Thursday 04 October 2018 12:46 PM IST : By ലക്ഷ്മി വിജയന്‍

സത്യായിട്ടും ഞാൻ അച്ചനല്ല...വടക്കു കിഴക്കേ അറ്റത്തെ അച്ചന്‍ ബിബിന്‍ പറയുന്നു

achan1

‘എന്നെപ്പോലെ പ്രണയിച്ച ഒരു കാമുകനും ഈ ലോകത്തുണ്ടാവില്ല...’ എന്ന് അലസമായി പറഞ്ഞ്, ഒന്നിനേയും ആഗ്രഹിക്കാതെ, പ്രണയിക്കുകമാത്രം ചെയ്തു നടക്കുന്നൊരു പള്ളീലച്ചനെയങ്ങ് പെരുത്തിഷ്ടമായി നമുക്ക്; അച്ചൻ പറഞ്ഞ ഡയലോഗുകളും നോട്ടവുമെല്ലാം. എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേയറ്റത്ത് എന്ന ഹ്രസ്വചിത്രത്തിൽ അച്ചനായി വേഷമിട്ട ബിബിൻ മത്തായി രണ്ടാം ഷോർട് ഫിലിമും വൈറലായതിന്റെ ത്രില്ലിലാണ്. ആദ്യത്തെ ഹ്രസ്വചിത്രം പ്രണയത്തകര്‍ച്ചയെക്കുറിച്ചായിരുന്നെങ്കിൽ ഇത്തവണ പ്രണയത്തിന്റെ മനോഹാരിതയെക്കുറിച്ചാണ്. പ്രണയം നിറഞ്ഞ മനസ്സുള്ള അച്ചനായി വേഷമിട്ടതിന്റെ ആഫ്ടർ ഇഫക്ടിനെക്കുറിച്ച് ബിബിൻ സംസാരിക്കുന്നു

സത്യായിട്ടും ഞാൻ അച്ചനല്ല!

സത്യായിട്ടും ഞാൻ അച്ചനല്ല... എന്നാണ് ഞാനിപ്പോൾ ഏറ്റവുമധികം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒത്തിരിപ്പേരാണ് ഷോർട് ഫിലിം കണ്ടിട്ട് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തത്. ഞാന്‍ അറിയാത്ത ഒത്തിരിപ്പേർ. ശരിക്കും അച്ചനാണോ, അച്ചനെപ്പോലെയേ തോന്നിയുള്ളൂ കേട്ടോ, അച്ചൻ പട്ടത്തിനു പഠിക്കാൻ പോയിട്ടുണ്ടോ എന്നൊക്കെയാണ് അവരുടെ ചോദ്യം. അഭിനയമാണ് എനിക്കിഷ്ടം. നല്ല വേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്. അതിനിടയ്ക്കു വന്നൊരു വേഷം അത്രയേ കരുതിയുള്ളൂ. ഇതിപ്പോ സംഗതി ആകെ കൈവിട്ടു പോയ പോലെയാണ്. ഒത്തിരി സന്തോഷം. ശരിക്കും അച്ചനാണോ എന്നു ചോദിക്കുമ്പോൾ ഇരട്ടി സന്തോഷമാണ്. കാരണം, ഒരു ആക്ടർക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പ്രതികരണം അതാണ്. പലരും മെസേജ് അയച്ചു, കുറേക്കാലത്തിനു ശേഷം എന്റെ ലവറെ വിളിച്ചു എന്നൊക്കെ.


