Sunday 31 January 2021 09:49 AM IST : By സ്വന്തം ലേഖകൻ

ആണുങ്ങളുടെ വീട്ടില്‍ കെട്ടിക്കയറി ചെല്ലുന്ന കാലം കഴിഞ്ഞു പെണ്ണുങ്ങളേ... വിവാഹത്തിന് മുമ്പേ മനസിലുണ്ടാകണം സ്വന്തംവീട്: കുറിപ്പ്

jeena-rajesh

സമ്പാദിച്ച് സ്വന്തം കാലില്‍ നില്‍ക്കുന്നതിന്റെ സുരക്ഷിതത്വത്തെ കുറിച്ച് സ്ത്രീകളെ ഓര്‍മ്മിപ്പിക്കുകയാണ് ജീന രാജേഷ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ. സ്വന്തമായി ഒരു ജോലി സമ്പാദിച്ച് മാതാപിതാക്കളുടെ തണലില്‍ നിന്നും മാറി ജീവിക്കുന്നതിനുള്ള പ്രാപ്തിയും പക്വതയുമെത്തുന്ന പ്രായത്തില്‍ സ്വന്തം വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് ജീവിതത്തെ പറിച്ചു നടണമെന്ന് ജീന കുറിക്കുന്നു. വിവാഹം എന്ന കടമ്പയിലേക്കെത്തും മുമ്പ് സ്വയം ജീവിക്കാനൊരു പരിശീലനം നേടിയിരിക്കണമെന്നും അവര്‍കൂട്ടിച്ചേര്‍ക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം: 

അഭ്യസ്തവിദ്യരായ സ്ത്രീകളോട് പലരും ഇതുവരെ പറഞ്ഞത് പലതും ഞാൻ വായിച്ചിട്ടുണ്ട്, അതിലേറ്റവും പ്രാധാന്യമുളളതായി തോന്നിയ ഒന്നാണ് ഒരു ജോലി കണ്ടെത്തണമെന്നത്. ഇത് സ്ത്രീകളുടെ ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. പക്ഷേ ഞാനൊരു പടി കൂടി മുന്നോട്ട് പോവുകയാണ്. ഇപ്പറയുന്നത് സ്ത്രീകളോട് മാത്രമെന്ന് ചുരുക്കിയെഴുതേണ്ട. പഠനം കഴിഞ്ഞു ജോലിയിലേക്കെത്തുന്ന എല്ലാ കുട്ടികളും ചെയ്യേണ്ടതാണ്.

സ്വന്തമായി ഒരു ജോലി സമ്പാദിച്ച് മാതാപിതാക്കളുടെ തണലിൽ നിന്നും മാറി ജീവിക്കുന്നതിനുള്ള പ്രാപ്തിയും പക്വതയുമെത്തുന്ന പ്രായത്തിൽ സ്വന്തം വീട്ടിൽ നിന്നും മറ്റൊരിടത്തേക്ക് ജീവിതത്തെ പറിച്ചു നടണം.

ഇതുകൊണ്ടുള്ള ഗുണങ്ങൾ പലതാണ്, പുരുഷനാവട്ടെ സ്ത്രീയാവട്ടെ സ്വന്തമായി സമ്പാദിക്കുകയും സ്വന്തം രീതിയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യാം. അത്യാവശ്യം അടുക്കളപ്പണികൾ രണ്ടു കൂട്ടരും പഠിക്കും. (വേലക്കാരെ വച്ച് കുടുംബം നടത്താൻ എല്ലാവർക്കും കഴിയില്ലല്ലോ) അല്പം കൂടി വ്യക്തവും ഉത്തരവാദിത്തപരവുമായ രീതിയിൽ നോക്കിയാൽ സ്വന്തമായൊരു കൊച്ചു വീടിനോ ഫ്ളാറ്റിനോ വേണ്ട സാമ്പത്തിക അടിത്തറയിടുകയോ അല്ലെങ്കിൽ ഒന്ന് സ്വന്തമായി വാങ്ങുക പോലും ചെയ്യാം. ഇതിൽ ആൺപെൺ വ്യത്യാസം നോക്കേണ്ട യാതൊരു കാര്യമില്ല. പിന്നീട് ഒരു പങ്കാളി ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഏതെങ്കിലും ഒരു വീട്ടിൽ ഒരുമിച്ചു താമസം തുടങ്ങാം.

പെൺകുട്ടികളോട് മാത്രമായി; ആൺകുട്ടികളുടെ വീട്ടിലേക്കു കെട്ടിക്കയറി ചെല്ലേണ്ടുന്ന കാലം കഴിഞ്ഞു. ഇറങ്ങിപ്പോവാൻ ഇടമില്ലെന്ന് കരുതി വീണു കിടക്കുന്നവരുടെ കാലവും നിങ്ങൾ മനസ്സു വച്ചാൽ തീരുന്ന കാര്യമേയുളളൂ.

