Wednesday 10 August 2022 03:22 PM IST : By സ്വന്തം ലേഖകൻ

‘അന്ന് ഉറങ്ങിപ്പോയതല്ല; കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നിൽ വന്നപ്പോൾ സുരക്ഷ തിരഞ്ഞെടുത്തതാണ്’, ഡോ. രേണുരാജ് ഐഎഎസ്

renuraj-ias-reply-cover

‘‘അന്ന് ഉറങ്ങിപ്പോയതല്ല; കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നിൽ വന്നപ്പോൾ സുരക്ഷ തിരഞ്ഞെടുത്തതാണ്’’ എന്ന് എറണാകുളം ജില്ലാ കലക്ടർ ഡോ. രേണുരാജ്. ‘വൈകി അവധി പ്രഖ്യാപിച്ചത് കലക്ടർ ഉറങ്ങിപ്പോയതുകൊണ്ടാണോ?’ എന്നത് ഉൾപ്പടെ ചോദ്യങ്ങൾ ഉയർത്തിയവരോടാണ് മറുപടി. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ല്ലാ കലക്ടർ. അന്ന് എന്താണ് സംഭവിച്ചത് എന്ന് ആളുകൾക്ക് അറിയാൻ ആഗ്രഹമുണ്ടാകും എന്നു പറഞ്ഞപ്പോഴായിരുന്നു കലക്ടറുടെ വിശദീകരണം.

‘‘അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടമുണ്ടായിരുന്നെങ്കിൽ നിങ്ങൾ തിരിച്ചു പറയുമായിരുന്നു. അന്നത്തെ തീരുമാനത്തിൽ 100 ശതമാനം ബോധ്യമുണ്ട്, തെറ്റു പറ്റിയിട്ടില്ല’’ എന്നും കലക്ടർ വിശദീകരിച്ചു. കഴി‍ഞ്ഞ വ്യാഴാഴ്ചയാണ് രാവിലെ 8.25ന് കുട്ടികൾ സ്കൂളുകളിലേക്കു പോയതിനു ശേഷം കലക്ടർ അവധി പ്രഖ്യാപിച്ച സംഭവം പൊതുജനങ്ങളിൽനിന്നു രൂക്ഷമായ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവച്ചിരുന്നു. പിന്നാലെ മാധ്യമങ്ങൾ കലക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുക്കാത്തതും വിമർശനങ്ങൾക്കു വഴിവച്ചു.

‘‘വിഷയത്തിൽ എല്ലാവരും ഓരോ കാരണങ്ങൾ കണ്ടെത്തിയിരുന്നു. ഇനി എന്റെ ഭാഗം പറയുന്നതിൽ കാര്യമുണ്ടോ എന്നറിയില്ല’’ എന്നു പറഞ്ഞു കൊണ്ടായിരുന്നു കാര്യങ്ങൾ വിശദീകരിച്ചത്.

‘‘അന്നത്തെ ദിവസം റെഡ് അലർട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നിയമപ്രകാരം അവധി കൊടുക്കേണ്ടതില്ലായിരുന്നു. അന്നു പുലർച്ചെ വന്ന മുന്നറിയിപ്പിൽ മഴ കൂടുന്നതായി കാണിച്ചു. അതുപോലെ രാവിലെ ശക്തമായ മഴയായിരുന്നു. 7.30നു വന്ന മുന്നറിയിപ്പിൽ അതിതീവ്ര മഴയും കാറ്റും ഉണ്ടാകും എന്നായിരുന്നു വന്നത്. അതു സംഭവിക്കുകയും ചെയ്തു.

പെട്ടെന്ന് അവധി പ്രഖ്യാപിക്കുമ്പോള്‍ അസൗകര്യമുണ്ടാകും, അതു മനസിലാകും. ശരിയുമാണ്. പരാതി പറയുന്നതിൽ ഒരു വിരോധവുമില്ല, വിഷമവുമില്ല. ഞാനാണ് ആ സ്ഥാനത്തെങ്കിൽ എനിക്കും അസൗകര്യമുണ്ടാകും. അസൗകര്യത്തിനും സുരക്ഷയ്ക്കും മധ്യേ ഇങ്ങനെ ഒരു തീരുമാനം എടുക്കാതെ നിർവാഹമില്ലായിരുന്നു. മുന്നറിയിപ്പ് എന്നു പറയുന്നത് ഒരു വിവരം മാത്രമാണ്. അതേസമയം യഥാർഥ വസ്തുത എന്താണ് എന്നു നോക്കി ഒരു തീരുമാനം എടുക്കേണ്ടി വരും. അവധി പ്രഖ്യാപിക്കുന്നില്ല, കുട്ടികൾ വൈകുന്നേരം വരെ സ്കൂളിൽ പോകട്ടെ എന്നു തീരുമാനിക്കണം. ഉച്ചകഴിഞ്ഞു കുട്ടികൾ പോകട്ടെ എന്നു തീരുമാനിച്ചിരുന്നെങ്കിൽ ആ സമയം വെള്ളപ്പൊക്കവും നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും അപകടവും ഉണ്ടായെങ്കിൽ നിങ്ങൾ തിരിച്ചു പറയുമായിരുന്നു. അൽപം വൈകിയാണെങ്കിലും അവധി കൊടുക്കേണ്ടതായിരുന്നു എന്നു പറയുമായിരുന്നു.

എല്ലാവർക്കും ബുദ്ധിമുട്ടുണ്ടായി, തീർച്ചയായും അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കും. വിമർശനങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. അങ്ങനെയാണ് പഠിച്ചു മുന്നോട്ടു പോകുന്നത്. എന്നാൽ ആ സമയം എടുക്കേണ്ടി വന്ന തീരുമാനത്തിൽ 100 ശതമാനം ബോധ്യമുണ്ട്. തെറ്റുപറ്റി എന്നു ചിന്തിക്കുന്നില്ല. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഒന്നര മണിക്കൂറു കഴിഞ്ഞു ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നു. ആ സമയം പറഞ്ഞില്ലായിരുന്നെങ്കിൽ 10 മണിക്ക് എന്തായാലും അവധി പ്രഖ്യാപിക്കേണ്ടി വരുമായിരുന്നു’’ – കലക്ടർ പറഞ്ഞു.