Saturday 19 December 2020 07:40 PM IST

ചെറിയൊരു ക്ഷീണം, രാത്രിയിൽ മാത്രം ചുമ! കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ മരണം മുന്നിൽ കണ്ട് ഒരു മാസം കോമയിൽ; നിസാരമല്ല ഈ രോഗം

Priyadharsini Priya

Sub Editor

shabeer-m1

"ഒന്നു കണ്ണടച്ചു തുറന്നപ്പോഴേക്കും ജീവിതത്തിൽ നിന്ന് പൊഴിഞ്ഞു പോയത് നാൽപ്പതിൽ അധികം ദിവസങ്ങൾ. മക്കളുടെ കളികൊഞ്ചലുകൾ ഇല്ലാതെ, ഭാര്യയുടെ സ്നേഹപരിഭവങ്ങൾ അറിയാതെ, ഉപ്പയുടെയും ഉമ്മയുടെയും കരുതലിന്റെ ശബ്ദമില്ലാതെ 40 ഓളം ദിവസങ്ങൾ കടന്നുപോയി. പക്ഷെ, വെന്റിലേറ്ററിൽ കോമയിൽ ആയിരുന്നപ്പോഴും അവരെല്ലാം എന്റെ ഒപ്പമുള്ളത് പോലൊരു തോന്നൽ... തലയ്ക്ക് ചുറ്റും വട്ടം കറങ്ങുന്ന ചിന്തകൾ. എനിക്കവരുടെ ശബ്ദം കേൾക്കാമായിരുന്നു. അവരോടു ഞാൻ സംസാരിച്ചു, അവർക്കൊപ്പം ഇരുന്ന് ആഹാരം കഴിച്ചു, കൊച്ചു പിണക്കങ്ങളും കുസൃതികളും ഉള്ളു നിറച്ചു. എന്റെ ശരീരം മാത്രമായിരുന്നു വെന്റിലേറ്ററിൽ, ആത്മാവ് പുറംലോകത്ത് പ്രിയപ്പെട്ടവർക്കൊപ്പം ഉണ്ടായിരുന്നു. ഇതെന്റെ രണ്ടാം ജന്മമാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അള്ളാഹ് നീട്ടിത്തന്ന മധുരമുള്ള ജീവിതം."- ഷബീർ മുഹമ്മദ് പതിഞ്ഞ ശബ്ദത്തിൽ കോവിഡ് അനുഭവങ്ങൾ പറഞ്ഞു തുടങ്ങി.

കോവിഡ് വെറും നിസ്സാരക്കാരൻ ആണെന്നു കരുതുന്നവരും രോഗത്തെ പുച്ഛത്തോടെ തള്ളിക്കളയുന്നവരും തീർച്ചയായും പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 38 വയസ്സുകാരൻ ഷബീർ മുഹമ്മദിന്റെ അനുഭവം അറിയണം. ദുബൈയിൽ ആസ്റ്റർ ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേഷനിൽ ഓപ്പറേഷൻ മാനേജറായി ജോലി ചെയ്യുകയായിരുന്നു ഷബീർ. അവിടെ നിന്നാണ് 2020 ഏപ്രിൽ 27 ന് കോവിഡ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിക്കുന്നത്. പിന്നീടുള്ള രണ്ടു മാസം ഷബീറിന്റെ ജീവിതം കോമയിൽ ആയിരുന്നു. മരണത്തെ മുഖാമുഖം കണ്ട് വെന്റിലേറ്ററിൽ, ഹൃദയം നിലച്ചുപോയ നിമിഷങ്ങളും ഉണ്ടായി. ഉറ്റവരും ഉടയവരും നാട്ടിൽ, പ്രാർത്ഥനയോടെ കടന്നുപോയ രണ്ടു മാസങ്ങൾ. കോവിഡ് തീവ്ര അനുഭവത്തെ കുറിച്ച് വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ഷബീർ മുഹമ്മദ്.

നീണ്ട ഉറക്കത്തിലേക്ക്...

