Saturday 17 November 2018 10:24 AM IST : By സ്വന്തം ലേഖകൻ

കല്യാണപ്പെണ്ണിനുള്ള പൊന്ന് നൽകാനെത്തി; കണ്ടറിഞ്ഞത് അതിലും വലിയ ദുരിതം; രണ്ടരലക്ഷം തേടി ഫിറോസ്–വിഡിയോ

firoz

‘എന്റെ മോളുടെ നിക്കാഹാണ്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒരുപാടുണ്ട്. പക്ഷേ ഞങ്ങളെ കൊണ്ട് കൂട്ടിയാ കുടണ്ടേ...പൈസയില്ല, ഒരു തരി പൊന്നില്ല. കല്ല്യാണത്തിന്റെ ഭക്ഷണവും മറ്റ് ചെലവുകളും അവസ്ഥ അറിഞ്ഞ് നാട്ടുകാർ ഏറ്റെടുത്തു.’

ഒറ്റപ്പാലം പൂളക്കുണ്ട് ലക്ഷംവീട് കോളനിയിയിലെ പൊട്ടിപ്പൊളിഞ്ഞു വീഴാറായ വീടിന്റെ ഓരം ചേർന്നിരുന്ന് നൂർജഹാൻ എന്ന വീട്ടമ്മ കണ്ണീരോടെ പറഞ്ഞ വാക്കുകള്‍. ആ വാക്കുകൾ ഇന്ന് ഒരാളുടെയല്ല, ഒരായിരം പേരുടെ കണ്ണു തുറപ്പിച്ചിരിക്കുകയാണ്. കരുണയുടെ അണമുറിയാത്ത സഹായപ്രവാഹം ആ നിർദ്ധന കുടുംബത്തിന്റെ വീട്ടിലേക്കൊഴുകി. കാരുണ്യത്തിന്റെ ആ സ്വരുക്കൂട്ടലുകളെ കല്യാണപ്പെണ്ണിനുള്ള പൊന്നാക്കി മാറ്റിയിരിക്കുകയാണ് സന്നദ്ധപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. നന്മമരങ്ങൾ കനിഞ്ഞ അഞ്ചുപവന്റെ സ്വർണം ആ കല്ല്യാണപ്പെണ്ണിന് കൈമാറാൻ കഴിഞ്ഞ ദിവസം ഫിറോസെത്തുകയായിരുന്നു.

എന്നാൽ കേട്ടറിഞ്ഞതിനും അപ്പുറമായിരുന്നു അവിടുത്തെ അവസ്ഥ. ലക്ഷം വീട് കോളനിയിലെ ഒരു ചെറിയ വീട്ടിലാണ് ഇൗ ഉമ്മയും രണ്ട് പെൺമക്കളും താമസിക്കുന്നത്. മാസം ആയിരം രൂപയാണ് വീടിന്റെ വാടക. വീട്ടുജോലിയ്ക്ക് പോയിട്ടാണ് ഇൗ ഉമ്മ മക്കളെ വളർത്തുന്നത്. 13 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഇവരെ ഉപേക്ഷിച്ചു. ഇപ്പോൾ മൂത്ത മകളുടെ കല്ല്യാണം നടത്താനുള്ള സഹായം തേടിയാണ് ഇവർ ഫിറോസിനെ സമീപിക്കുന്നത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ അഞ്ചുപവൻ സ്വർണം ഇൗ ഉമ്മയ്ക്കായി കണ്ടെത്തി.

പക്ഷേ ഫിറോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹം അപേക്ഷിക്കുന്നത് മറ്റൊന്നാണ്. ഇപ്പോൾ ആയിരം രൂപയ്ക്ക് താമസിക്കുന്ന വീട് രണ്ടരലക്ഷം രൂപ നൽകിയാൽ ഇവർക്ക് വിൽക്കാമെന്ന് ഉടമ സമ്മതിച്ചിട്ടുണ്ട്. ആ തുക കണ്ടെത്താൻ സോഷ്യൽ ലോകത്തിന്റെയും നൻമ നിറഞ്ഞവരുടെയും കനിവ് തേടിയാണ് ഫിറോസ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇവരുമായി ബന്ധപ്പെടാനുള്ള കൂടുതൽ വിവരങ്ങളും ചേർത്താണ് ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.