Wednesday 21 April 2021 04:53 PM IST

പ്രസവ ഡേറ്റ് അടുത്തിരിക്കുന്നു, എനിക്കും കോവിഡ് പിടിപ്പെടുമോ? ബാങ്ക് അസിസ്റ്റന്റ് മാനേജറുടെ ആശങ്കപ്പെടുത്തുന്ന അനുഭവക്കുറിപ്പ്

Binsha Muhammed

bank-encounter

‘അവർക്കൊക്കെ സുഖമല്ലേ... ചുമ്മാ എസിക്കു കീഴെ ഇരുന്നാൽ മതി, ഒരു പണിയും എടുക്കേണ്ട’

എന്ന് ക്ഷോഭിച്ചിരുന്ന മലയാളിയുടെ മനഃസാക്ഷിക്കു മുമ്പിലാണ് കണ്ണൂർ തൊക്കിലങ്ങാടിയിൽ ബാങ്ക്  മാനേജർ സ്വപ്ന ജീവനറ്റ് ഷാളിൽ തൂങ്ങിയാടി നിൽക്കുന്നത്. ‘ടാർഗറ്റിന്റെയും പ്രഷറിന്റെയും’ അഗ്നിപർവതങ്ങളെ ഉള്ളിൽ പേറി, നിങ്ങളുടെ മുഖം കറുക്കാതെ ചിരിച്ചു നിൽക്കുന്ന അവരുടെ മനസ് ഒരിക്കലെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അടുത്തുള്ള ബാങ്കിന്റെ കണ്ണാടിക്കൂട്ടിലേക്കൊന്ന് പാളിനോക്കണം, അവിടെ ചെവിതുരന്നു കയറുന്ന ഫോൺ കോളുകൾക്കു നടുവിൽ, തലയ്ക്കു മീതേ നിൽക്കുന്ന ഫയലുകൾക്കരികിൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്യുന്ന  നൂറുകണക്കിന് ‘സ്വപ്നമാരെ’ കാണാം.

ടാർഗറ്റിന് മുന്നിൽ പരക്കം പായുന്ന, ജീവിതവും ജീവനും പണയംവച്ച് ജീവിക്കേണ്ടി വരുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ ജീവിതത്തിലേക്ക് വനിത ഓൺലൈൻ കാതോർക്കുകയാണ്. സ്വന്തം മക്കളേയും കുടുംബത്തിനെയും കരുതി കടിച്ചുപിടിച്ച് ജോലി ചെയ്യുന്ന, സമ്മർദ്ദങ്ങളുടെ തീച്ചൂളയിൽ ജോലി ചെയ്യുന്ന അവരുടെ പേരോ മേൽവിലാസമോ ഞങ്ങൾ കൊടുക്കുന്നില്ല. ബാങ്കിങ് കൗണ്ടറിനുള്ളിൽ പലപ്പോഴും ഉപഭോക്താക്കളുടെ  ‘എൻകൗണ്ടറുകൾ’ നേരിടേണ്ടി വരുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ കഥ ഇവിടെ തുടങ്ങുന്നു...

ജോലി എന്ന സ്വപ്നം!

‘ജോലി നേടുക സ്വന്തം കാലിൽ നിൽക്കുക. അതാർക്കു വേണ്ടിയെന്നു ചോദിച്ചാൽ സ്വന്തം നിലനിൽപ്പിനു വേണ്ടിയെന്ന് ഞാനാദ്യം മറുപടി പറയും.  സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനു വേണ്ടിയാണ് ജോലിയെന്നാകും രണ്ടാമത്തെ ഉത്തരം. പക്ഷേ കൊട്ടിഘോഷിക്കപ്പെട്ട എന്റെ ജോലിയുടെ പേരിൽ എനിക്ക് നഷ്ടപ്പെട്ടതും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും എന്റെ കുടുംബത്തിനൊപ്പമുള്ള നല്ല നിമിഷങ്ങളാണ്. എന്റെ ആരോഗ്യമാണ്...

എന്റെ പേര് ശരണ്യ (യഥാർത്ഥ പേരല്ല)... പേരും പെരുമയുമുള്ള ബാങ്കിൽ അസിസ്റ്റന്റ് മാനേജറുടെ ജോലി. കൃത്യമായ ശമ്പളം. എല്ലാ സൗഭാഗ്യങ്ങളുമുണ്ട്. യന്ത്രം പോലെ പണിയെടുക്കുകയേ വേണ്ടൂ. പക്ഷേ ഉദരത്തിൽ മൊട്ടിട്ട കുഞ്ഞുജീവനേയും പേറി വർക്കിങ് അവേഴ്സും കഴിഞ്ഞ് ജോലിയെടുക്കേണ്ടി വന്ന ഒരമ്മയുടെ അവസ്ഥ സങ്കൽപ്പിക്കാനാകുമോ? എനിക്ക് പറയാനുള്ളതും അതാണ്.

