Thursday 02 April 2020 04:57 PM IST

ഏട്ടനും അനുജത്തിയും ഒക്കെ അങ്ങു വീട്ടിൽ! കളത്തിലിറങ്ങിയാൽ വൈഷ്ണവിനും വേദികയ്ക്കും അങ്കക്കലി; പരിചയപ്പെടാം രണ്ടു അപൂർവ പ്രതിഭകളെ

Priyadharsini Priya

Sub Editor

fit-kids1

നീണ്ടു വളർന്ന മുടി മുകളിലേക്ക് കെട്ടിവച്ച് അങ്കക്കലിയോടെയാണ് അവന്റെ വരവ്. കുട്ടിയുടുപ്പുമിട്ട് നിൽക്കുന്ന അവൾക്ക് പക്ഷേ ഒട്ടും കൂസലില്ല. അവന്റെ അടികളെല്ലാം അനായാസമാണ് അവൾ തടുക്കുന്നത്. ഇടയ്ക്ക് അപ്രതീക്ഷിത നീക്കത്തിലൂടെ അവൾ അവനെ മലർത്തിയടിക്കുന്നുമുണ്ട്. സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത ഈ കുട്ടികൾ ആരെന്നുള്ള അന്വേഷണം ചെന്നു നിന്നതാകട്ടെ തൃശൂരിലും.

സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിഡിയോയിലെ കുഞ്ഞു ഫൈറ്റേഴ്സ്. വൈഷ്ണവിന്റെയും വേദികയുടെയും പെർഫോമൻസ് നേരിൽ കണ്ടാൽ ആരും ഒരു നിമിഷം പകച്ചു പോകും. സംഗതി ഏട്ടനും അനുജത്തിയും ആണെങ്കിലും ഫൈറ്റ് തുടങ്ങിയാൽ പിന്നെ രണ്ടുപേരും പുലികളാണ്. കാളികാ കളരിസംഘത്തിലെ വിദ്യാർത്ഥികളാണ് ഇവർ. 'ഫിറ്റ്‌ കിഡ്' എന്ന മത്സരത്തിലൂടെ നാഷണൽ ലെവലിൽ ചാമ്പ്യന്മാരായി ശ്രദ്ധ നേടിയ ഇരുവരുടെയും ഗുരു അച്ഛൻ വിനോദ് കാളികയാണ്. മക്കളുടെ വിശേഷങ്ങൾ ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുമ്പോൾ വിനോദ് ആ രഹസ്യം പങ്കുവച്ചു, അടിപിടിയുമായി മക്കൾ കടന്നു ചെന്നിരിക്കുന്നത് സിനിമയുടെ ലോകത്തേക്കാണ്. അടി ബിഗ് സ്ക്രീനിലേക്കെന്നു സാരം. 

fitkids34

ഫൈറ്റ് ചെയ്യുന്ന 'ഫിറ്റ്‌ കിഡ്സ്‌' 

ഫിറ്റ് കിഡ് വേൾഡ് ചാമ്പ്യൻഷിപ്പ് മത്സരം ആയിരുന്നു. അതിൽ മക്കൾ രണ്ടുപേരും നാഷണൽ വരെയെത്തി. ഇന്റർനാഷണൽ മത്സരത്തിന് പോകാൻ അവർ സെലക്ട് ആയിരുന്നു. സ്പെയിനിൽ ആയിരുന്നു മത്സരം. പക്ഷേ, ആ സമയത്ത് സ്പോൺസേഴ്‌സിനെ കിട്ടിയിരുന്നില്ല. അതുകാരണം പോകാൻ പറ്റിയില്ല. സമയവും കുറവായിരുന്നു. ഏകദേശം മൂന്നര ലക്ഷത്തോളം രൂപ ചിലവ് ഉണ്ടായിരുന്നു. നാച്ചുറൽ ബോഡി ബിൽഡിങ് യൂണിയൻ ഇന്റർനാഷണൽ, ഇന്ത്യയാണ് പ്രോഗ്രാമിന്റെ സംഘാടകർ.

