Wednesday 28 October 2020 02:30 PM IST

കല്യാണത്തിന് ഗിഫ്റ്റ് വേണ്ട, ഒരുമരം നട്ടാൽ മതി ; വ്യത്യസ്ത കല്യാണ ‘ചടങ്ങുമായി’ ശ്രീദേവിയും ജയദേവും

Shyama

Sub Editor

tressg

ശ്രീദേവി ഒളപ്പമണ്ണയും  ജയദേവ് കൃഷ്ണനും അവരുടെ വിവാഹത്തിനായി ഇഷ്ടക്കാരോട് ചോദിക്കുന്നത് മരം നട്ട് അതുവഴി ഒരുപറ്റം ആളുകൾക്ക് ജോലി കൊടുത്ത്, കാർബൺ എമിഷൻ കുറച്ച്, പ്രകൃതിയെ സംരക്ഷിച്ച് തങ്ങളുടെ സന്തോഷത്തിൽ പങ്കുചേരനാണ്

കല്യാണം എന്ന് കേൾക്കുമ്പോഴേ വലിയ ആർഭാടങ്ങളെ കുറിച്ച് ചിന്തിച്ച് നെഞ്ച് പിടയുന്നവർക്കൊക്കെ ഒന്ന് മാറി ചിന്തിക്കാനുള്ള ഒരവസരമുണ്ടാക്കുകയാണ് ശ്രീദേവിയും കൃഷ്ണനും. പ്രകൃതിസ്നേഹികളായ ഇരുവരും അവരുടെ വിവാഹത്തിനായി ധാരാളം ഇക്കോ-ഫ്രണ്ട്‌ലി മാർഗങ്ങൾ പ്ലാൻ ചെയ്തു വച്ചിരിക്കുന്നു. അതിലെ ഏറ്റവും മികച്ച പ്ലാൻ ഇപ്പോഴേ തുടങ്ങുകയും ചെയ്തു. എന്താണെന്നോ...??

യുണൈറ്റഡ് നേഷൻസ് ഓർഗാണൈസേഷന്റെ ഭാഗമായ Grow trees. com വഴി അതാത് പ്രദേശങ്ങൾക്കിണങ്ങിയ ചെടികൾ നടുക. തങ്ങളുടെ വിവാഹത്തിന് കാട്ടിൽ മരം നട്ട് പങ്കാളികളാകാനാണ് ഇവരുടെ ക്ഷണം.

NEW765

"ഞാനും കൃഷ്ണനും പ്രകൃതിയോടിനങ്ങി അതിനെ പറ്റാവുന്നത്ര സംരക്ഷിച്ചു ജീവിച്ചു പോകുന്നവരാണ്. ഭക്ഷണം വാങ്ങാൻ പോകുമ്പോ പോലും പ്ലാസ്റ്റിക് ഒഴിവാക്കാൻ ഞങ്ങൾ പാത്രങ്ങൾ കയ്യിൽ കരുതും. കൃഷ്ണൻ പബ്ലിക് ട്രാസ്‌പോർട് ആണ് കൂടുതൽ ഉപയോഗിക്കാറ് ബാക്കി സൈക്കിൾ യാത്രകളും. സെക്കന്റ്‌ഹാൻഡ് ഫോൺ മാത്രമേ വാങ്ങാറുള്ളു. പുതുതായി അത്രയും റിസോഴ്സ്സ് പാഴാക്കണ്ട എന്ന ചിന്തയുണ്ട്." ശ്രീദേവി ഒളപ്പമണ്ണ വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നു... "സാധാരണ ഒരു കല്യാണം കഴിഞ്ഞാൽ തന്നെ ഒരുപാട് വേസ്റ്റ് ഉണ്ടാകുമല്ലോ അത്‌ പേപ്പർ കപ്പുകളും പാത്രങ്ങളും ആയാൽ പോലും... ആ ഒരു കാര്യം പറ്റുന്നത്ര കുറയ്ക്കണം എന്ന ചിന്തയാണ്  ഇതിന്റെയൊക്കെ തുടക്കം. കല്യാണത്തിനുള്ള ഇതുവരെയുള്ള കൂടിയാലോചനകൾക്കും ചടങ്ങുകൾക്കും ഒക്കെ സ്റ്റീൽ പാത്രങ്ങൾ തന്നെയാണ് ഉപയോഗിച്ചത്. ഡിസംബറിൽ നടക്കുന്ന  കല്യാണത്തിനും അങ്ങനെയായിരിക്കും. ഇത്‌ കൂടാതെ എന്തൊക്ക ചെയ്യാം എന്ന് ആലോചിക്കുമ്പോഴാണ് മരം നടുന്നതിലേക്ക് എത്തുന്നത്. എനിക്ക് പണ്ടേ മരങ്ങൾ നടുന്നതിനോട് താല്പര്യമുണ്ടായിരുന്നു. പക്ഷേ, നമ്മുടെ നാട്ടിൽ മരങ്ങൾ നടുക എന്ന് പറയുമ്പോൾ നമുക്ക് വേണ്ട മരങ്ങൾ- മാവ്, പ്ലാവ്, തേക്ക് പോലുള്ളവ  മാത്രം നടുക എന്നൊരു രീതിയുണ്ട്. പക്ഷേ, അതിനൊക്കെ ഒപ്പം തന്നെ മണ്ണൊലിപ്പ് തടയാനുള്ള മരങ്ങൾ, മഴ കൊണ്ടുവരുന്ന മരങ്ങൾ ഓരോ പ്രദേശത്തിന്റെ പ്രതേകതകൾ കാക്കുന്ന മരങ്ങൾ ഒക്കെയും വേണം. പ്രകൃതിയിൽ ഉള്ളവ അറുത്തിട്ട് മറ്റ് മരങ്ങൾ നടുന്നതും മണ്ണിനും മരത്തെ ആശ്രയിക്കുന്ന ഒരുപാട് ജീവജാലങ്ങളെയും ബാധിക്കും. ആദ്യം വരുന്നവർക്കൊക്കെ മരങ്ങൾ കൊടുത്താലോ എന്നാലോചിച്ചു പക്ഷേ, ഇപ്പൊ 50പേരല്ലേ പാടുള്ളു. കുറച്ചുകൂടി വിപുലമായി ചെയ്യാം എന്നോർക്കുമ്പോഴാണ് grow trees നെ കുറിച്ച് ആലോചിച്ചത്. ആ പദ്ധതി എനിക്ക് കുറച്ച് വർഷങ്ങളായി അറിയാം. ആഘോഷങ്ങളുടെ ഭാഗമായിട്ടും അല്ലാതെയും ഒക്കെ നമുക്ക് മരങ്ങൾ നടാം. വെസ്റ്റ് ബംഗാളിലെ സുന്ദർബൻസിൽ മരം നടുന്ന പ്രൊജക്റ്റിലേക്കാണ് ഞങ്ങൾ മരങ്ങൾ കൊടുക്കുന്നത്. Trees for tigers എന്നതാണ് അതിന്റെ പ്രതേകത. പ്രധാനമായി കണ്ടൽകാടുകളാണ്. അതൊരു റിസേർവ് ഫോറെസ്റ്റായതുകൊണ്ട്  തന്നെ ആരും മരങ്ങൾ മുറിച്ച് മാറ്റില്ല.