എന്റെ ഹോസ്പിറ്റൽ ഉണ്ടായിരുന്നത് ക്നൈഫ് എന്നുപറഞ്ഞ ഏരിയയിൽ ആണ്. ദുബൈയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്നതും അവിടെ തന്നെയാണ്. തുടക്കത്തിൽ അവിടെ ലോക് ഡൗൺ ആയിരുന്നു. പിന്നീട് നിയന്ത്രണങ്ങൾ മാറി എല്ലാം തുറന്നു കൊടുത്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഒരുപാട് കോവിഡ് രോഗികൾ ഞങ്ങളുടെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയിരുന്നു. ഞാൻ ഡയബെറ്റിക് ആണ്. പക്ഷെ, വളരെ കൺട്രോൾഡ് ആയിരുന്നു. ജോലി ഹോസ്പിറ്റലിൽ തന്നെയായിരുന്നത് കൊണ്ട് എപ്പോഴും ചെക്കപ്പ് ചെയ്യുമായിരുന്നു.

ചെറിയ പനിയോടെയായിരുന്നു കോവി‍ഡിന്റെ തുടക്കം. സ്റ്റെപ്പുകൾ കയറുമ്പോൾ നല്ല കിതപ്പ് അനുഭവപ്പെട്ടിരുന്നു. രാത്രി മാത്രം കടുത്ത ചുമയും. ആ സമയത്തും ഞാൻ ഡ്യൂട്ടിക്ക് പോയിരുന്നു. ഒരു വൈകുന്നേരം ചുമച്ചപ്പോൾ ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിൽ കഫം വായിൽ നിന്ന് പുറത്തുവന്നു. അപ്പോൾ തന്നെ ആരോഗ്യപ്രവർത്തകരെ വിളിച്ച് അറിയിച്ചു. തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ പോയി അഡ്മിറ്റ് ആയി ടെസ്റ്റ് ചെയ്തു. പിറ്റേദിവസം റിസൾട്ട് വന്നു, കോവിഡ് പോസിറ്റിവ് ആയിരുന്നു. ഏപ്രിൽ 27 നാണ് ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നത്.

അടുത്ത ദിവസം വലിയ കുഴപ്പം ഉണ്ടായിരുന്നില്ല. പനിയൊക്കെ വിട്ടുപോയിട്ടുണ്ടായിരുന്നു. അങ്ങനെ ഞാൻ കിടക്കുന്ന വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് എന്നെ മാറ്റി. അവിടേക്ക് കുറേയേറെ നടക്കാനുണ്ടായിരുന്നു. നടന്നെത്തിയപ്പോൾ കിതപ്പു കാരണം ‍ഞാൻ തളർന്നുപോയി. അന്നു രാത്രി ശ്വാസം കിട്ടാതെ പിടഞ്ഞു. പിന്നീട് എനിക്കൊന്നും ഓർമയുണ്ടായിരുന്നില്ല. 29 നു എന്നെ ഐസിയുവിലേക്ക് മാറ്റി.

shabeer-m2

സന്തോഷത്തിന്റെ ഉയിർപ്പ്

ഏപ്രിൽ 29 നു ഐസിയുവിൽ കയറിയ ഞാൻ ജൂൺ അവസാനമാണ് കണ്ണുകൾ തുറക്കുന്നത്. മേയ് മാസം മുഴുവനും കോമയിൽ ആയിരുന്നു. ഒരുപാട് ഉറങ്ങി ക്ഷീണത്തോടെ എഴുന്നേൽക്കില്ലേ... അതുപോലെയാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണരുന്നത്. കണ്ണുതുറന്നു നോക്കുമ്പോൾ കാണുന്നത് ഐസിയുവിന്റെ വിൻഡോ ആണ്. അതിലൂടെ കുറേ നഴ്സുമാർ എന്നെ നോക്കുന്നു. അവർ ചാടി കളിക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും കണ്ടപ്പോൾ എനിക്കൊന്നും മനസ്സിലായില്ല. ഞങ്ങളുടെ ഹോസ്പിറ്റലിലെ അതേ യൂണിഫോം ആയിരുന്നു അവരും ധരിച്ചിരുന്നത്. ഞാനെവിടെയാണ് കിടക്കുന്നതെന്നും എപ്പോൾ എങ്ങനെയാണ് അഡ്മിറ്റ് ആയതെന്നും ഓർമയുണ്ടായിരുന്നില്ല. നഴ്സ് ഏതോ പേപ്പർ കൊണ്ടുവന്നപ്പോൾ ഞാൻ അതിലെ തിയതി നോക്കി... ജൂൺ 26.. ആ നിമിഷം ഷോക്കേറ്റപോലെ മിന്നൽ നെഞ്ചിനുള്ളിലൂടെ പാഞ്ഞുപോയി.

