Thursday 15 November 2018 02:12 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ എത്തില്ലെങ്കിലും നീ മണവാട്ടിയായി അണിഞ്ഞൊരുങ്ങണം’; ഈ വിവാഹചിത്രം ലോകത്തെ കരയിപ്പിക്കുന്നു

inthya

‘നവംബർ 11ന് ചിലപ്പോൾ എനിക്ക് എത്താൻ സാധിച്ചുവെന്ന് വരില്ല. നീ വിഷമിക്കരുത്. ഞാൻ നിനക്കായ് തെരഞ്ഞെടുത്ത തൂവെള്ള വിവാഹവസ്ത്രമണിഞ്ഞ് വെള്ള റോസപുഷ്പങ്ങളും കൈയ്യിലേന്തി നീ സുന്ദരിയായി നിൽക്കണം. നിന്റെ മനോഹരമായ ചിത്രങ്ങൾ ഞാൻ തിരികെ എത്തുമ്പോൾ കാണിക്കണം.’ ആ വാക്കുകൾ റിയോയുടെ വെറുമൊരു നേരംകൊല്ലി തമാശയായിരുന്നു. പക്ഷേ പ്രതിശ്രുത വധുവിനോട് തമാശയായി പറഞ്ഞ യാത്രാമൊഴി അറംപറ്റുമെന്ന് ഒരിക്കലും അവൻ കരുതിയിരുന്നില്ല.

റിയോയുടെ പ്രതിശ്രുത വധുവായിരുന്ന ഇൻതാൻ സാരിയെ ആ വാക്കുകള്‍ ഇന്ന് കുത്തിനോവിച്ചു കൊണ്ടേയിരിക്കുകയാണ്. കാരണം അന്നു പറഞ്ഞ തമാശ അണുവിട തെറ്റാതെ അതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു. ഇൻതാൻ സ്യാരിയോട് യാത്രപറഞ്ഞ് ഇൻഡോനേഷ്യയിൽ നിന്നും ജക്കാർത്തയിലെ ഒരു സെമിനാറിൽ പങ്കെടുക്കാൻ വിമാനമാർഗം പോയതായിരുന്നു റിയോ. പക്ഷേ ആ യാത്ര അവസാനയാത്രയായി.

റിയോ ഉള്‍പ്പടെ 189 പേരുമായി പറന്നുയര്‍ന്ന ലയണ്‍ എയര്‍ ഫ്‌ലൈറ്റ് ജെടി 610 അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ പോലും രക്ഷപ്പെട്ടില്ല. ജക്കാർത്തയിൽ നിന്നുള്ള മടക്കയാത്രയിലായിരുന്നു അപകടം.

റിയോയുടെ വാക്കുകളും ഒപ്പമുള്ള സുന്ദരനിമിഷങ്ങളും ഓർമ്മകളിൽ കനലായി എരിയുമ്പോഴും ഇൻതാൻ സ്യാരി റിയോക്ക് നൽകിയ ആ വാക്കു മാത്രം തെറ്റിച്ചില്ല. അവനിഷ്ടപ്പെട്ട വേഷത്തിൽ അതിസുന്ദരിയായി തന്നെ സ്യാരി നിന്നു, ഫൊട്ടോകളെടുത്തു. എന്നാൽ ചായം കണക്കെ തേച്ചു പിടിപ്പിച്ച പുഞ്ചിരിക്കപ്പുറം വലിയൊരു കണ്ണുനീർ അടക്കിപിടിച്ചു കൊണ്ടായിരുന്നു അവളുടെ നിൽപ്പ്.

തന്റെ പ്രിയപ്പെട്ടവൻ തിരികെ വരില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ വധുവായി സ്യാരി ഒരുങ്ങി. കൂട്ടുകാരും ബന്ധുക്കളും റിയോയുടെ അദൃശ്യസാമിപ്യം അറിഞ്ഞു. വർഷങ്ങളായി സ്വപ്നം കണ്ടു നടന്ന ആ ദിനത്തിൽ കൈപിടിക്കാൻ റിയോയില്ല എന്ന യാഥാർത്ഥ്യം കണ്ടുനിന്നവരേയും കണ്ണീരിലാഴ്ത്തി.

13 വർഷമായി സ്യാരിയുടെ റിയോയും പ്രണയത്തിലായിരുന്നു. ഇരുവരും ഒരുപാട് കാത്തിരുന്നതായിരുന്നു വിവാഹദിനം. പക്ഷെ വിധി മറ്റൊന്നായിരുന്നു. എങ്കിലും റിയോയുടെ ആഗ്രഹം പൂർത്തികരിക്കാനാണ് ഉള്ളിലെ വേദന മറച്ചുപിടിച്ച് സ്യാരി വധുവായി ഒരുങ്ങിയത്. 

'എന്റെ ദുഃഖം വാക്കുകളില്‍ വിവരിക്കാനാകില്ല. പക്ഷെ ഇന്ന് ഞാന്‍ നിനക്കായി ചിരിക്കുന്നു. ഞാന്‍ വിഷമിച്ചിരിക്കില്ല... നീയെന്നോട് പറഞ്ഞിരുന്നത് പോലെ കരുത്തയായിരിക്കും'-ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സ്യാരി കുറിച്ചു.