ഞാൻ പത്ത് മരങ്ങൾ നട്ട് ഒരു ഗ്രൂവ് തുടങ്ങി അതിന്റെ  ലിങ്ക് മറ്റുള്ളവർക്ക് അയച്ചിട്ടുണ്ട്. അതിൽ കയറി ഇഷ്ടമുള്ളത്ര ചെടികൾ ഓരോരുത്തർക്കും നടാം. എത്ര നട്ടു എന്നൊന്നും ഞാൻ അറിയില്ല.

ലേബർ ചാർജും മറ്റും ചേർത്ത് ഒരു മരത്തിന്  85 രൂപയാണ്. ഇങ്ങനെ ചെയ്യുന്നത് വഴി അവിടുത്തെ തദേശവാസികളായ സ്ത്രീകൾക്ക്  ജോലിയും കിട്ടുന്നു. അവർ നേരിട്ട് പോയാണ് മരങ്ങൾ നടുക.

ഇപ്പൊ 700ൽ അധികം മരങ്ങൾ ആയിട്ടുണ്ട്. കല്യാണ ദിവസമാണ് ഈ മരങ്ങൾ നടുക. എന്നും ഓർമ്മിക്കാൻ ഞങ്ങൾക്ക്  ഇതിൽപരം വലിയൊരു സമ്മാനമില്ല...!

 മരം നടുന്നതിനനുസരിച്ച് ഇത്ര പേർക്ക് നിങ്ങൾ കാരണം ജോലി കിട്ടി. ഇത്ര കാർബൺ കുറയ്ക്കാൻ സഹായിക്കും  എന്നൊക്കെ മെസ്സേജ് വരും. അതൊക്കെ കാണുന്നത് തന്നെ സന്തോഷമെന്ന് ഇതിൽ പങ്കാളികളായവർ പറയുന്നു...

ഡിസംബർ 11നാണ് ശ്രീദേവിയുടെയും കൃഷ്ണന്റെയും വിവാഹം. അന്നത്തെ ദിവസം കൃഷ്ണന്റെ മലപ്പുറത്തുള്ള വീടിന്റെ പരിസരത്തും മരം നടാനുള്ള പ്ലാനും ഉണ്ട്. ഇത്‌ കൂടാതെ കല്യാണത്തിന് സ്റ്റീൽ പാത്രങ്ങൾ ആണ് ഉപയോഗിക്കുക, നോ മേക്കപ്പ് ലുക്ക്‌ ആകും വധുവിന്, പുതിയ കുറച്ച് ആഭരണങ്ങൾ നാട്ടിലെ തട്ടന്മാരെ കൊണ്ട് തന്നെ പണിയിപ്പിച്ചവയും പിന്നെയുള്ളത് മുൻതലമുറകാർ ഉപയോഗിച്ചതും... അങ്ങനെ പ്രതീക്ഷ നൽകുന്ന പച്ചപ്പാർന്ന നല്ലൊരുപിടി മാറ്റങ്ങളാണ് ഇരുവരും ചേർന്നൊരുക്കുന്നത്.

Tags:
  • Spotlight