമായിരുന്നു.

‘ഒടേതമ്പുരാനെ’ എവിടെയൊക്കെയോ ഓർമിപ്പിക്കുന്നില്ലേ രണ്ടാമത്തെ നോവല്‍ ‘അറ്റ്മോസ്റ്റ് ’?

അതിലെ MINISTRY ക്ക് ഡബിള്‍ മീനിങ്ങുണ്ട്. ഗവണ്‍മെന്റുമായും പള്ളിയുമായും അതിന് ബന്ധമുണ്ട്. ഹിന്ദിപരിഭാഷയ്ക്ക് 'അപാര്‍ ഖുഷി കാ ഖരാന' എന്നാണ് ടൈറ്റില്‍. ഒടേതമ്പുരാന്‍ ഒരേസമയം മലയാളത്തിലും ഇംഗ്ലിഷിലും കണ്ടാണ് ഞാനെഴുതിയത്. എന്നാല്‍ ‘അറ്റ്മോസ്റ്റ്’ എന്നെ സംബന്ധിച്ചിടത്തോളം ഒരു ഉറുദു പുസ്തകമാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ തകര്‍ന്നുപോയ കുറെ ഹൃദയങ്ങളുടെ കഥയായിരുന്നു ‘ഒടേതമ്പുരാൻ’. ‘അറ്റ്മോസ്റ്റ്’ ശിഥിലമാക്കപ്പെട്ട അവസ്ഥയില്‍ നിന്നു  പ്രതീക്ഷയുടെ നടപ്പാതയിലേക്കുള്ള ചുവടുവയ്പ്പുകളാണ്. വിരോധാഭാസമെന്നോണം ഒരു ശ്മശാനഭൂമിയാണ് അതിനു വേദിയാകുന്നത് എന്നുമാത്രം.

പക്ഷേ, ‘അറ്റ്മോസ്റ്റ്’ എഴുതിക്കഴിഞ്ഞപ്പോഴാണ് ഞാനറിയുന്നത്, മനപ്പൂർവം  ‘ഒടേതമ്പുരാനി’ല്‍ നിന്നെടുത്ത ഒരു ചോദ്യം കൊണ്ട് ഞാനതിലെ ആദ്യ അധ്യായം പണിതതിനുമപ്പുറം (Where do old birds go to die ?) ഒരുപാട് കുഞ്ഞു വലിയ കാര്യങ്ങള്‍ ഞാനറിയാതെ അതില്‍ കടന്നുകൂടിയിട്ടുണ്ടെന്ന്. ഉറുമ്പുകള്‍, കൊച്ചിന്‍ കങ്കാരുക്കള്‍, അഭിലാഷ് സിനിമാ തിയറ്ററിനു പകരം ഷിറാസ് തിയറ്റര്‍, പൊലീസിനു പകരം ആര്‍മി, മീനച്ചിലാറിനു പകരം കശ്മീരിലെ തടാകം അങ്ങനെയങ്ങനെ ഒരുപാടുകാര്യങ്ങള്‍. അറിയാതെയാണെങ്കിലും ഞാനൊളിപ്പിച്ചു വച്ച ആ കുസൃതി സൂചനകള്‍ പ്രിയയ്ക്കേ മനസ്സിലാകൂ. എന്റെ തലയ്ക്കകത്തു കയറിയിരുന്നെന്ന പോലെ ചിന്തിക്കാന്‍ കഴിയുന്ന ആളാണല്ലോ പ്രിയ!

എന്തുകൊണ്ടു  ചെറുകഥകള്‍ എഴുതുന്നില്ല...?