മാർച്ചിൽ ഫ്ളൈറ്റ് യാത്രകൾ നിർത്തുന്നതിന്റെ ഒരു ദിവസം മുൻപ് ഞാൻ ഭാര്യയെയും കുട്ടികളെയും നാട്ടിലേക്ക് കയറ്റിവിട്ടിരുന്നു. പിന്നീട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. ഭാര്യയെ നാട്ടിലേക്ക് വിട്ടതൊന്നും എനിക്ക് ഓർമയുണ്ടായിരുന്നില്ല. ആശുപത്രിയിൽ പരിചരിക്കാൻ നഴ്സുമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വാർഡിലേക്ക് മാറ്റിയപ്പോൾ ഭാര്യയെ നാട്ടിലേക്ക് വിട്ടതൊന്നും ഓർമ്മയില്ലാതെ അവളോട് ഹോസ്പിറ്റലിലേക്ക് വാ എന്ന് പറഞ്ഞു ഞാൻ മെസ്സേജ് അയച്ചിരുന്നു. ആ സമയത്ത് എനിക്ക് ശബ്ദമൊന്നും ഉണ്ടായിരുന്നില്ല. തൊണ്ടയിൽ ട്യൂബ് ഉണ്ടായിരുന്നു, അത് എടുത്തു മാറ്റിയപ്പോൾ സംസാരിക്കാൻ വല്ലാതെ ബുദ്ധിമുട്ടി.

അത്രയും ദിവസം ഐസിയുവിൽ കിടന്നത് കൊണ്ട് വലതു കൈയ്ക്ക് മസിൽ ലോസ് ഉണ്ടായി. വലത്തേ കൈ അനക്കാൻ പറ്റുണ്ടായിരുന്നില്ല. രണ്ടു കാലുകൾക്കും ശേഷി കുറവുണ്ടായിരുന്നു. നടക്കാനൊന്നും പറ്റിയിരുന്നില്ല. ആശുപത്രിയിൽ നിന്ന് പുറത്തുവന്നപ്പോൾ വെറും 45 കിലോയായിരുന്നു ഭാരം. അഡ്മിറ്റ് ആകുന്ന സമയത്ത് 75 കിലോയും. ഓരോരുത്തരും കഷ്ടപ്പെട്ട് വെയിറ്റ് കുറയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഞാനൊരു മാസം കിടന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും 30 കിലോയാണ് കുറഞ്ഞത്.

shabeer-m3

ഐസിയു ഹാലൂസിനേഷൻ എന്ന പ്രതിഭാസം

ഐസിയു ഹാലൂസിനേഷൻ എന്നൊരു സംഭവം ഉണ്ട്. അത് ശരിക്കും അനുഭവിച്ചു. സെഡേഷനിലാണ്, കണ്ണുകൾ തുറക്കുന്നുണ്ടോ എന്നൊന്നും അറിയില്ല. ഞാൻ വീട്ടിലേക്ക് വരുന്നതും ഉപ്പയോടും ഉമ്മയോടും സംസാരിക്കുന്നതും കിച്ചണിൽ ഭക്ഷണം പാകം ചെയ്യുന്നതുമൊക്കെ കാണുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ആളുകൾ കൊല്ലാൻ വരുന്നത് പോലുള്ള ഭീകര സ്വപ്നങ്ങളും കണ്ടു. അതങ്ങനെ സിനിമ കാണുന്നത് പോലെ കണ്ടുകൊണ്ടിരിക്കും. നാൽപ്പത് മുതൽ അമ്പത് ദിവസത്തോളം എന്നെ ഇൻക്യുബേറ്റ് ചെയ്തിട്ടുണ്ട്.