ജിംനാസ്റ്റിക് പോലുള്ള പ്രധാന ഇനങ്ങളിൽ സംഘാടകർ സ്ഥിരമായി മത്സരം നടത്തിയിരുന്നു. ആദ്യമായിട്ടായിരുന്നു ഫിറ്റ് കിഡ് എന്നൊരു ഇനം സംഘടിപ്പിച്ചത്. അതുകൊണ്ടുതന്നെ നാല്പതോളം വേറെ ടീമുകളെ ഇന്റർനാഷണലിൽ മത്സരിപ്പിക്കാനായി കൊണ്ടുപോകാൻ ഉണ്ടായിരുന്നു. അതാണ് അന്ന് പ്രോഗ്രാം മുടങ്ങാൻ കാരണം. ഇപ്പോൾ രണ്ടാംവട്ടം വീണ്ടും അതേ പ്രോഗ്രാം വരുന്നുണ്ട്. ഇക്കൊല്ലത്തെ പ്രോഗ്രാമിൽ ജില്ലാതല മത്സരങ്ങൾ കഴിഞ്ഞു. അതിൽ രണ്ടുപേരും സെലക്ട് ആയിട്ടുണ്ട്. ഇപ്പോൾ കൊറോണ മൂലം താൽക്കാലികമായി പരിപാടി നിർത്തിവച്ചിരിക്കുകയാണ്. 

ലോകത്തെ എല്ലാ കുട്ടികൾക്കും വേണ്ടിയാണ് ഈ പരിപാടി. ഇപ്പോഴത്തെ കുട്ടികൾ കൂടുതലും സമയം ടിവിയ്ക്ക് മുന്നിലും കംപ്യൂട്ടറിലും മൊബൈൽ ഫോണിലും ആണല്ലോ ചിലവഴിക്കുന്നത്. കായികപരമായി ഒന്നും ചെയ്യുന്നില്ല. സ്പോർട്സ് ഇനങ്ങളിൽ പോലും പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ കായികഇനങ്ങളിൽ കുട്ടികൾക്ക് താല്പര്യം വളർത്താനും പ്രചോദനമാകാനും വേണ്ടിയാണ് ഫിറ്റ് കിഡ് എന്ന പ്രോഗ്രാം നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നൊക്കെ നിരവധി മത്സരാർത്ഥികൾ പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്. 

മത്സരാർത്ഥിയ്ക്ക് പെർഫോമൻസിന് ഒരു മിനിറ്റാണ് സമയം തരുക. ഈ ഒരു മിനിറ്റിനുള്ളിൽ കുട്ടികൾ ഏറ്റവും കൂടുതൽ ഫ്ലെക്സിബിലിറ്റി, ധൈര്യം, സ്റ്റാമിന, ടാലന്റ്, സ്‌കിൽ എന്നിവ കാണിക്കണം. ഇത്രയും സംഭവങ്ങൾ ഒരു മിനിറ്റ് സമയത്തിനുള്ളിൽ അവതരിപ്പിച്ചു കാണിക്കണം. ചെയ്യുന്നത് കായികപരമായിരിക്കണം, അതാണ് പ്രധാനം. എന്റെ മക്കൾ അവതരിപ്പിച്ചത് കളരിയാണ്. ജിംനാസ്റ്റിക് ഉൾപ്പെടെ മറ്റെല്ലാം മാർഷൽ ആർട്സ് മിക്സ് ചെയ്തിട്ടുണ്ട്. ഇങ്ങനെയാണ് ഒരു മിനിറ്റ് സെറ്റ് ചെയ്തത്. മോൾക്ക് റിയൽ കളരിയിലെ ഭാഗങ്ങൾ അല്ല സെറ്റ് ചെയ്തു കൊടുത്തത്. അവൾക്ക് ചെയ്യാൻ പറ്റുന്ന ചെറിയ ചില ഭാഗങ്ങൾ പ്രത്യേകമായി ഒരുക്കി നൽകുകയായിരുന്നു. 

fit-kidsfcf

പിച്ചവയ്ക്കും മുൻപേ... 