എഴുതിയിട്ടില്ല എന്നു പറയാന്‍ പറ്റില്ല. എന്റെ ഇരുപതാം വയസ്സില്‍ എഴുതിയ, ഇനിയും പബ്‌ളിഷ് ചെയ്തിട്ടില്ലാത്ത, ഞാന്‍ തന്നെ ഇതിനകം മറന്നു പോയ രണ്ടു ചെറുകഥകള്‍ അടുത്തിടെ കിട്ടി. ‘അറ്റ്മോസ്റ്റ്’ എഴുതാനെടുത്ത പത്തുവര്‍ഷക്കാലം കൊണ്ട് അലങ്കോലമായ വീട് അടുക്കിപ്പെറുക്കുമ്പോഴാണു കിട്ടിയത്.  ‘ക്രിസ്മസ് അറ്റ് അയ്മനം' എന്നും 'മീറ്റിങ് ഏലിയാമ്മ ടീച്ചർ' എന്നും ആണ് കഥകളുടെ പേരുകള്‍. ഞങ്ങളുടെ വീട്ടില്‍ പണിക്കു നിന്നിരുന്ന അമ്മാളും ‘ഒടേതമ്പുരാനി'’ലെ ബേബിക്കൊച്ചമ്മയെപ്പോലൊരു കൊച്ചമ്മയും അയ്മനം വീടുമുണ്ട് ആ ക്രിസ്മസ് കഥയില്‍. പുല്‍ക്കൂട്ടിലെ തിരുപ്പിറവി സീന്‍ ഒറിജിനലായി ആവിഷ്ക്കരിക്കുമ്പോള്‍ അതിലെ കന്യാമറിയമാകണം എന്നാശിക്കുന്ന അമ്മാള്‍, അവസാനം കൊച്ചമ്മ മരിക്കുമ്പോൾ മാത്രം ആ അവസരം കിട്ടുന്ന അമ്മാള്‍ - അങ്ങനെയാണ് കഥ. ഇനിയും ചെറുകഥകള്‍ ചിലപ്പോള്‍ എഴുതിയേക്കാം.

എഴുത്തിനും എഴുത്തിനുമിടയിലെ സമയം എന്തുചെയ്യും?

ar-pri1

എഴുതാത്തപ്പോഴും എഴുതിക്കൊണ്ടേയിരിക്കുന്ന ആളാണ് ഞാന്‍. ഇവിടെ ഇങ്ങനെയിരിക്കുമ്പോഴും ഞാന്‍ എഴുതുന്നുണ്ട്. ഈ ലോകത്തെ ഞാന്‍ കാണുന്നത് വാക്കുകളും വാചകങ്ങളുമായാണ്. ഉദാഹരണത്തിന് ഈ മാവ്, ഞാനിതിനെ ഒരു വാചകമായി കാണും. ഈ ചൂടുകാലവും എനിക്കൊരു വാചകമാണ്. പുതിയ നോവൽ നാല്‍പത്തിയൊമ്പത് ഭാഷകളില്‍ തർജമ ചെയ്യുന്നുണ്ട്. അതിനോടനുബന്ധിച്ച യാത്രകളുണ്ട്, പിന്നെ, ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു.  അറ്റ്മോസ്റ്റിലെ ഉറുദു കവിതകൾ കേള്‍ക്കലും ജീവിതത്തിന്റെ ഭാഗമായി. കുറേക്കാലം ഫിറ്റ്നസ് ട്രെയ്നറായിരുന്നതിന്റെ ബാക്കിയായി എന്നും എയ്റോബിക്സ് ചെയ്യും.

എന്റെ താമസസ്ഥലം, എന്റെയുള്ളിലെ ആര്‍ക്കിടെക്റ്റ് രൂപകൽപന ചെയ്തതാണ്. എഴുതാനിരിക്കുമ്പോള്‍ ഒരു തട്ടും തടവും വരാറില്ല, കാരണം ഒരു ആര്‍ക്കിടെക്റ്റിന്റെ ബ്ലൂപ്രിന്റോടു കൂടിയാണ് ഞാനെഴുതാനിരിക്കുന്നത്. പത്തുവര്‍ഷം മുന്‍പെഴുതിയ അറ്റ്മോസ്റ്റിന്റെ ആദ്യ അധ്യായങ്ങളിലെ ഒരു കോമ പോലും മാറ്റണമെന്നു പിന്നീടു തോന്നിയിട്ടില്ല.  പിന്നെ, എവിടെ ഏതു മുറിയില്‍ ഇരുന്നാലും അതിന്റെ ആ രും കാണാത്ത സാധ്യതകളില്‍ എന്റെയുള്ളിലെ ആര്‍ക്കിടെക്റ്റ് മനസ്സ്് രസിച്ച് കണക്കുകൂട്ടിക്കൊണ്ടിരിക്കും.  

ഇനിയുമുണ്ടാകുമോ അഭിനയം, തിരക്കഥ?

