Saturday 11 April 2020 05:27 PM IST

ഒറ്റക്കെട്ടായി ഉഗ്രശത്രുവിനെ തുരത്തിയോടിക്കും ; കൊറോണയ്ക്കെതിരെ ‘തരണം ചെയ്യണം മഹാമാരിയേ’ വിഡിയോയുമായി നീന പ്രസാദ്

Tency Jacob

Sub Editor

dancer

ഈ ലോക്ഡൗൺ കാലം തിരിച്ചറിവുകളുടെയും ഉത്തരവാദിത്വ പൂർണമായ തീരുമാനങ്ങളുടേതുമാകട്ടെ എന്ന് ലോകത്തോട് സംവദിക്കുകയാണ് പ്രശ്സ്ത മോഹിനിയാട്ടം നർത്തകി ഡോ. നീനാ പ്രസാദ് തന്റെ ‘തരണം ചെയ്യണം’ എന്ന മോഹിനിയാട്ടം കലാരൂപത്തിലൂടെ.

കുറച്ചു നാൾ മുൻപ് മനോരമ ചാനലിൽ വന്ന വുഹാനിലെ കാഴ്ചകളുടെ വീഡിയോ എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി. അതു ഞാൻ പലർക്കും വാട്സാപ്പിലൂടെ ഷെയർ ചെയ്തിരുന്നു. കർണ്ണാടക സംഗീതജ്ഞനും കലാരംഗത്ത് എന്റെ സഹപ്രവർത്തകനുമായ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി ഈ വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തിനു തോന്നിയ കുറച്ചു കാര്യങ്ങൾ എന്നോട് പങ്കുവയ്ക്കുകയുണ്ടായി. ആ നിമിഷം, ഞങ്ങൾ തമ്മിൽ ഒരേപോലെയാണ് ചിന്തിക്കുന്നതെന്ന് മനസ്സിലായി. നമുക്കിത് മോഹിനിയാട്ടത്തിൽ ചെയ്താലോ എന്നു ഞാൻ ചോദിച്ചു. ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹം ഒരു കവിത എഴുതി അയച്ചു.വായിച്ചുനോക്കിയപ്പോൾ എന്റെ ചിന്തകളെല്ലാം അതിലുണ്ട്. ഓകെ പറഞ്ഞപ്പോൾ ഉടൻ തന്നെ സംഗീതം പകർന്ന് പാടി അയച്ചു തന്നു. ഞാൻ വീട്ടിലിരുന്ന് നൃത്തം കംപോസ് ചെയ്തു.മോഹിനിയാട്ടമാണ് എന്റെ നൃത്തരൂപം എന്നുള്ളതുകൊണ്ട് അതിൽ തന്നെയാണ് ചിട്ടപ്പെടുത്തിയത്. മൊബൈലിൽ വീഡിയോ എടുത്താൽ ഭംഗിയാവില്ല എന്നതുകൊണ്ട് കാമറയിൽ ഡോ. എൻ ഹരീഷാണ് ഷൂട്ടു ചെയ്തത്. അദ്ദേഹം തന്നെയാണ് കാമറയും എഡിറ്റിങ്ങും ചെയ്തിരിക്കുന്നത്. മൃദംഗം പൃഥ്‌വി കൃഷ്ണയും, ഇടയ്ക്ക കലാമണ്ഡലം അരുൺദാസും. എല്ലാവരും അവരവരുടെ വീടുകളിലിരുന്നാണ് കാര്യങ്ങൾ ചെയ്തത്.

ഒരു പോസിറ്റീവ് സന്ദേശമാണ് ‘തരണം ചെയ്യണം’ എന്നതിലൂടെ പറയുന്നത്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. എന്നാൽ സുഖത്തിനും സമ്പത്തിനും വേണ്ടി പലതും നമ്മൾ നശിപ്പിച്ചു. പക്ഷികളുടെ കൂടുകളും കുന്നുകളും മരങ്ങളുമെല്ലാം ഇല്ലാതാക്കി. ഒടുവിൽ കണ്ണിൽ തെളിയാത്ത കൊറോണയെന്ന ഈ അണുവിന്റെ മുൻപിൽ നമ്മൾ നിസ്സാരരായി നിൽക്കുന്നു. എല്ലാ സുഖസൗകര്യങ്ങളുമുണ്ട് നമുക്ക്. പക്ഷേ, ഈ മാഹാമാരിയെ പിടിച്ചുകെട്ടാൻ വികസിതരാജ്യങ്ങൾക്കു പോലും കഴിയുന്നില്ല. ഈ ക്വാറന്റൈൻ കാലം തിരിച്ചറിവുകളുടേത് കൂടെയാകണം. നമ്മുടെ ഈ പ്രകൃതിയെ വരുംതലമുറയ്ക്കു വേണ്ടി സമ്പന്നമായി ഒരുക്കി വയ്ക്കാൻ നമുക്കെന്ത് ചെയ്യാൻ കഴിയും എന്ന പോസറ്റീവ് ചിന്ത ഓരോരുത്തരുടെ മനസ്സിലുമുണരട്ടെ.ഈ മഹാമാരിയെ, ഈ മഹാവിപത്തിനെ നമ്മൾ തരണം ചെയ്യും. ഒറ്റക്കെട്ടായി നിന്ന് ഈ ഉഗ്രശത്രുവിനെ തുരത്തിയോടിക്കുക തന്നെ ചെയ്യും. ഇതാണ് ‘തരണം ചെയ്യണം’ എന്ന നൃത്തരൂപത്തിലൂടെ ഞാൻ പറയാൻ ഉദ്ദേശിച്ചത്.

ഞാനങ്ങിനെ ആനുകാലിക പ്രശ്നങ്ങളിൽ പ്രത്യക്ഷത്തിൽ ഇടപെടുന്നത് കുറവാണ്. നൃത്തരൂപമൊരുക്കുന്നുണ്ടെന്ന് ഫെയ്സ്ബുക്കിലൂടെ പറഞ്ഞപ്പോൾ ചിലർ അദ്ഭുതപ്പെട്ടു. പക്ഷേ, എനിക്കിത് പറഞ്ഞേ തീരൂ എന്ന തോന്നൽ അത്രയ്ക്ക് ശക്തമായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ, ഞാൻ പ്രേക്ഷകരുമായി സംവദിക്കുന്ന മാധ്യമമായ മോഹിനിയാട്ടത്തിലൂടെ എനിക്കൊരു മെസേജ് കൊടുക്കാനായി എന്നത് സന്തോഷം നൽകുന്നു. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരോട്  പ്രത്യേകം നന്ദി പറയുന്നു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് ഈ സന്ദേശത്തിന്റെ ഭാഗമാകാനുള്ള അവസരം സന്തോഷത്തോടെ അവരേറ്റെടുത്തത്.

Tags:
  • Spotlight