എല്ലാം സംവിധായകന്

ഈ ഷോർട് ഫിലിമിനു കിട്ടിയ എല്ലാ നല്ല വാക്കുകളും സംവിധായകന് അവകാശപ്പെട്ടതാണ്. അത്രമേൽ വ്യക്തതയോടെയും വിശ്വാസത്തോടെയുമാണ് ഇതിനു പിന്നിലും മുന്നിലുമായി അണിനിരന്ന ഓരോരുത്തരെയും അദ്ദേഹം നയിച്ചത്. മനസ്സിൽ വരച്ചിട്ടിരുന്നു ഓരോ ഫ്രെയിമും എന്നു വേണം പറയാൻ. അദ്ദേഹം എറണാകുളത്ത് ഒരു സോഫ്റ്റ്‍വെയർ കമ്പനി നടത്തുകയാണ്. ഇത്രയും തിരക്കും മത്സരവുമുള്ള ജോലിക്കിടയിൽ നിന്നാണ് ഇത്രമാത്രം ക്രിയാത്മകമായി പ്രവർത്തിക്കുന്നത്. അതെങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ട്.
ഓരോ ഷോട്ടിനു മുൻപും ഡയലോഗ് പറഞ്ഞിട്ട് അദ്ദേഹം ചോദിക്കുമായിരുന്നു, ഇത് കറക്ട് ആണോ മാറ്റണോ എന്നൊക്കെ. നമുക്ക് മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. അത്രമാത്രം പെർഫെക്ട് ആയിരുന്നു.

അദ്ദേഹത്തിന്റെ ആത്മാർഥത കണ്ട് അൽപം ടെൻഷൻ ഉണ്ടായിരുന്നു. കുറേയിടത്തൊക്കെ ഞാനും അദ്ദേഹവും മാത്രം പോയാണ് ഷൂട്ട് ചെയ്തത്. അന്നേരം എന്നോടു പറഞ്ഞത്, മനസ്സ് ശാന്തമാക്കി വയ്ക്കൂ. കുറേ നേരം നിശബ്ദനായി ഇരിക്കൂ. മനസ്സിലേക്കു മറ്റൊന്നും കയറ്റേണ്ട. അപ്പോൾ നമുക്ക് ഈ വേഷം നന്നായി ചെയ്യാനാകും എന്നായിരുന്നു.

അഭിനയം പോലെ തന്നെ വെല്ലുവിളിയായിരുന്നു ഡബ്ബിങ്ങും. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡബ്ബിങ് ആണ്, പരമാവധി നന്നാക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഡയലോഗുകളൊക്കെ രണ്ടു മൂന്നു ദിവസം മനസ്സില്‍ കൊണ്ടു നടന്നിട്ടാണ് ഡബ് ചെയ്തത്. അതിനോട് എത്രമാത്രം നീതി പുലർത്താനായി എന്നറിയില്ല. എങ്കിലും ഫിലിമിനു ലഭിച്ച നല്ല പ്രതികരണം അദ്ദേഹത്തിന്റെ ആത്മാർഥതയ്ക്കുള്ള സമ്മാനമാണ്. ആലപ്പുഴ എസ്ഡി കോളജിൽ വച്ചായിരുന്നു ഷൂട്ടിങ്. പിന്നെ ഫോർട്ട് കൊച്ചിയിലും. രണ്ടു മാസത്തോളമുണ്ടായിരുന്നു ചിത്രത്തിന്റെ വർക്ക്.

ശരിക്കുള്ള അച്ചന്റെ ഞെട്ടിച്ച ഫോൺ കോൾ


പള്ളിയോടും പ്രാർഥനയോടും ചേർന്നു നിൽക്കുന്ന ആളാണ്. നന്നായി പ്രാർഥിച്ചു. അതായിരുന്നു ഈ വേഷം ചെയ്യാനുള്ള ഏറ്റവും വലിയ തയാറെടുപ്പ്. ഈ വേഷം ചെയ്യുമ്പോൾ കുഞ്ഞിലേ മുതൽ കണ്ടു വളർന്ന കുറേ അച്ചൻമാരായിരുന്നു മനസ്സിൽ. ചിത്രം പുറത്തിറങ്ങിയപ്പോൾ ഞങ്ങളുടെ തന്നെ പള്ളിയിലെ ഒരു അച്ചൻ വിളിച്ചിട്ട് പറഞ്ഞു, ഇതുപോലൊരു അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന്. അതെന്നെ ശരിക്കും ഞെട്ടിച്ചു. സെമിനാരിയിലായിരിക്കെ, ഫിലോസഫി പഠിക്കുന്ന ഒരു കുട്ടി ഇതുപോലെ അദ്ദേഹത്തോടും പ്രണയം പറഞ്ഞുവത്രേ. എനിക്കൊരുപാടു സന്തോഷം തോന്നി. എന്റെ ജീവിതത്തിൽ പക്ഷേ ഇങ്ങനൊന്നും ഉണ്ടായിട്ടില്ല കേട്ടോ. ഒത്തിരി അച്ചൻമാര്‍ വിളിച്ചു പറഞ്ഞു ചിത്രം വളരെ നന്നായിരിക്കുന്നുവെന്ന്.എന്തുകൊണ്ട് ഇങ്ങനെ