കൂട്ടുകാരിൽ നിന്നാണ് കോമയിൽ ആയിരുന്നപ്പോൾ ഉള്ള എന്റെ ആരോഗ്യസ്ഥിതി മനസ്സിലായത്. ചില നിമിഷങ്ങളിൽ എന്റെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചുവെന്നും ശ്വാസകോശം പ്രവർത്തിച്ചില്ലെന്നും അവർ പറഞ്ഞറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. മഞ്ഞു മൂടിയ പോലെയായിരുന്നു എന്റെ ലങ്സ്. കൈവിട്ടു പോയി എന്ന് കരുതിയിരുന്ന നിമിഷങ്ങൾ അള്ളാഹിന്റെ കരുണ കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന് അവർ പറയും. ഗ്രൂപ്പിൽ കൂട്ടുകാർ തമ്മിൽ എന്റെ ആരോഗ്യസ്ഥിതി അപ്പപ്പോൾ പരസ്പരം അറിയിക്കുമായിരുന്നു. മെസേജുകൾ വായിച്ചയുടനെ അവരത് ഡിലീറ്റ് ചെയ്യും. എനിക്ക് ബോധം വരുമ്പോൾ ഇതൊന്നും കണ്ടു പേടിക്കരുതെന്ന് അവർ കരുതിയിരുന്നു. ചില ദിവസം നല്ല റിപ്പോർട്ട് ആണെങ്കിൽ രാത്രിയാകുമ്പോൾ സ്ഥിതി മോശമാകുമായിരുന്നു. ഒരു രക്ഷയില്ല എന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മെസ്സേജ് വരും.

ഉപ്പ ഹാർട്ട് പേഷ്യന്റാണ്. അതുകൊണ്ട് ഇക്കാര്യങ്ങളൊന്നും അറിയിച്ചിരുന്നില്ല. എന്നെ വാർഡിലേക്ക് മാറ്റിയശേഷമാണ് ഉപ്പയോട് പറഞ്ഞത്. ഉമ്മയോട് ചെറുതായി കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. ഒരു മാസത്തിൽ കൂടുതൽ ഞാൻ അവരെ വിളിക്കാതിരിക്കുമ്പോൾ പേടിക്കില്ലേ... അതുകൊണ്ട് അനിയൻ അവന് തിരക്കായിരിക്കും എന്നു പറഞ്ഞു ആശ്വസിപ്പിച്ചിരുന്നു. ആ സമയത്തെല്ലാം ഭാര്യ ആരോടും മിണ്ടാതെ മുറിയിൽ അടച്ചിരിക്കുകയായിരുന്നു. ഞാൻ അടുത്തില്ല, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാൻ കഴിയുന്നില്ല. എന്നേക്കാൾ നീറ്റലും വേദനയും ഇക്കാലം കൊണ്ട് അവർ അനുഭവിച്ചു കഴിഞ്ഞിരുന്നു. രണ്ടു മക്കളാണ്. മൂത്ത ആൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു.

വാർഡിലേക്ക് മാറ്റി പതിനഞ്ചു ദിവസം കഴിഞ്ഞശേഷമാണ് നാട്ടിലേക്ക് പോരുന്നത്. നാട്ടിൽ വന്നശേഷം പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വെറ്റിലേറ്ററിൽ കിടന്നതു കൊണ്ട് ശരീരത്തിൽ മുറിവുകളും പൊട്ടലും ഉണ്ടായിരുന്നു. ന്യൂറോ ട്രീറ്റ്മെന്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. പതുക്കെ നടക്കാനൊക്കെ തുടങ്ങി. കോമയിൽ നിന്ന് എഴുന്നേറ്റശേഷം കുറേ കാലം ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒരു മണിക്കൂർ മാത്രമായിരുന്നു ഉറക്കം. ഇപ്പോൾ അതൊക്കെ നോർമൽ ആയി. നാലു മാസം കൊണ്ട് 63 കിലോ ആയി. എങ്കിലും കൈയ്ക്ക് ഇനിയും ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ട്. കുറച്ചുകാലം നന്നായി ശ്രദ്ധിക്കാനാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ വീട്ടിൽ തന്നെ ഇരിപ്പാണ്. പഴയ ആരോഗ്യം വീണ്ടെടുക്കണം. ഇന്നലെ എന്തൊക്കെ ആയിരുന്നിട്ടും കാര്യമില്ല ഇത്രയേ ഉള്ളൂ ജീവിതം എന്നെനിക്ക് മനസ്സിലായി. ആർക്കും ഈ അവസ്ഥ ഉണ്ടാകരുത് എന്നുമാത്രമാണ് എന്റെ ഒരേയൊരു പ്രാർഥന. കോവി‍ഡിനെ ഒരിക്കലും നിസ്സാരമായി കാണരുത്. ശ്രദ്ധിക്കുക.

shebeer444fff
Tags:
  • Spotlight