മോൾക്ക് അഞ്ച് വയസ്സും മോന് 10 വയസ്സുമാണ് പ്രായം. പുതുരുത്തി കാളിക കളരിസംഘത്തിൽ ആണ് കളരി പഠിക്കുന്നത്. പുതുരുത്തി ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികളാണ്. മക്കൾ രണ്ടുപേരും ചെറുപ്പംതൊട്ടേ കളരി പഠനം തുടങ്ങിയിരുന്നു. മൂന്നര വയസ്സ് തൊട്ട് മകൾ കളരിയിൽ പരിശീലനം തുടങ്ങി. മോൻ നാലര വയസ്സ് തൊട്ടാണ് കളരി പഠിച്ചു തുടങ്ങിയത്. സാധാരണ കുട്ടികൾക്ക് അഞ്ചു വയസ്സ് തൊട്ടാണ് പരിശീലനം കൊടുക്കാറ്. അവർ ജനിച്ചപ്പോൾ തൊട്ട് കളരി കാണുന്നതല്ലേ.. അതാണ്‌ നേരത്തെ തന്നെ പഠനം ആരംഭിച്ചത്. പിന്നെ അവർക്ക് കളരിയിൽ താല്പര്യം കൂടിയുണ്ട്. 

എനിക്ക് പാരമ്പര്യമായി ലഭിച്ചതാണ് പുതുരുത്തി കളരിസംഘം. ഇവിടെ കളരിപ്പയറ്റും ചികിത്സയുമൊക്കെ കാലങ്ങളായി ചെയ്യുന്നതാണ്. എന്റെ പൂർവികർ തുടങ്ങിയതാണ്. ഓർമ്മയിൽ മുത്തശ്ശനും അച്ഛനുമൊക്കെയായിരുന്നു ഗുരുക്കൾ. ഇപ്പോൾ ഞാനാണ് പഠിപ്പിക്കുന്നത്. ഒരുപാട് കുട്ടികൾ ഇവിടെ അഭ്യസിക്കാൻ വരുന്നുണ്ട്. വിവാഹശേഷം എന്റെ ഭാര്യ ജിനിയും കളരി പഠനം നടത്തുന്നുണ്ട്. ഇപ്പോൾ ചെറിയ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നുണ്ട്. തൃശൂർ ജില്ലയിലെ അത്താണി മെഡിക്കൽ കോളജിനു അടുത്താണ് ഞങ്ങളുടെ കളരി സ്കൂൾ.

fit-kids-22

കളരിയ്ക്കൊപ്പം ആക്റ്റിങ്ങും... 

മക്കൾക്ക് അഭിനയിക്കാൻ താല്പര്യമുണ്ട്. അവരുടെ ഒരു ഫൈറ്റ് വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മകൻ ഗ്രേറ്റ്‌ ഫാദർ, ലോർഡ് ലിവിങ്സ്റ്റൺ അഞ്ചരക്കണ്ടി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ മക്കളെ പ്രധാന കഥാപാത്രങ്ങളാക്കി ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. കവചി എന്നാണ് ചിത്രത്തിന്റെ പേര്. സംവിധാനവും സ്ക്രിപ്റ്റുമെല്ലാം ഞാൻ തന്നെയാണ് ചെയ്യുന്നത്. കളരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ പ്രധാനമായും ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുക്കുന്നത്. അഭിനേതാക്കളിൽ കൂടുതലും പുതുമുഖങ്ങളാണ്. എല്ലാവരും മാർഷൽ ആർട്സ് വിദഗ്ധർ. 60 ഗ്രാമങ്ങളുടെ അധിപനായ ഒരു നാടുവാഴിയുടെ കഥയാണ് ചിത്രം പറയുന്നത്. 

സിനിമയുമായി എനിക്കുള്ള ബന്ധം സ്റ്റണ്ട്, കൊറിയോഗ്രഫി എന്നീ മേഖലകൾ വഴിയാണ്. ഞാൻ ചില സിനിമകളിൽ സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്തിരുന്നു. ഇപ്പോൾ കമലാഹാസൻ - ശങ്കർ ഫിലിം ഇന്ത്യൻ 2വിൽ കളരിയുടെ സെക്ഷൻ മുഴുവൻ ഞാനാണ് കൊറിയോഗ്രഫി ചെയ്യുന്നത്. കമൽ സർ, കാജൽ അഗർവാൾ എന്നിവരെ പ്രാക്റ്റിസ് ചെയ്യിപ്പിക്കുന്നതും ഞാനാണ്. ഇപ്പോൾ കൊറോണ കാരണം ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യൻ 2 വിന്റെ വർക്ക്‌ കഴിഞ്ഞശേഷം കവചി ആരംഭിക്കാനാണ് പ്ലാൻ.

fit-kid3
Tags:
  • Spotlight
  • Motivational Story