അഭിനയം, തിരക്കഥ അതൊക്കെ ചെയ്യാന്‍ വഴി കുറവാണ്. പക്ഷേ, ചെയ്യില്ല എന്നുറപ്പിച്ചു പറയാനും പറ്റില്ല. നോവലെഴുതുമ്പോള്‍ അതെന്റെ മാത്രം ഇടമാണ്. പലരുമായി സഹകരിച്ചു ചെയ്യേണ്ട സിനിമ പോലെയല്ലല്ലോ നോവലെഴുത്ത്.

പ്രിയ: നാഷനല്‍ അവാര്‍ഡ് വേദിയില്‍ മിഡി സ്കര്‍ട്ടിട്ട് രണ്ടു കാതിലും രണ്ടുതരം കമ്മലുമിട്ട് ചെന്ന അരുന്ധതിയെ അന്നത്തെ രാഷ്ട്രപതി വെങ്കിട്ടരാമന്‍ അന്തംവിട്ടു നോക്കുന്ന ചിത്രം ഇപ്പോഴും ഓർമയിലുണ്ട്.

അതൊരു തമാശയോര്‍മയാണ്. അന്ന് കമ്മല്‍ ഒരെണ്ണമിട്ടിട്ട് നോക്കുമ്പോള്‍ അതിന്റെ ജോഡി മിസിങ്. അതുെകാണ്ടു മറ്റൊരു കമ്മലും അണിഞ്ഞു പോയി.

പെയിന്റിങ് ചെയ്യാറുണ്ടോ?

പണ്ട് ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ ഇല്ല. തീർഥാടകര്‍ കറുപ്പൊക്കെയണിഞ്ഞ് ശബരിമലയ്ക്ക് പോകുന്നതാണ് ആദ്യം ചെയ്ത ഓയില്‍ പെയിന്റിങ്ങ്. എന്റെ ആദ്യ ജീവിതപങ്കാളി ജെറാര്‍ഡിനെ ലാറിബക്കറിന്റെ അസിസ്റ്റന്റായി തിരുവനന്തപുരത്തുവച്ച് കാണുന്നത് ഈ ശബരിമല വേഷത്തിലാണ്. ഷര്‍ട്ടൊന്നുമിടാതെ കറുത്ത മുണ്ടുടുത്ത് അരയില്‍ തോര്‍ത്തു കെട്ടി, ബീഡി വലിച്ചു നിന്ന് അത് ഉള്ളംകാലില്‍ തട്ടിക്കെടുത്തുന്ന ആ കാഴ്ച നല്ല രസമായിത്തോന്നി.

ഇപ്പോള്‍ ശബരിമല ഒരു വിവാദവും ആണല്ലോ. അതെക്കുറിച്ച്, തൽക്കാലം ഞാനൊന്നും പറയുന്നില്ല. തിരഞ്ഞെടുപ്പു കഴിയട്ടെ, എന്നിട്ടു പറയാം.

സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച സാഹിത്യത്തിന്  മങ്ങലേല്‍പ്പിക്കുന്നുണ്ടാ..?

അടുത്തിടെ സാഹിത്യ സമ്മേളനത്തില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം അവിടെ വന്നവരില്‍ 95 ശതമാനവും ചെറുപ്പക്കാരായിരുന്നു എന്നതാണ്. അവരെ അവിടേക്കാകര്‍ഷിച്ചത് സാഹിത്യം മാത്രമാണ്. കശ്മീരിനെക്കുറിച്ച് ഒരുപാടു പറയാനുണ്ടെങ്കിലും ഇതുവരെ ഒറ്റ ലേഖനമേ ഞാനെഴുതിയിട്ടുള്ളു. അതു കുഴപ്പത്തിലായിട്ടുണ്ടുതാനും. പക്ഷേ, ഒരു ലേഖനത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന കാര്യങ്ങള്‍ക്കപ്പുറമുള്ള  വസ്തുതകള്‍, ആശങ്കകള്‍, സങ്കടങ്ങള്‍ എല്ലാം  ഇറക്കി വയ്ക്കാന്‍ പറ്റിയത് ‘അറ്റ്മോസ്റ്റ്’ നോവലിലൂടെയാണ്.

