Friday 06 July 2018 11:53 AM IST

എം80 മൂസ താരത്തെ പൊലീസ് കുടുക്കിയത് കള്ളക്കേസിലോ? പൊലീസുകാരന്റെ മകന്റെ പരാതിയിൽ ചുമത്തിയത് ജാമ്യം കിട്ടാത്ത വകുപ്പുകൾ

Priyadharsini Priya

Sub Editor

athul01

"കോളജിൽ കുട്ടികൾ തമ്മിലുണ്ടായ ഉന്തും തള്ളുമാണ് ഇത്രയും വലിയ പ്രശ്നമാക്കി മാറ്റിയത്. ചായ കുടിക്കാൻ പൈസ ചോദിച്ചു തുടങ്ങിയ ചെറിയ പ്രശ്നമാണ്. സംഘർഷത്തിൽ യാതൊരു പരുക്കുമില്ലാത്ത ആദർശ് വിജയൻ എന്ന കുട്ടിയാണ് അതുലിനെതിരെ പരാതി നൽകിയത്. പരാതിയിൽ ഒത്തുതീർപ്പ് ചെയ്യിക്കാമെന്നു പറഞ്ഞാണ് പൊലീസ് അതുലിനെ വിളിച്ചത്. എന്നിട്ടാണ് 301 വകുപ്പ്, റോബറി എന്നിവയൊക്കെ ചാർജ് ചെയ്ത് അവനെ അറസ്റ്റ് ചെയ്തത്. "- കോളജിൽ സംഘർഷമുണ്ടാക്കിയതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്ത സീരിയൽ താരം അതുൽ ശ്രീവയുടെ അച്ഛൻ ശ്രീധരൻ ‘വനിത ഓൺലൈനോട് ’ഇതു പറയുമ്പോൾ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. വിദ്യാർത്ഥിയെ മർദ്ദിച്ചു പണം തട്ടിയെന്ന പരാതിയിൽ അതുൽ ശ്രീവയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ അവസാനവർഷ ഇംഗ്ലീഷ് വിഭാഗം ബിരുദ വിദ്യാർത്ഥിയാണ് അതുൽ ശ്രീവ. ടെലിവിഷൻ സീരിയലായ എം80 മൂസയിലൂടെയാണ് അതുൽ അഭിനയ രംഗത്തെത്തിയത്. പിന്നീട് മോഹൻലാലിനൊപ്പം ’മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയിലും അഭിനയിച്ചു. കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഉന്തുംതള്ളുമാണ് പൊലീസ് വളച്ചൊടിച്ച് ഗുണ്ടാ ആക്രമണമായി മാറ്റിയതെന്ന് ശ്രീധരൻ പറയുന്നു. 301 വകുപ്പാണ് പൊലീസ് അതുലിന് മേൽ ചുമത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ എഎസ്ഐയുടെ മകനും അതുലും തമ്മിലുള്ള ചെറിയ പ്രശ്നമാണ് ഇത്രയ്ക്ക് വലിയൊരു കേസാക്കി മാറ്റിയത്.

athul02

"പരാതിക്കാരനായ കുട്ടി ആദർശിന്റെ അച്ഛൻ വിജയൻ എഎസ്ഐയാണ്. ബത്തേരി സ്‌റ്റേഷനിലാണ് ഇയാൾ ജോലി ചെയ്യുന്നതെന്നാണ് അറിവ്. വൈരാഗ്യത്തോടെയാണ് പൊലീസ് അതുലിനോട് പെരുമാറിയത്. സ്റ്റേഷനിൽ വച്ച് അവനോടു അഭിനയിച്ചു കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. കൈയ്‌ക്ക് വയ്യെന്ന് പറഞ്ഞിട്ടും അവരവനെ വെറുതെ വിട്ടില്ല. അഭിനയിക്കെടാ എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. സ്റ്റേഷനിൽ എന്റെ കുട്ടിക്ക് മാനസികമായ ഉപദ്രവം ഉണ്ടായിട്ടുണ്ട്. ഒരു സ്ഥിരം കുറ്റവാളിയെപോലെയാണ് പൊലീസ് അവനോട് പെരുമാറുന്നത്. ആറു ദിവസമായി ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല.  