ഒത്തിരി ടെൻഷനും പ്രാരാബ്ധങ്ങൾക്കുമിടയിൽ‌ നല്ല നല്ല സൗഹൃദങ്ങളും പ്രണയവും കാത്തുസൂക്ഷിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവർക്കുകൂടിയുള്ള അംഗീകാരമാണ് ഈ ചിത്രത്തിനു കിട്ടിയത്. പത്തു പെരെങ്കിലും കണ്ടാൽ മതിയായിരുന്നു എന്നാണ് ഈ ചിത്രം യുട്യൂബിലിടുമ്പോൾ മനസ്സിലുണ്ടായിരുന്നത്. ഒരു സാധാരണ ഷോർട് ഫിലിമല്ല ഇതെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. കാരണം 23 മിനിറ്റ് ഉണ്ട് ഈ ചിത്രം. വിലപ്പെട്ട അത്രയും സമയം ചെലവഴിച്ച് പ്രേക്ഷകർ ഇതു കണ്ടെങ്കിൽ അത് വലിയ കാര്യമല്ലേ. ചിത്രത്തിനു ജോയൽ നൽകിയ സംഗീതവും അത്രമേൽ മനോഹരമായിരുന്നു. ജോയലിന്റെ വർക്കിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല. ഒന്നു രണ്ട് ഖണ്ഡികയുള്ള കമന്റൊക്കെയാണ് ചിലര്‍ തരുന്നത്. അവർക്ക് അത്രയ്ക്കിഷ്ടമായതുകൊണ്ടാണല്ലോ അത്.

ജിമ്മനായ അഭിനേതാവ്

സിനിമയാണ് എന്റെ സ്വപ്നം. ചെറുപ്പം മുതലുള്ള സ്വപ്നം ആയിരുന്നില്ല. പക്ഷേ വലിയ ആഗ്രഹമായിരുന്നു. സഭാകമ്പം വലിയ പ്രശ്നമായിരുന്നു. ഇപ്പോഴും കുറച്ചുണ്ട്. കാലടി സർവകലാശാലയിലാണ് പഠിച്ചത്. അപ്പോഴും തിയറ്റർ വിഷയമാക്കാനുള്ള ധൈര്യം വന്നില്ല. പക്ഷേ അവിടെ കണ്ട നാടകങ്ങളും പ്രകടനങ്ങളും വലിയ പ്രോത്സാഹനമായിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്കെത്തിയത്. എന്റെ പ്രഫഷൻ എന്താണെന്നു ചോദിച്ചാൽ, തിയറ്റർ ആർടിസ്റ്റ് ആണെന്നു പറയും. കൊച്ചിയിലെ ആക്ട് ലാബിലാണ് അഭിനയം പഠിച്ചത്. ഇടയ്ക്കൊരു ജോലി പോലെ ജിമ്മിൽ ട്രെയിനർ ആയിരുന്നു. പക്ഷേ ജിമ്മനൊന്നുമല്ല. ബ്രേക് അപ് പാർട്ടി എന്ന ഷോർട് ഫിലിമായിരുന്നു ആദ്യത്തേത്. ഇത് രണ്ടാമത്തെ ചിത്രം. ആദ്യത്തേതും ഇതുപോലെ വൈറൽ ആയിരുന്നു.

വീട്

അങ്കമാലിക്കടുത്താണ് വീട്. വീട്ടിൽ അച്ഛനും അമ്മയും.