ലോക് ഡൗണിന്റെ ആനുകൂല്യവും പേറി സമസ്ത മേഖലകളും അട‍ഞ്ഞു കിടന്നപ്പോൾ. വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് പലരും ജോലിനോക്കിയപ്പോൾ ഞങ്ങൾ കുറച്ചു പേർ ‘നിങ്ങളീ പറയുന്ന എസി മുറിയിൽ’ ഉണ്ടായിരുന്നു. അന്ന് ഞാൻ ഏഴുമാസം ഗർഭിണിയാണ്. കോവിഡ് ഭീതിക്കിടയിലും ലോക് ഡൗണിൽ പണത്തിനു വേണ്ടി പരക്കം പാഞ്ഞ ജനങ്ങൾ ഞങ്ങളുടെ ബാങ്കിലുമെത്തി. ചിലർ നിക്ഷേപം പിൻവലിക്കാൻ... മറ്റു ചിലർ നിക്ഷേപിക്കാൻ. കൃത്യമായി മാസ്ക് ധരിക്കാതെ, കൂട്ടം കൂടി അവർ ബാങ്കിലെത്തുമ്പോൾ ഉള്ളിലൊരു തീയാളലുണ്ട്. പ്രസവ ഡേറ്റ് അടുത്തിരിക്കുന്നു. എനിക്കും കോവിഡ് പിടിപ്പെടുമോ എന്ന ഭയം? ബാങ്കിൽ വരുന്നവരിൽ ആർക്കെങ്കിലും കോവിഡ് ബാധയുണ്ടോ എന്ന പേടി... കുഞ്ഞ് ജീവൻ നാമ്പിട്ട് പൂർണ വളർച്ചയെത്തുന്ന സമയമാണ്. കോവിഡ് ബാധിച്ച ഗർഭിണികൾ മരിച്ചു വീഴുന്ന വാർത്ത കൺമുന്നിലുണ്ട്. അപ്പോഴും അതൊന്നും നോക്കാതെ ജോലി നോക്കിക്കൊള്ളാനായിരുന്നു മുകളിൽ നിന്നുള്ള നിർദേശം.

നിറവയറും ശാരീരിക അവശതകളും പേറി വേച്ചുവേച്ച് ബാങ്കിലെത്തുന്നതു മുതൽ തുടങ്ങുന്നു യുദ്ധം. ഒന്ന് നടുനിവർക്കാൻ കൊതിച്ചു പോകും. പക്ഷേ സീറ്റില്‍ നിന്ന് ഒന്നെഴുന്നേൽക്കാൻ പോലുമാകില്ല. ബാങ്കിൽ തിരക്കേറിയപ്പോൾ ഗർഭിണിയാണെന്ന പരിഗണന അന്നാദ്യമായി നൽകി.  കാശ് കൗണ്ടറിലേക്ക് മാറാനായിയിരുന്നു ഓർഡർ! പക്ഷേ അവിടെയും പതിയിരുന്നു കോവിഡിന്റെ മരണഭയം. കറൻസി നോട്ടുകളിലൂടെ വൈറസ് പിടിപ്പെടാനുള്ള സാധ്യതയേറെ. ഒരു ഘട്ടത്തിൽ എനിക്കും കോവിഡ് പിടിപ്പെടുമോ, എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെടുമോ എന്ന തോന്നൽ വരെയുണ്ടായി. നിറവയറിന്റെ ബുദ്ധിമുട്ടുകളും ശരീരവേദനകളും പേറി അന്ന് ചെയ്ത ജോലി.... അതിന്റെ പേരിൽ എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ അത് വെറും ഒരു കോവിഡ് മരണമായി ഒതുങ്ങിപ്പോയേനെ. എന്ത് ചെയ്യാം... എനിക്ക് സ്വപ്ന മാഡത്തിനെ പോലെ ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ലാതായിപ്പോയി. ബാങ്കിന് ഗർഭിണികളെന്നോ അസുഖമുള്ളവരെന്നോ എന്ന പരിഗണനയൊന്നുമില്ല. അവർക്ക് ടാർഗറ്റുകളാണ് വലുത്, അതിനേക്കാളേറെ അവർ വിളംബരം ചെയ്യുന്ന റെപ്യൂട്ടേഷനാണ് വലുത്. ആ റെപ്യൂട്ടേഷന്റെ പേരിൽ, പ്രഷറിന്റെ പേരിൽ ഇനിയൊരു സ്വപ്നയും ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കാതിരിക്കട്ടെ.’