Wednesday 13 October 2021 12:08 PM IST : By സ്വന്തം ലേഖകൻ

അപകടം നടന്നതിനു ശേഷം ഈ ‘പക്ഷേ’കൾ ഓർക്കുന്നതിനേക്കാൾ നല്ലത് മുൻപേ തിരുത്തുന്നതല്ലേ? തിരുത്തലുകൾ നമുക്ക് കഴിയും, കുറിപ്പ്

accident-noohuuuu7788

അമിതവേഗത്തിൽ വാഹനം ഓടിക്കുമ്പോഴും അശ്രദ്ധ മൂലവും ഉണ്ടാകുന്ന അപകടത്തിൽ നിരപരാധികളുടെ ജീവൻ പൊലിയുന്ന വാർത്തകൾ തുടർക്കഥകളാകുകയാണ്. ഇനിയുമൊരു ദുരന്തം ആവർത്തിക്കാതിരിക്കാനെടുക്കേണ്ട മുൻകരുതൽ എന്തൊക്കെയാണ്? അപകടങ്ങൾ സംഭവിച്ചു കഴിയുമ്പോൾ, ഒരുപക്ഷേ അങ്ങനെ ആയിരുന്നില്ലെങ്കിൽ എന്നു പശ്ചാത്തപിക്കുന്ന ആളുകളുടെ ശീലത്തെക്കുറിച്ചും അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും ഓർമിപ്പിക്കുകയാണ് ഐഎംഎ സമൂഹമാധ്യമ വിഭാഗം നാഷനല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു.

ഡോ. സുള്‍ഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഒരു പക്ഷേ?

ഒരു ശതമാനം  സ്പീഡ് കൂടുമ്പോൾ റോഡപകടം ഉണ്ടാകാനുള്ള സാധ്യത 4% കൂടുന്നുവത്രേ. ഒരുപക്ഷേ, കാര്യങ്ങൾ മറ്റൊരു തരത്തിലായിരുന്നെങ്കിൽ മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് പലപ്പോഴും തോന്നാറുണ്ട്. നമുക്കെല്ലാവർക്കും.

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച ചെറുപ്പക്കാരനായ മെഡിക്കൽ വിദ്യാർഥിയുടെയും ഗുരുതരാവസ്ഥയിൽ കഴിയുന്ന  മറ്റൊരു മെഡിക്കൽ വിദ്യാർഥിയുടെയും അനുഭവങ്ങൾ മാത്രമല്ല,  എല്ലാ ദിവസവും പൊലിയുന്ന  ലക്ഷക്കണക്കിന് ജീവനുകൾ ഈ പക്ഷേകൾ  നമ്മളെക്കൊണ്ട് പറയിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഒരുപക്ഷേ കാർ ഓടിച്ചിരുന്നവർ മദ്യപിച്ചില്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ അപകടങ്ങൾ ഏറ്റവും കൂടിയ ആ സമയത്ത് യാത്ര ചെയ്യാൻ തോന്നിയില്ലായിരുന്നുവെങ്കിൽ. ഒരുപക്ഷേ ഹെൽമെറ്റ്  കൃത്യമായി ധരിച്ചിരുന്നുവെങ്കിൽ. ഒരുപക്ഷേ വാഹനങ്ങളുടെ സ്പീഡ് മിതമായ തലത്തിലായിരുന്നുവെങ്കിൽ. അങ്ങനെ 100 പക്ഷേകൾ ! 

നഷ്ടപ്പെട്ടത്, നഷ്ടപ്പെടുന്നത് നിരവധി ജീവനുകൾ. ഈ പക്ഷേകൾ അപകടങ്ങൾക്ക് മുൻപ് ഓർത്തിരിക്കുകയാണ് ഉത്തമം. റോഡപകടങ്ങളിലെ  മരണസംഖ്യ 2030 ഓടെ പകുതിയാക്കാൻ യുഎൻ ലക്ഷ്യമിടുമ്പോൾ ലോകത്തെമ്പാടുമായി ഏതാണ്ട് 13 ലക്ഷം ആൾക്കാരാണ് എല്ലാ വർഷവും മരിക്കുന്നതെന്ന സത്യം നമ്മെ തുറിച്ചു നോക്കുന്നുണ്ട്. ഭാരതത്തിലെ, കേരളത്തിലെ തോതും വ്യത്യസ്തമല്ല.