അവന്റെ കോളജ് പ്രിൻസിപ്പൽ തന്നെ പറഞ്ഞിട്ടുണ്ട് അവിടെ ഗുണ്ടാ സംഘം പ്രവർത്തിക്കുന്നില്ലെന്ന്. അടികൊള്ളാതിരിക്കാൻ പ്രതിരോധിച്ചതാണ് എന്റെ മകൻ. ആ സംഘർഷത്തിൽ കുറേ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടും അതുലിനെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. അടിപിടിയിൽ പരുക്ക് പറ്റിയതും അവനാണ്. സിനിമയിലും സീരിയലിലും അഭിനയിക്കുന്ന കുട്ടിയാണ് അവൻ. പഠിത്തത്തിനുള്ള പണം വരുമാനമായി അവൻ തന്നെ ഉണ്ടാക്കുന്നുണ്ട്. പിന്നെ മറ്റുള്ളവരിൽ നിന്ന് പത്തോ നൂറോ വാങ്ങിക്കേണ്ട കാര്യമെന്താണ്? ആലോചിച്ചാൽ തന്നെ മനസ്സിലാകുന്ന കാര്യമാണ്. ഒത്തുതീർപ്പ് ശ്രമങ്ങളൊന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്റെ കുട്ടിയുടെ ഭാവി ഇല്ലാതാക്കുകയാണ് ഇപ്പോൾ പൊലീസിന്റെ ലക്ഷ്യം." – ശ്രീധരൻ പറയുന്നു.

athul03

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗുരുവായൂരപ്പൻ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനിടയിൽപെട്ട് അതുലിന്റെ ഇടത് കൈ പൊട്ടുകയും മെഡിക്കൽ കോളേജിൽ  ചികിത്സ  തേടുകയും ചെയ്തു. ഞങ്ങൾ നൽകിയ പരാതിയെ തുടർന്ന് അതുലിനെ മർദ്ദിച്ച വിദ്യാർഥികൾക്കെതിരേ പൊലീസ് കേസെടുത്തു. എന്നാൽ പിന്നീട് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായ ആദർശ് വിജയൻ അതുലിനെതിരെ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് വെള്ളിയാഴ്ച രാത്രി മൊഴിയെടുക്കാനാണെന്ന് പറഞ്ഞാണ് കസബ പൊലീസ് സ്‌റ്റേഷനിൽ അതുലിനെ വിളിച്ചുവരുത്തിയത്. പിന്നീടാണ് അറസ്റ്റ് ചെയ്തതായി അറിയിച്ചത്.

അതിനിടെ പ്രശ്നത്തിൽ അതുൽ ശ്രീവയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ ഗൂഢാലോചനയെന്ന് സംശയിച്ച് കോളജ് അധികൃതരും പ്രിൻസിപ്പലും രംഗത്തുവന്നു. ഗുരുവായൂരപ്പൻ കോളജിൽ ഗുണ്ടാസംഘം ഉണ്ടെന്ന വാർത്ത കോളജ് പ്രിൻസിപ്പൽ ഡോ. ടി. രാമചന്ദ്രൻ  നിഷേധിച്ചു. സാധാരണ കോളജുകളിൽ വിദ്യാർഥികൾ തമ്മിൽ നടക്കുന്ന  പ്രശ്‌നങ്ങളെ ഇവിടെയുമുള്ളൂ എന്നും ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പുറത്തുവരുന്നത് ദുഃഖകരമാണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. സീരിയലിന്റെ തിരക്ക് കാരണം അതുലിന് ഹാജർ കുറവാണ്. വല്ലപ്പോഴും കോളജിലെത്തുന്ന വിദ്യാർത്ഥി ഗുണ്ടാ പ്രവർത്തനം നടത്തുന്നതെങ്ങനെയെന്നും പ്രിൻസിപ്പൽ ചോദിച്ചു.

athul05