ജോലി കിട്ടിയാലുടൻ വീട് വിട്ട് മാറണം മാതാപിതാക്കളുടെ കൈ പിടിച്ചുളള ജീവിതത്തിനും അപ്പുറത്തേക്കുളള ഒരു ജീവിതത്തിന് അത് നിങ്ങളെ പ്രാപ്തരാക്കും.

ഒരു പ്രശ്നമുണ്ടായാൽ അച്ഛനമ്മമാരുടെ അടുത്തേക്ക് ചെല്ലുന്ന പെൺകുട്ടികളെ പല കാരണങ്ങൾ കൊണ്ടാവും അവർ നിരാകരിക്കുന്നത്. അവരുടെ മറ്റുത്തരവാദിത്തങ്ങൾ, സാമ്പത്തിക സ്ഥിതി, ആരോഗ്യക്കുറവ്, ഒഴുക്കിനെതിരെ നീന്താനുളള ധൈര്യക്കുറവ് !! ഒരു ജന്മം മുഴുവൻ അദ്ധ്വാനിച്ച അവരെ വീണ്ടും നിങ്ങളുടെ പ്രശ്നങ്ങളിലേക്ക് വലിച്ചിടാതിരിക്കുക എന്നൊരു ദയവ് കാണിക്കേണ്ടി വരും ചിലപ്പോൾ. അതുകൊണ്ട് വിവാഹം എന്ന കടമ്പയിലേക്കെത്തും മുമ്പ് സ്വയം ജീവിക്കാനൊരു പരിശീലനം നേടിയിരിക്കണം. സ്വന്തം വീട്ടുകാരെപ്പോലും വളരെ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആശ്രയിക്കുക.

അവശ്യം വേണ്ട മറ്റൊന്ന് സ്വന്തമായോ കൂട്ടുകാരോടൊപ്പമോ യാത്ര ചെയ്യുകയെന്നതാണ്. യാത്രകളും നാടുകളും മനുഷ്യരും തന്നെ മനുഷ്യരോടുളള നമ്മുടെ ഭയത്തെ അകറ്റും.

ഇനി മറ്റൊന്ന് വിവാഹത്തിന് മുമ്പേ തന്നെ ഒരു വാഹനം ഓടിക്കാൻ പഠിക്കുകയും സ്വന്തമായി ചെറുതെങ്കിലും ഒന്ന് വാങ്ങുകയോ വേണമെന്നതാണ്. ഒരു ചെറിയ യാത്രക്ക് മറ്റൊരാളെയും ആശ്രയിക്കേണ്ട സാഹചര്യം വരരുത്.

വിവാഹം കഴിഞ്ഞാലും ജോലി ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. സ്വന്തമായി അദ്ധ്വാനിച്ചതിന്റെ ഒരോഹരി കൊണ്ട് അവരവരുടെയും കൂടി പേരിൽ വാങ്ങിയിരിക്കുന്ന വീട്ടിലാണ് എപ്പോഴും വിവാഹം കഴിച്ച പുരുഷന്റെ അപ്പന്റേയോ അപ്പൂപ്പന്റെയോ പേരിൽ കിടക്കുന്ന തറവാട്ട് വീടിനേക്കാൾ നിങ്ങൾക്കവകാശം. ബാക്കിയുള്ള അവകാശം പറച്ചിലുകളെല്ലാം ജല്പനങ്ങൾ മാത്രം. അത് സ്നേഹത്തിൽ പൊതിഞ്ഞതായാലും കപടതയിൽ പൊതിഞ്ഞതായാലും.

അതുകൊണ്ട് നിങ്ങൾക്ക് അവകാശമുള്ള ഒരു വീട്ടിൽ തന്നെ നിങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുക. അതിനി വാടക വീടായിക്കോട്ടെ വാടകച്ചീട്ടിൽ നിങ്ങളുടെ പേരുണ്ടാവണം. ആ വീടിന്റെ വാടക അഭിമാനത്തോടെ തന്നെ ഷെയർ ചെയ്യുകയും വേണം.

എന്നേപ്പറ്റി പറയട്ടെ ഇരുപത്തിയൊന്ന് വയസ്സു മുതൽ ഞാൻ ജോലി ചെയ്യുന്നുണ്ട്. അന്ന് മുതൽ ഇന്ന് വരെ പരാശ്രയമില്ലാതെ ജീവിക്കാനാണ് പരമാവധി ശ്രമവും. അതിന് മുമ്പും സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടു തന്നെയെങ്കിലും സ്വന്തം കാര്യങ്ങൾ സ്വയം തന്നെ നിർവ്വഹിക്കാൻ സാധിച്ചിട്ടുണ്ട്. (ചുറ്റിനും കരുതലിന് ആളുകൾ ഇല്ലായിരുന്നു എന്നല്ല പറയുന്നത്.)