റോഡപകടങ്ങൾ കാർന്നു തിന്നുന്നത് മിക്ക രാജ്യങ്ങളുടെയും ജിഡിപിയുടെ മൂന്ന് ശതമാനത്തിലധികം. റോഡപകടങ്ങളിലെ ഹൈ റിസ്ക് ഗ്രൂപ്പ് കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, മോട്ടർസൈക്കിൾ യാത്രക്കാർ എന്നിവരാണ്.

വരുമാനം കുറഞ്ഞ രാജ്യങ്ങളിലാണ് റോഡപകടങ്ങളുടെ 93 ശതമാനവും നടക്കുന്നതെന്ന് കണക്ക്. അഞ്ചിനും 45നും  ഇടയ്ക്ക് പ്രായമുള്ള ആളുകളുടെ മരണത്തിന് കൂടുതലും കാരണമാകുന്നത് റോഡപകടങ്ങളാണ്. റോഡപകടങ്ങൾ മൂലമുള്ള മരണങ്ങളിൽ 25 വയസ്സിന് താഴെയുള്ള പുരുഷന്മാർ ഏതാണ്ട് 73 ശതമാനമാണ്. ഒരു കിലോമീറ്റർ സ്പീഡ് കൂട്ടുമ്പോൾ റോഡപകടം ഉണ്ടാകാനുള്ള സാധ്യത 4 ശതമാനത്തോളം കൂടുന്നുവെന്ന് കണക്ക്.

50 കിലോമീറ്ററിൽ നിന്നും 65 കിലോമീറ്ററിലേക്ക് കാറിന്റെ വേഗത കൂട്ടുമ്പോൾ കാൽനടയാത്രക്കാരന്റെ മരണത്തിന്റെ സാധ്യത നാലര മടങ്ങുന്നു കൂടുന്നുവെന്നാണ് മറ്റൊരു കണക്ക്. ഒരു വാഹനം ഏതാണ്ട് 65 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു കാറുമായി കൂട്ടിമുട്ടിയാൽ യാത്രക്കാരുടെ മരണസാധ്യത 85 ശതമാനത്തോളമായിരിക്കും. രക്തത്തിലെ ആൽക്കഹോളിന്റെ അളവ് കൂടുന്നതിനനുസരിച്ച്  റോഡപകടം മൂലമുള്ള മരണ സാധ്യതയും കൂടുന്നു.

കൃത്യമായ ഹെൽമറ്റ് ഉപയോഗം  മരണകാരണമാകാൻ സാധ്യതയുള്ള  മുറിവുകളിൽ 42 ശതമാനവും തലയ്ക്ക് ഏൽക്കുന്ന മുറിവിന് 69 ശതമാനവും കുറവ് ഉണ്ടാക്കുന്നുവത്രേ. സീറ്റ് ബെൽറ്റിട്ട് വാഹനമോടിച്ചാൽ മുൻ സീറ്റിലിരിക്കുന്ന ആളിന് 50% അപകട സാധ്യത  കുറയുന്നു. പിൻഭാഗത്ത് ഇരിക്കുന്നവരിൽ 25 ശതമാനവും. കുട്ടികളിൽ ഉപയോഗിക്കുന്ന  സുരക്ഷാ മാർഗ്ഗങ്ങൾ മരണകാരണങ്ങൾ 60 ശതമാനത്തോളം കുറയ്ക്കുന്നു . വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് അപകടം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടി കൂട്ടുന്നവത്രേ.

റോഡിന്റെ അപകടാവസ്ഥ, സുരക്ഷിത മാനദണ്ഡങ്ങൾ ഇല്ലാത്ത വാഹനങ്ങൾ അപകടം കഴിഞ്ഞാൽ ചികിത്സ നൽകാൻ വൈകുന്നത്  മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അങ്ങനെ നിരവധി കാരണങ്ങൾ മരണത്തിലേക്ക് നയിക്കുന്നതായി ചൂണ്ടിക്കാട്ടുവാൻ കഴിയും. അപകടം നടന്നതിനു ശേഷം ഈ പക്ഷേകൾ ഓർക്കുന്നതിനേക്കാൾ ഒരുപക്ഷേ നല്ലത് തിരുത്താൻ കഴിയുന്ന ചിലതൊക്കെ തിരുത്തുന്നത് തന്നെയാണ്. തിരുത്തലുകൾ നമുക്ക് കഴിയും, കഴിയണം.

Tags:
  • Spotlight
  • Social Media Viral