Saturday 09 October 2021 11:19 AM IST : By സ്വന്തം ലേഖകൻ

ഒരു മാസം പ്രായമുള്ള മകൾക്കൊപ്പം അഭിമുഖത്തിനെത്തി, സിവിൽ സർവീസ് നഷ്ടമായത് 8 മാർക്കിന്: അഖിലയുടെ നേട്ടം മധുരമേറിയത്

akhila

ഒരു മാസം പ്രായമുള്ള മകൾ മേഗൻ മരിയയ്ക്കൊപ്പമാണ് അഖില എസ്.ചാക്കോ കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയുടെ അഭിമുഖത്തിനു പോയത്. ഇന്നലെ തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടിലിരുന്ന് റാങ്ക് പട്ടികയിൽ ഒന്നാമതെന്ന് അറിയുമ്പോൾ മകൾക്ക് പ്രായം രണ്ടു മാസം. കെഎഎസ് രണ്ടാം സ്ട്രീമിലെ ഒന്നാം റാങ്ക് നേട്ടം കരിങ്ങടയിൽ വീടിനെ മാത്രമല്ല, നാടിനെയാകെ സന്തോഷത്തിലാക്കി. 8 മാർക്കിന് സിവിൽ സർവീസ് നഷ്ടമായതിന്റെ ദുഃഖമെല്ലാം അഖിലയ്ക്ക് കെഎഎസ് നേട്ടത്തോടെ ഇല്ലാതായി.

ആഗ്രഹിച്ച സിവിൽ സർവീസിലേക്ക് വർഷങ്ങൾക്കുള്ളിൽ എത്താനാകുമെന്ന പ്രതീക്ഷയിലാണ് അഖില ഇപ്പോൾ. മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും അഖിലയ്ക്കു മധുരം നൽകി സന്തോഷം പങ്കിട്ടു. കേരളത്തിൽ ജോലി ചെയ്യാനാകുമെന്നതിന്റെ വലിയ സന്തോഷത്തിലാണ് അഖില. കെഎഎസ് രൂപീകരിച്ച ശേഷം ഇതിലേക്കു മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

പിന്നീട് സിവിൽ സർവീസ് എഴുതിയില്ല. കേരളത്തിലെ യുവജനങ്ങൾക്കു ലഭിക്കുന്ന വലിയൊരു അവസരമാണ് കെഎഎസ് എന്ന് അഖില പറയുന്നു. കഴിഞ്ഞ 50 വർഷത്തിൽ നാലു തവണ മാത്രമാണ് ഡപ്യൂട്ടി കലക്ടർ പരീക്ഷ നടന്നത്. ചിട്ടയായ പഠനവും കഠിനാധ്വാനവുമുണ്ടെങ്കിൽ കെഎഎസിൽ വിജയിക്കാനാകുമെന്നും അഖില പറയുന്നു. 

റാങ്ക് ജേതാവിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി

മന്ത്രി എം.വി.ഗോവിന്ദൻ റാങ്ക് ജേതാവിനെ വീട്ടിലെത്തി അഭിനന്ദിച്ചു. കണ്ണൂർ ജില്ലയ്ക്കാകെ അഭിമാനം പകരുന്ന നേട്ടമാണ് കെഎഎസ് പരീക്ഷയിൽ അഖില എസ്.ചാക്കോ നേടിയ ഒന്നാം റാങ്കെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് തളിപ്പറമ്പിൽ എത്തിയപ്പോഴാണ് മന്ത്രി എം.വി.ഗോവിന്ദൻ റാങ്ക് വിവരം അറിയുന്നത്. തുടർന്ന് തൃച്ചംബരത്തുള്ള അഖിലയുടെ വീട്ടിൽ എത്തി പൊന്നാടയണിയിച്ച് അനുമോദിച്ചു.

More