എന്റെ ജീവിതത്തിൽ എന്നും സഹായകമായ; ഒരു വ്യക്തി എന്ന നിലയിൽ കുട്ടിക്കാലത്ത് തന്നെ എന്റെ ആത്മവിശ്വാസത്തെ വാനോളം ഉയർത്തിയ ചില കാര്യങ്ങൾ പറയുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

അതിൽ ആദ്യത്തേത് കുറേ നാളത്തേക്ക് ഒരു റബ്ബർക്കട 'മുതലാളി'യായ കഥയാണ്. എന്റെ കുഞ്ഞിച്ചായന് (കുഞ്ഞമ്മയുടെ ജീവിത പങ്കാളി) ഒരു റബ്ബർക്കടയുണ്ടായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഏതാണ്ട് രണ്ട് മൂന്നാഴ്ചയോളം ആ കട നോക്കി നടത്തുന്നതിന്റെയും പണമിടപാടുകളിലെ പരിപൂർണ്ണ ഉത്തരവാദിത്തം ഏല്പിച്ചു കിട്ടിയത് പതിമൂന്ന് വയസ്സിലാണ്. സ്ക്കൂളിൽ ചെന്ന് കൂട്ടുകാരോട് വേനലവധിക്ക് ഞാൻ കട നടത്തിയ കഥ പറഞ്ഞിട്ട് വിശ്വസിച്ചില്ലെങ്കിലും എന്റെ ആത്മ വിശ്വാസത്തിന്റെ ചിറക് വിരിച്ച് ഞാൻ വാനോളം ഉയരത്തിൽ പറക്കുകയാണ് ചെയ്തത്.

മുകളിലെ സംഭവം എന്റെ വീട്ടുകാർക്ക് എന്നിലും ആത്മവിശ്വാസം ജനിപ്പിച്ചു. അടുത്തത് ഞങ്ങളുടെ വീട്ടിൽ രണ്ട് കല്യാണങ്ങളാണ് നടന്നത്. എന്റെ കൊച്ചാച്ചയുടെയും കുഞ്ഞാച്ചയുടെയും. ആദ്യ വിവാഹ സമയത്ത് എനിക്ക് പതിനഞ്ച് വയസ്സ് രണ്ടാമത്തേതിന് പതിനാറോ പതിനേഴോ!

കല്യാണച്ചിലവിലേക്കുളള തുക മുഴുവനും എന്റെ കയ്യിലേക്ക് തന്ന രണ്ടമ്മാവന്മാരും എന്നെ വിവാഹത്തിന്റെ കാര്യസ്ഥയാക്കി. ബഡ്ജറ്റ് പ്ലാൻ ചെയ്യാൻ, വിവരങ്ങൾ കോ ഓർഡിനേറ്റ് ചെയ്യാൻ, കണക്കുകൾ സൂക്ഷിക്കാൻ, എന്നു വേണ്ട പന്തൽ പണിയുന്നവരോട്, മറ്റ് ജോലിക്കാരോട്, കൂലി സംസാരിക്കാൻ, കൊടുക്കാൻ വാഹനത്തിന് വാടക കൊടുക്കാൻ എല്ലായിടത്തും ഞാനായിരുന്നു മുന്നിൽ. പിന്നിൽ നിന്ന് അതൊക്കെ എന്നെക്കൊണ്ട് ചെയ്യിപ്പിച്ച എന്റെ വീട്ടുകാരോട് പറഞ്ഞാലും തീരാത്ത നന്ദിയാണ്.

പതിനേഴ് വയസ്സിൽ കൊയമ്പത്തൂര് പഠിക്കാൻ പോയത് ഒരു ഏജന്റ് വഴിയാണ്. ഇരുപത്തായ്യായിരം രൂപ അഡ്വാൻസ് കൊടുക്കണം. ലക്ഷങ്ങൾ കൈകാര്യം ചെയ്തവൾക്കാണോ ഇരുപത്തയ്യായിരം രൂപ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് എന്നാണ് എന്റെ വീട്ടുകാരെന്നോടപ്പോൾ പറഞ്ഞത്...

ഒറ്റക്കാണ് പോയി അഡ്മിഷൻ എടുത്തത്!!

അങ്ങനെ പതിനേഴോ പതിനെട്ടോ വയസ്സിൽ വീട്ടിൽ നിന്നും മാറുമ്പോഴേക്കും ഒറ്റയ്ക്ക് ജീവിക്കാനുള്ള അത്യാവശ്യം പ്രാപ്തിയൊക്കെ വീട്ടുകാർ തന്നെ നേടിത്തന്നിരുന്നു.

ഇത്രയുമൊക്കെ ഇവിടെ പറയാൻ കാരണം വിവാഹം കഴിഞ്ഞല്ലാ ഒരു ജീവിതവും തുടങ്ങുന്നത് എന്ന് പറയാനാണ്.

എനിക്കുറപ്പാണ് എന്നേക്കാൾ മിടുക്കോടെ ഇതിലേറെക്കാര്യങ്ങൾ ചെയ്തവർ പലരുണ്ടാവും വായിക്കുന്നവരിൽ. അവരേക്കുറിച്ച് എനിക്ക് ഉറപ്പുളള മറ്റൊരു കാര്യം എന്നേക്കാൾ മിടുക്കോടെ തന്നെയാവും അവരിപ്പോഴും ജീവിക്കുന്നത് എന്നതാണ്. "Practice makes 'human' perfect" എന്നാണല്ലോ!!