Tuesday 07 July 2020 02:43 PM IST

‘എടാ, ജോക്കറാണ് പറയുന്നത്, മാസ്ക് മുഖത്ത് വയ്ക്കെടാ’– ബോധവത്കരണവുമായി സൂപ്പർ ഹീറോസ്, സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോ സീരീസിന്റെ കഥ

Nithin Joseph

Sub Editor

gokul1

‘വീട്ടിലിരിക്ക്, മാസ്ക് വെക്ക്, കൊറോണ കുട്ടിക്കളിയല്ല.’ കുറച്ച് മാസങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന വാക്കുകളാണിത്. എല്ലായിടത്തും ഈ നിർദേശങ്ങൾ തരുന്നത് ആരോഗ്യപ്രവർത്തകരും പൊലീസും മാധ്യമങ്ങളുമാണെങ്കിൽ തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കാര്യങ്ങൾ അൽപം വെറൈറ്റിയാണ്. കൊറോണയെ കുട്ടിക്കളിയായി കാണുന്ന മനുഷ്യര്‍ക്കിടയിൽ ബോധവത്കരണം നടത്തുന്നത് ചില്ലറപ്പുള്ളികൾ ഒന്നുമല്ല, അങ്ങ് ഹോളിവുഡിൽനിന്നും എത്തിയ സൂപ്പർ ഹീറോകളാണ്. തിരക്ക് നിറ‍ഞ്ഞ കുന്നംകുളം നഗരത്തിൽ കൊറോണ ബോധവത്കരണത്തിന്റെ ബാനറുകളും പിടിച്ചുകൊണ്ട് നിൽക്കുന്നത് ജോക്കറും അവതാറും ഹൾക്കുമെല്ലാമാണ്. ഈ കൗതുകക്കാഴ്ചയുടെ സൃഷ്ടാവ് തൃശൂർ പെരുമ്പിലാവ് സ്വദേശിയായ ഗോകുൽദാസ് എന്ന കിടിലൻ ഫൊട്ടോഗ്രാഫറാണ്.

gokul2

‘ലോക്ഡൗൺ സമയത്ത് കുന്നംകുളം ടൗണില്‍ ഇറങ്ങിയപ്പോൾ കണ്ടത് വൻ തിരക്കും ട്രാഫിക് ബ്ലോക്കും. ആളുകളൊക്കെ മാസ്ക് പോലുമില്ലാതെ ധൈര്യത്തോടെ നടക്കുന്നു. ആ കാഴ്ച കണ്ടപ്പോൾ ശരിക്കും പേടി തോന്നി. നമ്മളെക്കൊണ്ട് കഴിയുന്ന രീതിയിൽ ബോധവത്കരണം നടത്തണമെന്ന് തോന്നി. അങ്ങനെയാണ് ഈ ആശയം ജനിച്ചത്. നമ്മൾ വെറുതെ പോയി പറഞ്ഞാല്‍ ആരും കേൾക്കാൻ കൂട്ടാക്കില്ല. പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തണമെങ്കിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം. അങ്ങനെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട സൂപ്പർ ഹീറോസിനെ അവതരിപ്പിച്ചു. ജോക്കറും അവതാറും അവഞ്ചേഴ്സുമെല്ലാം പ്ലക്കാർഡ് പിടിച്ച് റോഡിലിറങ്ങി. കുന്നംകുളത്ത് മാത്രമല്ല, സോഷ്യൽ മീഡിയയിലൂടെ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ആളുകളിലേക്ക് ബോധവത്കരണം എത്തിക്കാൻ സാധിച്ചു.’

gokul3

ഇതാദ്യമല്ല ഗോകുലിന്റെ ചിത്രങ്ങൾ നാടെങ്ങും വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തോളം പേർ ഫോളോ ചെയ്യുന്ന താരമാണ് ഈ തൃശൂർക്കാരൻ. കേരളത്തിന്റെ തനതായ ഉത്സവങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനകലകൾ, യാത്രകൾ, അങ്ങനെ എല്ലാം ക്യാമറയിൽ പകർത്താൻ മിടുക്കനാണ് ഇദ്ദേഹം. കഴിഞ്ഞ വർഷത്തെ ശ്രീകൃഷ്ണ ജയന്തിക്ക് കൃഷ്ണവേഷത്തിലെത്തിയ വൈഷ്ണവിയെ വൈറലാക്കിയ ഫൊട്ടോഗ്രാഫർമാരിൽ ഒരാൾ ഗോകുലാണ്.

