Saturday 17 November 2018 12:35 PM IST : By സ്വന്തം ലേഖകൻ

‘ശരീരം എന്ന തടവറയിൽ നിന്നും മോചിപ്പിക്കപ്പെട്ട നിങ്ങൾക്ക് അഭിവാദ്യങ്ങൾ’; ശിശുദിന അധ്യാപികയ്ക്ക് പിന്തുണ; കുറിപ്പ്

teacher

സോഷ്യൽമീഡിയയുടെ കണ്ണും കാതും ഇപ്പോൾ ഉടക്കി നിൽക്കുന്നത് ഒരു ടീച്ചറിലാണ്. ശിശുദിനത്തിൽ ചാച്ചാജിയെ പരിചയപ്പെടുത്തിക്കൊണ്ട് ആ ടീച്ചർ നടത്തിയ പ്രകടനമാണ് ഏവരുടേയും മനം നിറയ്്ക്കുന്നത്. അസാധ്യ പെർഫോമൻസും അമ്പരപ്പിക്കുന്ന എനർജിയും കൊണ്ട് ടീച്ചർ അവതരിപ്പിച്ച പാട്ട് സോഷ്യൽ മീഡിയിൽ വൈറലായതാകട്ടേ കണ്ണടച്ചു തുടക്കുന്ന വേഗത്തിലും.

കുട്ടികളുടെ മനസ്സിൽ അറിവ് എന്നും തങ്ങിനിൽക്കാൻ നെഹ്‍റുവിനെക്കുറിച്ചുള്ള വിവരങ്ങൾ ഓട്ടംതുള്ളലിന്റെ രൂപത്തിൽ വ്യത്യസ്തമായി അവതരിപ്പിക്കുകയായിരുന്നു അവർ. ‘നെഹ്റുവിന്റെ ജൻമദേശം അലഹബാദെന്നറിയുക നമ്മൾ...’ എന്ന വരികളിലൂടെയാണ് അധ്യാപികയുടെ പാട്ട് തുടങ്ങുന്നത്.

‘അധ്യാപനത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലൊരു വേർഷൻ ആദ്യമായിട്ടാണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഒട്ടുമിക്ക പേരുടേയും കമന്റ്. വേറിട്ട രീതിയിലൂടെ അറിവ് പകർന്നു നൽകിയ അധ്യാപികയെ അഭിനന്ദിച്ചും പലരും പിന്നാലെയെത്തി.

പക്ഷേ അഭിനന്ദനങ്ങൾക്കിടയിലും കുത്തിനോവിക്കുന്ന കമന്റുകളുമായും ചിലരെത്തിയിരുന്നു. ‘ടീച്ചർക്ക് ബാധ കയറിയോ?, ഇങ്ങനേം ടീച്ചേർസ് ഉണ്ടോ’ എന്നിങ്ങനെയായിരുന്നു ആക്ഷേപ കമന്റുകൾ. ഇപ്പോഴിതാ അത്തരം പരിഹാസ കമന്റുകാർക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടിയുമായെത്തിയിരിക്കുകയാണ് മറ്റൊരു ടീച്ചറായ റസീന റാസ്.

ഇത്തരം പരിഹാസ കമന്റുകൾ കണ്ടുമടുത്തുവെന്ന് റസീന പറയുന്നു. പരിഹാസ പാത്രമാക്കുന്നത് കണ്ട് തളരാതിരിക്കണമെന്ന് റസീന പേരറിയാത്ത ആ ടീച്ചറോട് പറയുന്നു. .പതിവ് ടീച്ചർ നാട്യങ്ങളിൽ നിന്നെല്ലാം മോചിതയായ ടീച്ചറെ അഭിനന്ദിക്കാനും റസീന മറന്നിട്ടില്ല.

റസീന റാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ശിശുദിനത്തിൽ ഒരദ്ധ്യാപിക കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ച ഗാനം വീഡിയോരൂപത്തിൽ പ്രചരിക്കുന്നു. കണ്ടുപിടിക്ക്, ഇങ്ങനെം ഉണ്ടോ ടീച്ചേർസ്, ബാധ കയറിയ ടീച്ചർ എന്നൊക്കെ ഉള്ള അടിക്കുറിപ്പുകളോടെ ഈ വിഡിയോ നിരന്തരം പരിഹസിക്കപെടുന്നത് കണ്ടുമടുത്തു.

സ്ത്രീകളായ അധ്യാപകർ പൊതുവെ വേദിയിൽ കേറാറുള്ളത് വടിവൊത്ത പ്രസംഗങ്ങൾക്ക് വേണ്ടിമാത്രമാണ്. അല്ലങ്കിൽ താളവും ലയവും ചേർന്ന കുലീനമായ ഗാനാലാപനം.ആ സ്ഥാനത്താണ് ഇവർ കയ്യും കാലും ഇളക്കി , ചാടിയും തുള്ളിയും ഒരു ഗാനം വേദിയിൽ അവതരിപ്പിക്കുന്നത്. രസിച്ചു കേൾക്കുന്ന കുട്ടികളുടെ കയ്യടിയും വീഡോയോയിൽ കേൾക്കുന്നുണ്ട്.

ഞാനോർത്തത് അത് കണ്ടുനിൽക്കുന്ന പെൺകുട്ടികളെ കുറിച്ചാണ്. സ്വന്തം ശരീരത്തിന്റെ ചലന സാധ്യതകളെക്കുറിച്ച് വലിയ ഒരു സന്ദേശം കൂടിയാണ് ഈ അധ്യാപിക അവർക്കു മുമ്പിൽ അവതരിപ്പിക്കുന്നത് .

ടീച്ചർ, താങ്കൾ ആരെന്നു എനിക്ക് അറിഞ്ഞുകൂടാ. വടിവൊത്ത സാരി, വിനയം തുളുമ്പുന്ന വാക്കുകൾ, സൗമ്യമായ ചിരി, ഭൂമി അറിയാത്ത ചലനം. ഇത്തരം പതിവ് ടീച്ചർ നാട്യങ്ങളിൽ നിന്നെല്ലാം മോചിതയായ താങ്കളെ പരിഹാസപാത്രമാക്കുന്നത് കണ്ട് തളരാതിരിക്കുക. ശരീരം എന്ന തടവറയിൽ നിന്നും മോചിപ്പിക്കപ്പെട്ട താങ്കൾക്കെന്റെ അഭിവാദ്യങ്ങൾ....