ar-pri3

നമ്മളിവിടെ Good Morning  പറയുമ്പോള്‍ കശ്മീർ നിവാസികള്‍ Good Mourning എന്നു പറയേണ്ടി വരുന്നതും ‘എനിക്കെല്ലാത്തിനോടും ഒത്തിണങ്ങി സന്തോഷമായി ജീവിച്ചു പോകാന്‍ പറ്റുന്നുണ്ട്, കശ്മീരിലെ ജനങ്ങളെപ്പോലെ...’  എന്നു തിലോത്തമയെക്കൊണ്ട് ഒരു വിരോധാഭാസമട്ടില്‍ പറയിപ്പിക്കാനും ‘ശ്മശാനത്തില്‍ കാര്യങ്ങള്‍ ഒരുവിധം ഭംഗിയായി നടക്കുന്നുണ്ട്, പക്ഷേ, ജീവിതത്തില്‍ ഒട്ടും ഭംഗിയായല്ല കാര്യങ്ങള്‍ നടക്കുന്നത്...’ എന്നു ചൂണ്ടിക്കാണിക്കാനും എനിക്ക് ‘അറ്റ്മോസ്റ്റ് ഹാപ്പിനസ്’ എന്ന നോവല്‍ വേണം. അവിടെയാണ് സാഹിത്യത്തിന്റെ ശക്തി.

ചിരി മായാറില്ലല്ലോ?

ഒരു പക്ഷേ ഞാനും മറ്റൊരു ലോകത്തായിരിക്കാം ജീവിക്കുന്നത്, ‘അറ്റ്മോസ്റ്റ്’ നോവലിലെ അഞ്ജുമിനെപ്പോലെ ഞാനിപ്പം ഹാപ്പിയാണോ എന്നു ചോദിച്ചാല്‍, ഇക്കാലത്ത് ലോകത്ത് ഒരു വിഡ്ഢിക്കു മാത്രമേ അങ്ങനിരിക്കാന്‍ പറ്റൂ. ഞാനെന്റെ ഊർജം, വലിയ യുദ്ധങ്ങള്‍ക്കായി സ്വരുക്കൂട്ടി വച്ചിരിക്കുകയാണ്. പക്ഷേ, ഒരു കാര്യം പറയണം എന്നു തോന്നിയാല്‍ അതുള്ളില്‍ കെട്ടിപ്പൂട്ടി വച്ചിരിക്കാന്‍ എനിക്കു പറ്റില്ല.എന്തൊക്കെ പ്രതികൂല സാഹചര്യങ്ങളാണെങ്കിലും. അത്തരം സ്വഭാവങ്ങളൊക്കെയാകാം ഒരുപക്ഷേ, എനിക്ക് അമ്മയില്‍ നിന്നു കിട്ടിയിരിക്കുന്നത്.

എങ്ങനെ ഇത്ര സുന്ദരിയായിരിക്കുന്നു?

ഡൽഹിയിലെ എന്റെ വീട്ടിൽ ഞാൻ രണ്ടു പട്ടികളെ വളർത്തുന്നുണ്ട്. ബീഗം ഫിൽത്തി ജാനും മട്ടി കലാലും. രണ്ടുപേരെയും തെരുവിൽ നിന്നു കിട്ടിയതാണ്. രാവിലെ അവരുടെ കൂടെ കളിക്കും. അവരെ കടിക്കുകയൊക്കെ ചെയ്യും. അവരുടെ ഭാഷ അതാണല്ലോ. (കുസൃതി മുഖത്ത് വീണുപോകുന്നു) പിന്നെ സന്തോഷം കൊണ്ടുമായിരിക്കാം.

ഒരുപാട് നല്ല സൗഹൃദങ്ങളുണ്ടെനിക്ക്. തമാശ, രസം, അടുപ്പം, ഭ്രാന്ത്... ഒക്കെ ചേരുവകളായ വളരെ പ്രിയപ്പെട്ട ബന്ധങ്ങള്‍. അതുകൊണ്ടാകും ഒരിക്കലും ഏകാന്തത അനുഭവപ്പെടാറില്ല, അങ്ങനെ പറയുമ്പോഴും എനിക്കറിയാം പരമസങ്കടങ്ങളെ ചുറ്റിയാണ് എല്ലാ പരമാനന്ദങ്ങളുടെയും നിലനിൽപ് എന്ന്.

കേരളത്തിലേക്കു സ്ഥിരമായി വരുമോ...?

(പുറത്തുനിന്ന് ഉള്ളിലേക്കു പാറിവന്ന വെയിലിനെ നോക്കി അലസമായിരിക്കുകയാണ് അരുന്ധതി. പിന്നെ  അലസമായി മറുപടി.)

വരുമായിരിക്കും. അതങ്ങനെയല്ലാതെ വരില്ലല്ലോ.