gokul4

‘പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് മാമന്റെ ചെറിയ ഡിജിറ്റൽ ക്യാമറയിലാണ് ഫോട്ടോ എടുത്ത് തുടങ്ങിയത്. പാടത്തെ പ്രാണിയുടെയും തുമ്പിയുടെയും പടമെടുത്ത് പഠിച്ചു. അതിനു ശേഷം തൃശൂർ നെഹ്റു കോളജിൽ എൻജിനീയറിങ്ങിന് ചേർന്നപ്പോൾ അച്ഛൻ ഒരു ക്യാമറ സ്വന്തമായി വാങ്ങിത്തന്നു. എൻജിനീയറിങ് പഠനത്തിന്റെ സമ്മർദം കുറയ്ക്കാനാണ് ക്യാമറയും എടുത്തിറങ്ങിയത്. അതിനു ശേഷം ഇന്നുവരെ ക്യാമറ താഴെ വച്ചിട്ടില്ല, ഇനി വെക്കാനും ഉദ്ദേശ്യമില്ല. അത്രയ്ക്ക് ഇഷ്ടമാണ് ഫോട്ടോഗ്രഫി.

ഇതിനു മുൻപും ചില ഫോട്ടോ സീരീസുകൾ ചെയ്തിട്ടുണ്ട്. ഓരോ സീരീസിലും വ്യത്യസ്തമായി എന്ത് ചെയ്യാമെന്നാണ് ചിന്തിക്കുന്നത്. നാട്ടിലെ അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ പ്രതികരിക്കാൻ സാന്താ ക്ലോസും ജോക്കറും ഒരുമിച്ച് വരുന്നതുപോലെ ഒരു സീരീസ് ചെയ്തിരുന്നു. അതിന് വളരെയധികം ജനശ്രദ്ധ കിട്ടി. ഇനിയും അത്തരത്തിലുള്ള മൂന്നാല് സീരീസുകളുടെ പണിപ്പുരയിലാണ്.’

ഇത്ര മനോഹരമായി ഗോകുൽ ചിത്രങ്ങളെടുക്കുന്നത് സ്വന്തം ക്യാമറയിലല്ല. ‘എനിക്ക് സ്വന്തമായി ക്യാമറ ഇല്ല. സുഹൃത്തുക്കളുടെ ക്യാമറ കടം വാങ്ങിയാണ് ഓരോ തവണയും ചിത്രങ്ങള്‍ എടുക്കുന്നത്. ഫൊട്ടോഗ്രഫി പഠിക്കാൻ എങ്ങും പോയിട്ടില്ല. ഫൊട്ടോഗ്രാഫർമാരായ മനൂപ് ചന്ദ്രനും ജിതിൻ വിജയുമാണ് ആശാൻമാർ. അവരെടുത്ത ചിത്രങ്ങൾ കണ്ടും അവരോട് സംശയങ്ങൾ ചോദിച്ചുമൊക്കെ പഠിച്ചു. സ്വന്തമായിട്ട് നല്ലൊരു ക്യാമറ വാങ്ങി ഫൊട്ടോഗ്രാഫിയിൽ കുറേക്കൂടി സജീവമാകണമെന്നാണ് മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ, അതിന്റെ ചിലവ് ഇപ്പോൾ താങ്ങാൻ കഴിയില്ല. ഒരു സാധാരണ കുടുംബമാണ് എന്റേത്. അച്ഛൻ സുരേന്ദ്രൻ ടാക്സി ഡ്രൈവറാണ്. അച്ഛനും അമ്മയും അനിയനുമെല്ലാം നല്ല സപ്പോർട്ടാണ്. പിന്നെ, എപ്പോൾ വിളിച്ചാലും എന്ത് സഹായവും ചെയ്യാൻ തയാറായിട്ട് കുറെ നല്ല ചങ്ങാതിമാരുമുണ്ട്. അതുകൊണ്ട് മൊത്തത്തിൽ ഭയങ്കര ഹാപ്പി.’

Tags:
  • Spotlight
  • Social Media Viral